Current Date

Search
Close this search box.
Search
Close this search box.

‘ഇഖ്‌ലാസ്’ വിദ്വാന്മാരുടെ വീക്ഷണങ്ങളില്‍

ikhlas.jpg

‘അറിയുക: കളങ്കമറ്റ (ആത്മാര്‍ഥമായ) കീഴ്‌വണക്കം അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാണ്.'(ഖുര്‍ആന്‍:39:3)
നബി(സ) പറഞ്ഞു: ‘കര്‍മങ്ങളില്‍ അല്ലാഹുവോട് ആത്മാര്‍ഥത പുലര്‍ത്തുക; കീഴിലുള്ളവരോട് സത്യസന്ധമായുപദേശിക്കുക; മുസ്‌ലിം സമൂഹത്തില്‍ നിന്ന് വിട്ടു നില്‍ക്കാതിരിക്കുക എന്നീ മൂന്നു കാര്യങ്ങളനുസരിക്കുന്ന വിശ്വാസിയുടെ ഹൃദയത്തില്‍ വൈരം കുടികൊള്ളുകയില്ല.’
അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ആരാധന നടത്തുകയത്രെ, ആരാധനയിലെ ആത്മാര്‍ഥത. ദൈവേതരമായതെന്തും – അത് മനുഷ്യര്‍ക്കു മുമ്പിലുള്ള പ്രദര്‍ശനമോ, അവരുടെ പ്രശംസയിലുള്ള താല്പര്യമോ ഏതുമായിരിക്കട്ടെ – വര്‍ജ്ജിച്ചുകൊണ്ട്, ആരാധനയിലൂടെ ദൈവ സാമീപ്യം കാംക്ഷിക്കുകയാണ് ആത്മാര്‍ഥത. സഹജീവികളുടെ ഏത് പരിഗണനയില്‍ നിന്നും കര്‍മങ്ങളെ വിശുദ്ധീകരിക്കുകയാണ് ആത്മാര്‍ഥത എന്നു പറയുന്നതായിരിക്കും ശരി. ജനപരിഗണനയില്‍ നിന്നും സ്വയം രക്ഷിക്കുകയാണ് ആത്മാര്‍ഥത എന്നും അഭിപ്രായമുണ്ട്.
‘എന്റെ രഹസ്യങ്ങളിലൊരു രഹസ്യമാണ് ആത്മാര്‍ഥതയെന്നും എന്റെ ഇഷ്ടദാസരുടെ ഹൃദയങ്ങളില്‍ അമാനത്തായി ഞാനതിനെ നിക്ഷേപിച്ചിരിക്കുകയാണെ’ന്നും അല്ലാഹു പറഞ്ഞതായി ജിബ്‌രീലില്‍ നിന്നും നബി(സ) ഉദ്ധരിച്ചിട്ടുണ്ട്.
‘ജനാഭിപ്രായ പരിഗണനയില്‍ നിന്നും സ്വയം രക്ഷിക്കുകയാണ് ആത്മാര്‍ഥതയെന്നും സ്വപരിഗണനയില്‍ നിന്നും ശുദ്ധീകരിക്കുകയാണ് സത്യസന്ധതയെന്നും, ആത്മാര്‍ഥതയുള്ളവന്‍ കപടനോ സത്യസന്ധന്‍ അഹംഭാവിയോ ആവുകയില്ലെ’ന്നും ശൈഖ് അബൂ അലി ദഖ്ഖാഖ് പറയുന്നു.
ദുന്നൂന്‍ മിസ്‌രി വിശദീകരിക്കുന്നതിങ്ങനെ: ‘സത്യസന്ധതയും ക്ഷമയും ഉണ്ടാകുമ്പോഴെ ആത്മാര്‍ഥത പൂര്‍ണ്ണമാവുകയുള്ളു. ആത്മാര്‍ഥതയും സുസ്ഥിരതയും കൂടുമ്പോഴെ സത്യസന്ധത പൂര്‍ണ്ണമാവുകയുള്ളു.’
അബൂ യഅഖൂബ് സൂസി പറയുന്നതിങ്ങനെ: ‘സ്വന്തം ആത്മാര്‍ഥതയില്‍ ആത്മാര്‍ഥത ദര്‍ശിക്കുന്നവര്‍ക്ക്, തങ്ങളുടെ  ആത്മാര്‍ഥതക്ക് ആത്മാര്‍ഥതയാവശ്യമായി വന്നിരിക്കുന്നു.’

ദുന്നൂന്‍ വിശദീകരിച്ചു:
ആത്മാര്‍ഥതക്ക് മൂന്ന് അടയാളങ്ങളുണ്ട്:
1    ജനപ്രശംസയും ആക്ഷേപവും തുല്യമായി കാണുക.
2    സുകൃതങ്ങളനുഷ്ടിക്കുമ്പോള്‍ അതെ കുറിച്ച പരിഗണന ഇല്ലാതിരിക്കുക.
3    സുകൃതങ്ങളുടെ പരലോക പ്രതിഫലം വിസ്മരിക്കുക.
അബൂ ഉഥ്മാന്‍ മഗ്‌രിബിയുടെ അഭിപ്രായം ഇങ്ങനെ: ‘മനസ്സ് ആനന്ദിക്കാത്ത ഒരവസ്ഥയാണ് ആത്മാര്‍ഥത; ഇതാണ് സാധാരണക്കാരുടെ ആത്മാര്‍ഥത; എന്നാല്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം, അവരുടെ ആത്മാര്‍ഥത സ്വന്തം കര്‍മങ്ങളില്‍നിന്നല്ല ലഭിക്കുന്നത്, പ്രത്യുത, കര്‍മങ്ങള്‍ അവരില്‍ നിന്നു തന്നെ വരികയാണ്. അവരതില്‍ നിന്ന് വിച്ഛേദിതരായിരിക്കുന്നുവെന്ന് മാത്രം. ആ കൃത്യങ്ങളെ കുറിച്ച ശ്രദ്ധയോ പരിഗണനയോ അവര്‍ക്കനുഭവപ്പെടുകയില്ല.’ ഇതാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ ആത്മാര്‍ഥത.
അബൂബക്കര്‍ ദഖ്ഖാഖ് ഉറപ്പിച്ചു പറയുന്നു:
‘സ്വന്തം ആത്മാര്‍ഥതയെ കുറിച്ച പരിഗണനയാണ് ആത്മാര്‍ഥതയുള്ളവരെന്ന് പറയപ്പെടുന്നവരുടെ ആത്മാര്‍ഥതയുടെ തകരാര്‍. അല്ലാഹു അവരുടെ ആത്മാര്‍ഥത വിശുദ്ധീകരിക്കാനുദ്ദേശിക്കുന്നുവെങ്കില്‍, തന്റെ ആത്മാര്‍ഥതയെ കുറിച്ച പരിഗണന അയാളില്‍ നിന്ന് ഉച്ഛാടനം ചെയ്യുന്നതാണ്. അങ്ങനെ, ദൈവം അയാളെ ആത്മാര്‍ഥതക്കാരനാക്കുകയാണ്, സ്വയം ആവുകയല്ല.’
സഹ്ല്‍ പറയുന്നു:
ആത്മാര്‍ഥതയുള്ളവനേ കാപട്യം മനസ്സിലാക്കാന്‍ കഴിയുകയുള്ളു.
അബൂ സഈദ് ഖറാസ് പറയുന്നു:
‘തത്വവാദികളുടെ കാപട്യമാണ്, മുരീദുമാരുടെ ആത്മാര്‍ഥതയെക്കാള്‍ ഉത്തമം.’
ദുന്നൂന്‍ പറയുന്നു:
ശത്രുവിന്റെ ദൂഷണത്തില്‍ നിന്നും മുക്തമാണ് ആത്മാര്‍ഥത.
അബൂ ഉഥ്മാന്‍ പറയുന്നു:
സൃഷ്ടാവില്‍ മുഴുകിയതിനാല്‍, സൃഷ്ടിയുടെ നോട്ടത്തെ കുറിച്ച് വിസ്മരിക്കുകയാണ് ആത്മാര്‍ഥത.
ഹുദൈഫ  അല്‍ മര്‍അശി പറഞ്ഞു:
ദാസന്റെ പ്രവര്‍ത്തനങ്ങളെല്ലാം അകത്തും പുറത്തും സമാനമാകുകയാണ് ആത്മാര്‍ഥതയുടെ വിവക്ഷ.
ഏത് മുഖേന ദൈവപ്രീതി കാംക്ഷിക്കുകയും സത്യസന്ധത തേടുകയും ചെയ്യുന്നുവോ, അതാണ് ആത്മാര്‍ഥത.
സുകൃതങ്ങളുടെ പരിഗണനയെ കുറിച്ച് സ്വയം അന്ധനാവുകയാണ് ആത്മാര്‍ഥതയെന്നു പറയപ്പെടുന്നു.
അസ്സാരി പറയുന്നു:
തനിക്കില്ലാത്ത കാര്യത്തിന്റെ പേരില്‍, ജനസാന്നിധ്യത്തില്‍, സ്വയം അഭിനയിക്കുന്നയാള്‍, അത്യുന്നതനായ അല്ലാഹുവിന്റെ പരിഗണനയില്‍ നിന്ന് നിപതിക്കുന്നതാണ്.
അല്‍ ഫുദൈല്‍ പറയുന്നു:
ആളുകള്‍ കാണുമെന്ന് ഭയന്നു സുകൃതം ഉപേക്ഷിക്കുന്നത് കാപട്യം. അവര്‍ കാണാന്‍ വേണ്ടി അത് ചെയ്യുന്നതാകട്ടെ ശിര്‍ക്കുമാണ്. ഇവ രണ്ടില്‍ നിന്നും അല്ലാഹു നിന്നെ സൌഖ്യമാക്കുകയാണ് ആത്മാര്‍ഥത.
ജുനൈദ് പറയുന്നു:
അല്ലാഹുന്നും ദാസന്നുമിടയിലെ ഒരു രഹസ്യമാണ് ആത്മാര്‍ഥത. രേഖപ്പെടുത്തുന്നതിന്ന് മലക്കുകള്‍ക്കോ, ദുഷിപ്പിക്കുന്നതിന്ന് പിശാചിനോ, തിരിച്ചു കളയുന്നതിന്ന് ഇച്ഛക്കോ അതറിയുകയില്ല.
റുവൈം വിശദീകരിച്ചു:
ഇഹലോകത്തോ, പരലോകത്തോ, പ്രതിഫലം പ്രതീക്ഷിക്കാതെ, (ഖബറില്‍ ചോദ്യം ചെയ്യുന്ന) രണ്ടു മലക്കുകളില്‍ നിന്നു വിജയം ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവര്‍ത്തനമാണ് ആത്മാര്‍ഥ പ്രവര്‍ത്തനം.
ഒരു സൂഫി പറയുന്നു:
ഒരു വെള്ളിയാഴ്ച ജുമുഅക്കു മുമ്പ്, സഹ്ല്‍ ബിന്‍ അബ്ദില്ലയുടെ വീട്ടില്‍ ഞാന്‍ പോവുകയുണ്ടായി. വീട്ടില്‍ ഞാന്‍ ഒരു പാമ്പിനെ കണ്ടു. അകത്തു കടക്കാന്‍ എനിക്ക് ആശങ്കയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അകത്തു വരൂ. ഭൂമിയില്‍ എന്തെങ്കിലും ഭയപ്പെടുന്ന ഒരാള്‍ക്ക് വിശ്വാസത്തിന്റെ സത്ത ലഭിക്കുകയില്ല.
അനന്തരം അദ്ദേഹം ചോദിച്ചു: ജുമുഅക്ക് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടൊ?
ഞാന്‍ പറഞ്ഞു: പള്ളിയിലെക്ക് ഒരു ദിവസത്തെ ദൂരമുണ്ടല്ലൊ. അദ്ദേഹം എന്റെ കൈ പിടിച്ചു. താമസിയാതെ ഞാന്‍ പള്ളി കണ്ടു. അകത്തു കടന്നു നമസ്‌കാരം കഴിഞ്ഞു പുറത്തു വന്നു. പള്ളിയില്‍ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്ന ആളുകളെ നൊക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ലാ ഇലാഹ ഇല്ലല്ലാഹു’വിന്റെ ആളുകള്‍ നിരവധി. പക്ഷെ, ആത്മാര്‍ഥതയുള്ളവര്‍ വളരെ വിരളം.
മക്ഹല്‍ പറഞ്ഞു: നാല്‍പത് ദിവസം ആത്മാര്‍ഥത കൈവരിച്ച ഒരാളുടെ ഹൃദയത്തില്‍ നിന്നും നാവിലൂടെ ജ്ഞാനം ഉറവെടുക്കാതിരിക്കില്ല.
യൂസുഫ് ബിന്‍ ഹുസൈന്‍ പറയുന്നു:
ഭൗതിക ലോകത്ത് ഏറ്റവും പ്രതാപം ആത്മാര്‍ഥതയാണ്. മനസ്സില്‍ നിന്നും കാപട്യം നീക്കം ചെയ്യാന്‍ ഞാന്‍ കഠിനാധ്വാനം നടത്തി നോക്കിയെങ്കിലും, മറ്റു വേഷത്തില്‍, അത് വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.
അബൂ സുലൈമാന്‍ പറഞ്ഞു;
ആത്മാര്‍ഥതയുള്ളയാളില്‍ നിന്നും അധിക തോതിലുള്ള വസ് വാസും ലോകമാന്യവും ഉന്മൂലനം ചെയ്യപ്പെടും.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles