Current Date

Search
Close this search box.
Search
Close this search box.

ഇബ്‌റാഹീം നബി ചൊല്ലിയ ‘ലബ്ബൈക’

hajj-haj.jpg

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഅ്ബാ മന്ദിരത്തിനടുത്ത് കുടുംബവുമായെത്തിയ ഇബ്രാഹീം പ്രവാചകന്‍ നടത്തിയ പ്രാര്‍ത്ഥന വിശുദ്ധ വേദം ഉദ്ധരിക്കുന്നുണ്ട് ”ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്വര 2യില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.’ (ഇബ്‌റാഹീം 37)
ഇബ്രാഹീമിന്റെ കാലത്ത് വിജനമായിരുന്ന ദൈവികഭവനം ഇന്ന് ജനനിബിഢമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുകയും, സമ്മേളിക്കുകയും ചെയ്യുന്ന ഒരേ ഒരു കേന്ദ്രവുമാണത്. ഇബ്‌റാഹീമി(അ)ന്റെ പ്രാര്‍ത്ഥനക്കുത്തരമെന്നോണം ജനമനസ്സുകളില്‍ അല്ലാഹു കഅ്ബാലയത്തോട് പ്രത്യേക സ്‌നേഹവും, അടുപ്പവും സൃഷ്ടിച്ചിരിക്കുന്നു.
വിജനമായ കഅ്ബാമന്ദിരത്തിന് ചുറ്റും ജനനിബിഢമാക്കിയത് ദൈവിക ദൃഷ്ടാന്തമായിരുന്നു. പരിശുദ്ധ കഅ്ബാലയത്തിന്റെ ചരിത്രപരമായ മഹത്വം എടുത്ത് ഉദ്ധരിച്ച ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട് ‘തീര്‍ച്ചയായും, മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേത് തന്നെ. അത് അനുഗ്രഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.’ (ആലുഇംറാന്‍ 96). തുടര്‍ന്ന് അവിടെ ദൈവികദൃഷ്ടാന്തങ്ങളുണ്ടെന്ന് വിശദീകരിക്കുന്നു. ‘അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്.’ (ആലുഇംറാന്‍ 97)

പരിശുദ്ധ ദേവാലയത്തില്‍ ഇബ്‌റാഹീം(അ) വന്ന് നിന്ന സ്ഥാനമാണ് ദൈവിക ദൃഷ്ടാന്തങ്ങളില്‍ പ്രഥമമായി സൂചിപ്പിക്കപ്പെട്ടത്. ഒരു പ്രവാചകന്‍ വന്ന് നിന്നു എന്നത് അല്‍ഭുതകരമായ ദൃഷ്ടാന്തമാവുന്നത് എങ്ങനെയാണ് എന്നത് ലളിതമായ ചോദ്യമാണ്. അതിന് ഉത്തരം ലഭിക്കണമെങ്കില്‍ നാം കുറച്ച് കൂടി പിന്നോട്ട് പോവേണ്ടിയിരിക്കുന്നു.

ദൈവസ്മരണ ഉരുവിടുന്നതിനും, നിലനിര്‍ത്തുന്നതിനുമായി അടിമകള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ആരാധനകളില്‍ സുപ്രധാനമാണ് ഹജ്ജ്. മറ്റ് ആരാധനകളില്‍ നിന്ന് ഭിന്നമായി സമ്പത്തും ആരോഗ്യവും ഒരുമിച്ച് ഉപയോഗപ്പെടുത്തേണ്ട മഹത്തായ കര്‍മം. നാടും വീടും ഉപേക്ഷിച്ച്, തിരിച്ച് വരുമെന്ന് ഉറപ്പില്ലാതെ, തന്റെ ബാധ്യതകളെല്ലാം തീര്‍ത്ത്, ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തി അല്ലാഹുവെ മാത്രം ഉദ്ദേശിച്ച്(ഹജ്ജ്) അവന്റെ സവിധത്തിലേക്കുള്ള യാത്രയാണ് ഹജ്ജ് എന്നറിയപ്പെടുന്നത്. മനസ്സും ശരീരവും വൃത്തിയാക്കി, മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ പോലും തന്നെക്കുറിച്ചുള്ള പോരായ്മകള്‍ പറഞ്ഞ് പരിഹരിച്ച് യാത്ര തുടങ്ങുന്നത് അത് കൊണ്ടാണ്.

ഇബ്‌റാഹീമിന്റെ സ്ഥാനം ദൃഷ്ടാന്തമാവുന്നത് മേല്‍സൂചിപ്പ കാരണങ്ങളാലാണ്. അല്ലാഹു തന്റെ ദാസനെ നാനാവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടത്, പ്രിയപ്പെട്ട മകനെ ബലിയറുക്കാന്‍ കല്‍പിച്ചത് തുടങ്ങിയ പരീക്ഷണങ്ങള്‍ ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുമുണ്ട്. ആ പരീക്ഷണങ്ങളെയല്ലാം അതിജയിക്കുകയും, പൂര്‍ത്തീകരിക്കുകയും ചെയ്തു ഇബ്രാഹീം പ്രവാചകനെന്ന് അല്ലാഹു തന്നെ വ്യക്തമാക്കി. (അല്‍ബഖറ 124) എന്നല്ല അദ്ദേഹത്തിന്റെ ഇസ്‌ലാമിനെ(വിധേയത്വത്തെ) ഖുര്‍ആന്‍ പ്രശംസിക്കുക കൂടി ചെയ്തു.  

