Current Date

Search
Close this search box.
Search
Close this search box.

ഇതാണ് ഇസ്‌ലാമിന്റെ സഹിഷ്ണുത

dove.jpg

സഹിഷ്ണുത – ഖുര്‍ആനിന്റെ കാഴ്ചപ്പാട്
ജൂതമതം, ക്രിസ്തുമതം എന്നിവ പോലെത്തന്നെ, ഇസ്‌ലാമും പ്രവാചകന്മാരിലും ദൈവിക ദൂതന്മാരിലും വിശ്വസിക്കുന്നു. മതസ്വാതന്ത്ര്യത്തെ കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് മനസ്സിലാക്കാനുള്ള മാര്‍ഗം, അവരുടെ ചുമതലകള്‍ മനസ്സിലാക്കുകയത്രെ. ജനങ്ങളെ നിര്‍ബന്ധപൂര്‍വം തങ്ങളുടെ അദ്ധ്യാപനങ്ങളിലേക്ക് കൊണ്ടുവരാനായിരുന്നുവോ അവര്‍ നിയുക്തരായിരുന്നത്? വാളിലൂടെ തങ്ങളുടെ അദ്ധ്യാപനങ്ങള്‍ മനുഷ്യരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍, മൂസാ, ഈസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരോട് സര്‍വ ശക്തനായ അല്ലാഹു ആജ്ഞാപിച്ചിരുന്നുവോ? ഒരിക്കലുമില്ല. ഖുര്‍ആന്‍ നോക്കുക! ഇസ്‌ലാമിലെ വിശുദ്ധ ഗ്രന്ഥം! ദൈവാവതീര്‍ണ വാക്യങ്ങള്‍! അതില്‍, തന്റെ ദൂതന്മാരുടെ ചുമതലകള്‍ അല്ലാഹു വിവരിക്കുന്നത് ഇങ്ങനെ:

‘ദൈവദൂതനാകട്ട, സന്ദേശമെത്തിച്ചുതരുന്ന ചുമതല മാത്രമാണുള്ളത്.'(5: 99)

‘തങ്ങള്‍ വിഗ്രഹാരാധന നടത്തണമെന്ന് അല്ലാഹു ഇച്ഛിക്കുന്നില്ലെങ്കില്‍, പിന്നെന്തു കൊണ്ട് അവന്‍ ബലാല്‍ക്കാരം അതില്‍ നിന്ന് തങ്ങളെ തടയുന്നില്ലാ’ എന്ന് ഒരിക്കല്‍ മക്കക്കാര്‍ പ്രവാചകനോട് ചോദിച്ചു. അപ്പോള്‍ താഴെ സൂക്തം അവതരിപ്പിക്കപ്പെടുകയായിരുന്നു:

‘ഈ ബഹുദൈവവിശ്വാസികള്‍ പറയുന്നു: ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും അവനല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്‍പിക്കുകയുമില്ലായിരുന്നു.’ ഇത്തരം കുതര്‍ക്കങ്ങള്‍ അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉന്നയിച്ചിട്ടുള്ളതാകുന്നു. സന്ദേശം സുസ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്തുത്തരവാദിത്വമാണുള്ളത്?’ (16: 35)

അതെ, ബലപ്രയോഗം, പ്രവാചകന്മാരുടെയും ദൈവ ദൂതന്മാരുടെയും ബാധ്യതയായിരുന്നില്ല. പ്രത്യുത, സ്വമേധയാ ദൈവത്തെ സ്വീകരിക്കാന്‍ അവരെ ഉത്ഭോധനം നടത്തുകയും മാര്‍ഗ ദര്‍ശനം ചെയ്യുകയുമായിരുന്നു അവരുടെ ചുമതല. അല്ലാഹു പ്രവാചകനോട് പറയുകയാണ്:

‘ഇനിയും ജനം പുറംതിരിഞ്ഞുപോവുകയാണെങ്കില്‍, പ്രവാചകാ, നാം നിന്നെ അവരുടെ മേല്‍നോട്ടക്കാരനായി നിയോഗിച്ചിട്ടില്ല. സന്ദേശമെത്തിച്ചുകൊടുക്കുക മാത്രമാകുന്നു നിന്റെ ബാധ്യത.’ (42: 47)

മതം ആരിലും അടിച്ചേല്‍പിക്കാനാവുകയില്ലെന്ന് വ്യക്തമായ ഭാഷയില്‍ ഖുര്‍ആന്‍ പറയുന്നു:

‘ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.’

കാരണം?’

‘സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.’ (2:256)

പ്രവാചക മാതൃക
തന്റെ ജന്മ സ്ഥലമായ മക്കയില്‍ പ്രവാചകന്‍ ധാരാളം വിഷമതകളും എതിര്‍പ്പുകളും നേരിടേണ്ടി വന്നു. അവസാനം, മദീനയിലേക്ക് കുടിയേറാന്‍ പോലും നിര്‍ബന്ധിതനായി. മക്കയില്‍ തന്റെ അനുയായികള്‍ എതിര്‍പ്പുകളും ശാരീരിക പീഡനങ്ങള്‍ പോലും അനുഭവിച്ചിട്ടും, മക്കയിലെ അവിശ്വാസികളെ പ്രവാചകന്‍ എപ്പോഴും സമീപിച്ചിരുന്നത് തികച്ചും സഹിഷ്ണുതയോടെയായിരുന്നു. ഒരു ഘട്ടത്തില്‍, ഖുര്‍ആനിലെ ഒരു കൊച്ചു അദ്ധ്യായം അവിടുന്ന് അവരെ കേള്‍പിച്ചു:

നീ പ്രഖ്യാപിക്കുക: അല്ലയോ നിഷേധികളേ, നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിന് ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. ഞാന്‍ ഇബാദത്തു ചെയ്യുന്നതിന് ഇബാദത്ത് ചെയ്യുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ഇബാദത്ത് ചെയ്തതിന് ഇബാദത്ത് ചെയ്യുന്നവനല്ല ഞാന്‍.  ഞാന്‍ ഇബാദത്ത് ചെയ്യുന്നതിന് നിങ്ങളും ഇബാദത്ത് ചെയ്യുന്നില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍. (109)

പ്രവാചകന്‍ മദീനയിലേക്ക് പലായനം നടത്തിയപ്പോള്‍, അവിടെ വലിയൊരളവ് ജൂത സമൂഹമുണ്ടായിരുന്നുവെന്ന് കാണുകയുണ്ടായി. എന്നാല്‍, അവരെ നിര്‍ബന്ധിച്ച് ഇസ്‌ലാമില്‍ കൊണ്ടു വരാന്‍ അവിടുന്ന് ആലോചിച്ചില്ല. അത് അദ്ദേഹത്തെ ശല്യപ്പെടുത്തിയതുമില്ല. മറിച്ച്, അവരുമായി സന്ധി ചെയ്യുകയും ‘അഹ്‌ലു കിതാബെ’ന്ന് അവരെ വിളിക്കുകയുമാണ് ചെയ്തത്.

ഇതര മതസ്തരോട് അവിടുന്ന് കാണിച്ച സഹിഷ്ണുതയുടെ ഉത്തമോദാഹരണമായിരുന്നു ഇതെന്നതില്‍ സംശയമില്ല.

ജൂതസമൂഹത്തിന്റെ ശാരീരിക പരിരക്ഷയും സുരക്ഷയും സൗഹാര്‍ദ്ദപരമായി ഉറപ്പു നല്‍കുന്നതായിരുന്നു, പ്രവാചകന്നും മദീനക്കാര്‍ക്കുമിടയില്‍ നടന്ന സമാധാന ഉടമ്പടി. അവര്‍ക്ക് സ്വതന്ത്രമായ മതാനുഷ്ഠാനം അതില്‍ വ്യവസ്ഥ ചെയ്തിരുന്നു.

മദീനക്കു ചുറ്റുമുള്ള നാടുകളിലെ ഭരണാധികാരികള്‍ക്ക് അവിടുന്ന് എഴുതിയ കത്തുകള്‍ പോലും ചര്‍ച്ചക്ക് വിധേയമാകേണ്ടതുണ്ട്. ഇസ്‌ലാമിക സന്ദേശം സ്വീകരിക്കുന്നില്ലെങ്കില്‍ സൈനികാക്രമണം നടത്തുമെന്ന് അവയിലൊന്നിലും അവിടുന്ന് ഭീഷണിപ്പെടിത്തിയിരുന്നില്ല. അബ്‌സീനിയയിലെ, ക്രിസ്ത്യന്‍ രാജാവിന്നുള്ള കത്ത് അവസാനിപ്പിക്കുന്നതിങ്ങനെയാണ്:

‘ഞാന്‍ സന്ദേശം എത്തിച്ചു കഴിഞ്ഞു. അത് സ്വീകരിക്കുന്നത് താങ്കളുടെ ഇഷ്ടം. സന്മാര്‍ഗം അനുധാവനം ചെയ്യുന്നവര്‍ക്ക് സമാധാനം!’

‘മുസ്‌ലിം സംരക്ഷണത്തിലുള്ള ഒരമുസ്‌ലിമിനോട്(ദിമ്മി) ആരെങ്കിലും അനീതി കാണിച്ചാല്‍, (വിധി നാളില്‍) ഞാന്‍ അയാളുടെ ശത്രുവായിരിക്കു’മെന്നാണല്ലോ നബി(സ) പറഞ്ഞിട്ടുള്ളത്. വാരി വിഴുങ്ങാനിരിക്കുന്ന അത്യാഗ്രഹിയായ മൃഗത്തിന്റെ സമീപനം പ്രജകളോട് സ്വീകരിക്കരുത്; ദയാവായ്‌പോടെയായിരിക്കണം അവരോട് പെരുമാറേണ്ടത്, കാരണം, അവര്‍ രണ്ടു തരക്കാരായിരിക്കും: ഒന്നുകില്‍, വിശ്വാസത്തില്‍ നിന്റെ സഹോദരന്‍, അല്ലെങ്കില്‍, സൃഷ്ടിപ്പില്‍ നിന്റെ സമാനന്‍! ഇതായിരുന്നു, ഈജിപ്തിലെ ഗവര്‍ണര്‍ക്കെഴുതിയ ഒരു കത്തില്‍ അലി(റ) നിര്‍ദ്ദേശിച്ചത്.

മുസ്‌ലിം ചരിത്രം
ദൗര്‍ഭാഗ്യവശാല്‍, ഒന്നാം ലോക മഹായുദ്ധം മുതല്‍ ഇന്ന് വരെയുള്ള സംഭവങ്ങള്‍,  പൊതുവെ, ഇസ്‌ലാമിനെ ഭീകര മതമായും മുസ്‌ലിംകളെ ഭീകരവാദികളായും മുദ്രയടിക്കുന്ന ഒരന്തരീക്ഷമാണ്, പാശ്ചാത്യലോകത്ത്, സൃഷ്ടിച്ചിരിക്കുന്നത്. ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ വാളുമായി മുസ്‌ലിമിനെ അവതരിപ്പിക്കാനുള്ള ഒരു പ്രവണതയാണ്, പാശ്ചാത്യന്‍ കൃതികളില്‍, പ്രത്യേകിച്ചും ഓറിയന്റലിസ്റ്റുകളുടെ, കാണുന്നത്. മുസ്‌ലിംകള്‍ എവിടെ ചെന്നാലും, രണ്ടാലൊന്നായിരിക്കും, ജയിച്ചടക്കിയ ജനതയോട് സ്വീകരിക്കുക എന്നാണ് സൂചന: ഒന്നുകില്‍ ഇസ്‌ലാം അല്ലെങ്കില്‍ മരണം!

എന്നാല്‍, കാര്യഗൗരവമുള്ള ധാരാളം ചരിത്രകാരന്മാര്‍ ഇത് ചോദ്യം ചെയ്യുകയാണ്. മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും, മറ്റു ജനതതികളുടെ രാജ്യം മുസ്‌ലിംകള്‍ ജയിച്ചടക്കിയിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ അവരൊന്നും തങ്ങളുടെ മതം മറ്റുള്ളവരില്‍ അടിച്ചേല്‍പിച്ചിട്ടില്ല.

‘മുസ്‌ലിം രാഷ്ട്ര വികാസവും’, ‘ഇസ്‌ലാമിക വികാസവും’ തമ്മിലെ, വ്യക്തമായൊരു വ്യതിരിക്തതയാണിത്. ഉദാഹരണമായി, മുസ്‌ലിംകള്‍ നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിക്കുകയുണ്ടായി. പക്ഷെ, അവിടത്തെ പ്രജകളില്‍ ബഹുഭൂരിഭാഗവും അമുസ്‌ലിംകള്‍ തന്നെയായി അവശേഷിക്കുകയാണുണ്ടായത്. ഇന്ത്യ മുസ്‌ലിം ഭരണത്തിന്‍ കീഴില്‍ വന്നത് ബലപ്രയോഗത്തിലൂടെ തന്നെയായിരുന്നു. പക്ഷെ, അവിടെ ഇസ്‌ലാം കടന്നുവന്നത്, പ്രചാരണത്തിലൂടെയും സൂഫി മാതൃകകളിലൂടെയുമായിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുഷ്വന്ത് സിംഗ്, തന്റെ The History of Sikhs എന്ന കൃതിയുടെ ആദ്യ ഭാഗത്തില്‍ ഈ വസ്തുത വിവരിക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങളോടുള്ള സഹിഷ്ണുതയെയും മതസ്വാതന്ത്ര്യത്തെയും കുറിച്ച് ഒരു കാര്യം കൂടി: പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം ഭരണത്തിന്‍ കീഴില്‍ ജീവിച്ച ന്യൂനപക്ഷത്തോടുള്ള, മുസ്‌ലിം ഭരണാധികാരികളുടെ സമീപനവും, യൂറോപ്യരും അമേരിക്കക്കാരും തങ്ങളുടെ ന്യൂനപക്ഷങ്ങളോട് സ്വീകരിച്ച നിലപാടും താരതമ്യം ചെയ്യുന്ന പക്ഷം, മുസ്‌ലിംകളുടെ റിക്കാര്‍ഡായിരിക്കും വളരെ മെച്ചമെന്നു പറയാന്‍ എനിക്കു ധൈര്യമുണ്ട്.

ഒട്ടോമന്‍ സാമ്രാജ്യത്ത കുറിച്ച്, പ്രമുഖ പാശ്ചാത്യ ചരിത്രകാരന്‍ Roderic H Davision എഴുതിയത് ഇവിടെ ഉദ്ദരിക്കുന്നത് സംഗതമായിരിക്കും:

‘പ്രൂഷ്യര്‍ പോളീഷുകാരോടും, ഇംഗ്ലീഷുകാര്‍ ഐറിഷ്‌കാരോടും, അല്ലെങ്കില്‍ അമേരിക്കക്കാര്‍ നീഗ്രോകളോടും കാണിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ പീഢനമേ, തുര്‍ക്കികള്‍ അവിടത്തെ ജനതയോട് കാണിച്ചിരുന്നുള്ളുവെന്ന വാദം യാഥാര്‍ത്ഥ്യമായിരിക്കണം.’

അദ്ദേഹത്തിന്റെ കാലത്ത് (19 ാം ശതകത്തില്‍), സ്വതന്ത്ര ഗ്രീസില്‍ നിന്നും, ഒട്ടോമന്‍ സാമ്രാജ്യത്തിലേക്ക് കുടിയേറ്റം നടന്നതിന്ന് തെളിവുകളുണ്ട്. തങ്ങളുടെ ഗവണ്‍മെന്റിനേക്കാള്‍, ഒട്ടോമന്‍ സാമ്രാജ്യം തങ്ങളോട് കൂടുതല്‍ ദാക്ഷിണ്യം കാണിക്കുന്നതായി ചില ഗ്രീക്കുകാര്‍ക്ക് തോന്നിയിരുന്നുവെന്നതാണ് കാരണം.

വിവ : കെ എ ഖാദര്‍ ഫൈസി
 

Related Articles