Current Date

Search
Close this search box.
Search
Close this search box.

ഉദ്യേഗസ്ഥന്മാര്‍ക്കു നല്‍കുന്ന പാരിതോഷികങ്ങള്‍ കൈക്കൂലി തന്നെ.

bribery.jpg

‘ ഞാന്‍ ആവശ്യപ്പെടാതെ അവര്‍ എനിക്കു നല്‍കിയതാണ്, എന്റെ സേവനത്തിനുള്ള പ്രത്യുപകാരമാണ് ‘ തുടങ്ങിയ ലളിതമായ ന്യായീകരണങ്ങള്‍ നല്‍കി ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും സ്വീകരിക്കുന്ന പാരിതോഷികങ്ങള്‍ സാമ്പത്തിക അഴിമതിയില്‍ പെട്ടതാണ്. അവ ധാര്‍മികവും സദാചാരപരവും സാമ്പത്തികവുമായ അപഭ്രംശത്തിനു വഴിയൊരുക്കും

പ്രവാചകന്‍ (സ) പറഞ്ഞു: ‘കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അല്ലാഹു ശപിക്കട്ടെ’. ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) പറഞ്ഞു: പ്രവാചകന്‍(സ) യുടെ കാലത്ത് ഉണ്ടായിരുന്ന പാരിതോഷികം  ഒരു സമ്മാനമായിരുന്നു. എന്നാല്‍ ഇന്ന് അത് കൈക്കൂലിയുടെ സ്ഥാനത്താണ്. ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) ആപ്പിള്‍ തിന്നാന്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍ അത് വാങ്ങാനുള്ള പണം അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ആപ്പിളുകളുമായി കുട്ടികള്‍ സ്വീകരിച്ചു. അദ്ദേഹം അതില്‍ നിന്ന് ഒന്നെടുത്തു പിന്നീട് അവര്‍ക്ക് തന്നെ തിരിച്ചുകൊടുത്തു. ഇത് കണ്ടപ്പോള്‍ ഇബ്‌നു സഅദ് അദ്ദേഹത്തോട് ചോദിച്ചു: പ്രവാചകന്‍ (സ)യും അബൂബക്കറും ഉമറും പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നല്ലോ. പിന്നെ നിങ്ങളെന്താണ് അത് തിരിച്ചു നല്‍കിയത്?  അപ്പോള്‍ ഉമറുബ്‌നു അബ്ദുല്‍ അസീസ് പ്രതികരിച്ചു. അത് അവര്‍ക്കു പാരിതോഷികമായിട്ടാണ് നല്‍കിയിരുന്നതെങ്കില്‍ ഇന്ന് ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള കൈക്കൂലിയായിട്ടാണ് നല്‍കപ്പെടുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്മാര്‍ക്കു നല്‍കുന്ന സമ്മാനം ഹറാമാണെന്ന് മനസ്സിലാക്കാം.  അധികാരത്തിന്റെ പിന്‍ബലത്തിലാണ് അവര്‍ക്കത് നല്‍കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥന്മാരല്ലാത്തവര്‍ക്ക സമ്മാനവും പാരിതോഷികവും നല്‍കല്‍ സുന്നത്താണ്. ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കുന്ന സമ്മാനം വഞ്ചനക്കും ഉത്തരവാദിത്ത നിര്‍വഹണത്തിലെ വീഴചക്കും അര്‍ഹരായ ആളുടെ അവകാശ ധ്വംസനത്തിനും വഴിയൊരുക്കും. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ;’ ഒരിക്കല്‍ അസ്ദ് ഗോത്രത്തില്‍ പെട്ട ഇബ്‌നുല്ലുത്ബി എന്നയാളെ സക്കാത്ത് ശേഖരിക്കാന്‍വേണ്ടി നബി തിരുമേനി നിയോഗിക്കുകയുണ്ടായി. അയാള്‍ക്ക് പൊതുഖജനാവിലേക്കുള്ള സകാത്തിനൊപ്പം ചിലര്‍ പ്രത്യേക പാരിതോഷികങ്ങളും നല്കിയിരുന്നു. പ്രവാചക സവിദത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇത് നിങ്ങള്‍ക്കും ഈ പാരിതോഷികങ്ങള്‍ എനിക്കുമുള്ളതാണെന്നു അയാള്‍ പറഞ്ഞു. അപ്പോള്‍, പ്രവാചകന്‍ അദ്ദേഹത്തെ ശാസിച്ചു. ”വീട്ടിലിരിക്കുകയാണെങ്കില്‍ ഈ പാരിതോഷികം നിങ്ങളുടെ കൈകളില്‍ ആരെങ്കിലും കൊണ്ടുവന്നുതരുമായിരുന്നോ? ഇല്ല. എങ്കില്‍ ഇത് പൊതുഖജനാവിന് അര്‍ഹതപ്പെട്ടതാണ്. ഇതില്‍ നിന്നെടുക്കുന്ന ഓരോന്നും മുതുകില്‍ വഹിച്ചുകൊണ്ടായിരിക്കും ഇത്തരക്കാര്‍ പരലോകത്ത് വരിക’.
പ്രവാചകന്‍(സ) പറഞ്ഞു: ‘ ഉദ്യോഗസ്ഥന്മാര്‍ക്കു നല്‍കുന്ന സമ്മാനങ്ങള്‍ വഞ്ചനാത്മകമാണ്’ . അപ്പോള്‍ ന്യായാധിപന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും നല്‍കുന്ന പാരിതോഷികങ്ങള്‍ നിഷിദ്ധമാണ്. ഇസ്‌ലാമിക ശരീഅത്തില്‍ കൈക്കൂലി ഹറാമാണ്. ജനങ്ങളുടെ ധനം അന്യായവും അവിഹിതവുമായി നേടുന്ന മാര്‍ഗമാണത്. അത് വിഭവങ്ങളില്‍ ബറകത്ത്(അനുഗ്രഹം) ഇല്ലാതാക്കാനും ധാര്‍മികവും വിശ്വാസപരവുമായ അപഭ്രംശത്തിനും വഴിയൊരുക്കും.

നിര്‍ബന്ധിതാവസ്ഥയില്‍ കൈക്കൂലി നല്‍കുന്നതിനെ ചില പണ്ഡിതന്മാര്‍ അനുവദിച്ചിരിക്കുന്നു. അത് കൊണ്ട് തന്റെ അവകാശങ്ങള്‍ നേടിയെടുക്കുക മാത്രമായിരിക്കണം ലക്ഷ്യം. അത്തരത്തില്‍ അനുവദനീയമായ അവകാശം നിര്‍ബന്ധിതാവസ്ഥയില്‍ നേടിയെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കൈക്കൂലി സ്വീകരിക്കുന്നത് ഏതവസ്ഥയിലും ഹറാമാണ്. എന്നാല്‍ ഏതവസ്ഥയിലും കൈക്കൂലി നല്‍കല്‍ ഹറാമാണ് എന്ന വീക്ഷണമുള്ള പണ്ഡിതന്മാരുമുണ്ട്.  ഇത് സാംസ്‌കാരികവും ധാര്‍മികപരവുമായ അപഭ്രംശത്തിനും ഉത്തരവാദിത്ത വീഴ്ചക്കും വഴിയൊരുക്കുമെന്നാണ് അവര്‍ക്കുള്ള ന്യായം. കൈക്കൂലി നല്‍കല്‍ അനുവദനീയമായ നിര്‍ബന്ധിതാവസ്ഥക്ക് പണ്ഡിതന്മാര്‍ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ജീവനോ അതുപോലെ അവയവങ്ങളുടെയോ നാശം ഭയപ്പെടുക. ഉദ്ദിഷ്ഠ ലക്ഷ്യത്തിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരിക്കുക, ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്നെ വളരെ അനിവാര്യമായത് മാത്രം നല്‍കുക തുടങ്ങിയവയാണത്.

പാരിതോഷികവും കൈക്കൂലിയും തമ്മിലെ വ്യത്യാസം;
 പാരിതോഷികം ഒരാള്‍ക്ക് നല്‍കി അയാള്‍ അത് സ്വീകരിക്കുന്നതോടെ അതിനുളള ഉടമാവകാശം സ്വീകരിച്ച ആള്‍ക്കായിരിക്കും. എന്നാല്‍ കൈക്കൂലി സ്വീകരിക്കുന്നവന് ഉടമാവകാശം ലഭിക്കുകയില്ല. കാരണം ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കാത്ത അവിഹിതമായ മാര്‍ഗത്തിലൂടെയാണ് കൈക്കൂലി വാങ്ങുന്നയാള്‍ അത് സ്വീകരിച്ചത്.
ഒരു കാര്യം സാധിച്ചുകിട്ടുന്നതിന് മുമ്പാണ് കൈക്കൂലി നല്‍കുക. എന്നാല്‍ പാരിതോഷികം ഒരു കാര്യം സാധൂകരിച്ചതിന് ശേഷമാണ് മിക്കവാറും നല്‍കപ്പെടുക. ഉദ്ദിഷ്ഠ ലക്ഷ്യം സാധൂകരിച്ചിട്ടില്ലെങ്കില്‍ കൈക്കൂലി നല്‍കിയവന്‍ അത് തിരിച്ചുവാങ്ങും. എന്നാല്‍ പാരിതോഷികം നല്‍കിയാല്‍ ഒരിക്കലും അത് തിരിച്ചു വാങ്ങുകയില്ല.

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: ‘ഐഛികമായി സദഖ നല്‍കി പിന്നീട് അത് തിരിച്ചുവാങ്ങുന്നവന്‍് ഛര്‍ദ്ദിച്ചത് വീണ്ടും കഴിക്കുന്ന നായയെ പോലെയാണ്’.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.

Related Articles