Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ സംസ്‌കാരം സൗമ്യതയാണ്

humble.jpg

വര്‍ത്തമാന കാലത്ത് ഇസ്‌ലാമിന്റെ പേരില്‍ ചില അന്താരാഷ്ട്ര ഭീകരശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ഏറെ ഖേദകരമാണ്. ഇസ്‌ലാമിക പ്രബോധനം, ദീനിന്റെ സംസ്ഥാപനം എന്നിങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഇത്തരം കിരാത നടപടികള്‍ അഭംഗുരം ആവര്‍ത്തിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ വികലമാക്കപ്പെടുകയാണ്. ജനതകള്‍ക്ക് സൗമ്യതയുടെയും വിട്ടുവീഴ്ച്ചയുടെയും അതുല്ല്യ  പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഒരു ദര്‍ശനം അപഹാസ്യമാം വിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്.
    
മതപ്രബോധനവും ദീന്‍ സംസ്ഥാപനവുമെല്ലാം സൗമ്യതയിലും ഗുണകാംക്ഷയിലും അധിഷ്ടിതമായിരിക്കണമെന്ന കാഴ്ച്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഭീകരതയുടെയോ അടിച്ചേല്‍പ്പിക്കലിന്റെയോ ലാഞ്ചന പോലും ഇത്തരം കാര്യങ്ങളില്‍ ഉണ്ടാവരുതെന്ന് അത് നിഷ്‌കര്‍ഷിക്കുന്നു. പൂര്‍വ്വസൂരികളായ പ്രവാചക പ്രഭുക്കരുടെ പ്രബോധന ചരിത്രം വിശകലന വിധേയമാക്കുമ്പോള്‍ അനിഷ്യേധ്യമായ ഈ വസ്തുത മനസ്സിലാക്കാവുന്നതാണ്. വിനയവും ഗുണകാംക്ഷയും നിറഞ്ഞ ക്രിയാത്മക സംവാദങ്ങളിലൂടെയാണ് പ്രവാചകന്‍ ഇബ്‌റാഹീം(അ) ബഹുദൈവാരാധനയുടെ പൊള്ളത്തരങ്ങളെ ജനസമക്ഷം തുറന്നുകാട്ടിയത്. അഹങ്കാരത്തിന്റെ ആള്‍രൂപമായ ഫറോവയോട് പോലും മൃദുലമായ ഭാഷയില്‍ സംവദിക്കാനാണ് മൂസാ പ്രവാചകനേട് അല്ലാഹു കല്‍പിച്ചത്. അഭിസംബോധിതര്‍ എത്ര തന്നെ ഗര്‍വിഷ്ടരായാലും, ധിക്കാരികളായാലും ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതി സൗമ്യതയുടേതായിരിക്കണമെന്ന് സാരം.

മുഴുലോകത്തിനും കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി(സ) സഹനത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും മൂര്‍ത്തീ ഭാവമായിരുന്നു. അസഹ്യമാംവിധം ദ്രോഹങ്ങളേല്‍പ്പിച്ച കഠിനശത്രുക്കളോട് പോലും വിട്ടുവീഴ്ച്ചയോടെ പെരുമാറുകയെന്നതായിരുന്നു പ്രവാചകന്റെ രീതിശാസ്ത്രം. മക്കാവിജയ നാളിലെ സംഭവ വികാസങ്ങള്‍ സുഗ്രാഹ്യമായ ഈ യാഥാര്‍ത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹ്രസ്വകാലം കൊണ്ട് ഒരു ജനതയുടെ സമ്പൂര്‍ണ്ണ പരിവര്‍ത്തനം സാധിച്ചെടുക്കുന്നതില്‍ പ്രവാചകന്റെ സ്വത്വസിദ്ധമായ ഈ പ്രകൃതം അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധിപനായിരിക്കെ തന്നെ പിഞ്ചുകുഞ്ഞുങ്ങളോട് പോലും കുശലാന്വേഷണം നടത്താന്‍ പ്രവാചകന്‍ സമയം കണ്ടെത്തിയിരുന്നു. പ്രവാചകന്റെ ദൗത്യ നിര്‍വ്വഹണത്തിന് വലിയൊരളവില്‍ സഹായകമായിത്തീര്‍ന്ന ഈ സ്വഭാവം അഷ്ടാഹുവിന്റെ മഹത്തായ അനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. (2:159)

സൗമ്യത ഏതൊരു വസ്തുവിനും സൗന്ദര്യമേകുന്ന ഒന്നാണെന്ന്  പ്രവാചകന്‍ പഠിപ്പിക്കുന്നു. വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഇപ്പറഞ്ഞത് ബാധകമാണ്. ആഇശ(റ)വില്‍ നിന്ന്: നബി(സ) അരുളി: ‘യാതൊന്നിലും സൗമ്യതയുണ്ടാകില്ല, അത് അതിനെ അലങ്കരിച്ചിട്ടല്ലാതെ. യാതൊന്നില്‍ നിന്നും സൗമ്യത ഊരിപ്പോകുന്നില്ല, അതിനെ വിരൂപമാക്കിയട്ടല്ലാതെ.’

(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles