Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക രാഷട്രത്തിന്റെ പിറവിക്ക് പാതയൊരുക്കിയ ഹിജ്‌റ

hijra.jpg

ഹിജ്‌റ ദൈവ നിശ്ചിതമാണ്. പ്രവാചക നിയോഗം പോലെ തന്നെ. ഇസ്‌ലാമിന്റെ മുന്നേറ്റത്തിനും വിജയത്തിനും അതനിവാര്യവുമായിരുന്നു. എന്നല്ല, അതില്ലാതെ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം സാധ്യമാകുമായിരുന്നില്ല. അത് ഭൂമിയില്‍ സംസ്ഥാപിക്കാനാകുമായിരുന്നില്ല. ഹിജ്‌റയിലൂടെയായിരുന്നല്ലോ ഇസ്‌ലാമിക രാഷ്ട്രവും ഭരണവും സാധിതമായത്. അവ രണ്ടുമില്ലാതെ ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ക്കു പോലും പൂര്‍ണത ലഭിക്കില്ല. ഏറ്റവും പ്രധാനവും ശ്രേഷ്ഠവുമായ നമസ്‌കാരത്തിന് നേതൃത്വം നല്‍കേണ്ടത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഖലീഫയോ അദ്ദേഹത്തിന്റെ ഗവര്‍ണര്‍മാരോ അവര്‍ നിശ്ചയിക്കുന്ന ഇമാമുമാരോ ആണല്ലോ. വെള്ളിയാഴ്ച്ച ഖുതുബ നിര്‍വഹിക്കേണ്ടതും അവര്‍ തന്നെ. റമദാനും പെരുന്നാളും ഉറപ്പിക്കേണ്ടതും നിശ്ചയിക്കേണ്ടതും ഇസ്‌ലാമിക ഭരണകൂടമാണ്. സകാത്ത് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും സര്‍ക്കാറായിരിക്കണം. ഹജ്ജിന് നേതൃത്വം നല്‍കേണ്ടതും ഇസ്‌ലാമിക രാഷ്ട്ര സാരഥിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആണ്.

രാഷ്ട്രവും ഭരണകൂടവുമില്ലാതെ ഒരു ജീവിത വ്യവസ്ഥയും തനതായ സ്വഭാവത്തില്‍ ഭൂമിയില്‍ സ്ഥാപിതമാവുകയില്ല. അതുകൊണ്ടു തന്നെയാണ് ഹിജ്‌റയും അതിലൂടെ രാഷ്ട്രവും ഉണ്ടാകുന്നത് വരെ ജുമുഅയും നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജുമൊന്നും നിര്‍ബന്ധമാക്കപ്പെടാതിരുന്നത്. ഇസ്‌ലാമിന്റെ സംസ്ഥാപനത്തിന് സമാധാനവും സുരക്ഷിതത്വവുമുള്ള സാഹചര്യം അനിവാര്യമായിരുന്നു. അതിനാലാണ് മദീനയില്‍ യുദ്ധം അനുവദിക്കപ്പെട്ടത്. യുദ്ധം വ്യക്തികളും ഗ്രൂപ്പുകളും തീരുമാനമെടുത്ത് നടത്തേണ്ടതല്ല, ഭരണകൂടമാണ് തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. രാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെയും സാന്നിദ്ധ്യമില്ലായിരുന്നുവെങ്കില്‍ യുദ്ധം സംബന്ധമായ ഖുര്‍ആന്‍ സൂക്തങ്ങളൊക്കെയും അപ്രസക്തമാകുമായിരുന്നു.

