Current Date

Search
Close this search box.
Search
Close this search box.

ഉദ്ദേശ്യത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുക.. നീ വിജയം വരിക്കും

light.jpg

ഉദ്ദേശ്യത്തില്‍ ആത്മാര്‍ഥ പുലര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ പ്രീതിക്കായി അവന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുക. നിന്റെ മറ്റു തിരക്കുകളില്‍ നിന്നും മുക്തമായി ദൈവസാമീപ്യം കരിസ്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക. ഇതിനു മുമ്പില്‍ അസ്വസ്ഥതയോടെയോ പരിഭ്രാന്തിയോടെയോ നില്‍ക്കരുത്, സംശയങ്ങളിലകപ്പെട്ട് നിന്റെ സമയത്തെ പാഴാക്കരുത്. കാരണം സംശയം വിതറിയവന്‍ വിളവെടുക്കുന്നതും സംശയം മാത്രമായിരിക്കും. നീ ദൃഢതീരുമാനമെടുത്താല്‍ ദൈവമാര്‍ഗത്തില്‍ പുറപ്പെടുക. ഐഹികജീവിതത്തിന്റെ നൈമിഷികമായ ആനന്ദങ്ങളും വിഭവങ്ങളും അതിന്റെ മുന്നില്‍ പ്രതിബന്ധമാകരുത്. അല്ലാഹു നിന്നില്‍ നിന്ന് എന്താണ് കാംക്ഷിക്കുന്നത് എന്നതിനെ കുറിച്ച് നീ നോക്കുക. അവന് തൃപ്തിയുള്ളള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുക.

അല്ലാഹു നിനക്ക് വരച്ചുകാണിച്ചു തന്ന മാര്‍ഗമല്ലാതെ നീ സ്വന്തമായി ഒരു മാര്‍ഗം തെരഞ്ഞെടുക്കരുത്. നിനക്ക് സൗഭാഗ്യമരുളാന്‍ കഴിവുറ്റവന്‍ അവന്‍ തന്നെ. ഇതേ പാഥേയമനുസരിച്ച് നീ മുന്നോട്ട് പോകുകയാണെങ്കില്‍ നിന്റെ വഴിയില്‍ നിനക്ക് വെളിച്ചം കാണാം. അവന്റെ സാമീപ്യം നിനക്കനുഭവഭേദ്യമാകും, ഹൃദയവിശാലത ലഭ്യമാകും. നിന്റെ ചിന്തകള്‍ ശോഭിതമാകും. നിന്റെ ശരീരത്തെയും അതിന്റെ ആനന്ദങ്ങളെയും അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിക്കുക. നിന്റെ ചിന്തയും വ്യസനവും തിരക്കുമെല്ലാം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയായിരക്കുക. ഐഹികതയുടെ കുടുസ്സതയില്‍ നിന്നും വ്യസനങ്ങളില്‍ നിന്നും നിന്നെ മോചിപ്പിക്കാനും ദൈവിക അനുസരണത്തിന്റെ പ്രകാശം ആവാഹിക്കാനും ലൗകികമായ ആനന്ദത്തിനുമായി തയ്യാറാകുകകയും ചെയ്യുക.

അല്ലാഹുവിലേക്കെത്താനുള്ള ലളിതമായ മാര്‍ഗമാണ് പ്രാര്‍ഥന. പ്രാര്‍ഥന എന്നത് കീഴവണക്കവും ആശ്രയിക്കലുമാകുന്നു, നിന്റെ സംസ്‌കരണത്തിനും സൗഭാഗ്യത്തിനുമുള്ള ഏക പിടിവള്ളി അവന്‍ മാത്രമാണ്. അവനാണ് നിന്നെ സൃഷ്ടിച്ചവനും നിന്റെ ദുര്‍ബലതകള്‍ അറിയുന്നവനും. നിനക്ക് നീ തന്നെ ശ്രേഷ്ടത കല്‍പിക്കരുത്. അല്ലാഹുവിന് അടിമ കീഴവണങ്ങുകയും വിധേയപ്പെടുകയും ചെയ്യുമ്പോള്‍ അവന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സ്മരിക്കുന്നതാണ്. അവന് ലഭിച്ച എല്ലാ ഐശര്യങ്ങളും അല്ലാഹുവില്‍ നിന്നാണ് എന്ന ബോധ്യമുണ്ടാകും. അല്ലാഹുവിന്റെ കരുണകടാക്ഷമാണ് അവനിലേക്ക് ഒഴുകിയെത്തുന്നത്. അതിനാല്‍ അനുസരണം അല്ലാഹുവിന് മാത്രമായി അര്‍പിക്കുകയും പാപങ്ങളും കുറ്റങ്ങളും കുറക്കുകയും ചെയ്യും. അല്ലാഹുവിങ്കലേക്ക് വിനയാന്വിതനായി കേഴുമ്പോള്‍ മനുഷ്യന്റെ മനസ്സിലെ അഹങ്കാരം തനിയെ ഇല്ലാതാകുകയും അശ്രദ്ധയുടെ നീര്‍ച്ചുഴിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അവന്റെ ഹൃദയം പ്രകാശിതമാകുകയും ചെയ്യും.
അല്ലാഹുവിന്റെ രഹസ്യവും പരസ്യവുമായ അനുഗ്രഹങ്ങള്‍ക്ക ദിനേന നാം സാക്ഷ്യം വഹിക്കുന്നതാണ്. അവ എണ്ണിത്തിട്ടപ്പെടുത്താന്‍ നാം അശക്തരാണ്. വിശ്വാസിയുടെ ഹൃദയം അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താല്‍ നിര്‍ഭരമാകുകയും ലജ്ജയാല്‍ തല താഴ്ത്തുകയും അവന് മുമ്പില്‍ സാഷ്ടാംഗം നമിക്കുകയും ചെയ്യും. അപ്രകാരം അവന്റെ സാമീപ്യം ആസ്വദിക്കുകയും അവനുമായി ആത്മഭാഷണത്തിന്റെ മാധുര്യം നുകരുകയും ചെയ്യും.
അല്ലാഹുവിനെ കുറിച്ചുള്ള സ്‌നേഹത്താല്‍ ധാരാളം ദിക്‌റുകളുമായി ഹൃദയത്തെ തരളിതമാക്കും. അവന്റെ എല്ലാ പ്രയാസങ്ങളും അതിലൂടെ ഇറക്കി വെക്കാന്‍ സാധിക്കും. അല്ലാഹുവിന്റെ പ്രീതിക്ക് നിദാനമാകുന്ന പക്ഷം ഭൂമിലോകത്തെ മുഴുവന്‍ ചരാചരങ്ങളുടെയും സ്‌നേഹത്തിന് അവന്‍ പാത്രീപൂതരാകും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles