Current Date

Search
Close this search box.
Search
Close this search box.

ഇന്നില്‍ ജീവിക്കുക

live-today.jpg

ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും ആത്യന്തികമായ ലക്ഷ്യം ഭൂമിയില്‍ സംതൃപ്തമായ ജീവിതം നയിക്കുക എന്നതാണ്. ജീവിതത്തിലെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ചേരുവകള്‍ കണ്ടെത്തുക എന്ന ലക്ഷ്യം തന്നെയാണ് പലരെയും പല തീരുമാനങ്ങളിലും എത്തിക്കുന്നതും. എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ വിജയിച്ചിട്ടുള്ളൂ. ചിലര്‍ പാതി വിജയിച്ചു. ചിലര്‍ തുടക്കത്തിലേ പരാജയപ്പെട്ടു.

ഇന്നലെകളെ മറക്കുക
ഭൂതകാല സംഭവങ്ങളില്‍ ബന്ധിതരായി കഴിയുന്നവര്‍ ഒരുതരം ഉന്മാദത്തിന്റെ അടിമകളായിരിക്കും. വര്‍ത്തമാന ലോകത്ത് ജീവിക്കാന്‍ അവര്‍ നന്നേ പ്രയാസപ്പെടും. ഭൂതകാലത്തിന്റെ ഏടുകള്‍ കഴിഞ്ഞുപോയതാണ്. അതില്‍ ദുഃഖിച്ചിരിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് ഒന്നിനും പരിഹാരവുമല്ല. ഭൂതകാലത്തിനൊപ്പം അഭിരമിക്കുന്നവര്‍ സ്വന്തത്തെ ഭയത്തിന്റെ പേടിയുടെയും ലോകത്ത് അകപ്പെടുത്തുകയാണ്. കഴിഞ്ഞുപോയ സമുദായങ്ങളുടെ ചരിത്രം പറയുന്നിടത്ത് അല്ലാഹു പറയുന്നു:
”ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കുകയില്ല.” (അല്‍-ബഖറ: 134)

വര്‍ത്തമാന ലോകവും മനുഷ്യരുമായി ഇടപഴകാന്‍ ബുദ്ധിമുട്ടുന്നവരാണ് പലപ്പോഴും ഭൂതകാല ഓര്‍മകളില്‍ അഭയം കണ്ടെത്തുന്നത്. അത് വിരഹമോ ആനന്ദമോ പ്രദാനം ചെയ്‌തേക്കാം. എന്നാല്‍ നമ്മുടെ മാനസിക വളര്‍ച്ചയെ അത് പ്രതികൂലമായി ബാധിക്കും. സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോകുന്നതില്‍ നാം പരാജയമായിരിക്കും. കാലവും ലോകവുമെല്ലാം മുന്നോട്ടാണ് സഞ്ചരിക്കുന്നത്. ഓരോ പ്രഭാതവും പുതിയ ദിവസവും പുതിയ ലോകവുമാണ് ജനിക്കുന്നത്. മനുഷ്യനും നാള്‍ക്കുനാള്‍ പുരോഗതിയിലേക്കാണ് നീങ്ങേണ്ടത്.

ഇന്നില്‍ ജീവിക്കുക
രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ രാത്രിയെ പ്രതീക്ഷിക്കരുത്. ഇന്ന് ഒരു ദിവസം മാത്രമാണ് എനിക്കുള്ളത് എന്ന രീതിയിലായിരിക്കണം നാം ജീവിക്കേണ്ടത്. ഇന്നലെകള്‍ അതിന്റെ എല്ലാ നന്മയോടും തിന്മയോടുമൊപ്പം കഴിഞ്ഞുപോയിരിക്കുന്നു. നാളെ ആണെങ്കില്‍ ആഗതമായിട്ടുമില്ല. നിങ്ങളുടെ ആയുസ്സിനെ ഇന്നിലേക്ക് ചുരുക്കുക. അതിന്റെ ആരംഭത്തില്‍ ജനിച്ചതായും അതിന്റെ അന്ത്യത്തോടെ മരിക്കുമെന്നും സ്വയം കരുതുക. ഭൂതകാലത്തെ ഓര്‍ത്ത് ദുഃഖിക്കാനോ ഭാവിയെ ഓര്‍ത്ത് വ്യാകുലപ്പെടാനോ നമുക്ക് നേരമുണ്ടാവില്ല. ഈ ഒരൊറ്റ ദിവസത്തെ ആയുസ്സുളള ജീവിതത്തിന്റെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായിരിക്കും. വിനയവും സംതൃപ്തിയും ക്ഷമയും നമ്മുടെ മുഖമുദ്രയാകും. ഒരൊറ്റ ദിവസം മാത്രമാണ് നമ്മുടെ മുന്നിലുള്ളത് എന്നതിനാല്‍ ഓരോ മണിക്കൂറിനെയും കൃത്യമായി വിഭജിക്കാനും ചെയ്തു തീര്‍ക്കാനുള്ളവ കൃത്യമായി ചെയ്തുതീര്‍ക്കാന്‍ നാം ശ്രദ്ധിക്കുകയും ചെയ്യും. ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ആ ദിവസം നാം അവസാനിപ്പിക്കും. പിറ്റേ ദിവസം മറ്റൊരു മനുഷ്യനായി വീണ്ടും നാം ജനിക്കും. ഒറ്റ ദിവസം മാത്രം ആയുസ്സുള്ള ആ ജീവിതം അങ്ങനെ നാം തുടരും.

നാളെയെ വെറുതെ വിടുക
നാളെ എന്നത് ഒരു പ്രതീക്ഷ മാത്രമാണ്. അതില്‍ എത്ര നാളെകള്‍ നമ്മുടെ ഇന്ന് ആവും എന്നത് അജ്ഞാതമാണ്. കാലങ്ങളില്‍ ഏറ്റവും നിഗൂഢവും ഭാവിയാണ്. കാരണം, വര്‍ത്തമാന കാലത്തേക്ക് കടന്നു വന്നാലല്ലാതെ അതിന്റെ തനിനിറം നാം അറിയുകയില്ല. അതുകൊണ്ട് വരാനിരിക്കുന്നതിനെ കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെടുക എന്നത് മൗഢ്യമാണ്. വരാനുള്ളത് വരിക തന്നെ ചെയ്യും, അതിനെ വരുന്നിടത്ത് വെച്ച് നേരിടുക എന്ന നിലപാടാണ് നാം സ്വീകരിക്കേണ്ടത്. ഇന്നില്‍ നമുക്ക് ചെയ്യാനുള്ളത് ഭംഗിയായി നിര്‍വഹിച്ച് കഴിഞ്ഞാല്‍ നാളെയെ ദൈവത്തിലേക്ക് വിടുക. അല്ലാഹു പറയുന്നു:
”അല്ലാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട.” (അന്നഹ്ല്‍: 1)

പഴുക്കുന്നതിന് മുമ്പ് ഒരു പഴം പറിക്കുന്നത് അസംബന്ധമാണ്. പഴം പ്രതീക്ഷിക്കുന്നതിന് മുമ്പ് അവ നടുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെയാണ് ഭാവിയുടെ കാര്യവും. ഭാവി എന്നത് അജ്ഞാതമായി കിടക്കുന്നു. ഇന്നില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഭാവിയെ നിര്‍ണയിക്കുന്നത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചോര്‍ത്ത് ദുഃഖിക്കുക എന്നത് അവന് ഭൂഷണമല്ല. കാരണം, ഭാവിയെ കുറിച്ചുള്ള ഭയം പൈശാചികമാണ്. ചിലര്‍ ലോകാവസാനത്തെ പ്രതീക്ഷിക്കുന്നു, ചിലര്‍ മാരകമായ രോഗത്തെ പ്രതീക്ഷിക്കുന്നു, ചിലരാകട്ടെ പട്ടിണിയെയും ദാരിദ്ര്യത്തെയും ഭയക്കുന്നു. നാം കാണാത്തതോ അറിയാത്തതോ അനുഭവിക്കാത്തതോ ആയ നാളെയെ ഓര്‍ത്ത് ദുഃഖിക്കുന്നത് വ്യര്‍ത്ഥമാണ്. ഏറ്റവും പ്രധാനം ഇന്നിനെ മനോഹരമാക്കുക എന്നതാണ്. കാരണം, നാം കാണുന്നതും അനുഭവിക്കുന്നതും അറിയുന്നതും ഇന്നിനെയാണ്. ബാക്കിയെല്ലാം ഓര്‍മകളും പ്രതീക്ഷകളും മാത്രമാണ്.

വിവ: അനസ് പടന്ന

Related Articles