Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ ആത്മീയ പാഠമാണ് സൂഫിസം

sufi741.jpg

‘ഇന്ന് സൂഫിസം യാഥാര്‍ത്ഥ്യമില്ലാത്ത ഒരു പേര് മാത്രമാണ്. ഒരു കാലത്ത് അത് പേരില്ലാത്ത യാഥാര്‍ത്ഥ്യമായിരുന്നു.’

പ്രവാചകന്‍(സ)ക്ക് ശേഷം മുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിച്ചിരുന്ന അബുല്‍ ഹസന്‍ അല്‍-ഫുശാന്‍ജിയുടെ (Abul Hasan al-Fushanji) വാക്കുകളാണിത്. അദ്ദേഹത്തിന്റെ കാലശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് പ്രശസ്ത സൂഫി ഗുരുവായ ഹുജ്‌വീരി ഇങ്ങനെ പ്രസ്താവിക്കുന്നത്: ‘പ്രവാചകന്റെയും അദ്ദേഹത്തിന്റെ അനുയായികളുടേയും കാലത്ത് ഈ പേര് (സൂഫിസം) എവിടെയുമുണ്ടായിരുന്നില്ല. എന്നാലതിന്റെ യാഥാര്‍ത്ഥ്യം പ്രകടമായിരുന്നു. ഇന്ന് യാഥാര്‍ത്ഥ്യമില്ലാത്ത വെറും പേര് മാത്രമാണ് നിലനില്‍ക്കുന്നത്.’

മുസ്‌ലിംകള്‍ക്കിടയില്‍ സൂഫിസം അല്ലെങ്കില്‍ തസവ്വുഫ് പ്രധാനപ്പെട്ട ഒരു വിവാദ വിഷയമാണ്. ചിലര്‍ക്കതിന്റെ പേര് പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കില്‍ മറ്റ് ചിലര്‍ അതിനെ ഇസ്‌ലാമിക അധ്യാപനങ്ങളുടെ ഹൃദയമായാണ് കണക്കാക്കുന്നത്. ഒരു സൂഫിഫോബിയ (സൂഫിഭീതി) നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ തെറ്റില്ല. സൂഫിസം ഒരു വിവാദവിഷയമായതിന് പിന്നില്‍ പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്.
1) വളരെ അപൂര്‍ണ്ണമായ ഒരു ഇസ്‌ലാമിനെ സ്വീകരിക്കല്‍,
2) തത്വചിന്താപരവും നിഗൂഢവുമായ (mystical) സൂഫിസത്തിന്റെ ഉത്ഭവം,
3) വളരെ ആധികാരികമായ സൂഫി അധ്യാപനങ്ങളെ അനുയായികള്‍ ദുരുപയോഗപ്പെടുത്തുക,
4) അസഹിഷ്ണുത നിറഞ്ഞ വ്യവഹാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ രൂപപ്പെടുക

സൂഫിസത്തോടുള്ള നമ്മുടെ സമീപനം സാന്ദര്‍ഭികവും സന്തുലിതവും ആയിരിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട മൂന്ന് രീതിശാസ്ത്രപരമായ തത്വങ്ങളാണ് സൂഫിസത്തോടുള്ള നമ്മുടെ സമീപനത്തെ നയിക്കേണ്ടത്.

