Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സമൂഹം അപകടത്തിലാകുന്നത് എപ്പോള്‍?

paint.jpg

ഇസ്‌ലാമിക സമൂഹത്തിന് അപായവും പ്രതിസന്ധിയുമുണ്ടാകാന്‍ രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് അവരില്‍ മാറ്റവും, പുരോഗതിയും, ചലനവും നിലച്ച് സമൂഹം നിശ്ചലമാവുക, അങ്ങനെ ജീവിതത്തില്‍ ഷണ്ഢത്വം ബാധിച്ച്, കെട്ടിക്കിടക്കുന്ന വെള്ളം പോലെ നിശ്ചലമായിത്തീരുക. അങ്ങനെയുള്ള വെള്ളം കീടങ്ങളുടെയും ബാക്ടീരിയകളുടെയും മേച്ചില്‍സ്ഥലമായി മാറുന്നു.

ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പാതയില്‍ നിന്ന് വ്യതിചലിച്ച് നാശത്തിന്റെയും പതനത്തിന്റെയും കാലഘട്ടത്തില്‍ സംഭവിച്ചതിതാണ്. കര്‍മശാസ്ത്രത്തില്‍(ഫിഖ്ഹ്) ഗവേഷണത്തിന്റെ(ഇജ്തിഹാദ്) വാതിലുകള്‍ എങ്ങനെയാണ് അടച്ചതെന്ന് നമ്മള്‍ കണ്ടതാണ്. അതോടെ വിജ്ഞാനം, സാഹിത്യം, നിര്‍മാണം എന്നീ മേഖലകളിലെല്ലാം പുതിയ കണ്ടെത്തലുകളും നിലച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ നിശ്ചലതയും അന്ധമായ അനുകരണവും  ദൃശ്യമായി. പഴയ തലമുറ പുതിയ തലമുറക്ക് ഒന്നും ബാക്കിവെച്ചില്ലെന്നും പുതിയ തലമുറക്ക് ഇനി പുതുതായി ഒന്നും കണ്ടെത്താനില്ല എന്ന കാഴ്ചപ്പാടില്‍ അവര്‍ അഭിരമിച്ചു. എന്നാല്‍ ഉറങ്ങി കിടന്നിരുന്ന മറ്റുസമൂഹങ്ങള്‍ ഉണര്‍ന്നു വികസിച്ചു. ഇസ്‌ലാമിക സമൂഹത്തിന്റെ ശിശ്യത്വമായിരുന്നു എല്ലായ്‌പ്പോഴും അവര്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ തളര്‍ച്ചയിലും മയക്കത്തിലും കഴിഞ്ഞപ്പോള്‍ അധിനിവേശം നടത്തി മുന്നേറി.

നൈരന്തര്യമോ സുസ്ഥിരതയോ ഇല്ലാത്ത പുരോഗതിക്കും മാറ്റത്തിനും വിധേയമാകുക എന്നതാണ് രണ്ടാമത്തെ കാരണം. ദീനില്‍ സമൂഹത്തെ പിഴുതെറിയാന്‍ ശ്രമിക്കുന്ന ഒരു വിഭാഗമാളുകള്‍ ഇസ്‌ലാമിക സമൂഹത്തിനകത്ത് തന്നെയുണ്ടെന്ന് നാമിന്ന് കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യമാണ്. ഇസ്‌ലാമിക സമൂഹത്തെ അതിന്റെ പൈതൃകങ്ങളില്‍ നിന്ന് പുരോഗതിയുടെ പേരില്‍ അവര്‍ വേര്‍തിരിക്കുന്നു. പുരോഗതിയുടെ പേരില്‍ വിശ്വാസത്തില്‍ ദൈവനിഷേധത്തിന്റെ വാതില്‍ തുറന്നിടാനും, ഇസ്‌ലാമിക ശരീഅത്തില്‍ നിന്ന് സമൂഹത്തെ ഊരിയെടുക്കാനും, അതിന്റെ ശ്രേഷ്ഠത അഴിച്ചെടുക്കാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത്. ദീനിനെ തന്നെ നവീകരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ള വിശ്വാസങ്ങളും ചിന്തകളും മൂല്യങ്ങളും മാനദണ്ഢങ്ങളും സ്വഭാവങ്ങളും കിഴക്കു നിന്നും പടിഞ്ഞാറു നിന്നും ഇറക്കുമതി ചെയ്യുന്നതിന് വേണ്ടിയാണത്.

മനുഷ്യന് മുറുകെ പിടിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ദീനിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനെ ചുറ്റിയും കറങ്ങിയുമായിരിക്കണം അവന്റെ ജീവിതം. സമൂഹത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമുണ്ടാകുമ്പോള്‍ വിധി കല്‍പിക്കേണ്ടതിന്റെ മാനദണ്ഡമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് ദീനിനെയാണ്. എന്നാല്‍ ദീന്‍ ഇന്ന് ജീവിതത്തിലെ മാറ്റങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറുകയാണ് ചെയ്യുന്നത്. ജീവിതം വളയുന്നതിനനുസരിച്ച് ദീനും വളയുകയും നേരയാകുന്നതിനനുസരിച്ച് ദീനും നേരെയാവുകയും ചെയ്യുന്നു. മനുഷ്യജീവിതത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്ന ദീനിന്റെ ദൗത്യം അതിന് നഷ്ടപ്പെടുന്നു.
ഇസ്‌ലാം പുരോഗമിക്കേണ്ടതുണ്ടെന്ന് പറയുന്നവരോട് നമുക്ക് ചോദിക്കാനുളളത്, നിങ്ങള്‍ എന്തുകൊണ്ട് പുരോഗതിയോട് ഇസ്‌ലാമാകാന്‍ ആവശ്യപ്പെടുന്നില്ല? കാരണം ഇസ്‌ലാമാണ് ഭരിക്കേണ്ടത്, പുരോഗതി ഭരിക്കപ്പെടേണ്ടതാണ്.

വിവ : അബ്ദുല്‍ മജീദ് കോഡൂര്‍

Related Articles