യുദ്ധം അനുവദിച്ചത് ഇന്നറിയപ്പെടുന്ന സ്വഭാവത്തിലുള്ള മതപരമായ ആവശ്യത്തിനല്ല. രാജ്യത്ത് ശാക്തിക സംന്തുലനവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്താനാണ്. വിലക്കപ്പെട്ടിരുന്ന യുദ്ധം അനുവദിച്ചു കൊണ്ട് അവതീര്‍ണമായ ‘അല്‍-ഹജ്ജ്’ അധ്യായത്തിലെ 39,40  സൂക്തങ്ങള്‍ ഇത് അസന്നിഗ്ദമായി വ്യക്തമാക്കുന്നു. ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും സന്യാസി മഠങ്ങളും ക്രൈസ്തവ ചര്‍ച്ചുകളും ജൂത സെനഗോഗുകളും തകര്‍ക്കപ്പെടാതിരിക്കാനും മര്‍ദനം ഇല്ലാതാക്കാനുമാണ് യുദ്ധത്തിന് അനുമതി നല്‍കിയതെന്ന് അവ വ്യക്തമാക്കുന്നു.

ബോധപൂര്‍വമായ തയ്യാറെടുപ്പ്
ഹിജ്‌റായണല്ലോ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പിറവിക്ക് പശ്ചാത്തലമൊരുക്കിയത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ ചരിത്രത്തില്‍ അസമാനവും അദ്വിതീയവുമാക്കുന്നതില്‍ അതിനുള്ള പങ്ക് അനിഷേധ്യമാണ്. ഹിജ്‌റ പരാചിതനായ പ്രവാചകന്റെ പലായനമായിരുന്നില്ലെന്നും ഒരു ജേതാവിന്റെ വിജയകരമായ മുന്നേറ്റമായിരുന്നുവെന്നും പറയാനുള്ള കാരണവും അതു തന്നെ. മക്കയില്‍ പ്രധാനമായും രണ്ടു കാര്യത്തിലാണ് പ്രവാചകന്‍ വമ്പിച്ച വിജയം വരിച്ചത്. അതിലൊന്ന് അതുല്യമായ ആദര്‍ശനിഷ്ഠയും അതിരുകളില്ലാത്ത സമര്‍പ്പണ സന്നദ്ധതയും കിടയറ്റ കഴിവും കരുത്തുമുള്ള അനുയായി വൃന്ദത്തെ വാര്‍ത്തെടുക്കുന്നതിലാണ്. അവര്‍ എണ്ണത്തില്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഏതര്‍ത്ഥത്തിലും അസമാനരായിരുന്നു. അതിനു മുമ്പോ ശേഷമോ ചരിത്രത്തില്‍ ഒരു നേതാവിനും അത്തരം ഒരനുയായി സംഘത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മദീനയെന്ന പുതിയ രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതില്‍ തനിക്ക് ശക്തിപകരാനും തനിക്കു ശേഷം അതിനു നേതൃത്വം നല്‍കാനും എല്ലാ അര്‍ത്ഥത്തിലും യോഗ്യരായിരുന്നു അവര്‍. ആ കൊച്ചു സംഘം ഇല്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം ദശാബ്ദങ്ങള്‍ക്കുള്ളില്‍ അവിശ്വസനീയമാം വിധം വളര്‍ന്നു വികസിക്കുമായിരുന്നില്ല. ഇസ്‌ലാം വമ്പിച്ച സ്വാധീനവും പ്രചാരവും നേടുമായിരുന്നുമില്ല. പ്രവാചക വിയോഗത്തെ തുടര്‍ന്ന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സാരഥ്യം ഏല്‍പ്പിക്കപ്പെട്ട നാലു പേരും മക്കയിലെ പ്രതികൂല സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധികളെ വിജയകരമായ തരണം ചെയ്ത് വളര്‍ന്നു വന്നവരാണെന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. തീയില്‍ കാച്ചിയെടുത്ത തങ്കം പോലെ കറകളഞ്ഞ വിശുദ്ധ വ്യക്തിത്വത്തിന്റെ ഉടമകളായ നാല് ഖലീഫമാര്‍ വിട്ടേച്ചു പോയ ഉജ്ജ്വലമായ ഭരണ മാതൃകകള്‍ കടന്നു പോയ നൂറ്റാണ്ടുകളിലെ എണ്ണമറ്റ ജനകോടികളുടെ ജീവിതത്തില്‍ പ്രകാശം പരത്തുകയുണ്ടായി. എത്രയെത്ര തലമുറകളെയാണ് അവ പ്രചോദിപ്പിച്ച് ആവേശഭരിതരാക്കിയത്. ഇസ്‌ലാമിന്റെ പ്രചാരണത്തിലും അതിന്റെ പ്രതിഛായ ധന്യമാക്കുന്നതിലും അവക്കുള്ള പങ്ക് വിവരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്.

തന്റെ ആഗമനത്തിനു മുമ്പു തന്നെ യഥ്‌രിബിനെ ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനത്തിന് പാകപ്പെടുത്തുന്നതില്‍ പ്രവാചകന്‍(സ) നേടിയ വമ്പിച്ച വിജയമാണ് രണ്ടേമത്തേത്. മക്കാ നിവാസികള്‍ നിരസ്സിച്ച ഇസ്‌ലാമിനെ പുറം നാടുകളില്‍ പരിചയപ്പെടുത്താന്‍ പ്രതികൂല സാഹചര്യത്തിലും അവിടന്ന് സ്വീകരിച്ച സാഹസിക സമീപനം ഫലം ചെയ്തു. ഒന്നാം അഖബാ ഉടമ്പടിയിലൂടെ യഥ്‌രിബില്‍ ഇസ്‌ലാമിന്റെ സുഗമമായ പ്രബോധനത്തിന് അവസരമൊരുക്കി. രണ്ടാം അഖബാ ഉടമ്പടിയിലൂടെ തന്റെയും അനുയായികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. തന്നെ സ്വീകരിക്കാനും തന്റെ നേതൃത്വം അംഗീകരിക്കാനും അവിടത്തുകാരെ പാകപ്പെടുത്തി. പ്രവാചകന്റെ സംരക്ഷണം അവര്‍ ഏറ്റെടുത്തു. അതിനു വേണ്ടി ആരുമായും യുദ്ധം ചെയ്യാനും മരിക്കാനും ഒരുക്കമാണെന്നവര്‍ കരാര്‍ ചെയ്തു. തുടര്‍ന്ന് യഥ്‌രിബില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരായ പന്ത്രണ്ടു പേരെ ഉടമ്പടിയില്‍ പങ്കാളികളായ 75 പേരില്‍ നിന്നും തെരെഞ്ഞെടുത്തു.

യഥ്‌രിബില്‍ ഇസ്‌ലാമിക രാഷ്ട്രവും സമൂഹവും സംസ്‌കാരവും നാഗരികതയും സ്ഥാപിതമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ അഖബാ ഉടമ്പടിയിലൂടെ തന്നെ പരിഹരിച്ചു. ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന കടുത്ത മത്സരമായിരുന്നു യഥ്‌രിബിന്റെ സാസ്ഥ്യം കെടുത്തിയിരുന്നത്. നവജാത ഇസ്‌ലാമിക സമൂഹത്തെ അത് ബാധിക്കാതിരിക്കുമാറ് അവിടെ നിന്നെത്തി അഖബാ ഉടമ്പടിയില്‍ പങ്കെടുത്തവരെ ഇസ്‌ലാമിക സാഹോദര്യത്തിന്റെ കരുത്തുറ്റ പാശത്താല്‍ കൂട്ടിയിണക്കി. അവരില്‍ ഔസ് ഗോത്രക്കാരും ഖസ്‌റജ് ഗോത്രക്കാരുമുണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്‌നം യഥ്‌രിബിലെ ജൂതന്‍മാരുടേതായിരുന്നു. മദീനാ കരാറിലൂടെ അതും പരിഹരിച്ചു.

നയസമീപനം
ഹിജ്‌റക്കു മുമ്പും ഹിജ്‌റയെ തുടര്‍ന്നുമുള്ള നബി തിരുമേനി സ്വീകരിച്ച നയസമീപനം നമ്മുടേത് പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏറെ വിശകലനവും ചര്‍ച്ചയും അര്‍ഹിക്കുന്നു. ഏകദൈവ വിശ്വാസത്തിന്റെയും ഏകദൈവാരാധനയുടെയും അതിശക്തനായ വക്താവും പ്രയോക്താവുമാണ് പ്രവാചകന്‍ എന്ന കാര്യത്തില്‍ ഒരു വിശ്വാസിക്കും ഒട്ടും സംശയമുണ്ടാവില്ല. എന്നിട്ടും നബി തിരുമേനി ബഹുദൈവ വിശ്വാസികളോടും ബഹുദൈവാരാധകരോടും സ്വീകരിച്ച സമീപനം എത്രമാത്രം ഉദാരവും സൗഹൃദ പൂര്‍ണവുമായിരുന്നുവെന്നത് ഏറെ വിസ്മയകരവും മാതൃകാപരവുമത്രെ.

പ്രവാചകത്വത്തിന്റെ പത്താം കൊല്ലം ദുഖവര്‍ഷമായാണ് ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത്. പ്രിയ പത്‌നി ഖദീബ ബീവിയുടെ മരണം മാത്രമല്ല അതിന് കാരണം. അന്നോളം തന്നെ സംരക്ഷിച്ച അബൂത്വാലിബിന്റെ മരണം കൂടിയാണ്. അവസാന നിമിഷം പോലും പ്രവാചകന്റെ സ്‌നേഹ പൂര്‍വമായ അഭ്യര്‍ഥന ഉണ്ടായിട്ടും ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധനാകാത്ത വ്യക്തിയാണ് അബൂത്വാലിബ്. മുസ്‌ലിംകളല്ലാത്തവരുടെ മരണത്തില്‍ ദുഖവും അനുശോചനവും ആകാമോ എന്ന ചോദ്യം പോലും അപ്രസ്‌കതമാണെന്ന് ഇത് വ്യക്തമാക്കുന്നു.

അബൂത്വാലിബിന്റെ വിയോഗാനന്തരം നബി തിരുമേനിയെ സംരക്ഷിച്ചത് ബഹുദൈവ വിശ്വാസിയായ ഗോത്രത്തലവന്‍ മുത്വ്ഇം ബിന്‍ അദിയ്യാണ്. അവിടന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം സംരക്ഷണം ഏറ്റെടുത്തത്. അതിന് മുമ്പ് രണ്ട് ഗോത്രത്തലവന്‍മാരോട് സംരക്ഷണം തേടിയിരുന്നു. അവരത് നിരസ്സിക്കുകയായിരുന്നു. ബദ്‌റില്‍ ശത്രുക്കളോടൊപ്പം യുദ്ധത്തിനെത്തിയ മുത്വ്ഇമിന് പ്രത്യുപകാരം ചെയ്യാന്‍ നബി തിരുമേനി(സ) തീരുമാനിച്ചു. അതിനാല്‍ അദ്ദേഹത്തെ വധിക്കരുതെന്ന് അനുയായികളോട് ആവശ്യപ്പെട്ടു. എങ്കിലും മുത്വ്ഇം അഭയം സ്വീകരിച്ചില്ല. അങ്ങനെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് യുദ്ധത്തടവുകാരുടെ പ്രശ്‌നം കൂടിയാലോചിക്കവെ അവിടന്ന് പറഞ്ഞു : ‘മുത്വ്ഇം ജീവിച്ചിരിപ്പുണ്ടാവുകയും മുഴുവന്‍ തടവുകാരെയും മോചിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ എല്ലാവരെയും നിരുപാധികം വിട്ടയക്കുമായിരുന്നു.’

കഠിനമായ ആദര്‍ശ സമരം നടക്കുകയും ശത്രുത നിലനില്‍ക്കുകയും ചെയ്തപ്പോഴും നബി തിരുമേനി മക്കയിലെ മുശ്‌രികുകളോട് ഉറ്റ സൗഹൃദം പുലര്‍ത്തി. അതിനാലാണ് അവര്‍ തങ്ങളുടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചത്. ഹിജ്‌റ വേളയില്‍ ഹസ്രത്ത് അലി(റ)നെ മക്കയില്‍ നിര്‍ത്തിയത് അവ തിരിച്ചേല്‍പ്പിക്കാന്‍ കൂടിയാണല്ലോ.

ഹിജ്‌റക്ക് പശ്ചാത്തലമൊരുക്കിയ രണ്ടാം അഖബ ഉടമ്പടിയില്‍ നബി തിരുമേനിക്ക് വേണ്ടി സംസാരിക്കാന്‍ അവിടന്ന് കൂടെ കൂട്ടി കൊണ്ടുപോയത് മുസ്‌ലിമല്ലാതിരുന്ന അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബിനെയായാണ്. ധീരരും കരുത്തരുമായ മുസ്‌ലിം അനുയായികളുണ്ടായിരിക്കെയാണിത്. ഹിജ്‌റയില്‍ പ്രവാചകന്‍ വഴികാട്ടിയായി സ്വീകരിച്ച അബ്ദുല്ലാഹ് ബിന്‍ ഉറൈഖിദും ഒരു ബഹുദൈവ വിശ്വാസിയെ തന്നെയായിരുന്നു.

ഇതര ജനവിഭാഗങ്ങളോട് സ്വീകരിച്ച അത്യന്തം സൗഹൃദ പൂര്‍ണവും സഹിഷ്ണുതാ പരവുമായ ഈ സമീപനം ഹിജ്‌റയോടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ ഏറെ പ്രയോജനപ്പെടുകയുണ്ടായി. യഥ്‌രിബിലെ മുസ്‌ലിംകളല്ലാത്ത ജനവിഭാഗങ്ങള്‍ക്കത് വലിയ പ്രതീക്ഷ നല്‍കി. ഇസ്‌ലാം സ്വീകരിച്ചില്ലെങ്കിലും തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് അവരും വിശ്വസിക്കാന്‍ ഇതു കാരണമായി. മദീനാ കരാറിലൂടെ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുമെന്ന ബോധം ഇതവരില്‍ വളര്‍ത്തി. പ്രവാചകന്‍ അവരുടെ പ്രതീക്ഷകള്‍ ഒട്ടും തകര്‍ത്തില്ല. മദീനാ നിവാസികള്‍ക്കായി നല്‍കിയ കരാര്‍ പത്രികയില്‍ പാതിയോളം ഖണ്ഡികകള്‍ മുസ്‌ലിംകളല്ലാത്ത അന്നാട്ടുകാരുടെ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പു വരുത്തുന്നതായിരുന്നു. ഇത്തരമൊരു സമീപനത്തിന് അനുയായികളെ പാകപ്പെടുത്താനും ഇസ്‌ലാമേതര സമൂഹങ്ങളോട് നേരത്തെ സ്വീകരിച്ച് പോന്ന സൗഹൃദ പൂര്‍ണമായ സമീപനം സഹായകമായി. വിവിധ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാഗമാകാന്‍ മക്കയില്‍ നിന്നെത്തിയവര്‍ക്കും മദീന നിവാസികള്‍ക്കും അനായാസം സാധിച്ചു. അതിനനുസൃതമായ നയനിലപാടുകളാണ് നബി തിരുമേനി മക്കയില്‍ വെച്ചു തന്നെ സ്വീകരിച്ചിരുന്നത്. മദീനയില്‍ അനുവര്‍ത്തിച്ചതും അത് തന്നെ.

Related Articles