Current Date

Search
Close this search box.
Search
Close this search box.

ഇബ്നു അംറിന്റെ ആതിഥേയന്‍

host.jpg

ഒരിക്കല്‍ പ്രവാചകന്‍(സ) ഒരു മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അനുയായികളോട് പറഞ്ഞു: ”ആര്‍ക്കെങ്കിലും സ്വര്‍ഗാവകാശിയായ ഒരാളെ കാണണമെന്നുണ്ടെങ്കില്‍ അയാളിലേക്ക് നോക്കിക്കൊള്ളട്ടെ.” അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്‌ (റ)വും അപ്പോള്‍ പ്രവാചക സന്നിധിയില്‍ ഉണ്ടായിരുന്നു. അദ്ദേഹം പ്രവാചകന്‍(സ) സ്വര്‍ഗാവകാശിയെന്ന് പ്രഖ്യാപിച്ച ആ മനുഷ്യനെ പിന്തുടരാന്‍ തീരുമാനിച്ചു. അങ്ങനെ അബ്ദുല്ല ആ മനുഷ്യന്റെ ആതിഥ്യം തേടിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. ആ മനുഷ്യന്‍ വളരെ സന്തോഷത്തോടെ അബ്ദുല്ലയെ അതിഥിയായി സ്വീകരിച്ചു. മൂന്ന് ദിവസം അതിഥിയായി അദ്ദേഹം ആ വീട്ടില്‍ കഴിഞ്ഞുകൂടി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആഗമനോദ്ദേശ്യം എന്താണെന്ന് ആതിഥേയന്‍ അദ്ദേഹത്തോട് ആരാഞ്ഞു. അപ്പോള്‍ ഇബ്‌നു അംറുബ്ല്നുല്‍ ആസ്വ്(റ) റസൂലിന്റെ പ്രഖ്യാപനത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു: ”അസാധാരണമായ എന്ത് കര്‍മമാണ് താങ്കള്‍ നിര്‍വഹിക്കുന്നതെന്ന് നിരീക്ഷിക്കാനാണ് ഞാന്‍ വന്നത്. എന്നാല്‍ സാധാരണയില്‍ കവിഞ്ഞതൊന്നും താങ്കളുടെ പ്രവര്‍ത്തനങ്ങളിലോ ഇബാദത്തുകളിലോ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.” അപ്പോള്‍ കുറച്ച് ആലോചിച്ചതിന് ശേഷം ആ മനുഷ്യന്‍ പറഞ്ഞു: ‘അസാധാരണമായി ഒന്നും ഞാന്‍ ചെയ്യാറില്ല. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് ആരെക്കുറിച്ചും ഒരു മോശം ചിന്തയും മനസ്സില്‍ അവശേഷിപ്പിക്കാതെ എല്ലാവര്‍ക്കും പൊറുത്ത് കൊടുത്ത് മനസ്സിനെ ശാന്തമാക്കാറുണ്ട്.” അപ്പോള്‍ ഇബ്‌നു അംറുബ്നുല്‍ ആസ്വ്(റ) പറഞ്ഞു: ”ഈ ഗുണം തന്നെയാണ് നിങ്ങളെ സ്വര്‍ഗാവകാശിയാക്കിയതും.”

നമ്മോട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്ത ആളുകള്‍ക്ക് പെട്ടെന്ന് പൊറുത്ത് കൊടുക്കാന്‍ നാം തയ്യാറാവാറില്ല. ദിവസങ്ങളോളം അവരോടുള്ള ദേഷ്യവും പകയും നമ്മുടെ മനസ്സിലുണ്ടാവും. എന്നാല്‍ ഒരു ദിവസം ഉറങ്ങുന്നതിന് മുമ്പ് ആ ദിവസം മനസ്സില്‍ വെറുപ്പുണ്ടാക്കിയ എല്ലാവര്‍ക്കും പൊറുത്തു കൊടുക്കാന്‍ നാം തയ്യാറാവുകയാണെങ്കില്‍ അത് നമ്മെ സ്വര്‍ഗാവകാശിയാക്കും എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.  

വിവ: അനസ് പടന്ന

Related Articles