Current Date

Search
Close this search box.
Search
Close this search box.

ആത്മസംതൃപ്തിയുടെ സ്ഥാനം

pray2.jpg

മനസ്സമാധാനവും ഹൃദയവിശാലതയും പ്രധാനം ചെയ്യുന്ന വലിയൊരു ഗുണമാണ് മനസംതൃപ്തി. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതിലൂടെയാണ് അത് നേടിയെടുക്കാനാവുക. ചില മഹാന്മാര്‍ പറയുന്ന വാക്കുകള്‍ പ്രസക്തമാണ്: ‘ഞാന്‍ അല്ലാഹുവിനെ കൈകാര്യക്കാരനായി സ്വീകരിച്ചതെപ്പോഴാണോ അന്ന് മുതല്‍ എനിക്ക് എല്ലാ നന്മകളിലേക്കുമുള്ള വഴികാണിക്കപ്പെട്ടു.’ ചില ആളുകള്‍ മനസംതൃപ്തിയെന്നതിനെ തവക്കുലിന്റെ ഒരു ഭാഗമായാണ് കണ്ടത്. ചില യുക്തിചിന്തകര്‍ പറയുന്നു: ‘തവക്കുല്‍ (ഭരമേല്‍പ്പിക്കല്‍) എന്നാല്‍ ദൈവവിധി (ഖദ്ര്‍)യിലുള്ള തൃപ്തിയാണ്.’ അല്ലാഹുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും തൃപ്തനാകുകയെന്നതാണ് യഥാര്‍ഥ തവക്കുലെന്നാണ് പണ്ഡിതന്മാരുടെ മറ്റൊരുഭാഷ്യം.

ഒരിക്കല്‍ യഹ്‌യ ബിന്‍ മുആദിനോട് ഒരാള്‍ ചോദിച്ചു: ഒരാള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവനാകുന്നത് എപ്പോഴാണ്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ തന്റെ കൈകാര്യകര്‍ത്താവായി തൃപ്തിപ്പെടുമ്പോള്‍.
മഹാനായ പണ്ഡിതന്‍ ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘മനസംതൃപ്തി ഭരമേല്‍പ്പിക്കുന്നതിന്റെ ഫലമാണ്. ആരെങ്കിലും തൃപ്തിയാണ് തവക്കുലെന്ന് പറഞ്ഞാല്‍ അത് ഫലം കൊണ്ട് ഒരു കാര്യത്തെ പരിചയപ്പെടുത്തുന്ന ശൈലിയിലാണ്. തൃപ്തിയാണ് തവക്കുലിന്റെ ഏറ്റവും വലിയ ഫലമെന്നാണ് അതിന്റെ ഉദ്ദേശ്യം. ആരെങ്കിലും യഥാര്‍ഥ തവക്കുല്‍ നടത്തിയാല്‍ അതിനര്‍ഥം അവന്‍ തന്റെ കൈകാര്യകര്‍താവിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തനായെന്നാണ്.’
ഇബ്‌നു തൈമിയ്യ പറഞ്ഞതായി ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിക്കുന്നു: വിധവിശ്വാസം എന്നാല്‍ രണ്ട് കാര്യങ്ങള്‍ ഉള്‍കൊള്ളുന്നതാണ്. സംഭവത്തിന്‍ മുമ്പ് ഭരമേല്‍പ്പിക്കുകയെന്നതാണ് ഒന്ന്. സംഭവശേഷം അതില്‍ തൃപ്തിപ്പെടുകയെന്നതാണ് രണ്ടാമത്തേത്. പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് മുമ്പ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ശേഷം വിധിയില്‍ തൃപ്തിപ്പെടുകയും ചെയ്യുന്നവരാണ് അല്ലാഹുവിന് അടിമപ്പെട്ടവര്‍.

ആത്മസംതൃപ്തി നേടിയവര്‍ക്ക് സ്വാഭാവികമായും നേടിയെടുക്കാനാകുന്ന ഫലങ്ങളാണ് സന്തോഷവും സമാധാനവും. ഇബ്‌നു മസ്ഊദ് പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കുന്നു: ‘നിശ്ചയമായും അല്ലാഹു അവന്റെ നീതികൊണ്ടും ന്യായംകൊണ്ടും സന്തോഷവും സമാധാനവും, തൃപ്തിയും ദൃഢവിശ്വാസവുമുള്ളവര്‍ക്ക് നല്‍കിയിരിക്കുന്നു. ദുഖവും ആശങ്കയും, പകയും സംശയവുമുള്ളവര്‍ക്കും നല്‍കിയിരിക്കുന്നു.’

അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവര്‍ തനിക്ക് വേണ്ടി താന്‍ തയ്യാറാക്കിയ പദ്ധതിയേക്കാള്‍ നല്ലത് അല്ലാഹു തനിക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അവന്‍ അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലും സുരക്ഷയിലും പ്രതീക്ഷയര്‍പ്പിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പ്രയാസങ്ങളും തന്റെ നാഥന്റെ പടിക്ക് മുമ്പില്‍ അവന്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് എല്ലാ ആശങ്കകളില്‍ നിന്നും വിശമങ്ങളില്‍ നിന്നും മോചിതനായി അവന്‍ സുരക്ഷിതനായി വിശ്രമിക്കുന്നു. എന്നിട്ടവന്‍ പറയുന്നു: എന്റെ കണ്ണുകള്‍ മയങ്ങുന്നു. പക്ഷെ എന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായ കണ്ണുകള്‍ മയങ്ങുന്നില്ല. ഇന്നലെ കഴിഞ്ഞതില്‍ ഞാന്‍ തൃപ്തിപ്പെടുന്നു. നാളെ വരാനുള്ളത് സര്‍വ്വശക്തന്റെ കൈകളിലാണ്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles