Current Date

Search
Close this search box.
Search
Close this search box.

ഇവിടെ നിന്നാണ് നാം തുടങ്ങേണ്ടത്

chick.jpg

ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം സ്വന്തത്തെ കുറിച്ചുള്ള വിലയിരുത്തല്‍ എപ്പോഴും ആവശ്യമായ ഒന്നാണ്. ഇത്തരത്തില്‍ ഇസ്‌ലാമിക മാര്‍ഗത്തിലെ കര്‍മഭടന്‍മാര്‍ ആദ്യമായി വിചാരണ നടത്തേണ്ടത് തന്റെ നാഥനുമായുള്ള ബന്ധത്തെ കുറിച്ചാണ്. അല്ലാഹുവിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരും അവനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരുമാണല്ലോ മുസ്‌ലിംകള്‍. എന്നാല്‍ ആ വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തന തലത്തില്‍ എത്രത്തോളം മുന്നോട്ടു പോവാന്‍ സാധിച്ചിട്ടുണ്ടെന്ന് ആലോചിക്കുന്നവര്‍ വിരളമാണ്.

ഫലസ്തീനിലും ഈജിപ്തിലുമെല്ലാം രക്തസാക്ഷിത്വം വഹിക്കുന്ന ധീരമുജാഹിദുകളെ കുറിച്ച് നാം അഭിമാനത്തോടെ വാചാലരാവാറുണ്ട്. എന്നാല്‍ ആ സ്ഥാനത്ത് എത്തിപ്പെടാനുള്ള യോഗ്യതയെ കുറിച്ച് ചിന്തിക്കാറില്ല. പ്രപഞ്ചനാഥനും അവന്റെ അടിമകളായ നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ വിശാലതയില്‍ നിന്നാണ് അതുണ്ടാവേണ്ടത്.

അഞ്ചു നേരത്തെ നമസ്‌കാരങ്ങളില്‍ ‘എന്റെ നമസ്‌കാരവും മറ്റ് കര്‍മങ്ങളും ജീവിതവും’ അല്ലാഹുവിനാണെന്ന് നാം ആണയിടുന്നുണ്ടല്ലോ. അതോടൊപ്പം ജീവിതത്തിന്റെ ചില വശങ്ങളില്‍ നിന്ന് അല്ലാഹുവിനെ മാറ്റി നിര്‍ത്താനും നാം ധൈര്യപ്പെടുന്നു. അരുതാതത്ത് കാണുന്ന കണ്ണും അരുതാത്തത് കേള്‍ക്കുന്ന കാതും മുസ്‌ലിം എന്ന പദവിയില്‍ നിന്നാണ് വിട്ടുപോകുന്നത്.

നമ്മുടെ സംവേദനേന്ദ്രിയങ്ങള്‍, ചിന്താമണ്ഡലങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സാമൂഹിക ഇടപെടലുകള്‍ എല്ലാം അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഇഷ്ടപ്രകാരമാവുമ്പോള്‍ മാത്രമേ നാം നമ്മുടെ ജീവിതം മുഴുവന്‍ അല്ലാഹുവിന് സമര്‍പ്പിച്ചു എന്ന് പറയാന്‍ സാധിക്കൂ. അല്ലാത്തവര്‍ ഈമാനിന്റെ പൊന്നാട ഒരലങ്കാരമായി എടുത്തണിയുന്നേ ഉള്ളൂ. ഇത് ഒരു ഉറച്ച ബോധ്യമായി ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടാവുക എന്നതാണ് അല്ലാഹുമായുള്ള ബന്ധത്തിന്റെ ഒന്നാമത്തെ മാനദണ്ഡം.

രണ്ടാമതായി, അല്ലാഹു നമ്മെ സദാ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്ത നമ്മുടെ കര്‍മങ്ങളില്‍ നിഴലിക്കണം. നമ്മുടെ വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ദിശ നിര്‍ണയിക്കുന്ന ഘടകം അതായിരിക്കണം. അധ്യാപകരുള്ളപ്പോള്‍ അച്ചടക്കം പാലിക്കുകയും അവരുടെ അഭാവത്തില്‍ തോന്നിയപടി നടക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ഥിയ സല്‍സ്വഭാവിയെന്ന് വിശേഷിപ്പിക്കാറില്ലല്ലോ. അതുപോലെ തന്നെയാണ് ജനങ്ങളുടെ മുന്നില്‍ നല്ലവനാവുകയും അവരുടെ അസാന്നിധ്യത്ില്‍ തിന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍. അവന്‍ യഥാര്‍ത്ഥ വിശ്വാസിയായിരിക്കുകയില്ല. ‘രഹസ്യമായും പരസ്യമായും അല്ലാഹുവെ സൂക്ഷിക്കുക’ എന്നതാണ് അല്ലാഹുമായുള്ള ബന്ധത്തിന്റെ രണ്ടാമത്തെ മാനദണ്ഡം.