1) സത്തയെയാണ് (substance) ഭാഷയേക്കാള്‍ പ്രധാനം:
ഭാഷ വളരെ പ്രധാനം തന്നെയാണ്. എന്നാല്‍ ആത്യന്തികമായി അത് അര്‍ത്ഥങ്ങളും സന്ദേശങ്ങളുമാണ് പകര്‍ന്ന് നല്‍കുന്നത്. ഭാഷയുടേയും പദങ്ങളുടേയും പേരില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല എന്നും അര്‍ത്ഥവും പ്രയോഗവുമാണ് പ്രധാനമെന്നുമാണ് (La mushahhata fil istilah) ഇസ്‌ലാമിക ബൗദ്ധിക രീതിശാസ്തക്രത്തിലെ (Islamic intellectual methodology) വളരെ അടിസ്ഥാനപരമായ ഒരു തത്വം. അഥവാ സത്തയും ഉള്ളടക്കവുമാണ് പ്രധാനം. അതിനാല്‍ തന്നെ സൂഫിസം എന്നത് ഇന്ന് നമ്മള്‍ കാണുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണെങ്കില്‍ അവ ഒരിക്കലും ഇസ്‌ലാമിക അധ്യാപനങ്ങളുമായി ഒത്തുപോകുകയില്ല. അവ തീര്‍ച്ചയായും തള്ളിക്കളയേണ്ടതാണ്. അതേസമയം ഖുര്‍ആനെയും നബിചര്യയെയും അടിസ്ഥാനപ്പെടുത്തിയുള്ള ആത്മീയ-ധാര്‍മ്മിക അധ്യാപനങ്ങളാണ് സൂഫിസമെങ്കില്‍ അതാണ് നാം സ്വീകരിക്കേണ്ടത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമാണത്.

2) ശരിയായ രീതിയില്‍ സൂഫിസത്തെ മനസ്സിലാക്കുക:
ഇന്ന് നിലനില്‍ക്കുന്ന സൂഫിസം അന്ധവിശ്വാസ പ്രവര്‍ത്തനങ്ങളും മതചൂഷണവും അജ്ഞതയുമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ സൂഫിസത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നത് നമ്മുടെ മതപരമായ ബാധ്യതയാണ്. അതിനാല്‍ തന്നെ സൂഫിസത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ട് അതാണ് സൂഫിസം എന്ന് നമ്മളൊരിക്കലും തെറ്റിദ്ധരിക്കാന്‍ പാടില്ല. ശരിയായ രീതിയിലുള്ള ഒരു പഠനം നമ്മള്‍ നടത്തുകയാണെങ്കില്‍ സൂഫിസം എന്നത് നമ്മുടെ ചരിത്രത്തില്‍ വേരൂന്നി നില്‍ക്കുന്ന ഇസ്‌ലാമിന്റെ ആധികാരികമായ ഒരാവിഷ്‌കാരമാണെന്ന് ബോധ്യപ്പെടും. ലോകത്തുടനീളം സൂഫിസം ഇസ്‌ലാമിനെ പ്രചരിപ്പിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്രസാക്ഷ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സൂഫി വ്യാപാരികളാണ് ഇസ്‌ലാം കൊണ്ടുവന്നിട്ടുള്ളത്. അതേസമയം മര്‍ദ്ദകരായ ഭരണാധികാരികള്‍ക്കെതിരെ ശബ്ദിക്കുന്നില്ല എന്നതാണ് സൂഫികള്‍ക്കെതിരെ നിലനില്‍ക്കുന്ന പ്രധാന ആരോപണം. എന്നാല്‍ തങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജിഹാദിലേര്‍പ്പെട്ട സൂഫികളുടെ ചരിത്രം നമ്മുടെ കണ്‍മുമ്പിലുണ്ട്. ലിബിയയിലെ സനൂസിയ പ്രസ്ഥാനം, അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരായ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരിയുടെ ചെറുത്ത്‌നില്‍പ്പ്, റഷ്യക്കെതിരായ നഖ്ശബന്ധി സൂഫികളുടെ പോരാട്ടങ്ങള്‍, ഡച്ച് അധിനിവേശത്തിനെതിരെ മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കിയ സൂഫി പണ്ഡിതന്‍മാര്‍ എന്നിവ ഏതാനും ഉദാഹരണങ്ങളാണ്.

എന്നാല്‍ പിന്നീട് സൂഫിസത്തെ ബിദ്അത്തായും ശിര്‍ക്കായും സൂഫികളെ ബഹുദൈവാരാധകാരായും ചില വിഭാഗം മുസ്‌ലികള്‍ മുദ്രകുത്തുകയുണ്ടായി. ഹമ്പലി പണ്ഡിതനായിരുന്ന ഇബ്‌നു തൈമിയ്യ സൂഫിസത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സൂഫിസത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം സന്തുലിതമായിരുന്നു എന്ന് നമുക്ക് കാണാന്‍ സാധിക്കും. അത്തുഹ്ഫ അല്‍ഇറാഖിയ ഫി അമല്‍ അല്‍ഖല്‍ബിയ (Al-tuhfa Al-iraqiyah Fi alamal alqalbiyiah) എന്ന തന്റെ ഗ്രന്ഥത്തില്‍ ഇബ്‌നു തൈമിയ്യ എഴുതുന്നു:

‘ചിലയാളുകളുടെ അനിസ്‌ലാമികമായ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് സൂഫിസത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്നവരുണ്ട്. ചിലയാളുകള്‍ സൂഫിസത്തിലെ ശരിയെയും തെറ്റിനെയും സ്വീകരിക്കുന്നവരാണ്. മറ്റ് ചിലരാകട്ടെ, ശരിയെയും തെറ്റിനെയും സ്വീകരിക്കാത്തവരാണ്. യഥാര്‍ത്ഥത്തില്‍ ഖുര്‍ആനും തിരുസുന്നത്തുമായി യോജിക്കുന്നവയെ സ്വീകരിക്കുകയും അല്ലാത്തവയെ തള്ളിക്കളയുകയുമാണ് നാം ചെയ്യേണ്ടത്.

3) ആത്മവിമര്‍ശനം:
മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകളും അബന്ധങ്ങളും സംഭവിക്കുക സ്വാഭാവികമാണ്. സൂഫികളും അതില്‍ നിന്നൊഴിവല്ല. അതേസമയം ആത്മവിമര്‍ശനം എന്നത് സൂഫി പാരമ്പര്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അല്‍സുലാമി (Al-sulami), അല്‍ഖുശൈരി, ഹുജ്‌വീരി, അല്‍ഗസ്സാലി തുടങ്ങിയ സൂഫികളുടെയെല്ലാം ഗ്രന്ഥങ്ങളില്‍ ആത്മവിമര്‍ശനത്തിന്റേതായ ധാരാളം പാഠങ്ങള്‍ കാണാന്‍ സാധിക്കും. സൂഫിസവുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലാത്ത സാധാരാണ ജനങ്ങള്‍ക്കും ദൈവഭക്തിയുടേയും ആത്മപരിശുദ്ധിയുടേയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന നിരവധി ഗ്രന്ഥങ്ങളെക്കുറിച്ച് അമേരിക്കയിലെ ഇസ്‌ലാമിക പണ്ഡിതനായ ഷെര്‍മണ്‍ ജാക്‌സണ്‍ സൂചിപ്പിക്കുന്നുണ്ട്.

അപ്പോള്‍ എന്താണ് സൂഫിസം? ഖുര്‍ആനിക പദമായ തസ്‌കിയ്യത്തുന്നഫ്‌സുമായും (ഹൃദയത്തിന്റെ ശുദ്ധീകരണം) പ്രവാചക പദമായ ഇഹ്‌സാനുമായും അതിന് സാമ്യതയുണ്ടോ? സൂഫിസം എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ ആത്മീയവും നൈതികവുമായ പാരമ്പര്യമാണ്. ദൈവഭക്തിയെക്കുറിച്ചും ആത്മവികാസത്തെക്കുറിച്ചും ആത്മീയ-ധാര്‍മ്മിക-നൈതിക ഗുണങ്ങള്‍ പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള അധ്യാപനങ്ങളാണ് അത് നല്‍കുന്നത്. അജ്ഞത, അസൂയ, ദേഷ്യം, വെറുപ്പ് തുടങ്ങിയ ചീത്ത സ്വഭാവങ്ങളില്‍ നിന്നും മോചിപ്പിച്ച് വിനയം, ക്ഷമ, സ്‌നേഹം തുടങ്ങിയ ഗുണങ്ങള്‍ മനുഷ്യനില്‍ നട്ടുവളര്‍ത്തുകയാണ് സൂഫിസം ചെയ്യുന്നത്.

ഖുര്‍ആനും സുന്നത്തുമാണ് ശരിയായ സൂഫിസത്തിന്റെ അടിസ്ഥാനം. അല്ലാഹുവിന്റെ ആളായിത്തീരുക എന്നത് ഖുര്‍ആനിക നിര്‍ദേശമാണ് (3:79). തങ്ങളുടെ നഫ്‌സിനെ ശുദ്ധീകരിക്കുന്നവര്‍ക്കാണ് വിജയം (91:9). സമ്പത്തും സന്താനങ്ങളുമൊന്നും ഒരാള്‍ക്കും ഉപകാരപ്പെടാത്ത ഒരു ദിനം വരും. പരിശുദ്ധമായ ഹൃദയത്തോടെ അല്ലാഹുവിങ്കല്‍ വരുന്നവര്‍ക്ക് മാത്രമേ അന്ന് രക്ഷയുള്ളൂ (26:87-89). ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു പ്രവാചക വചനമുണ്ട്: ‘ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം നന്നായി. അത് മോശമായാല്‍ ശരീരവും മോശമാകും. ഹൃദയമാണത്’ (ബുഖാരി). അത്‌പോലെ അല്ലാഹുവെ ഓര്‍മ്മിക്കാത്തവരുടെ ഹൃദയം മരിച്ചതിന് തുല്യമാണ് എന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (ബുഖാരി)

സല്‍സ്വഭാവത്തെ വളര്‍ത്തുകയാണ് സൂഫിസം ചെയ്യുന്നത്. സൂഫിസത്തെയും സല്‍സ്വഭാവത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടാണ് അല്‍ഖുശൈരി തന്റെ രിസാല എന്ന ഗ്രന്ഥത്തില്‍ സംസാരിക്കുന്നത്. അല്‍ജുറൈരിയെ സംബന്ധിച്ചിടത്തോളം സല്‍സ്വഭാവം കാത്തുസൂക്ഷിക്കലും ദുസ്വഭാവം വെടിയലുമാണ് സൂഫിസം. ജൂനൈദ് പറയുന്നു: ‘സൂഫിസം എന്നത് ഏതാനും പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. മറിച്ച് ധാര്‍മ്മികമായ സ്വഭാവം കാത്തുസൂക്ഷിക്കുക എന്നത് കൂടിയാണത്. സല്‍സ്വഭാവത്തില്‍ ആര്‍ നിങ്ങളെ മുന്‍കടന്നുവോ അയാള്‍ നിങ്ങളെ സൂഫിസത്തില്‍ മുന്‍കടന്നു.’

ശരീഅത്ത് ഇസ്‌ലാമിന്റെ ശരീരമാണെങ്കില്‍ സൂഫിസം അതിന്റെ ആത്മാവാണ്. സൂഫിസത്തിന്റെ സത്തയെയും അതിന്റെ ഉള്ളടക്കത്തെയും നാം തിരിച്ച് പിടിക്കേണ്ടതുണ്ട്. ആധുനിക ലോകത്ത് ഇസ്‌ലാമിനെ മുറുകെപ്പിടിക്കണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ സൂഫി പാരമ്പര്യത്തെ നാം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. സൂഫികളല്ലാത്തവര്‍ക്കും സൂഫിസത്തിന്റെ അധ്യാപനങ്ങള്‍ പഠിക്കാനുള്ള അവസരമൊരുക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

വിവ: സഅദ് സല്‍മി

Related Articles