Current Date

Search
Close this search box.
Search
Close this search box.

ഈമാന്‍: ആന്തരിക ശക്തി

iman.jpg

ഇസ്‌ലാമിന്റെ സത്തക്ക് പകരം രൂപത്തിനാണ് ജനങ്ങളില്‍ പലരും പ്രാധാന്യം കൊടുക്കാറുള്ളത്. യാഥാര്‍ഥ്യത്തെ അവഗണിച്ച് ബാഹ്യരൂപത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്ക് ഇസ്്‌ലാമില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ താടിയുടെ നീളവും വസ്ത്രത്തിന്റെ ഇറക്കവും മിസ്‌വാക്കും നമസ്‌കാരത്തില്‍ കാല് ചേര്‍ത്തു വെക്കലും നമസ്‌കാരത്തില്‍ കൈ വെക്കുന്ന സ്ഥലവും നിന്നും ഇരുന്നും കുടിക്കലും സംഗീതവും സ്ത്രീകളുടെ നിഖാബും എല്ലാമാണ്.

ഇക്കാര്യങ്ങളിലെല്ലാം ആന്തരിക സത്തയേക്കാള്‍ അവര്‍ പ്രധാന്യം കല്‍പിക്കുന്നത് പ്രകടനങ്ങള്‍ക്കാണ്. ജഡിക ബാഹ്യരൂപങ്ങള്‍ക്ക് പകരം ഇവരുടെ മുഖ്യശ്രദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നതു പോലെ വിഷയത്തിന്റെ ആന്തരിക സത്തയിലേക്കും ആത്മാവിലേക്കും കൂടി തിരിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു പോവകയാണ്.

ഇസ്‌ലാം വിശ്വാസവും (അഖീദ) ആരാധനയും (ഇബാദത്ത്) ഇടപാടുകളും സ്വഭാവങ്ങളും നിയമങ്ങളും പ്രവര്‍ത്തനങ്ങളും മര്യാദകളും പരസ്പര ബന്ധങ്ങളും നാഗരികതയും ഉള്‍കൊണ്ടതാണ്. വിശ്വാസത്തിന്റെ ആന്തരികസത്ത തൗഹീദ് അഥവ ഏക ദൈവസങ്കല്‍പമാണ്. ഇബാദത്തിന്റെ സത്ത ആത്മാര്‍ഥതയും ഇടപാടുകളുടെ സത്ത സത്യസന്ധതയുമാണ്. സ്വഭാവത്തിന്റെ അടിസ്ഥാനം കാരുണ്യവും നിയമവ്യവ്യവസ്ഥയുടെ അടിസ്ഥാനം നീതിയും കര്‍മങ്ങളുടെ അടിസ്ഥാനം അതിന്റെ കൃത്യമായ നിര്‍വഹണവുമാണ്. സംസ്‌കാരവും മര്യദകളും അഭിരുചികളിലും മാനുഷിക ബന്ധങ്ങള്‍ സാഹോദര്യത്തിലും നാഗരികത സന്തുലിതത്വത്തിലും കെട്ടിപ്പടുത്തതായിരിക്കണം.

ആരെങ്കിലും ബാഹ്യരൂപം മാത്രം ആവാഹിച്ച് തങ്ങളുടെ അഖീദയില്‍ നിന്ന് തൗഹീദോ ഇബാദത്തില്‍ നിന്ന് ഇഖ്‌ലാസോ ഇടപാടുകളില്‍ നിന്ന് സത്യന്ധതയോ പെരുമാറ്റത്തില്‍ നിന്ന് കാരുണ്യമോ നിയമങ്ങളില്‍ നിന്ന് നീതിയോ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അതിന്റെ പൂര്‍ണതയോ സംസാകാരത്തില്‍ നിന്ന് അതിന്റെ അഭിരുചികളോ പരസ്പരബന്ധങ്ങളില്‍ നിന്ന് സാഹോദര്യമോ സാമൂഹിക ജീവിതത്തില്‍ നിന്ന് സന്തുലതത്വമോ നഷ്ടപ്പെടുത്തിക്കളയുന്നുവെങ്കില്‍ അവര്‍ ഇസ്‌ലാമിന്റെ സത്തയെ തന്നെയാണ് ചോര്‍ത്തിക്കളയുന്നത്. അവര്‍ രൂപത്തിലും കോലത്തിലും എന്തുതന്നെയായാലും ശരി.

ഇത് തെളിവില്ലാത്ത ഒരു വെറും വാദമല്ല. ഖുര്‍ആനിലും സുന്നത്തിലും ഈ വിഷയത്തില്‍ വ്യക്തമായ പ്രമാണങ്ങള്‍ ദര്‍ശിക്കാനാവും. പ്രവാചകന്‍ (സ) പറയുന്നു. ‘ നാല് കാര്യങ്ങള്‍ ആരില്‍ സമ്മേളിക്കുന്നുവോ അവനൊരു തനി കപടനാണ്. അവന്‍ നമസ്‌കാരിച്ചാലും നോമ്പെടുത്താലും വിശ്വാസിയാണെന്ന് വാദിച്ചാലും ശരി. അതിലൊന്ന് ആരിലെങ്കിലും ഉണ്ടായാല്‍ അതുപേക്ഷിക്കുന്നത് വരെ കപടവിശ്വാസത്തിന്റെ ഒരു ഭാഗം അവനിലുണ്ടായി. സംസാരിച്ചാല്‍ കളവ് പറയും, വിശ്വസിച്ചാല്‍ ചതിക്കും, കരാര്‍ ചെയ്താല്‍ ലംഘനം നടത്തും, തര്‍ക്കിച്ചാല്‍ തോന്ന്യാസം പറയും.’ (ബുഖാരി, മുസ്‌ലിം)

വിശ്വാസം തത്വത്തിനും പ്രായോഗികതക്കും മധ്യേ

ചില ആളുകള്‍ ധരിച്ചു വെച്ചിരിക്കുന്നത് ഈമാന്‍ എന്നത് പരലോകത്ത് മനുഷ്യനെ നരകത്തില്‍ നിന്നും മോചിപ്പിക്കാനും സ്വര്‍ഗത്തില്‍ കടക്കാനുമുള്ള ഒരു പദ്ധതിയെന്നാണ്. ദൈവിക സംരക്ഷണവും സഹായവും പ്രതിരോധവും അത് മനുഷ്യന് നേടിക്കൊടുക്കും. സൂഷ്മമായി പരിശോധിച്ചാല്‍ ചെറുപ്പത്തിലെ മനസ്സില്‍ രൂഢമൂലമായിട്ടുള്ളതാണ് ദൈവം എകനാണെന്നും അവനില്‍ പങ്ക്കാരനില്ലെന്നുമുള്ള വസ്തുത. അവന്‍ എല്ലാപൂര്‍ണതയോടും കൂടി പരിശുദ്ധനാണ്. എല്ലാ കുറവുകളില്‍ നിന്നും മുക്തനും ഉന്നതമായ വൈശിഷ്ട്യങ്ങള്‍ക്കുടമയുമാണ.്.

അഖീദയെ കുറിച്ചും അതില്‍ അല്ലാഹുവിന്റെ അനേകം വിശേഷണങ്ങളെ കുറിച്ചും ധാരാളം നാം പഠിക്കാറുണ്ട്. അത് ഹൃദ്യസ്ഥാക്കുകയും ചെയ്യാറുണ്ട്്. ഞാന്‍ തന്നെ അസ്ഹറിലെ വിദ്യാഭ്യാസത്തിനിടക്ക് പ്രൈമറി തലത്തിലും സെക്കന്ററി തലത്തിലും ബിരുദ തലത്തിലും ഇത്തരം കാര്യങ്ങള്‍ ധാരാളമായി പഠിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യന്റെ ആത്മാവുമായി യാതൊരു ബന്ധവുമില്ലാത്ത അഖീദാ അധ്യാപനങ്ങളാണ്. അതാവട്ടെ ഹൃദയത്തില്‍ യാതൊരു ചലനവുമുണ്ടാക്കില്ല. മനസ്സാക്ഷിയെ ഉണര്‍ത്തുകയില്ല. അതൊരു പൊള്ളയായ അധ്യായനം മാത്രമായിരിക്കും. ഖുര്‍ആന്‍ രൂപപ്പെടുത്തിയെടുക്കുന്ന ഈമാനിന്റെ ലഹരിയില്‍ നിന്നെല്ലാം ബഹുദൂരത്തിലാകും അത്.

പ്രപഞ്ചത്തിലും സ്വന്തത്തില്‍ തന്നെയും ധാരാളം ദൃഷ്ടാന്തങ്ങളും വലിയ ഗുണപാഠങ്ങളും ഉണ്ടെന്ന് അല്ലാഹു പറയുന്നു. ‘ആകാശഭൂമികളുടെ സംവിധാനത്തെക്കുറിച്ച് ഇക്കൂട്ടര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഒരു വസ്തുവിനെയും അവര്‍ കണ്ണുതുറന്നു നോക്കിയിട്ടുമില്ലേ?’ (7:185)

‘ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും. നിങ്ങള്‍ കാണുന്നില്ലയോ?’ (51:20,21)

‘ ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും, ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് ‘ (3:190)

സലഫി ധാര എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. ശിര്‍ക്കിന്റേതായ എല്ലാതരം മാലിന്യങ്ങളില്‍ നിന്നും മുക്തമായ താണ് തൗഹീദ്. ചെറുതാവട്ടെ വലുതാവട്ടെ. അത് മനുഷ്യന്റെ അടിമത്തത്തില്‍ നിന്നും ഏകനായ അല്ലാഹുവിന്റെ അടിമത്വത്തിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ ആധുനിക സലഫീകള്‍ക്ക് അഖീദയുടെ വിഷയത്തില്‍ തര്‍ക്കം തീര്‍ന്ന നേരമില്ല. ദൈവിക വിശേഷണങ്ങളെ കുറിച്ച് വന്ന ആയത്തുകളുടെയും ഹദീസുകളുടെയും കാര്യത്തിലും അതിന്റെ വ്യാഖ്യാനങ്ങളില്‍ മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും ഇടയിലുള്ള വൈരുദ്ധ്യങ്ങളുമാണ് ആകെക്കൂടി ചര്‍ച്ച ചെയ്യുന്നത്.

അല്ലാഹവിന്റെ സത്തയിലും വിശേഷണങ്ങളിലും പ്രവ്രര്‍ത്തനങ്ങളിലും എല്ലാം കൊണ്ടും അവന്‍ പൂര്‍ണനാണെന്നും ഒരു കാര്യത്തിലും അവന് പങ്കുകാരില്ലെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു. ‘അല്ലാഹുവിനു തുല്യമായി ഒന്നുമില്ല.’ (42:11) ‘അവന്‍ പിതാവോ പുത്രനോ അല്ല. അവനു തുല്യനായി ആരുമില്ല.’ (112:3,4) ഇതാണ് പൂര്‍ണമായ അഖീദ. അതിനപ്പുറത്തുള്ള ചര്‍ച്ചകള്‍ സംശയങ്ങള്‍ അതികരിപ്പിക്കുകയല്ലാതെ മറ്റൊന്നിനും ഉപകരിക്കുകയില്ല. ഖുര്‍ആനും സുന്നത്തും പറഞ്ഞ കാര്യങ്ങള്‍ അതുപോലെ വിശ്വസിച്ച് മറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഖുര്‍ആനിന്റെ അഖീദ മനസ്സിന്റെ എല്ലാ മുക്ക് മൂലകളെയും പ്രകാശിപ്പിക്കുന്ന പ്രകാശമാണ്. ബുദ്ധിയെ അത് വെളിച്ചമുറ്റതാക്കുന്നു. മനസ്സാക്ഷിയെ അത് ജീവിപ്പിക്കുന്നു. വികാരങ്ങളെ ചലിപ്പിക്കുന്നു. നേര്‍മാര്‍ഗം കാണിക്കുന്നതും ചടുലവും കൃത്യതയുള്ളതും സമാധാനം നല്‍കുന്നതുമായ ശക്തിയാണ് വിശ്വാസം.

ഇത്തരത്തില്‍ അഖീദയും വിശ്വാസവും തത്വങ്ങളാകുന്ന ആകാശത്തുനിന്നും പ്രവര്‍ത്തനങ്ങളും ജീവിതവുമാകുന്ന മണ്ണിലേക്ക് ഇറങ്ങിവന്നാലേ മുസ്‌ലിങ്ങള്‍ രക്ഷപ്പെടുകയുള്ളു. ഈമാന്‍ ബാഹ്യമായ മോഡികളില്‍ നിന്ന് ജീവിതത്തില്‍ വെളിച്ചമേകുന്ന ആന്തരിക ശക്തിയായി മാറുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles