Current Date

Search
Close this search box.
Search
Close this search box.

ആയുധമെടുക്കുന്നതിലെ അപകടങ്ങള്‍

no-weapom.jpg

തീവ്രവാദത്തിന്റെ ഏറ്റവും അപകടം നിറഞ്ഞ വശം ആയുധമുപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇന്ന് അതിന്റെ പ്രത്യാഘാതം ഏതെങ്കിലും വ്യക്തികളിലോ വിഭാഗങ്ങളിലോ പരിമിതമല്ല, മറിച്ച് സംഘടനയും ഇതര മുസ്‌ലിം സംഘങ്ങള്‍ വരെ അതിന്റെ പ്രത്യാഘാതങ്ങളേറ്റുവാങ്ങേണ്ടി വരുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ താല്‍പര്യങ്ങളോ മാനദണ്ഡങ്ങളോ പാലിക്കെതെയുള്ള ആയുധത്തിന്റെ തെറ്റായ ഉപയോഗം മൂലം ഇസ്‌ലാമിക ലോകം പതിറ്റാണ്ടുകളായി പ്രതിക്കൂട്ടില്‍ കയറിക്കൊണ്ടിരിക്കുകയാണ്. ലബനാനില്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭവിഷ്യത്തുകള്‍ ഞങ്ങള്‍ നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ സംഭവങ്ങള്‍ക്കു ശേഷവും ഇസ്‌ലാമിക പ്രസ്ഥാനം കടുത്ത പരീക്ഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്തരം തിരിച്ചടികളുടെ യാഥാര്‍ഥ്യത്തെ കുറിച്ച് നാം നന്നായി മനസ്സിലാക്കേണ്ടതുണ്ട്.

പ്രതിരോധത്തെ കുറിച്ച വ്യക്തമായ ലക്ഷ്യമില്ലാതിരിക്കുക
സംഘടന ശക്തിസംഭരിക്കുന്നതിലൂടെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും എന്നാണ് ചിലര്‍ കരുതുന്നത്. യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗമിതാണ്. അല്ലാതെ കേവല തത്വങ്ങളും ആദര്‍ശങ്ങളും കൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ കഴിയുകയില്ല എന്നാണ് ചിലരുടെ നിഗമനം.

നമുക്കെതിരെ എവിടെ നിന്നെല്ലാം അതിക്രമങ്ങളുണ്ടാകുന്നുവോ അതിനെയെല്ലാം തത്തുല്യമായി പ്രതികരിക്കുക എന്നത് നമ്മുടെ ബാധ്യതയാണ് എന്നാണ് മറ്റൊരു കാഴ്ചപ്പാട്. ഈ ധാരണകള്‍ സംഘടനയെയും അതിലെ അംഗങ്ങളെയും നിരന്തര പ്രശ്‌നങ്ങളിലേക്ക് തള്ളിവിടും. നമ്മുടെ നിലനില്‍പിന്റെയും നിയോഗത്തിന്റെയും അടിസ്ഥാനമായ പ്രബോധനപ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നതിലും യാതൊരു സംശയവുമില്ല. പ്രതിരോധിക്കുക എന്നത് ഒരനിവാര്യതയാണ്. മറിച്ച് സംഘടനയുടെ അടിസ്ഥാനമാകരുത്. ശക്തി കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥ വന്നാല്‍ അതിന്റെ മുന്നോട്ടുള്ള ഗമനത്തില്‍ ഇടര്‍ച്ചവരും, സന്തുലിതത്വം നഷ്ടപ്പെടുകയും ചെയ്യും.

ഭൂമുഖത്ത് നിന്ന് കുഴപ്പങ്ങളും പ്രയാസങ്ങളും അവസാനിപ്പിക്കാനും ദൈവിക നീതി സ്ഥാപിക്കാനുമാണ് യഥാര്‍ഥത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടത്. ‘മര്‍ദ്ധനം ഇല്ലാതാകുകയും ‘ദീന്‍’ അല്ലാഹുവിന്റേതായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അറിയുക: അതിക്രമികളോടല്ലാതെ യാതൊരു കയ്യേറ്റവും പാടില്ല. (അല്‍ബഖറ 193). പ്രവാചകന്‍(സ) പറഞ്ഞു. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമമദു റസൂലുല്ലാഹ് എന്നതിന് സാക്ഷ്യം വഹിക്കുന്നത് വരെ അവരോട് പോരാടാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അത് അവര്‍ അംഗീകരിച്ചാല്‍ അവരുടെ രക്തവും സമ്പത്തുമെല്ലാം എന്നില്‍ സുരക്ഷിതമാണ്. അവരുടെ വിചാരണ അല്ലാഹുവിലുമാണ്. (ബുഖാരി)

ഇസ്‌ലാമിക പ്രതിരോധം എന്നത് ഈ ലക്ഷ്യത്തിനു വേണ്ടിയായിരിക്കണം. ഈ വൃത്തത്തിനു പുറത്തുള്ള ഏതൊരു ലക്ഷ്യവും സംഘടനയെ ക്ഷീണിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യും. പ്രവാചകന്‍(സ) നിരന്തരമായ വിട്ടുവീഴ്ചകള്‍ക്കും രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും ശേഷം വളരെ അനിവാര്യമായ സന്ദര്‍ഭത്തിലാണ് യുദ്ധം ചെയ്തതെന്ന് നമുക്ക് മനസ്സിലാക്കാം. യുദ്ധം ആരംഭിക്കാനോ, പ്രഖ്യാപിക്കാനോ മുസ്‌ലിം സംഘടനകളിലെ ഏതെങ്കിലും വ്യക്തികള്‍ക്ക് യാതൊരു അവകാശമില്ല. മക്കാ കാലഘട്ടത്തില്‍ പ്രവാചകനും അനുചരന്മാരും കടുത്ത പരീക്ഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അക്രമ മര്‍ദ്ധനങ്ങള്‍ക്കും വിധേയമായെങ്കിലും തിരിച്ചടിക്കാനും യുദ്ധം ചെയ്യാനും അന്ന് അനുമതി നല്‍കപ്പെട്ടിരുന്നില്ല. കാരണം മുസ്‌ലിം സമൂഹത്തെ സവിശേഷ യോഗ്യതയുള്ളവരായി പരിവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഘട്ടമായിരുന്നു അത്. അന്ന് അവതീര്‍ണമായ സൂക്തങ്ങള്‍ ഇതിനെ ബലപ്പെടുത്തുന്നതായിരുന്നു. ‘അതിനാല്‍ നീ ക്ഷമിക്കൂ. അല്ലാഹുവിന്റെ വാഗ്ദാനം തീര്‍ത്തും സത്യം തന്നെ. ദൃഢവിശ്വാസമില്ലാത്ത ജനം നിനക്കൊട്ടും ചാഞ്ചല്യം വരുത്താതിരിക്കട്ടെ! (അര്‍റൂം : 60)

ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തന പ്രവര്‍ത്തനങ്ങളും അതിന്റെ താല്‍പര്യങ്ങളും സംരക്ഷിക്കുക എന്നത് തന്നെ അന്ന് വളരെ പ്രയാസമായിരുന്നു. എന്നിട്ടും ആദര്‍ശപരമായ നിലപാടില്‍ പ്രവാചകന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. ശത്രുക്കളുടെ അതിക്രമം സഹിക്കാതെ വന്നപ്പോള്‍ അബ്ദുര്‍റഹ്മാനു ബ്‌നു ഔഫും സംഘവും പ്രവാചകന്റെ അടുത്ത് മക്കയില്‍ വന്നു പറഞ്ഞു : പ്രവാചകരേ! ഞങ്ങള്‍ മുശ്‌രിക്കുകളായിരുന്നപ്പോള്‍ അന്തസ്സോടെയാണ് ഇവിടെ ജീവിച്ചത്. ഇന്ന് ഞങ്ങള്‍ വിശ്വാസികളായപ്പോള്‍ നിന്ദ്യരായിത്തീര്‍ന്നിരിക്കുന്നു. പ്രവാചകന്‍ പ്രതികരിച്ചു. ‘എന്നോട് വിട്ടുവീഴ്ച ചെയ്യാനാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്.അതിനാല്‍ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്'(നസാഇ). കഅ്ബയുടെ തണലില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകന്റേയടുത്ത് കഠിനമായ പീഡനങ്ങളുടെ പാടുമായി ഖബ്ബാബുനു അറത്ത് എന്ന സഹാബി വന്നുകൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നില്ലേ.. സഹായം തേടുന്നില്ലേ എന്ന് ചോദിക്കുകയുണ്ടായി. വിവര്‍ണമായ മുഖത്തോടെ പ്രവാചകന്‍ പറഞ്ഞു. നിങ്ങളുടെ മുമ്പുള്ളവരെ ഇരുമ്പിന്റെ ചീര്‍പ്പുകള്‍ കൊണ്ട് എല്ലും മാംസവും വേര്‍തിരിക്കുന്ന രീതിയില്‍ ചീകുകയും വലിയ കുഴി കുഴിച്ച് ഈര്‍ച്ചവാളുപയോഗിച്ച് നെടുകെ ഛേദിക്കുകയും ചെയ്തിരുന്നു. പക്ഷെ, അതൊന്നും അവരെ തങ്ങളുടെ ദീനില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നില്ല. സന്‍ആ മുതല്‍ ഹദര്‍മൗത് വരെ അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും ഭയക്കാതെ ഏതൊരു യാത്രക്കാരനും സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ അല്ലാഹു ഈ ദീനിനെ വിജയിപ്പിക്കുക തന്നെ ചെയ്യും’. പക്ഷെ, നിങ്ങള്‍ ധൃതികാണിക്കുകയാണ് (ബുഖാരി).

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

സ്ഥാനമാനങ്ങളുടെ പേരിലുള്ള അസൂയ
ശക്തിപ്രയോഗിക്കുന്നതിനുള്ള നിബന്ധനകള്‍

Related Articles