Current Date

Search
Close this search box.
Search
Close this search box.

ആഹ്ലാദപ്പെരുന്നാള്‍

eid3.jpg

ഹര്‍ത്താലുകള്‍ പോലും ആഘോഷമായി സ്വീകരിക്കുന്ന കേരളീയ പരിസരത്തിലാണെല്ലോ നാം ജീവിക്കുന്നത്. തിരക്കേറിയ ജീവിതത്തിന്റെ വിരസതകളെ അതിരുവിട്ട ജഢികാനന്ദങ്ങളാല്‍ മറികടക്കുക എന്നതാണ് സമകാലിക ആഘോഷങ്ങളില്‍ സംഭവിക്കുന്നത്. ആഘോഷദിനങ്ങളില്‍ മലയാളി കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ അളവ് പത്രമാധ്യമങ്ങളില്‍ വായിക്കുമ്പോള്‍ കേരളീയര്‍ ദാഹമകറ്റാനായി അത്രത്തോളം വെള്ളം അന്ന് കുടിച്ചിട്ടുണ്ടോ എന്ന് നാം സംശയിച്ചുപോകുന്നതും ഇക്കാരണത്താലാണ്. ആഘോഷങ്ങളുടെ മിത്തും സംസ്‌കാരവും അവഗണിക്കപ്പെടുകയും പുറംപകിട്ടുകള്‍ മാത്രം ആഘോഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ ബാക്കിപത്രമാണിത്. ഭൗതികപ്രമത്തരായ ജനത ഐഹിക ജീവിതത്തിന്റെ പത്രാസുകളെ കുറിച്ചു മാത്രം ചിന്തിക്കുന്നവരാണ് എന്ന ഖുര്‍ആന്റെ നിരൂപണം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ആഘോഷങ്ങളുടെ ആത്മീയവും സാമൂഹികവുമായ പൊരുളുകള്‍ ഉള്‍ക്കൊള്ളുകയും പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്.

പെരുന്നാള്‍ ഈ അപചയത്തെ അതിന്റെ ഘടനയില്‍ തന്നെ ചെറുത്തു നില്‍ക്കുന്നുണ്ട്. പെരുന്നാള്‍ ആഘോഷമാകുമ്പോഴും അതൊരാരാധനയാണ്. ആരാധനയുടെ എല്ലാ ചിട്ടകളും ചട്ടങ്ങളും അതിനകത്തുണ്ട്. തക്ബീറും നമസ്‌കാരവും ഉള്ളടങ്ങിയ, സാധാരണഗതിയില്‍ ആരാധനകള്‍ ബാധ്യതപ്പെടാത്ത വിശ്വാസിക്ക് പോലും ബാധ്യതപ്പെടുന്ന ഫിത്വ്ര്‍ സകാത്തും ഇല്ലാതെ പെരുന്നാള്‍ ആഘോഷിക്കുക അസാധ്യമാണ്. അനസുബ്‌നു മാലിക്(റ) പറയുന്നു: ‘ജാഹിലിയ്യാ കാലത്ത് വര്‍ഷത്തില്‍ രണ്ടുദിവസം ആഘോഷത്തിമര്‍പ്പിനായി നിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ജനങ്ങള്‍ കളിച്ചുരസിക്കുക പതിവായിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: ‘മാന്യസഹോദരങ്ങളേ, നിങ്ങള്‍ക്ക് കളിച്ചുരസിക്കാന്‍ കഴിഞ്ഞകാലത്ത് രണ്ട് പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള്‍ ശ്രേഷ്ഠമായ രണ്ടു ദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. ഈദുല്‍ഫിത്വറും ഈദുല്‍ അദ്ഹായും’. ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടത് വ്രതവിശുദ്ധിയുടെ നിറവിലും വലിയ പെരുന്നാള്‍ കൊണ്ടാടേണ്ടത് ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണകള്‍ക്കിടയിലാണെന്നതും ശ്രദ്ധേയമാണ്.

ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്‌ലാം മാനിക്കുന്നുവെന്നും നമുക്കീ ഹദീസില്‍ നിന്നു ഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആഘോഷങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായതുകൊണ്ട് അവ നബി(സ) വിലക്കിയത്.

ആത്മീയവും ഭൗതികവുമായ മോക്ഷമാണല്ലോ ഇസ്‌ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്‍മാനുഷ്ഠാനങ്ങള്‍ക്കാണ് ഇസ്‌ലാം പ്രാധാന്യം കാണുന്നത്.  പെരുന്നാളാഘോഷ കാര്യത്തിലും ഇതു ബാധകമാണ്. അതുകൊണ്ട് പെരുന്നാളിലും ശരീഅത്തിനു വിരുദ്ധമല്ലാത്ത വിധം നമുക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം. ആഇശ(റ) പറയുന്നു: ‘ഒരു ചെറിയ പെരുന്നാള്‍ ദിവസം എന്റെ പിതാവ് അബൂബക്കര്‍ സ്വിദ്ദീഖ്(റ) ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തില്‍ ശക്തി തെളിയിച്ച പൂര്‍വ്വികരെ കുറിച്ചുള്ള പ്രകീര്‍ത്തനമാണവര്‍ ആലപിച്ചിരുന്നത്. അതുകണ്ടപ്പോള്‍ അബൂബക്കര്‍(റ) ദേഷ്യപ്പെട്ടു. ‘എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്‍?’ അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അബൂബക്കര്‍!, ഓരോ സമുദായത്തിനും പെരുന്നാളുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണല്ലോ’ (ഇമാം ബുഖാരി,). അനുവദനീയമായ സര്‍ഗാത്മക സദസ്സുകളും സംരംഭങ്ങളും സംഘടിപ്പിക്കാന്‍ ഇത്തരം സുദിനങ്ങളില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ക്രിയാത്മകമായ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതെ ജാഹിലിയ്യത്തിന്റെ നൃത്താസ്വാദനങ്ങളിലേക്ക് യുവതലമുറയും സമൂഹവും തെന്നിവീഴുന്നതിനെ കുറിച്ച് നാം പരിതപിക്കുന്നത് വൃഥാവേല മാത്രമായിരിക്കും.

പെരുന്നാള്‍ സുദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് അന്നു വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്. അന്നപാനാദികളാണല്ലോ ഏത് ആഘോഷത്തിന്റെയും പ്രധാന ഭാഗം. നബി(സ്വ) പറഞ്ഞു: ‘പെരുന്നാള്‍ സുദിനങ്ങള്‍ അന്നപാനാദികള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ്’ (മുസ്‌ലിം). സ്വഹാബികളില്‍ പ്രധാനിയായ അബൂ’ഉബൈദ്(റ) പറയുന്നു: ‘ഞാനൊരു പെരുന്നാള്‍ ദിനത്തില്‍ ഉമര്‍ (റ)വിനെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: ‘രണ്ടുദിനങ്ങളിലെ നോമ്പാചരണം നബി(സ്വ) വ്യക്തമായി വിലക്കിയതാണ്. ഒന്ന്: റമദാനു സമാപ്തിയായെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം. മറ്റൊന്ന്  ഉദ്ഹിയ്യത്ത് മാംസം യഥേഷ്ടമുപയോഗിക്കാന്‍ നിങ്ങള്‍ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്‍ സുദിനവും’ (ബുഖാരി). ബന്ധങ്ങള്‍ വിളക്കിച്ചേര്‍ത്തും സാഹോദര്യം ഊട്ടിയുറപ്പിച്ചും തക്ബീര്‍ ധ്വനികള്‍ മുഴക്കിയും പെരുന്നാളാഹ്ലാദങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നാം സമയം കണ്ടെത്തുക.

Related Articles