Current Date

Search
Close this search box.
Search
Close this search box.

ആത്മീയതയിലേക്ക് കുറുക്കുവഴികളില്ല

protect.jpg

ആത്മീയത തേടിയുള്ള യാത്രയിലാണ് മനുഷ്യന്‍. ഐഹിക ജീവിതത്തിലെ പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കെല്ലാം പരിഹാരം തേടിയുള്ള യാത്രകള്‍ മനുഷ്യനെ കൊണ്ടെത്തിക്കുന്നത് ആത്മീയതയിലാണ്. മനുഷ്യന്‍ തന്റെ അസ്ഥിത്വത്തിലേക്ക് മടങ്ങുമ്പോഴാണ് ആത്മീയത കൈവരിക്കുന്നത്. ശരീരവും ആത്മാവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. എന്നാല്‍ മനുഷ്യന്റെ ശരീരത്തിന് അല്‍പായുസ്സ് മാത്രമേയുള്ളൂ. മരണത്തോടു കൂടി അത് നശിക്കുന്നതാണ്. ഏത് നിമിഷവും മരണം മനുഷ്യനെ പിടികൂടും. എന്നാല്‍ അവന്റെ ആത്മാവ് ഒരിക്കലും നശിക്കാത്ത വസ്തുവാണ്. മരണത്തോടെ അത് ശരീരവുമായുള്ള ബന്ധം വിച്ഛേദിക്കുമെങ്കിലും അത് സ്ഥായിയായി നിലകൊള്ളും. സ്ഥായിയായി നിലകൊള്ളുന്ന ആത്മാവിന്റെ ശുദ്ധീകരണത്തിന് മനുഷ്യന്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ഏതുനിമിഷവും നശിച്ചുപോകാവുന്ന തന്റെ ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതിനും അതിനെ പരിചരിച്ച്  സുന്ദരമാക്കുന്നതിനും മനുഷ്യന്‍ ചെലവഴിക്കുന്ന സമയത്തിന്റെ കുറച്ചു ഭാഗമെങ്കിലും തന്റെ ആത്മാവിന്റ ശുദ്ധീകരണത്തിന് ചെലവിടേണ്ടതാണ്.

ആത്മീയത നേടാന്‍ കുറുക്കുവഴികള്‍ തേടുന്നവരാണ് ഇന്ന് മനുഷ്യരിലധികവും. നമ്മുടെ രാഷ്ട്രത്തിന്റെ പലഭാഗത്തും കൂണുകള്‍ കണക്കെ ഉയര്‍ന്നു വരുന്ന ആള്‍ ദൈവങ്ങളും വന്‍ മരങ്ങള്‍ കണക്കെ പടര്‍ന്നു പന്തലിക്കുന്ന അവരുടെ ആശ്രമങ്ങളും മനുഷ്യന്റെ ഇത്തരം ആത്മീയ തൃഷ്ണകളുടെ അനന്തര ഫലങ്ങളാണ്. എന്നാല്‍ ഇത്തരം ആത്മീയ കേന്ദ്രങ്ങളില്‍ നടക്കുന്ന അധാര്‍മികതകളും ചൂഷണങ്ങളും ഏവര്‍ക്കും വെളിപ്പെട്ട കാര്യമാണ്. ഗെയ്ല്‍ ട്രെഗ്‌വലിനെപ്പോലുള്ള ഇരകളുടെ വെളിപ്പെടുത്തലുകള്‍ ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

യഥാര്‍ത്ഥത്തില്‍ ആത്മീയത സ്രഷ്ടാവിലേക്കുള്ള മടക്കമാണ്. അതായത്, തന്റെ അസ്ഥിത്വത്തിലേക്കുള്ള മടക്കം. അതിന് കുറുക്കുവഴികളില്ല. തന്റെ സ്രഷ്ടാവ് തനിക്ക് നിര്‍ണ്ണയിച്ചു തന്ന ജീവിത പാത കണ്ടെത്തുകയും അതിലൂടെ ചരിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ആത്മീയതകൈവരിക്കാനുള്ള പാതയിലാണ്. സ്രഷ്ടാവിന്റെ പ്രീതി കൈവരിക്കുമ്പോല്‍ മനുഷ്യന്‍ ആത്മീയതയുടെ ഉത്തുംഗതയിലെത്തുന്നു. അതവന്റെ മനസ്സിന് ആനന്ദവും കുളിര്‍മയും പകരും. എന്നാല്‍ സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള പ്രധാന മാര്‍ഗം സൃഷ്ടികളോടുള്ള ബാധ്യതകള്‍ നിറവേറ്റലാണ്. സ്വന്തത്തോടും കുടുംബത്തോടും മാത്രമല്ല സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവരോടും മനുഷ്യന് ബാധ്യതകളുണ്ട്. അഗതിയും അനാഥയും ദരിദ്രനും രോഗിയും തുടങ്ങി എല്ലാവിഭാഗം ആളുകളോടും മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി എല്ലാ വിഭാഗം ജീവജാലളോടും മനുഷ്യന് ബാധ്യതകളുണ്ട്. ഇത്തരം ബാധ്യകള്‍ നിറവേറ്റുന്നതിലൂടെ മാത്രമേ മനുഷ്യന് ദൈവപ്രീതി കരഗതമാക്കാന്‍ കഴിയൂ. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഇതിനെക്കുറിച്ച ശക്തമായ പരാമര്‍ശങ്ങളുണ്ട്.

നബി(സ) പറഞ്ഞു: ‘പുനരുത്ഥാന നാളില്‍ പ്രതാപിയും മഹാനുമായ അല്ലാഹു പറയും: ‘മനുഷ്യപുത്രാ ഞാന്‍ രോഗിയായി. എന്നിട്ട് നീയെന്നെ പരിചരിച്ചിട്ടില്ല! അപ്പോള്‍ അവന്‍ ചോദിക്കും: ‘എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങനെ സന്ദര്‍ശിക്കാനാണ്, നീ സര്‍വ്വലോക രക്ഷിതാവല്ലയോ?’ അല്ലാഹു പറയും: ‘എന്റെ ഇന്നയടിമ രോഗിയാണെന്ന് നിനക്ക് അറിയാമായിരുന്നല്ലോ. എന്നിട്ട് നീ അയാളെ സന്ദര്‍ശിച്ചില്ല. നീ അയാളെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അയാളുടെ അടുത്ത് നിനക്കെന്നെ കണ്ടെത്താമായിരുന്നുല്ലേ? മനുഷ്യപുത്രാ, ഞാന്‍ നിന്നോട് ആഹാരം ചോദിച്ചു. നീ എനിക്ക് ആഹാരം തന്നില്ല! ‘അയാള്‍ ചോദിക്കും: ‘എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെയെങ്ങനെ ആഹരിപ്പിക്കാനാണ്; നീ സര്‍വ്വലോക രക്ഷിതാവല്ലേ?’ അല്ലാഹു പറയും: ‘എന്റെ ഇന്നയടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ. എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അയാള്‍ക്ക് ആഹാരം കൊടുത്തിരുന്നുവെങ്കില്‍ എന്റെ അടുത്ത് നിനക്കത് കാണാമായിരുന്നു. മനുഷ്യപുത്രാ, ഞാന്‍ നിന്നോട് വെള്ളം ചോദിച്ചു. നീ എനിക്ക് വെള്ളം തന്നില്ല.!’ അയാള്‍ പറയും: ‘എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങനെ കുടിപ്പിക്കാനാണ്. നീ സര്‍വ്വലോക രക്ഷിതാവല്ലയോ?’ അല്ലാഹു പറയും: ‘എന്റെ ഇന്നയടിമ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ അയാളെ കുടിപ്പിച്ചില്ല. നീ അയാളെ കുടിപ്പിച്ചിരുന്നെങ്കില്‍ അത് എന്റെ അടുത്ത് നിനക്ക് കാണാമായിരുന്നു.’  രോഗിയോടും വിശക്കുന്നവനോടും ദാഹിക്കുന്നവനോടുമുള്ള ബാധ്യതകള്‍ നിറവേറ്റല്‍ സ്രഷ്ടാവിലേക്കുള്ള വഴിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് പ്രവാചകന്‍. മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.’  ഭൂമിയിലെ എല്ലാ ജീവജാലങ്ങളോടും കാരുണ്യത്തോടെ വര്‍ത്തിക്കലും സ്രഷ്ടാവിന്റെ പ്രീതി കരഗതമാക്കാനുള്ള വഴിയാണെന്ന് ഉണര്‍ത്തുകയാണ് പ്രവാചകന്‍. സൃഷ്ടികളോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കാത്തവര്‍ അന്ത്യനാളില്‍ നരകത്തീയില്‍ കിടന്ന് അതിനെക്കുറിച്ച് പരിതപിക്കുന്ന രംഗങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പലഘട്ടങ്ങളില്‍ വര്‍ണിക്കുന്നുണ്ട്.

ആത്മീയത കരഗതമാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതിനുപകരം യഥാര്‍ത്ഥവഴികള്‍ തിരിച്ചറിയാന്‍ മനുഷ്യന്‍ സന്നദ്ധനാകേണ്ടതുണ്ട്. പള്ളിയില്‍ ഭജനമിരിക്കുന്നവനേക്കാളും സന്യാസ ജീവിതം നയിക്കുന്നവനേക്കാളും സ്രഷ്ടാവ് ഇഷ്ടപ്പെടുന്നത് പൊതുപ്രവര്‍ത്തകനെയും സാമൂഹികസേവകനെയുമാണെന്ന യാഥാര്‍ത്ഥ്യം ഓരോരുത്തരും തിരിച്ചറിയണം. അങ്ങനെ സ്രഷ്ടാവിന്റെ ‘ഉത്തമ ദാസന്‍’ എന്ന ഉന്നത പദവിയിലേക്ക് മനുഷ്യന് ഉയരാന്‍ കഴിയണം. ഉത്തമമായ സമൂഹ നിര്‍മ്മിതി അതിലൂടെ മാത്രമേ സാധ്യമാകൂ.

Related Articles