മൂന്നാമത്തേത് ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചും അല്ലാഹുവിന്റെ ഇഷ്ടം നേടുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റ പ്രീതി നേടുന്ന കാര്യത്തില്‍ നാം ജനങ്ങളുടെ തൃപ്തി പരിഗണിക്കേണ്ടതില്ല എന്നു തന്നെയാണ്.

നമ്മുടെ ഈ സമൂഹത്തില്‍ ഏറ്റവും പ്രയാസമുള്ള സംഗതി ആദര്‍ശ പ്രതിബദ്ധതയോടു കൂടി ജീവിക്കലാണ്. അതേസമയം തോന്നിവാസിയായി ജീവിക്കുക വളരെഎളുപ്പവുമാണ്. ഇത്തരമൊരു അവസ്ഥയിലേക്ക് സമൂഹമനസ്സ് എത്തപ്പെട്ടിരിക്കുന്നു. നമ്മുടെ ഡ്രസ്‌കോഡ്, അനുഷ്ഠാനങ്ങളിലെ നിഷ്ഠ, ആദര്‍ശബോധം, ,സാമൂഹിക ഇടപെടലുകള്‍ എല്ലാം ചിലരെ അലോസരപ്പെടുത്തുന്നുണ്ട്. മറ്റുചിലര്‍ നമുക്ക് നേരെ ഗോഷ്ഠികള്‍ കാണിക്കുന്നു. ഇതിന്റെ പേരില്‍ അവര്‍ നമ്മെ വെറുക്കട്ടെ. പക്ഷേ പ്രപഞ്ചനാഥനായ സ്രഷ്ടാവിനോടുള്ള പ്രേമത്തേക്കാള്‍ വലുത് നമുക്ക് മറ്റെന്താണുള്ളത്?

നാലാമത്തേത് അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുകയും അവന് വേണ്ടി കോപിക്കുകയും ചെയ്യുക എന്നതാണ്. ഭൗതിക ലോകത്ത് സ്‌നേഹബന്ധങ്ങള്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ പലതാണല്ലോ? പണവും പ്രതാപവും സൗന്ദര്യവും എല്ലാം അതിന് നിദാനമാകാറുണ്ട്. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ സ്‌നേഹം അല്ലാഹു സ്‌നേഹിക്കുന്നവര്‍ക്കും, കോപം അല്ലാഹുവിന്റെ കോപത്തിനിരയാകുന്നവര്‍ക്കും നേരെയായിരിക്കും.

നാം ആളുകള്‍ക്കിടയില്‍ നന്മയുടെ വക്താക്കളായിരിക്കും. അശരണര്‍ക്ക് കൈത്താങ്ങായും അബലര്‍ക്ക് സഹായമായും പീഡിതര്‍ക്ക് ആശ്രയമായും നാമുണ്ടാവാറുണ്ട്. എന്നാല്‍ ആകെ കൂരിരുട്ടായ ഈ ലോകത്ത് ഒരു മെഴുകുതിരി വെട്ടം തെളിയിച്ചാല്‍ അതിലെത്ര പേര്‍ക്ക് കാലിടറാതെ നില്‍ക്കാനാവും? തിന്മകള്‍ നിറഞ്ഞ ഈ അന്ധകാരത്തില്‍ നാം കൊളുത്തുന്ന ചെറുവെട്ടം നമുക്ക് വലുതായി തോന്നിയേക്കാം. പക്ഷേ പൂര്‍വസൂരികള്‍ കത്തിച്ചു വെച്ച ആ വെളിച്ചത്തിന്റെ കനലുകള്‍ അണയാതെ സൂക്ഷിക്കാനുള്ള പെടാപാട് മാത്രമേ നമ്മില്‍ നിന്നുണ്ടാവുന്നുള്ളൂ എന്ന് നാം തിരിച്ചറിയണം.
 

(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം നാലാം വര്‍ഷ വിദ്യാര്‍ഥിനായാണ് ലേഖിക)

Related Articles