അല്ലാഹു ഇബ്‌റാഹീം പ്രവാചകന് നല്‍കിയ പരീക്ഷണങ്ങളില്‍ ഒടുവിലത്തെതായിരുന്നു വിജനമായ കഅ്ബാ മന്ദിരത്തിനടുത്ത് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് മടങ്ങാനുള്ള കല്‍പന. ആ കല്‍പനയും നിറവേറ്റി, കഅ്ബാലയത്തിന്റെ പുനര്‍നിര്‍മാണം നടത്തിയപ്പോഴാണ് ജനങ്ങളെ ഹജ്ജിന് വിളിക്കാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചത്.

ജീവിതത്തില്‍ അല്ലാഹു കല്‍പിച്ച, കയ്പുറ്റ നിര്‍ദ്ദേശങ്ങളൊക്കെയും അനുസരിച്ച്, തല ഉയര്‍ത്തിപ്പിടിച്ച്, അല്ലാഹുവിന്റെ മുന്നില്‍ വന്ന് നിന്ന് ഇബ്‌റാഹീം പ്രവാചകന്‍ വിളിച്ചു പറഞ്ഞു ‘ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക്’ അല്ലാഹുവെ, നിന്റെ കല്‍പനകള്‍ പാലിച്ച്, അവ ഒന്നൊഴിയാതെ നടപ്പിലാക്കി, ഞാനിതാ എന്റെ ജീവിതത്തിലൂടെയും കര്‍മത്തിലൂടെയും നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം(അ) അന്ന് വന്ന് നിന്ന സ്ഥലത്തിന് മഹത്വം ലഭിച്ചത്, അത് ദൈവികദൃഷ്ടാന്തമായി വിലയിരുത്തപ്പെട്ടത്, ദൈവികകല്‍പനകള്‍ ജീവിതത്തില്‍ ശിരസ്സാവഹിച്ച പ്രവാചകന്‍ ലോകത്തിന് മുമ്പില്‍ സാക്ഷിയായി ദൈവികസവിധിത്തില്‍ അവതരിച്ചപ്പോഴാണ്.

ഇബ്‌റാഹീമിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യും ആ സ്ഥാനത്ത് വന്നു. പതിമൂന്ന് വര്‍ഷത്തെ കൊടിയ പീഢനങ്ങള്‍ക്ക് വിധേയമായതിന് ശേഷം. സകല പരീക്ഷണങ്ങളും മറികടന്ന് അല്ലാഹുവിന്റെ ദീന്‍ ലോകത്തിന് മുന്നില്‍ പ്രായോഗികമായി സ്ഥാപിച്ചതിന് ശേഷം. ഇബ്‌റാഹീം(അ) വന്ന് നിന്ന അതേ സ്ഥാനത്ത് അന്തസ്സോടെ, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയ നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് അന്ത്യദൂതര്‍ ദൈവവിളിക്ക് ഉത്തരം നല്‍കി ‘ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക’. അനുയായികളെ ഒരുമിച്ച് കൂട്ടി തന്റെ പ്രവര്‍ത്തനത്തിന് സാക്ഷി നിര്‍ത്തി.

ഇബ്‌റാഹീം വരച്ച സ്ഥാനത്തിന്റെ അമാനുഷികതക്ക് മാറ്റുകൂട്ടുകയായിരുന്നു മുഹമ്മദ് പ്രവാചകന്‍. ശേഷം ഖലീഫമാരും, പ്രവാചകാനുചരന്മാരും ഇതേ ഉത്തരവാദിത്തം നിര്‍വഹിച്ചു. എന്നാല്‍ കാലം കടന്ന് പോയി. മുസലിം ഉമ്മത്തില്‍ എല്ലാ മേഖലയിലും സംഭവിച്ചത്  പോലെ പരിശുദ്ധ ഹജ്ജും ആത്മാവറ്റ കേവലം ചടങ്ങുകളായി മാറി. വിശുദ്ധിയോട് കൂടി ദൈവസന്നിധിയില്‍ കടന്ന് വരേണ്ടവര്‍, പാപപങ്കിലമായ ജീവിതത്തിന് ശേഷം കുറ്റവാളിയെപ്പോലെ മുഖം കുനിച്ച് ഉരുവിടുന്ന പ്രാര്‍ത്ഥനയായി ലബ്ബൈക മാറി. ഇബ്‌റാഹീം(അ) വന്നണഞ്ഞ സ്ഥാനത്ത് കാല്‍പാദങ്ങള്‍ വെച്ചാല്‍, ഹജറുല്‍ അസ്‌വദില്‍ ചുണ്ടുകണച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് പാപികള്‍ ധരിച്ച് പോയി.

ഹജ്ജ് നിര്‍വഹിക്കാന്‍ കാശ് വേണമെന്നത് ശരിതന്നെയാണ്. എന്നാല്‍ കാശ് തികയുക എന്നതല്ല ഹജ്ജ് ചെയ്യാനുള്ള മാനദണ്ഡം. മറിച്ച് ജീവിത വിശുദ്ധി കാത്ത് സൂക്ഷിക്കുകയും, ദൈവത്തോടുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കുകയും ചെയ്ത, ജീവിതം കൊണ്ട് ലബ്ബൈക വിളിച്ചവരാണ് കഅ്ബാ മന്ദിരത്തിന്റെ തിരുമുറ്റത്ത് ചെന്ന് ഹജ്ജ് നിര്‍വഹിക്കേണ്ടത്.

Related Articles