Current Date

Search
Close this search box.
Search
Close this search box.

ഇക്കാലത്തെ വഴിയുടെ അവകാശങ്ങള്‍

trafic3988.jpg

സ്വന്തത്തോടോ മറ്റുള്ളവരോടോ ദ്രോഹം അരുതെന്നുള്ളത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. ഇടപഴകലുകളിലും ഇടപാടുകളിലും പാലിക്കേണ്ട അടിസ്ഥാനമായി പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളതാണത്. ദ്രോഹകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും ശരീഅത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. വഴികളില്‍ പാലിക്കേണ്ട മര്യാദയെ കുറിച്ച് പ്രവാചകന്‍(സ) പറയുന്നു: ”വഴികളില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുക. അനുയായികള്‍ പ്രതിവചിച്ചു: വഴികളില്‍ ഇരിക്കാതെ ഞങ്ങള്‍ക്ക് നിര്‍വാഹമില്ല, അവിടെയിരുന്നാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. നബി(സ) വിശദീകരിച്ചു: വഴിയരികില്‍ ഇരിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ വഴിയുടെ അവകാശങ്ങള്‍ നല്‍കുക. അവര്‍ ചോദിച്ചു: എന്താണ് പ്രവാചകരേ വഴിയുടെ അവകാശങ്ങള്‍? നബി പറഞ്ഞു: നിഷിദ്ധമായ കാഴ്ചകള്‍ക്കു നേരെ കണ്ണടക്കുക, ഉപദ്രവങ്ങള്‍ തടയുക, അഭിവാദ്യങ്ങള്‍ക്ക് പ്രത്യഭിവാദ്യം ചെയ്യുക, നന്മ കല്‍പിക്കുക, തിന്മ തടയുക.”

ഇന്ന് ജീവിത സാഹചര്യങ്ങളില്‍ വലിയ പുരോഗതിയുണ്ടായിരിക്കുന്നു. കൂടുതല്‍ നാഗരികമായും മാനുഷികമായും ദീനീകല്‍പനകള്‍ മുറുകെ പിടിച്ചു ജീവിക്കുന്നതിന് അതൊരു തടസ്സമായിക്കൂടാ. ജീവിതം എളുപ്പവും സുഖകരവുമാക്കുന്നതിന് അല്ലാഹു ഒരുക്കി തന്ന അനുഗ്രങ്ങള്‍ കാരണം ആളുകള്‍ ദുരിതം അനുഭവിക്കുന്ന കാഴ്ച്ചകള്‍ക്ക് റോഡുകളിലൂടെ നടക്കുമ്പോള്‍ നാം സാക്ഷിയാവാറുണ്ട്. കാല്‍നട യാത്രക്കാരില്‍ ഭീതിയും ഭയവുമുണ്ടാക്കുന്ന നിയന്ത്രണാതീത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ അവിടെ കാണാം. മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള വാഹനമോടിക്കലാണ്.

മറ്റു ചില വാഹനങ്ങളില്‍ നിന്നുള്ള ദ്രോഹം കാതടപ്പിക്കുന്ന ശബ്ദമാണ്. വാഹന ഉടമ ശരിയായി അറ്റകുറ്റപണികള്‍ തീര്‍ക്കാത്തത് കാരണമുള്ള അന്തരീക്ഷ മലിനീകരണമാണ് മറ്റൊരു പ്രശ്‌നം. ആളുകള്‍ക്കും അന്തരീക്ഷത്തിനുള്ള അത് വരുത്തിവെക്കുന്ന ദോഷത്തെ കുറിച്ച ബോധമില്ലാത്തതു കൊണ്ടാണോ അത്? അതിലൂടെ എത്ര ഗുരുതരമായ പാതകമാണ് അവര്‍ ചെയ്യുന്നത്! യാതൊരു കാരണവുമില്ലാതെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ റോഡുപയോഗിക്കുന്നതും ഗുരുതരമായ വിഷയം തന്നെയാണ്. ഒരുപക്ഷേ അടിയന്തിര ആവശ്യങ്ങളുള്ളവരായിരിക്കാം അവന്റെ പിന്നില്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്.

ഇരുപത്തിനാല് മണിക്കൂറും റോഡുകളില്‍ തിക്കും തിരക്കും അനുഭവപ്പെടുന്നു എന്നുള്ളത് നാഗരികതയുടെയോ പുരോഗതിയുടെയോ അടയാളമല്ല. മറിച്ച് ആളുകളുടെ അശ്രദ്ധയുടെയും ആസൂത്രണമില്ലായ്മയുടെയും ഫലമാണത്. എല്ലാവരുടെയും രക്ഷക്കായി സംവിധാനിച്ചിരിക്കുന്ന ട്രാഫിക് ചിഹ്നങ്ങളും നിര്‍ദേശങ്ങളും പലരും പാലിക്കാത്തതിന്റെ ഫലമായിട്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രയാസങ്ങളുണ്ടാവുന്നത്. ഭക്ഷ്യവസ്തുക്കളുടെയും മറ്റും അവശിഷ്ടങ്ങളും പാഴ്‌വസ്തുക്കളും റോഡുകളിലേക്ക് എറിയുന്നവരും കാല്‍നട യാത്രക്കാരുടെ സുഗമ സഞ്ചാരത്തിന് ഒരുക്കിയിട്ടുള്ള ഫുട്പാത്തുകളില്‍ തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ഇരിക്കുന്നതും കച്ചവടം ചെയ്യുന്നതും ആളുകളോട് ദ്രോഹമാണ് ചെയ്യുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles