Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സംസ്‌കരണത്തിന്റെ പ്രതിസന്ധികള്‍

samskaranam.jpg

ഇന്ന് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന പ്രശ്‌നമാണ് ഇസ്‌ലാമിക സംസ്‌കരണം നിര്‍വഹിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധികള്‍. സംഘടനകളും സ്ഥാപനങ്ങളും തുടര്‍ച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയും വ്യത്യസ്ത മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുയും ചെയ്യുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ല. വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംസ്‌കരണം സന്തുലിതമായി മുന്നോട്ട്‌പോയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹിരിക്കാനാവുകയുള്ളു. എന്നാല്‍ എത്രതന്നെ ശ്രമിച്ചാലും ഇന്ന് കാണുന്നത് ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന അവസ്ഥയാണ്. അവക്കുള്ള പരിഹാരം നാം തേടേണ്ടതുണ്ട്. അതിന്റെ കാരണങ്ങള്‍ ആദ്യം കണ്ടെത്തണം.

പ്രതിസന്ധിയുടെ കാരണങ്ങള്‍

സാമൂഹികമായ ഏത് പ്രതിസന്ധിയുടെയും കാരണം പഠിക്കുമ്പോള്‍, പഠനം നടത്തുന്ന വ്യക്തിയുടെ കാലവും പരിസരവും കഴിവും അനുസരിച്ച് മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഇവയാണ് ഇതിന് കാരണങ്ങളെന്ന് തിട്ടപ്പെടുത്തി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ പരിമിതിയുണ്ട്. എനിക്ക് തോന്നിയ ചില കാരണങ്ങള്‍ ഇവിടെ കുറിക്കുകയാണ്.

1) പ്രസ്ഥാനങ്ങളും സംസ്‌കരണപ്രവര്‍ത്തനങ്ങളും ചില പരിമിതമായ വൃത്തങ്ങള്‍ക്കുള്ളില്‍ ബന്ധിതമാണ്. ചിലകാര്യങ്ങളെ പ്രതിരോധിക്കല്‍ മാത്രമാണ് അവയുടെ ലക്ഷ്യം. ക്രിയാത്മകമായി പുതുയുഗം സൃഷ്ടിക്കുന്നതിലല്ല അവരുടെ ശ്രദ്ധ. ഇവരുടെ സ്ട്രാറ്റജികളെല്ലാം ശത്രുവിനെ പ്രതിരോധിക്കുതിലാണ്. മറിച്ച് ശത്രുവിനെ എപ്രകാരം മറികടക്കാമെന്നവര്‍ ചിന്തിക്കുന്നില്ല. ഇവര്‍ ഇടിക്കൂട്ടിലെ ബോക്‌സറെ പോലെയാണ്. എതിരാളിയെ എങ്ങിനെ വീഴ്താമെന്നും അവന്റെ അക്രമത്തെ എങ്ങനെ തടുക്കാമെന്നും മാത്രമായിരിക്കും അവരുടെ ചിന്ത.

2) സംസ്‌കരണ പ്രവര്‍ത്തനങ്ങളും സംഘടനകളും ഒരു പ്രത്യേക ചിന്താ രീതിയില്‍ പരിമിതമാണ്. ആ ചിന്താധാരയെ ചോദ്യം ചെയ്യാനോ മറികടക്കാനോ ഒരാളും ശ്രമിക്കാറില്ല. പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന സംസ്‌കരണ സ്ട്രാറ്റജികളും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്ന പ്രായോഗിക കര്‍മ്മശാസ്ത്രവും എല്ലാം ഒരേ രീതിയില്‍ തന്നെ തുടരുകയാണ് ഇപ്പോള്‍. മാത്രമല്ല തങ്ങളുടെ അണികളെ എങ്ങനെ സംസ്‌കരണത്തന്റെയും തര്‍ബിയ്യത്തിന്റെയും പേരില്‍ ബുദ്ധിമുട്ടിക്കാം എന്നതാണ് നേതാക്കളുടെ ചിന്തയെന്നാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ തോന്നുക. ശിക്ഷിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സംസ്‌കരണക്കാരെയാണ് നമ്മുക്ക് കാണാനാവുക. എന്നാല്‍ പ്രവാചക മാതൃകക്ക് കടകവിരുദ്ധമാണ് ഈ സംസ്‌കരണരീതി.

3) കൃത്യമായ ചില മാര്‍ഗങ്ങളും രീതികളും മാത്രമാണ് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതെന്ന തെറ്റിദ്ധാരണയാണ് അടുത്ത പ്രശ്‌നം. ഒരേ അച്ചില്‍ വാര്‍ത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇന്ന് സംഘടനകള്‍ പ്രയോഗവല്‍കരിച്ച്‌കൊണ്ടിരിക്കുന്നത്. കുറെകാലങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിക്കപ്പെട്ട പരിപാടികള്‍ തന്നെയാണ് തര്‍ബിയ്യത് നടത്താന്‍ സംഘടനകള്‍ ഇന്നും ഉപയോഗിക്കുന്നത്. സമൂഹത്തിന്റെ ആദ്യം നന്നായത്‌കൊണ്ടാണ് അന്ത്യവും നന്നാവുകയൊള്ളുവെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഇതിനവരുടെ ന്യായം. എന്നാല്‍ പ്രവാചകന്‍ ഓരോരുത്തരെയും സംസ്‌കരിക്കാന്‍ വ്യത്യസ്തവും വൈവിധ്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇവര്‍ മറക്കുകയും ചെയ്യുന്നു. സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാകാലത്തും ഒരേ രീതികള്‍ പറ്റില്ലെന്ന് മനസ്സിലാക്കണം. കാലത്തിനും കോലത്തിനുമനുസരിച്ച് രീതികള്‍ മാറണം. ലക്ഷ്യങ്ങള്‍ മാറരുത്, പക്ഷെ മാര്‍ഗങ്ങള്‍ മാറികൊണ്ടിരിക്കണം. ചിരത്രത്തില്‍ ജനലക്ഷങ്ങളെ സംസ്‌കരിച്ചെടുത്ത പ്രവര്‍ത്തന രീതിക്ക് ഇന്ന് ഒരാളെയും ആകര്‍ഷിക്കാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ അണികളെയും സംസ്‌കരിക്കപ്പെടേണ്ടവരെയും മനസ്സിലാക്കിയ ശേഷം മാത്രമേ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാടുള്ളു.

4) അടിസ്ഥാന വര്‍ഗത്തിന് പുറത്തായിരിക്കും കാര്യമായ പ്രവര്‍ത്തനങ്ങള്‍. മാത്രമല്ല അടിസ്ഥാന കാര്യങ്ങള്‍ ഉപേക്ഷിച്ച് മറ്റ് പലയിടത്തും ഒഴുകിപ്പരന്നതായിരിക്കും സംഘടനകളുടെ ഊന്നലുകള്‍. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ തുടക്കകാലമായ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പ്രയോഗവല്‍കരിച്ചിരുന്ന സംസ്‌കരണ പരിപാടികള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം സമൂഹത്തിന്റെ പ്രധാന ഭാഗമായ യുവാക്കളെ നാം പരിഗണിക്കുന്നില്ലെന്നതാണ്. പ്രസ്ഥാനത്തെ ചലിപ്പിക്കുന്നതില്‍ യുവാക്കള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. എന്നിരിക്കെ അവരെ പരിഗണിക്കാത്ത തരത്തിലുള്ള സംസ്‌കരണ പരിപാടികള്‍ പാഴ്‌വേലകളാണ്. മാത്രമല്ല മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങള്‍ വെടിഞ്ഞ് ശാഖാപരമായ കാര്യങ്ങളില്‍ മാത്രം തര്‍ബീയത് പരിഗണിക്കുന്നതും ദുരന്തമാണ്.

പരിഹാര മാര്‍ഗങ്ങള്‍

സംസ്‌കാരണപ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് നേരിടുന്ന ചില പ്രധാന പ്രതിസന്ധികളാണിവ. ഇനി ഇവക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ തേടുകയാണ് ചെയ്യേണ്ടത്. ഓരോരുത്തരുടെയും സാഹചര്യങ്ങളും കാലവുമൊക്കെയാണ് യഥാര്‍ഥ പരിഹായമാര്‍ഗങ്ങളെ നിര്‍ണയിക്കേണ്ടത്. അതുകൊണ്ട് തന്നെ പരിഹാരങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇതുമാത്രമാണ് പരിഹാരമെന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല. എന്റെ ചിന്തയില്‍ വന്ന ചില പരിഹാരമാര്‍ഗങ്ങള്‍ ചിലത് ഇവിടെ കുറിക്കുകയാണ്.

1) പരിഹാര മാര്‍ഗങ്ങളെ കുറിച്ച് വ്യക്തവും സൂക്ഷ്‌വുമായ പഠനം നടത്തുക. മുന്‍വിധികളെയും പാരമ്പര്യബോധത്തെയും മാറ്റിനിര്‍ത്തി സംസ്‌കരണത്തെ സമീപ്പിക്കുക. എല്ലാ വിഭാഗങ്ങളെയും പരിസരങ്ങളെയും ശ്രദ്ധിച്ചുകൊണ്ടാണ് ഇത്തരം സംസ്‌കരണരീതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.

2) ലോകത്ത് മുമ്പ് നടന്നിട്ടുള്ള ഭാഗികമോ സമ്പൂര്‍ണമോ ആയ സംസ്‌കരണപ്രവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളും പഠിക്കുക. അതിലൂടെ പ്രായോഗികമായ അനുഭവങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഇസ്‌ലാമികവും അനിസ്‌ലാമികവുമായ ധാരാളം സംസ്‌കരണ ശ്രമങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. അവയെകുറിച്ച് പഠിക്കണം. ഇറാനിന്റെ വിപ്ലവത്തിലൂടെയുള്ള സംസ്‌കരണം ഒരു മാതൃകയായിരുന്നു. സുഡാനില്‍ പ്രതിവിപ്ലവത്തിലൂടെയാണത് നടന്നത്. കമാലിയന്‍ തുര്‍ക്കിയില്‍ മതേതരത്തമായിരുന്നു സംസ്‌കരണ മാര്‍ഗം. ഫലസ്തീനില്‍ ചെറുത്തുനില്‍പാണ് സംസ്‌കരണപ്രവര്‍ത്തനം. ഇവയുടെയെല്ലാം ഫലങ്ങളും സ്വാധീനങ്ങളും പഠിച്ച് സന്തുലിതമായ ഒരു സംസ്‌കരണരീതി ഉണ്ടാക്കാന്‍ സാധിക്കേണ്ടതുണ്ട്.

3) പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സ്ട്രാറ്റജി രൂപപ്പെടുത്തണം. അതില്‍ പ്രായോഗിക കര്‍മശാസ്ത്രം നന്നായി പരിഗണിക്കണം. കുറെ ബലിയാടുകളെ സൃഷ്ടിക്കുന്നതാവരുത് സംസ്‌കരണരീതിയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പ്രസ്ഥാനങ്ങളുടെ വിശാലതയും ആഴവും വര്‍ദ്ധിപ്പിക്കുന്നതാകണം സംസ്‌കരണ സ്ട്രാറ്റജികള്‍.

4) സംസ്‌കരണത്തിന് സഹായകമാകുന്ന കൊച്ചുകൊച്ചു പരിപാടികള്‍ സംഘടിപ്പിക്കുക. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ലക്ഷ്യം വെച്ചായിരിക്കണം ഈ പരിപാടികള്‍. അപ്രകാരം സംസ്‌കരണത്തിന്റെതായ ഈ ചെറിയ തോടുകള്‍ ഒഴുകിയെത്തി നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും സമുദ്രങ്ങളില്‍ വന്നുചേരണം.

5) ജീവിതത്തിന് വ്യത്യസ്തമായ മേഖലകളുണ്ട്. എല്ലാ മേഖലകളെയും സംസ്‌കാരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും ഒരു മേഖലമാത്രം സംസ്‌കരിക്കപ്പെടുന്നത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിയുടെയും ജീവിതം അസന്തുലിതമാകാന്‍ കാരണമാക്കും. ഇവിടെ മുന്‍ഗണനാക്രമം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം സംസ്‌കരിക്കപ്പെടേണ്ട ഭാഗം മറ്റുള്ളവയെ പരിഗണിക്കുന്നതിനിടയില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം.

6) മുന്‍ഗണനാക്രമത്തിന്റെയും സന്തുലിതത്തത്തിന്റെയും കര്‍മശാസ്ത്രം പരിഗണിക്കണം. ഉപകാരവും ഉപദ്രവവും ലക്ഷ്യങ്ങളും പരിഗണിച്ചാണ് സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. ഇവയെല്ലാം പ്രായോഗിക കര്‍മശാസ്ത്രത്തോടൊപ്പം പരിഗണിക്കാനും സാധിക്കേണ്ടതുണ്ട്. ഓരോ കാലടിവെക്കുമ്പോഴും കൃത്യമായ വിലയിരുത്തലും പ്രായാഗ്കതയും ഉണ്ടായിരിക്കുണം.

7) ക്രമാനുഗതമായും ക്ഷമയോടെയും സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഒരു നിമിഷംകൊണ്ട് പുതുലോകം പണിയാന്‍ തുനിയരുത്. ചെറിയ പ്രയത്‌നംകൊണ്ട് ലോകത്തെ മാറ്റിമറിക്കാമെന്നും തെറ്റിദ്ധരിക്കരുത്. കാലങ്ങള്‍കൊണ്ട് മാത്രമേ ചികിത്സകള്‍ ഫലിക്കാറുള്ളൂ…

വിവ: ജുമൈല്‍ കൊടിഞ്ഞി    
 

 

Related Articles