Current Date

Search
Close this search box.
Search
Close this search box.

ആത്മാര്‍ഥതയുടെ സദ്ഫലങ്ങള്‍

involve.jpg

അല്ലാഹുവിന്റെ പ്രീതിമാത്രം ലക്ഷ്യം വെച്ച് കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അത് മനസിലും ജീവിതത്തിലും നിരവധി സദ്ഫലങ്ങള്‍ പ്രദാനം ചെയ്യും. അവയില്‍ ചിലത് ചുവടെ വിവരിക്കാം.

ആത്മശാന്തി
ആത്മാര്‍ഥത അത് പ്രകടിപ്പിക്കുന്നവര്‍ക്ക് മനഃശാന്തിയും ഹൃദയവിശാലതയും നല്‍കും. കാരണം അല്ലാഹുവിന്റെ പ്രീതി എന്ന ഏകലക്ഷ്യത്തില്‍ അവന്റെ മനസ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരൊറ്റ ആഗ്രഹമേ അവനുള്ളൂ; ദൈവികതൃപ്തി നേടിത്തരുന്ന മാര്‍ഗത്തിലൂടെ ചരിക്കുക എന്നതാണത്. ലക്ഷ്യം വ്യക്തമാവുകയും അതിലേക്കുള്ള മാര്‍ഗം വളവും തിരിവുമില്ലാത്തതാവുകയും ചെയ്താല്‍ വഴികളുടെ ആധിക്യമോ ആഗ്രഹങ്ങളുടെ ഏറ്റുമുട്ടലോ മനുഷ്യനെ അസ്വസ്ഥനോ ചഞ്ചലനോ ആക്കുകയില്ല.

ഏകദൈവവിശ്വസിയായ മനുഷ്യനെ ഒരൊറ്റ യജമാനന്‍ മാത്രമുള്ള അടിമയുമായി ആ അടിമ തന്റെ യജമാനന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയുന്നു. അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധനാവുന്നു അല്ലാഹു ഉപമിക്കുന്നുണ്ട്. അതുപോലെ ബഹുദൈവവിശ്വാസിയെ ധാരാളം യജമാനന്‍മാരുള്ള ഒരു അടിമയോടേ അല്ലാഹു ഉപമിക്കുന്നു. ആ യജമാന്‍മാരൊരുത്തരും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ അവനോട് കല്പിക്കുന്നു. അവര്‍ ഓരോരുത്തരും അവനില്‍ നിന്ന് ആഗ്രഹിക്കുന്നത് വ്യത്യസ്തമാണ്. അങ്ങനെ അവന്റെ ലക്ഷ്യവും മനസ്സുമെല്ലാം ശിഥിലമാവുന്നു.

അല്ലാഹു ഇതാ ഒരു ഉദാഹരണം പറയുന്നു: ഒരു മനുഷ്യന്‍; ദുഷ്ടന്‍മാരും, അവനെ താന്താങ്ങളിലേക്ക് പിടിച്ചുവലിക്കുന്നവരുമായ അനേകം യജമാനന്‍മാര്‍ അവന്റെ ഉടമസ്ഥതയില്‍ പങ്കാളികളാണ്. മറ്റൊരാളോ, ഒരേയൊരു യജമാനന്റെ ദാസന്‍. ഈ രണ്ടുപേരുടെയും അവസ്ഥ ഒരു പോലെയാവുമോ. (അസ്സുമര്‍:29)

അങ്ങനെ അല്ലാഹുവിന് മാത്രം ആത്മാര്‍ഥമായി വഴിപ്പെടുന്നതിലൂടെ ഇതരര്‍ക്കുള്ള വഴിപ്പെടലിന്റെ നാശത്തില്‍ നിന്ന് വിശ്വാസിയായ മനുഷ്യന്‍ മോചനം നേടുന്നു. ദീനാറിന്റെയും ദിര്‍ഹമിന്റെയും മേത്തരം വസ്ത്രങ്ങളുടെയും അടിമ നശിച്ചിരിക്കുന്നു. അല്ലാഹുവിന് മാത്രം വഴിപ്പെടുന്നവന്‍ ഐശ്വര്യപൂര്‍ണനായിത്തീരുന്നു.

ആത്മീയ ശക്തി
ആത്മാര്‍ഥത (ഇഖ്‌ലാസ്വ്) വമ്പിച്ച ആത്മീയ ശക്തി പ്രദാനം നേടിത്തരുന്നു. കര്‍മങ്ങളുടെ ആത്യന്തികലക്ഷ്യമായി സമ്പത്തിനെയോ സ്ഥാനമാനങ്ങളെയോ കണക്കാക്കുന്നവര്‍ അങ്ങേയറ്റം ബലഹീനരാണ്. താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ കടിഞ്ഞാണ്‍ കൈപിടിയിലൊതിക്കിയവരുടെ മുന്നില്‍ അവന്‍ ദുര്‍ബലനാണ്. താന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സമ്പത്ത് നശിക്കുമെന്ന് ഭയപ്പെടുമ്പോള്‍ അവന്‍ അശക്തനാവുന്നു. അതേസമയം അല്ലാഹുവിന് വേണ്ടി വിറ്റ സംഗതികള്‍ ഒരുവന് വമ്പിച്ച ശക്തിയും കഴിവുകളും നേടിക്കൊടുക്കും. അങ്ങനെ തന്റെ ആത്മാര്‍ഥത വഴി എല്ലാ ഭൗതികശക്തികളേക്കാളും മികച്ച ശക്തി അവന് ലഭിക്കും.

നസാഈ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ (സനദ് ദുര്‍ബലം) അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് കൈവരുന്ന ശക്തിയുടെ തോത് വരച്ചുകാണിക്കുന്നുണ്ട്. അനസി(റ)ല്‍ നിന്ന് നിവേദനം: അല്ലാഹു ആകാശത്തെ സൃഷ്ടിച്ചപ്പോള്‍ അത് ആടിയുലയാന്‍ തുടങ്ങി. അപ്പോള്‍ അവന്‍ പര്‍വതങ്ങള്‍ സൃഷ്ടിച്ച് അതില്‍ സ്ഥാപിച്ചു. അന്നേരം പര്‍വതങ്ങളുടെ സൃഷ്ടിപ്പില്‍ അദ്ഭുതപ്പെട്ട മലക്കുകള്‍ ചോദിച്ചു: നാഥാ, പര്‍വതങ്ങളേക്കാള്‍ ശക്തമായ വല്ലതും നിന്റെ സൃഷ്ടികളില്‍ ഉണ്ടോ? അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും. ഇരുമ്പാണത്. മലക്കുകള്‍ ചോദിച്ചു: നാഥാ, ഇരുമ്പിനേക്കാള്‍ ശക്തമായ വല്ലതും നിന്റെ സൃഷ്ടികളില്‍ ഉണ്ടോ? അല്ലാഹു പറഞ്ഞു: അതെ. തീയാണത്. മലക്കുകള്‍ ചോദിച്ചു: നാഥാ, തീയേക്കാള്‍ ശക്തമായ വല്ലതും നിന്റെ സൃഷ്ടികളില്‍ ഉണ്ടോ? അല്ലാഹു പറഞ്ഞു: ഉണ്ട്. വെള്ളമാണത്. മലക്കുകള്‍ ചോദിച്ചു: നാഥാ, വെള്ളത്തേക്കാള്‍ ശക്തമായ വല്ലതും നിന്റെ സൃഷ്ടികളില്‍ ഉണ്ടോ? അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും. കാറ്റാണത്. മലക്കുകള്‍ വീണ്ടും ചോദിച്ചു: നാഥാ, കാറ്റിനേക്കാള്‍ ശക്തമായ വല്ലതും നിന്റെ സൃഷ്ടികളില്‍ ഉണ്ടോ? അല്ലാഹു പറഞ്ഞു: ഉണ്ട്. തന്റെ ഇടതുകൈപോലും അറിയാതെ വലതുകൈകൊണ്ട് ദാനം ചെയ്യുന്ന മനുഷ്യന്‍.

ഭൗതിക ശക്തികളേക്കാള്‍ മഹോന്നതാമാണ് ആത്മീയ ശക്തി എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അതായത്, അല്ലാഹുവിലുള്ള ആത്മാര്‍ഥതയാല്‍ മാത്രം കര്‍മം ചെയ്യുന്ന മനുഷ്യന്‍ ആണിയടിച്ചപോലെ ഉറപ്പിച്ചുനിര്‍ത്തിയ മലകളേക്കാള്‍, മല തുരക്കുന്ന ഇരുമ്പിനേക്കാള്‍, ഇരുമ്പുരുക്കുന്ന അഗ്നിയേക്കാള്‍, അഗ്നിയണക്കുന്ന വെള്ളത്തേക്കാള്‍ ജലവാഹിയായ കാറ്റിനേക്കാള്‍ ശക്തനായിരിക്കുമെന്നര്‍ഥം.

ഇതേ ആശയം ധ്വനിപ്പിക്കുന്ന ഒരു കഥ ഇമാം ഗസ്സാലി തന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഉദ്ദരിച്ചിട്ടുണ്ട്. ആത്മാര്‍ഥത ഒരാള്‍ക്ക് പ്രദാനം ചെയ്യുന്ന അസാധാരണമായ ശക്തിവിശേഷമാണ് അതില്‍ പ്രതിപാദിക്കുന്നത്. കഥയിങ്ങനെയാണ്. ഒരിടത്തൊരു ദൈവദാസനുണ്ടായിരുന്നു. താന്‍ ജീവിക്കുന്ന പ്രദേശത്ത് ജനങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന ഒരു വൃക്ഷത്തെ കുറിച്ച കേട്ടറിഞ്ഞ അദ്ദേഹം അത് വെട്ടിമുറിക്കാനുദ്ദേശിച്ച് ഒരു കൊടാലിയുമായി പുറപ്പെട്ടു. വഴിയില്‍ വെച്ച് ഇബ്‌ലീസ് അദ്ദേഹത്തെ തടഞ്ഞു. ആ മരം വെട്ടരുതെന്ന് ഇബ്‌ലീസ് അയാളോട് ആവശ്യപ്പെട്ടു. അദ്ദേഹം വഴങ്ങിയില്ല. അവര്‍ തമ്മില്‍ ഏറ്റുമുട്ടി. അദ്ദേഹം ഇബ്‌ലീസിനെ മലര്‍ത്തിയടിച്ചു. അന്നേരം ഇബ്‌ലീസ് ഒരു കുതന്ത്രം പ്രയോഗിച്ചു. ഇബ്‌ലീസ് പറഞ്ഞു: താങ്കള്‍ ആ വൃക്ഷം മുറിക്കാതെ തിരിച്ചുപോകണം. അത് മുറിച്ചതുകൊണ്ട് താങ്കള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാനില്ല. അത് മുറിച്ചുകളഞ്ഞാല്‍ ആളുകള്‍ വേറെ മരത്തെ ആരാധിക്കും. അതിനാല്‍ ഇപ്പോള്‍ താങ്കള്‍ തിരിച്ചുപോവുകയാണെങ്കില്‍ ഇന്നുമുതലുള്ള ഓരോ ദിവസവും ഓരോ ദീനാര്‍ വീതം ഞാന്‍ നിനക്ക് നല്‍കിക്കൊണ്ടിരിക്കും. താങ്കളുടെ തലയിണക്കിടിയില്‍ ഞാനത് വെക്കും. താങ്കള്‍ക്ക് അത് പ്രയോജനപ്പെടുത്താം. ദരിദ്രര്‍ക്ക് ദാനം ചെയ്യുകയുമാവാം. ദീര്‍ഘനേരത്തെ സംഭാഷണത്തിന് ശേഷം അദ്ദേഹം വഴങ്ങി. ഇബ്‌ലീസ് അഡ്വാന്‍സായി നല്ല ഒരു സംഖ്യ നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിര്‍ഹം വീതം തന്റെ തലയിണക്കടിയില്‍ നിന്ന് അയാള്‍ക്ക് കിട്ടിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം തലയിണ പൊക്കിനോക്കിയപ്പോള്‍ ദീനാര്‍ കാണുന്നില്ല. ഏതാനും നാളുകള്‍ അയാല്‍ ക്ഷമയോടെ കാത്തിരുന്നു. വഴിയില്‍വെച്ച് കണ്ട ആ സുഹൃത്ത് തന്റെ വാഗ്ദാനം പാലിക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. പക്ഷേ കാത്തിരിപ്പ് വൃഥാവിലായി. ഒടുവില്‍ തന്റെ കോടാലിയുമായി വീണ്ടും അയാള്‍ മരം മുറിക്കാനായി പുറപ്പെട്ടു. വഴിയില്‍ വെച്ച് ആ പഴയ സുഹൃത്ത് (ഇബ്‌ലീസ്) അയാളെ കണ്ടുമുട്ടി. മരം മുറിക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ ഇബ്‌ലീസ് ആവശ്യപ്പെട്ടു. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി നോക്കി. ഒടുവില്‍ ഇരുവരും ഏറ്റുമുട്ടി. പക്ഷേ ഇബ്‌ലീസ് വളരെ നിഷ്പ്രയാസം അയാളെ കീഴ്‌പെടുത്തി.

അന്നേരം അയാള്‍ ചോദിച്ചു: ഇത്തവണ എന്നെ തോല്‍പിക്കാന്‍ നിനക്കെങ്ങനെയാണ് സാധിച്ചത്? ഇബ്‌ലീസ് പറഞ്ഞു: കഴിഞ്ഞ തവണ നീ എന്നെ തോല്‍പിച്ചു. കാരണം, അന്ന് നിന്റെ കോപം അല്ലാഹുവിന് വേണ്ടിയായിരുന്നു. അതിനാല്‍ തന്നെ എന്നെക്കാള്‍ ശക്തി നിനക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ നീ കോപിച്ചത് ദീനാര്‍ ലഭിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് തന്നെ മുമ്പുണ്ടായിരുന്ന ശക്തി ഇപ്പോള്‍ നിനക്കില്ല. നീ എന്റെ മുമ്പില്‍ പരാജയപ്പെടാനുള്ള കാരണമതാണ്.

സമ്പത്തിനുവേണ്ടിയുള്ള കോപവും അല്ലാഹുവിന് വേണ്ടിയുള്ള കോപവും തമ്മിലുള്ള അന്തരം ഇവിടെ സുതരാം വ്യക്തമാണ്. അല്ലാഹുവിനോട് ആത്മാര്‍ഥത കാണിക്കുന്നവന്‍ പ്രലോഭനങ്ങള്‍ക്ക് വശംവദനാവുകയോ ഭീഷണികള്‍ക്ക് വഴങ്ങുകയോ ഇല്ല. പ്രവാചകനാണ് അവന്റെ മാതൃകാപുരുഷന്‍. പ്രബോധനമാര്‍ഗത്തില്‍ നിന്ന് തന്നെ തടയുന്നതിന് വേണ്ടി അധികാരവും സമ്പത്തും സ്ഥാനമാനങ്ങലും വാഗ്ദാനം ചെയ്ത ശത്രുക്കളോട് ദൃഢസ്വരത്തില്‍ പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവാണ, ഈ ദൗത്യം ഉപേക്ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ എന്റെ വലതുകൈയില്‍ സൂര്യനെയും ഇടതുകൈയില്‍ ചന്ദ്രനെയും വെച്ച് തന്നാലും ഞാന്‍ അപ്രകാരം ചെയ്യില്ല.’ സമ്പത്തിനോടോ അധികാരത്തോടോ തീരുമേനിയുടെ മനസില്‍ വല്ല താല്പര്യവുമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രതികരണം ദുര്‍ബലമാവുമായിരുന്നു.

പ്രവര്‍ത്തനനൈരന്തര്യം
ആത്മാര്‍ഥത ഒരുവന് നിരന്തരമായി കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള പ്രചോദനം നല്‍കുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍, ഉദരപൂരണത്തിനോ ലൈംഗികതൃഷ്ണയുടെ ശമനത്തിനോ വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ തന്റെ ആഗ്രഹം സഫലമാവാതെ വരുമ്പോള്‍ പ്രസ്തുത ഉദ്യമം അവസാനിപ്പിക്കുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവന്‍ തന്റെ ലക്ഷ്യം വിദൂരമാണെന്ന് മനസിലാകുമ്പോള്‍ പിറകോട്ടടിക്കുന്നു. ഭരണാധികാരികളുടെ പ്രീതി ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അയാള്‍ സ്ഥാനഭ്രഷ്ടനാവുന്നതോടെ അല്ലെങ്കില്‍ മരിക്കുന്നതോടെ പിന്‍മാറുന്നു.

എന്നാല്‍ അല്ലാഹുവിന് പ്രവര്‍ത്തിക്കുന്നവന്‍ ഒരിക്കലും തന്റെ കര്‍മങ്ങള്‍ നിര്‍ത്തുകയോ അതില്‍ നിന്ന് പിറകോട്ടടിക്കുകയോ ഇല്ല. കാരണം അവന്‍ പ്രവര്‍ത്തിക്കുന്നത് നിത്യനും ഒരിക്കലും നശിക്കാത്തവനുമായ അല്ലാഹുവിന് വേണ്ടിയാണ്. അവന്റെ സത്തയല്ലാത്തതൊക്കെയും നശ്വരമാകുന്നു (അല്‍ഖസ്വസ്വ് :88)

അതിനാലാണ് പൂര്‍വികര്‍ പറഞ്ഞത്: അല്ലാഹുവിനുവേണ്ടിയുള്ള കര്‍മങ്ങള്‍ക്ക് നൈരന്തര്യമുണ്ടാവും. അല്ലാഹുവേതരര്‍ക്കുള്ള കര്‍മങ്ങള്‍ക്ക് ഇടക്കുവെച്ച് നിലച്ചുപോവും. എക്കാലത്തും എവിടെയും അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണകാര്യങ്ങള്‍ ഇബാദത്തായി മാറുന്നു
ആത്മാര്‍ഥത ഒരു ‘ഇലിക്‌സിര്‍’ (വിവിധലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ കഴിയുന്ന ഒരു സാങ്കല്‍പിക ദ്രാവകം) ആണ്. അനുവദനീയമോ സാധാരണമോ ആയ കര്‍മങ്ങളുടെ മേല്‍ അത് ഒഴിച്ചാല്‍ അവയെ അത് ഇബാദത്താക്കി മാറ്റും. പ്രവാചകന്‍(സ) സഅ്ദി(റ)നോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് നീ എന്ത് ചെലവഴിച്ചാലും അതിന്റെ പേരില്‍ നിനക്ക് പ്രതിഫലം ലഭിക്കും. നീ നിന്റെ ഭാര്യയുടെ വായില്‍ വെച്ച് കൊടുക്കുന്ന ഉരുളക്ക് പോലും. (ബുഖാരി, മുസ്‌ലിം)

ദൈവികമാര്‍ഗത്തില്‍ പോരാടുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ദൈവദൂതനെ വെടിഞ്ഞ് വീട്ടില്‍ കുത്തിയിരിക്കുന്നതും അദ്ദേഹത്തെ അവഗണിച്ച് തന്‍കാര്യം നോക്കുന്നതും, മദീനാവാസികള്‍ക്കും പരിസരപ്രദേശങ്ങളിലുള്ള ബദവികള്‍ക്കും അശേഷം ഭൂഷണമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ സഹിക്കുന്ന പശിദാഹങ്ങളും ദേഹപീഡനങ്ങളും, സത്യനിഷേധികളെ രോഷാകുലരാക്കുന്ന ഏതുസ്ഥാനത്തും അവര്‍ വെക്കുന്ന ഓരോ ചുവടും ഏതെങ്കിലും ശത്രുവിനോട് (അവരുടെ സത്യവിരോധത്തിന്റെ പേരില്‍) ചെയ്യുന്ന ഏത് പ്രതികാരവും  എല്ലാം തന്നെ ഓരോ സല്‍കര്‍മമായി അവരുടെ പേരില്‍ രേഖപ്പെടുത്താതിരിക്കുന്നില്ല. സജ്ജനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹുവിനങ്കല്‍ പാഴായിപ്പോവുകയില്ലതന്നെ. അതേപ്രകാരം ഏറെയാവട്ടെ കുറച്ചാവട്ടെ (ദൈവികമാര്‍ഗത്തില്‍) ആ യോദ്ധാക്കള്‍ ചെലവഴിക്കുന്നതും (ജിഹാദിന്റെ ഭാഗമായി) വല്ല താഴ്‌വരയും താണ്ടുന്നതും എല്ലാം അവരുടെ പേരില്‍ സല്‍കര്‍മമായി രേഖപ്പെടുത്തുന്നതാകുന്നു. അവര്‍ നടത്തിക്കൊണ്ടിരുന്ന അതിവിശിഷ്ടമായ പ്രവര്‍ത്തനത്തിന് അല്ലാഹു പ്രതിഫലം നല്‍കാന്‍ വേണ്ടിയാണിത്. (അത്തൗബ: 120-121)

അവരുടെ വിശപ്പും ദാഹവും അവര്‍ ചെലവഴിക്കുന്നതുമെല്ലാം അല്ലാഹുവിങ്കലുള്ള നന്മയുടെ കണക്കുപുസതകത്തില്‍ രേഖപ്പെടുത്തപ്പെടും; അവ അല്ലാഹുവിന്റെ മാര്‍ഗത്തിലായിരിക്കുന്നിടത്തോളം കാലം. ദൈവികദീനിന്റെ ഉന്നമനത്തിനായി ഒരു മുസ്‌ലിം ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവ ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍’ ആയിത്തീരുന്നു.

അതിനേക്കാളെല്ലാം ഉപരിയാണ് ദൈവികസരണയിലെ പോരാട്ടത്തിനായി ഒരു കുതിരയെ (പഴയകാല ഭാഷ്യം -വിവ.) പരിപാലിക്കുന്നതിനുള്ള പ്രതിഫലം. അബൂഹുറൈറയില്‍ നിന്ന് നിവേദനം; പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവില്‍ അടിയുറച്ചുവിശ്വസിച്ചും അവന്റെ വാഗ്ദാനങ്ങള്‍ സത്യമാണെന്ന് അംഗീകരിച്ചും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാള്‍ ഒരു കുതിരയെ പ്രത്യേകം പോറ്റിവളര്‍ത്തിയാല്‍ അതിന്റെ തീറ്റയും കുടിയും മലവും മൂത്രവുമെല്ലാം അന്ത്യനാളില്‍ അവന്റെ നന്മയുടെ തുലാസിലുണ്ടാവും. (ബുഖാരി, മുസ്‌ലിം)

കര്‍മം ചെയ്തില്ലെങ്കിലും പൂര്‍ണ പ്രതിഫലം
ആത്മാര്‍ഥമായി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവന് ഏതെങ്കിലും കര്‍മം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കര്‍മത്തിന്റെ പൂര്‍ണമായ പ്രതിഫലം കരസ്ഥമാക്കാന്‍ കഴിയും. ഒരുവന്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്യുന്നവനായി സ്വവസതിയില്‍ നിന്ന് പുറപ്പെടുകയും വഴിക്കുവെച്ച് മരണപ്പെടുകയും ചെയ്താല്‍ അവന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ ഉറച്ചതുതന്നെ. അല്ലാഹു വളരെ പൊറുത്തുകൊടുക്കുന്നവനും കരുണയുള്ളവനുമാകുന്നു. (അന്നിസാഅ്: 100)
അനസി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്റെ കൂടെ തബൂക്ക് യുദ്ധം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങിയെത്തി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ചില ആളുകളെ മദീനയില്‍ വിട്ടേച്ചുകൊണ്ടാണ് നാം പുറപ്പെട്ടത്. നാം ഓരോ താഴ്‌വര താണ്ടിക്കടക്കുമ്പോഴും അവര്‍ (മാനസികമായി) നമ്മോടൊപ്പമുണ്ടായിരുന്നു. പ്രയാസങ്ങളാണ് അവരെ തടഞ്ഞുനിര്‍ത്തിയത്. (ബുഖാരി)

അബുദ്ദര്‍ദാഇല്‍ നിന്ന് നിവേദനം; പ്രവാചകന്‍ പറഞ്ഞു: രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ തന്റെ വിരിപ്പില്‍ കിടന്നുറങ്ങുന്നു. എന്നാല്‍ ഉറക്കം അതിജയിച്ചതിനാല്‍ പ്രഭാതത്തിലേ അവന്‍ ഉണര്‍ന്നുള്ളൂ. എന്നാലും അവന്‍ ഉദ്ദേശിച്ചത് അല്ലാഹു രേഖപ്പെടുത്തും. അത് തന്റെ നാഥന്‍ അവന് നല്‍കുന്ന ദാനമാണ്. (നസാഈ, ഇബ്‌നുമാജ)

പ്രവാചകന്‍ പറഞ്ഞു: സത്യസന്ധമായി ആരെങ്കിലും അല്ലാഹുവോട് രക്തസാക്ഷ്യം (ശഹാദത്ത്) ആവശ്യപ്പെട്ടാല്‍ അല്ലാഹു അവനെ രക്തസാക്ഷിയുടെ പദവിയിലേക്കുയര്‍ത്തും. അവന്‍ തന്റെ വിരിപ്പില്‍ കിടന്നാണ് മരിക്കുന്നതെങ്കിലും. (മുസ്‌ലിം)

രക്തസാക്ഷ്യത്തിനുള്ള തേട്ടം സത്യസന്ധമായിരിക്കണമെന്ന് ഈ തിരുവചനം നിബന്ധനവെക്കുന്നത് ശ്രേദ്ധേയമാണ്. കാരണം നാവിന്റെ വര്‍ത്തമാനങ്ങള്‍ എല്ലായ്‌പോഴും ഉളളില്‍ തട്ടിക്കൊണ്ടുള്ളതാവണമെന്നില്ലല്ലോ.

ആത്മാര്‍ഥമായി കര്‍മം ചെയ്യുന്നവന്‍  അത് ശരിയായ രൂപത്തിലല്ല ചെയ്യുന്നതെങ്കില്‍ പോലും, അവന്റെ സദുദ്ദേശ്യം പരിഗണിച്ചുകൊണ്ട്, ആ കര്‍മം മൂലം അല്ലാഹുവിലേക്കടുക്കാന്‍ കഴിയും. അവന്റെ ഉദ്ദേശ്യം അവന് ശുപാര്‍ശകനായി വരും. അത് അവന്റെ കര്‍മത്തിലെ ന്യൂനതകള്‍ പരിഹരിക്കും. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം:
ഒരാള്‍ മൂന്ന് രാത്രികളില്‍ ദാനം ചെയ്യുകയുണ്ടായി. പക്ഷേ, യാദൃശ്ചികമായി ആദ്യ ദിവസം അദ്ദേഹത്തിന്റെ ദാനം ലഭിച്ചയാള്‍ ഒരു കള്ളനായിരുന്നു. രണ്ടാം ദിവസം അത് ലഭിച്ചത് ഒരു വ്യഭിചാരിണിക്കായിരുന്നു. മൂന്നാം ദിവസം അത് ലഭിച്ചയാള്‍ ഒരു ധനികനായിരുന്നു. എന്നാല്‍ ഏതവസ്ഥയില്‍ അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുമായിരുന്നു. അതിനാല്‍ അല്ലാഹു അയാളുടെ ഹൃദയത്തില്‍ സ്ഥൈര്യവും മനസിന് വിശാലതയും നല്‍കാന്‍ ഉദ്ദേശിച്ചു. ഒരു ദിവസം സ്വപ്നത്തില്‍ ഒരാള്‍ വന്ന് അദ്ദേഹത്തോട് പറഞ്ഞു: ഒരു കള്ളന് താങ്കള്‍ സ്വദഖഃ നല്‍കിയില്ലേ. ഒരു പക്ഷേ അത്മൂലം അയാള്‍ തന്റെ മോഷണം അവസാനിപ്പിച്ചേക്കാം. അതുപോലെ ആ വ്യഭിചാരിണി അവളുടെ വേശ്യാവൃത്തി അവസാനിപ്പിച്ചേക്കാം. ആ ധനികന്‍ നിന്റെ പ്രവൃത്തിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും അല്ലാഹു തനിക്ക് നല്‍കിയിതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്‌തേക്കാം. ഉദ്ദേശ്യത്തിന്റെ പരിശുദ്ധി കാരണം അയാളുടെ ദാനം അല്ലാഹു സ്വീകരിച്ചു.

ദൈവിക സംരക്ഷണം
ആത്മാര്‍ഥതയുള്ളവരെ അല്ലാഹു എപ്പോഴും സഹായിച്ചുകൊണ്ടിരിക്കും. അല്ലാഹു ചോദിക്കുന്നതുപോല, അല്ലാഹുവിന്റെ ദാസന് അവന്‍ തന്നെ മതിയായവനല്ലയോ. (അസ്സുമര്‍:36) തന്റെ നാഥനോടുള്ള ആത്മാര്‍ഥതയുടെ തോതനുസരിച്ചായിരിക്കും അല്ലാഹുവിന്റെ സഹായവും സംരക്ഷണവും ഒരാള്‍ക്ക് ലഭിക്കുക. അല്ലാഹു പറയുന്നു: അല്ലായോ പ്രവാചകാ, നിങ്ങളുടെ അധീനത്തിലുള്ള തടവുകാരോട് പറയുക: നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിയുന്നുവെങ്കില്‍ നിങ്ങളില്‍ നിന്ന് വസൂല്‍ ചെയ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായത് അവന്‍ തിരിച്ചുതരുന്നതാണ്. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതുമാകുന്നു. (അല്‍അന്‍ഫാല്‍:70)
അല്ലാഹു വിശ്വാസികളില്‍ സംപ്രീതനായിരിക്കുന്നു. അവര്‍ ആ മരച്ചുവട്ടില്‍ വെച്ച് നിന്നോട് പ്രതിജ്ഞ ചെയ്തപ്പോള്‍ അവരുടെ മനോഭാവം അവന്നറിയാമായിരുന്നു. അതിനാല്‍ അവന്‍ അവരില്‍ സമാധാനം ചൊരിഞ്ഞു. അവര്‍ക്കുള്ള സമ്മാനമായി അടുത്ത വിജയവും നല്‍കി. അവര്‍ (അടുത്ത ഭാവിയില്‍) കൈവശമാക്കുന്ന ധാരാളം യുദ്ധമുതലുകളും. (അല്‍ഫത്ഹ്:18)

ആഇശ (റ) പറഞ്ഞു: അല്ലാഹുവിനെ തൃപ്തിപ്പെടുത്തുകവഴി ആരെങ്കിലും ജനങ്ങളെ കോപിഷ്ഠരാക്കിയാല്‍ ജനങ്ങളില്‍ നിന്ന് അല്ലാഹു അയാളെ സംരക്ഷിക്കും. അല്ലാഹുവിന് കോപമുണ്ടാക്കിക്കൊണ്ട് ആരെങ്കിലും ജനങ്ങളെ തൃപ്തിപ്പെടുത്തിയാല്‍ അല്ലാഹു അവനെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കും.

പ്രതിസന്ധി ഘട്ടങ്ങളിലെ ദൈവിക സഹായം
നിഷ്‌കളങ്കനായ വിശ്വാസിക്ക് ഉറങ്ങാത്ത കണ്ണുകളോടെ അല്ലാഹു കാവല്‍നില്‍ക്കും. വിപത്തുകളും പ്രയാസങ്ങളും  വലയം ചെയ്യുമ്പോള്‍ അവനെ തനിച്ചാക്കി അല്ലാഹു മാറിനില്‍ക്കുകയില്ല. അവന്റെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരമേകും. അവന്റെ വിളി കേള്‍ക്കും. അവനെ ആവരണം ചെയ്തിട്ടുള്ള ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കും.
ഈ വിഷയകമായി ഖുര്‍ആന്‍ വിവരിച്ച അദ്ഭുതകരമായ ഒന്നാണ് ബഹുദൈവവിശ്വാസികളുടെ പ്രാര്‍ഥനക്കുള്ള അല്ലാഹുവിന്റെ ഉത്തരം നല്‍കല്‍. അവര്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുകയാണ്. അന്നേരം അതിശക്തമായ കാറ്റും കോളുമുണ്ടാവുന്നു. നാനാഭാഗത്തുനിന്നും പടുകൂറ്റന്‍ തിരമാലകള്‍ ആ കപ്പലിനു നേരെ ഉയര്‍ന്നുവരുന്നു. ആ വിപത്‌സന്ധിയില്‍ അവര്‍ ആത്മാര്‍ഥതയോടെ അല്ലാഹുവിനോട് കേഴുന്നു. അല്ലാഹു അവരെ രക്ഷിക്കുന്നു. പിന്നീട് അവര്‍ വാക്ക് മാറ്റുന്നുണ്ടെങ്കിലും. (യൂനുസ്: 22-23)

അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചതിനാലാണ് അവരെ രക്ഷപ്പെടുത്തുന്നത്. ആ സന്ദര്‍ഭത്തില്‍ അടിസ്ഥാനപ്രകൃതിയിലേക്ക് അവര്‍ മടങ്ങിവന്നു. അല്ലാഹുവല്ലാത്ത മറ്റൊരു ദൈവവും അവരുടെ മനസിലേക്ക് കടന്നുവന്നില്ല.

ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതില്‍ നിഷ്‌കളങ്കമായ കര്‍മങ്ങള്‍ക്കുള്ള സ്ഥാനം വ്യക്തമാക്കുന്ന സംഭവമാണ് ഗുഹയില്‍ അകപ്പെട്ട മൂന്നാളുകളുടെ കഥ. അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന്: നബി(സ) പറഞ്ഞു: (ബനൂ ഇസ്‌റാഈല്‍ സമൂഹത്തിലെ) മൂന്നാളുകള്‍ നടന്നുപോകവെ, മഴ വര്‍ഷിച്ചപ്പോള്‍ അവര്‍ ഒരു പര്‍വതത്തിലെ ഗുഹയില്‍ അഭയം പ്രാപിച്ചു. (അവര്‍ അതില്‍ പ്രവേശിച്ച ശേഷം) പര്‍വതത്തില്‍ നിന്ന് ഒരു പാറ ഗുഹാമുഖത്ത് ഉരുണ്ടുവീഴുകയും തന്മൂലം ഗുഹാമുഖം അടഞ്ഞുപോവുകയും ചെയ്തു. അപ്പോള്‍ ‘നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സല്‍കര്‍മങ്ങള്‍ ഉണ്ടോ എന്ന് നോക്കുക.; അവയെ മുന്‍നിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിക്കുക. എങ്കില്‍ അല്ലാഹു അതിനെ അകറ്റിയേക്കും’ എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. അങ്ങനെ അവരിലൊരാള്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

അല്ലാഹുവേ, എനിക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. ഭാര്യയും കൊച്ചുകുട്ടികളുമുണ്ട്. അവര്‍ക്കുവേണ്ടി ഞാന്‍ (ആടുകളെ മേയ്ക്കും). (വൈകുന്നേരം) അവയെ അവരുടെ അടുത്തേക്ക് കൊണ്ടുവന്നാല്‍ ഞാന്‍ പാല്‍ കറന്നെടുക്കും. എന്റെ മക്കള്‍ക്ക് കൊടുക്കുന്നതിന് മുമ്പ് എന്റെ മാതാപിതാക്കളെ പാല്‍ കുടിപ്പിക്കും. ഒരു ദിവസം ആടുകള്‍ക്ക് ഭക്ഷിക്കാന്‍ വൃക്ഷത്തിന്റെ ഇല അന്വേഷിച്ച് എനിക്ക് കുറെ അകലെ പോകേണ്ടി വന്നു. സന്ധ്യയാകുന്നതുവരെ എനിക്ക് തിരിച്ചുവരാനായില്ല. വന്നപ്പോഴേക്കും അവര്‍ ഉറങ്ങിയിരുന്നു. സാധാരണ പോലെ ഞാന്‍ പാല്‍ കറന്നെടുത്തു. പാലുമായി മാതാപിതാക്കളുടെ അരികില്‍ നില്‍പായി. അവരെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നതിനോ അവര്‍ക്കുമുമ്പായി എന്റെ സന്തതികളെ പാല്‍കുടിപ്പിക്കുന്നതിനോ ഞാന്‍ ഇഷ്ടപ്പെട്ടില്ല. കുഞ്ഞുങ്ങള്‍ എന്റെ പാദങ്ങളില്‍ കിടന്ന് ഉറക്കെ കരയുന്നു. പ്രഭാതമാകുവോളം ഞാനും അവരും ഈ അവസ്ഥയില്‍ തുടര്‍ന്നുകൊണ്ട് സമയം കടന്നുപോയി. നിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് മാത്രമാണ് ഞാനങ്ങനെ ചെയ്തതെന്ന് നീ അറിയുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ആകാശം കാണുന്നതിന് ഈ പാറയെ അകറ്റേണമേ. പാറ അല്പം അകന്നു. അതോടെ അവര്‍ ആകാശം കണ്ടു.

രണ്ടാമന്‍ പ്രാര്‍ഥിച്ചു: എനിക്ക് ഒരു പിതൃവ്യപുത്രിയുണ്ടായിരുന്നു. ഞാന്‍ അവളെ സ്‌നേഹിച്ചു; പുരുഷന്‍മാര്‍ സ്ത്രീകളെ പ്രേമിക്കുന്നതിന്റെ വളരെ തീവ്രമായ രൂപത്തില്‍. ഞാനെന്റെ കാമനിവൃത്തിക്കായി അവളോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഞാന്‍ അവള്‍ക്ക് നൂറ് ദീനാര്‍ നല്‍കാതെ അതിന് സമ്മതിക്കില്ലെന്ന് അവള്‍. അങ്ങനെ ഞാന്‍ പ്രയാസപ്പെട്ട് നൂറ് ദീനാര്‍ സംഘടിപ്പിച്ചു. അതുമായി അവളുടെ അടുത്ത് ചെന്നു. അവളുടെ കാലുകള്‍ക്കിടയില്‍ ഞാന്‍ കിടന്നപ്പോള്‍ അവള്‍ അപേക്ഷിച്ചു: ദൈവദാസാ, നീ അല്ലാഹുവിനെ സൂക്ഷിക്കൂ. അവകാശമില്ലാതെ സീല്‍ പൊട്ടിക്കരുതേ. ഉടനെ അവളില്‍ നിന്ന് ഞാന്‍ എഴുന്നേറ്റുപോയി. ഞാനത് ചെയ്തത് നിന്റെ തൃപ്തി കാംക്ഷിച്ചാണ് എന്ന് നീ അിറയുന്നുവെങ്കില്‍ ഇതില്‍ നിന്ന് ഒരു വിടവ് ഉണ്ടാക്കേണ്ടമേ. അതോടെ അവന്‍ അവര്‍ക്ക് വിടവ് ഉണ്ടാക്കിക്കൊടുത്തു.

മൂന്നാമന്‍ പ്രാര്‍ഥിച്ചു: അല്ലാഹുവേ, ഞാന്‍ ഒരു തൊഴിലാളിയെ കൂലിക്ക് വിളിച്ചു; ഒരു ഫറഖ് (6.516 കിലോ) നെല്ല് കൂലി തരാമെന്ന വ്യവസ്ഥയില്‍. ജോലി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: എന്റെ കൂലി തരൂ. ഞാനവന് ഒരു ഫറഖ് നെല്ലു കൊടുത്തു. പക്ഷേ, അവനത് തൃപ്തിപ്പെടാത്തതിനാല്‍ സ്വീകരിച്ചില്ല. ഞാനാ നെല്ല് കൃഷി ചെയ്തു. അങ്ങനെ അതുകൊണ്ട് ധാരാളം പശുക്കളെയും അവയെ മേയ്ക്കുന്ന അടിമകളെയും സമ്പാദിച്ചു. (കുറെ കാലശേഷം) അയാള്‍ വന്ന് പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കൂ. എന്റെ അവകാശത്തില്‍ അക്രമം കാണിക്കരുത്. ഞാന്‍ പറഞ്ഞു: അതാ, അക്കാണുന്ന പശുക്കളുടെയും മേച്ചില്‍കാരുടെയും അടുത്ത് ചെന്ന് അവയെ കൊണ്ടുപൊയ്‌ക്കൊള്ളൂ. അപ്പോള്‍ അവന്‍ പറഞ്ഞു: താങ്കള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. എന്നെ കളിയാക്കരുത്. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിന്നെ ഞാന്‍ കളിയാക്കിയതല്ല. ആ പശുക്കളെയും ഇടയന്‍മാരെയും കൊണ്ടുപോകൂ. അങ്ങനെ അയാള്‍ അവയുമായി പോയി. ഞാനത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചാണെന്ന് നീ അിറയുന്നുവെങ്കില്‍ ഇതിന്റെ ബാക്കിയും ഞങ്ങള്‍ക്ക് നീ അകറ്റേണമേ. അങ്ങനെ ബാക്കിയും അല്ലാഹു അകറ്റി. അവര്‍ അതില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിഷ്‌കളങ്കരായ ദാസന്‍മാര്‍ ഇല്ലാത്ത ഒരവസ്ഥ ഭുമിയില്‍ ഉണ്ടാവില്ല. ഭൗതികജീവിതത്തിന് വെള്ളവു വായുവും എപ്രകാരം അനിവാര്യമാണോ അപ്രകാരം ആത്മീയ ജീവിതത്തിന് അത്തരക്കാര്‍ അത്യന്താപേക്ഷിതമാണ്.

സമൂഹങ്ങളുടെ രക്ഷ
ആത്മാര്‍ഥതയുടെ ഫലം പരലോകജീവിതത്തില്‍ പരിമിതമല്ല. അഥവാ അല്ലാഹുവിങ്കല്‍ കര്‍മങ്ങള്‍ സ്വീകാര്യമാവുക, സ്വര്‍ഗം നേടുക, നരകത്തില്‍ നിന്ന് മോചിതനാവുക എന്നിവയില്‍ ഒതുങ്ങുന്നതല്ല അത്. മറിച്ച്, അതിലുപരിയായി, ഇഹലോകത്തിലെ കാര്യങ്ങള്‍ നേരെചൊവ്വേ നടക്കാന്‍ ആത്മാര്‍ഥത ആവശ്യമാണ്. സത്യം സ്ഥാപിതമാവാനും മിഥ്യ തകരാനും നന്മ വ്യാപിക്കാനും നിതി നിലനില്‍ക്കാനും അന്ധകാരവും അനീതിയും ഇല്ലാതാവാനും നാശത്തില്‍ നിന്ന് സമൂഹങ്ങള്‍ മുക്തമാവാനും അത് അനിവാര്യമാണ്. ആത്മാര്‍ഥത അപ്രത്യക്ഷമാവുകയും കാപട്യം രംഗപ്രവേശം നടത്തുകയും കപടന്‍മാരുടെ ശബ്ദം ഉച്ചത്തിലാവുകയും അവരുടെ ചരക്കുകള്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജീവിതം താറുമാറാവുകയും അതിന്റെ സന്തുലിതത്വം നഷ്ടപ്പെടുകയും ചെയ്യുന്നത്. അത്തരം ആളുകള്‍ക്ക്  അവരുടെ ദേഹേഛകളുടേയും ഭൗതികവും ക്ഷണികവുമായ താല്പര്യങ്ങളുടെയും മാര്‍ഗത്തില്‍  നീചന്‍മാരെ പുണ്യവാളന്‍മാരും പിശാചുക്കളെ മാലാഖമാരും കള്ളന്‍മാരെ മാന്യന്മാരുമായി ചിത്രീകരിക്കാനും മാന്യന്മാര്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും നിരപരാധികള്‍ക്കെതിരെ കള്ളം പ്രചരിപ്പിക്കുകയും ചെയ്യാനും മരീചികയെ വെളളമാക്കാനും യാതൊരു സങ്കോചവുമില്ല.  

ഇഹലോകത്തോടും പണം, കീര്‍ത്തി, സ്ഥാനമാങ്ങള്‍, നേതൃത്വം പോലുള്ള അതിന്റെ വ്യാജഭാവങ്ങളോടുമുള്ള പ്രേമമാണ് ഫറോവമാരെയും ഏകാധിപതികളെയും സൃഷ്ടിച്ചത്. കപടന്‍മാരാണ് അതിന് അവര്‍ക്ക് കളമൊരുക്കുന്നത്. അവര്‍ അവരുടെ പാദങ്ങള്‍ തൊട്ട് വന്ദിക്കുന്നു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്നു. നാശത്തില്‍ നിന്നും തകര്‍ച്ചയില്‍ നിന്നുമെല്ലാം ഒരു ജനതയെ രക്ഷിക്കാന്‍ കഴിയുക അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് മാത്രമാണ്. ചുരുക്കത്തില്‍ ആത്മാര്‍ഥത കൊണ്ടല്ലാതെ ഇഹപര രക്ഷ പ്രാപിക്കാനാവില്ല. (അന്നിയ്യത്തു വല്‍ ഇഖ്‌ലാസ്വ് എന്ന് പുസ്തകത്തില്‍ നിന്ന്)

വിവ: അബൂദര്‍റ് എടയൂര്‍

Related Articles