Current Date

Search
Close this search box.
Search
Close this search box.

ആഭ്യന്തര സംഘര്‍ഷങ്ങള്‍

issues.jpg

സംഘടനകള്‍ക്ക് ബാധിക്കുന്ന അതിഗുരുതരമായ രോഗമാണ് ആഭ്യന്തര സംഘര്‍ഷങ്ങള്‍. സംഘടനയുടെ ശക്തി ക്ഷയിപ്പിക്കുന്നതിനും സംഘടനയെ തന്നെ തകര്‍ക്കുന്നതിനും ഇത് കാരണമാകും. ഇതിലൂടെ സംഘടനയുയെ അന്തരീക്ഷം ഒരുവശത്ത് മലീമസമാകുമ്പോള്‍ മറുവശത്ത് വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ തല്‍സ്ഥാനത്ത് കയറിക്കൂടുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകാനും ഇത് കാരണമാകുന്നു. സംഘടനയില്‍ ആഭ്യന്തരമായി സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

-അണികളെ ഒരുമിച്ചുകൊണ്ടുപോകാനും കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള നേതൃത്വത്തിന്റെ ശേഷിയില്ലായ്മ.
-ഇസ്‌ലാമിക സമൂഹത്തില്‍ കുഴപ്പവും പ്രശ്‌നങ്ങളും സൃഷ്ടിക്കാനുള്ള ബാഹ്യശക്തികളുടെ പരോക്ഷമായ ഇടപെടലുകള്‍.
-സംഘടനയുടെയും പാര്‍ട്ടിയുടെയും നേതൃത്വത്തിനുള്ള കിടമത്സരങ്ങള്‍.
-സംഘടന അതിന്റെ അടിസ്ഥാനങ്ങളും ആദര്‍ശങ്ങളും കയ്യൊഴിയുകയും അവ പരിഹരിക്കാനുള്ള അടിയന്തിരമായ ഇടപെടലുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുക.
-പ്രബോധനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നതിനുള്ള അലസതയും അലംഭാവവും.

സംഘടനയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നതിന് പിന്നില്‍ ഇത്തരം നിരവധി കാരണങ്ങള്‍ ദര്‍ശിക്കാനാകും. പ്രവാചകന്റെയും സ്വഹാബികളുടെയും കാലഘട്ടങ്ങളില്‍ വരെ ഇത്തരം രോഗലക്ഷണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇസ്‌ലാമിക സമൂഹത്തില്‍ പ്രകടമായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സാഹചര്യത്തിന്റെ സമ്മര്‍ദ്ധവും അതില്‍ ഇടപെടാനുള്ള നേതൃത്വത്തിന്റെ ശേഷിയുമനുസരിച്ച് ഇവ ചിലപ്പോള്‍ ശക്തിപ്രാപിക്കുകയും മറ്റുചിലപ്പോള്‍ ദുര്‍ബലമാകുകയും ചെയ്യും.
 
ശമ്മാസു ബിന്‍ ഖൈസ് എന്ന ജൂതന്റെ കുതന്ത്രത്തിന്റെ ഫലമായി മദീനയിലെ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ജാഹിലിയ്യ ഗോത്രവികാരം ഇതിന് ഉദാഹരണമാണ്. മുഹമ്മദ് ബിന്‍ ഇസ്ഹാഖ് വിവരിക്കുന്നു: ‘ഔസ് -ഖസ്‌റജ് ഗോത്രനേതാക്കന്മാര്‍ക്കിടയിലൂടെ ഒരു ജൂതന്‍ കടന്നുപോയി. അവര്‍ക്കിടയിലുള്ള ഐക്യവും ഇണക്കവും അദ്ദേഹത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. ഉടനെ സമര്‍ഥനായ ഒരാളെ അവരിലേക്കയച്ചു കൊണ്ട് പറഞ്ഞു: നീ അവര്‍ക്കിടയില്‍ പോയി ജാഹിലിയ്യ കാലഘട്ടത്തില്‍ അവര്‍ക്കിടയില്‍ നടമാടിയ ബുആസ് യുദ്ധത്തിന്റെ കഥകള്‍ വിവരിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ പ്രസ്തുത ദൗത്യം സമര്‍ഥമായി നിറവേറ്റി. അത് കേട്ടപ്പോള്‍ ഔസ്-ഖസ്‌റജ് ഗോത്രക്കാര്‍ക്കിടയില്‍ പഴയ ഗോത്രവികാരങ്ങള്‍ ഉയിരെടുക്കാന്‍ തുടങ്ങി, അവര്‍ പരസ്പരം ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നു. ഔസുകാരേ, ഖസ്‌റജുകാരേ തുടങ്ങിയ പക്ഷപാതിത്വരഹിതമായ ജാഹിലിയ്യ പദപ്രയോഗങ്ങള്‍ വിളിച്ചുപറയുകയും ആയുധമേന്തുന്ന അവസ്ഥവരെ എത്തി.

ഈ വിവരം പ്രവാചകന്‍ അറിയുകയും ഇതിന്റെ പിന്നില്‍ ഒരു ജൂതന്റെ കുതന്ത്രങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു അവധാനതയും കൂടാതെ പ്രവാചകന്‍ അവരിലേക്ക് പുറപ്പെട്ടു. പ്രവാചകന്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘അല്ലയോ മുസ്‌ലിം സമൂഹമേ! അല്ലാഹു സാക്ഷി, ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ ജാഹിലിയ്യ വാദങ്ങളുമായി പുറപ്പെടുകയാണോ? അല്ലാഹു ഇസ്‌ലാമിലൂടെ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുതരുകയും നിങ്ങളെ ആദരിക്കുകയും ചെയ്തു, ജാഹിലിയ്യ ഉച്ഛനീചത്വങ്ങളില്‍ നിന്നും നിങ്ങളെ മുക്തമാക്കി, സത്യനിഷേധത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങളെ പരസ്പരം ഇണക്കുകയും ചെയ്തു.-എന്നിരിക്കെ നിങ്ങള്‍ ജാഹിലിയ്യത്തിന്റെ വാദഗതികളുമായി ഇറങ്ങിത്തിരിക്കുകയോ?

പ്രവാചകന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം അവര്‍ക്ക് തങ്ങളുടെ അബദ്ധങ്ങള്‍ മനസ്സിലാകുകയും ഇതിനുപിന്നില്‍ ജൂതന്റെ കരങ്ങളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അവര്‍ കണ്ണീരൊലിപ്പിച്ചുകൊണ്ട് പരസ്പരം ആലിംഗനം ചെയ്യുകയും കൂടുതല്‍ ഒരുമയോടെയും സ്‌നേഹത്തോടെയും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് തങ്ങളുടെ ഗോത്രങ്ങളിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലുഇംറാന്‍ 100 മുതല്‍ 105 വരെയുള്ള സൂക്തങ്ങള്‍ അവതീര്‍ണമായത്.

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

Related Articles