Current Date

Search
Close this search box.
Search
Close this search box.

ആകാശത്ത് നിന്നൊരു സ്പര്‍ശനം

mom.jpg

അവന്റെ വാക്കുകള്‍ മൃദുലവും ആശ്വാസദായകവുമാണ്, ഒരുമ്മയുടെ വാക്കുകള്‍ പോലെ. അവനെന്ത് പറഞ്ഞാലും ആ സംസാരത്തില്‍ ഒരു പുഞ്ചിരിയുള്ളതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ അവന്‍ ഉറക്കെ ചിരിക്കാറുമുണ്ട്. നേരെ ചൊവ്വേ സംസാരിക്കുന്ന പ്രകൃതക്കാരനാണെങ്കിലും വളരെ മൃദുലമായി എന്നെ വേദനിപ്പിക്കാതെ മാത്രമേ സംസാരിക്കാറുള്ളൂ. എനിക്കെന്ത് ഭയമോ ആശങ്കകളോ ഉണ്ടായാലും അതൊക്കെ ദുരീകരിക്കാന്‍ അവന്‍ ശ്രമിക്കാറുണ്ട്. ഇടക്കിടെ അവന്‍ എന്നെ സന്ദര്‍ശിക്കാറുണ്ട്. ഇനി എപ്പോള്‍ വരുമെന്ന് എനിക്ക് പറയാനാകില്ല. ദീര്‍ഘകാലം അവനെ കാണാതിരിക്കുമ്പോള്‍ എനിക്ക് ആകെ മടുപ്പ് തോന്നും. ഞാന്‍ ആകെ ദുര്‍ബലനായത് പോലെ. അവന്റെ ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവികൊടുത്തില്ലെങ്കില്‍ ഒരിക്കലും നിരാശനായോ കോപാകുലനായോ ഞാന്‍ അവനെ കണ്ടിട്ടില്ല. മറിച്ച് ”അടുത്ത തവണയാവട്ടെ” എന്നു പറഞ്ഞ് പുഞ്ചിരി തൂകും. ഇനി ഞാന്‍ അവന്റെ ഉപദേശങ്ങള്‍ക്ക് ശ്രദ്ധിക്കുമ്പോള്‍ അവന്റെ മുഖം സന്തോഷത്താല്‍ പ്രകാശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ അവന്റെ ഉപദേശങ്ങള്‍ കൂടിപ്പോകുന്നുണ്ടെന്ന് എനിക്ക് തോന്നും. അത് മനസ്സില്‍ തോന്നുന്ന വേളയില്‍ തന്നെ അവന്‍ നിശബ്ദനാകും. എന്നാല്‍ ഞാന്‍ അവനെ കണ്ടിട്ട് കുറേ നാളുകളായി. എനിക്ക് അവന്‍ തരുന്ന ആത്മവിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടത് പോലെ. അവന്‍ എപ്പോഴും എന്നോട് പറയാറുണ്ട്, നീ ഒന്നിനേയും ഭയപ്പെടരുത്, വിഷമിക്കരുത് എന്നൊക്കെ. എന്നിട്ട് അല്ലാഹുവിന്റെ മഹത്തായ കഴിവിനെ പറ്റി അവന്‍ എന്നെ ഓര്‍മിപ്പിക്കും. അവസാനമായി അവനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു, ഇനി എന്നു കാണും എന്ന്. എന്നാല്‍ അത് നീ തീരുമാനിക്കണം, നീ വിളിക്കുമ്പോള്‍ ഞാന്‍ വരും എന്നാണ്. അവനെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എന്നാലും അവനെ വീണ്ടും കാണണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു.

എന്റെയടുത്ത് വേറൊരുത്തന്‍ വരാറുണ്ട്. അവനെ കാണുന്നത് തന്നെ എനിക്ക് ഭയമാണ്. പരാജയത്തെ കുറിച്ചും, ഭാവിയെ കുറിച്ചുമൊക്കെ പറഞ്ഞു കൊണ്ട് അവന്‍ എന്നും എന്നെ അസ്വസ്ഥനാക്കും. എന്റെ ഓരോ ചുവടും പരാജയത്തിലേക്കാണ് എന്നാണ് അവന്റെ സംസാരം കേട്ടാല്‍ എനിക്ക് തോന്നാറുളളത്. ലോകത്ത് ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ഞാന്‍ ചിന്തിച്ചുപോകാറുണ്ട്. അവനെ ഞാന്‍ കഠിനമായി വെറുക്കുന്നു. ഇതു വളരെ വിചിത്രമാണ്. ഈ രണ്ടു കൂട്ടുകാരെയും ഞാന്‍ പരസ്പരം പരിചയപ്പെടുത്തിയിട്ടില്ല. ഒരേ സമയം അവരെ രണ്ടുപേരെയും എനിക്ക് കാണാന്‍ പറ്റാറില്ല. ആദ്യത്തെ കൂട്ടുകാരന്‍ ഉപദേശിച്ച നല്ല കാര്യങ്ങള്‍ രണ്ടാമത്തെ കൂട്ടുകാരനോട് പറയുമ്പോള്‍, അതെ ശരിയാണ്, പക്ഷേ…എന്നാണ് പറയാറുള്ളത്. അവന്‍ വളരെ കുശാഗ്രബുദ്ധിക്കാരനാണെങ്കിലും എന്റെ ആദ്യത്തെ ഫ്രണ്ടിനെ അവന്‍ എന്നും തള്ളിപ്പറയും. ഞാന്‍ എന്ത് ചെയ്താലും അവന് അതില്‍ കുറ്റങ്ങളും കുറവുകളും കണ്ടെത്താനുണ്ടാകും. മുന്‍ധാരണകള്‍ നിറഞ്ഞ എടുത്തുചാടിയുള്ള ഉപദേശങ്ങളാണ് അവന്‍ എപ്പോഴും നല്‍കാറുള്ളത്. അത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്കെന്റെ എല്ലാ ധൈര്യവും ചോര്‍ന്നു പോകുന്നത് പോലെ തോന്നും.

എന്നാല്‍ ഇങ്ങനെയൊരു കൂട്ടുകാരനെ എനിക്ക് വേണ്ടെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. അവന് ഒരിക്കലും എന്റെ നല്ല കൂട്ടുകാരനാവാന്‍ കഴിയില്ല.

ഒരു നിമിഷം നില്‍ക്കൂ, അതാരാണ് വരുന്നതെന്ന് നോക്കൂ. ഞാന്‍ ആദ്യം നിങ്ങളോട് പറഞ്ഞ എന്റെ നല്ലവനായ കൂട്ടുകാരന്‍. അവന്‍ തിരിച്ചു വന്നിരിക്കുന്നു.

പ്രവാചകന്‍(സ) പഠിപ്പിച്ചു: ”പിശാചും മനുഷ്യനെ സ്പര്‍ശിക്കും മാലാഖമാരും മനുഷ്യനെ സ്പര്‍ശിക്കും. പിശാച് സ്പര്‍ശിച്ചാല്‍ അത് നിരാശയും അപകര്‍ഷതാബോധവും അധമചിന്തയുമല്ലാതെ മറ്റൊന്നും നല്‍കുകയില്ല. എന്നാല്‍ മാലാഖ സ്പര്‍ശിച്ചാല്‍ പ്രതീക്ഷയും നന്മയും നേര്‍മാര്‍ഗവും ലഭിക്കും. മാലാഖയാല്‍ സ്പര്‍ശിക്കപ്പെട്ടവന്‍ അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിശാചിനാല്‍ സ്പര്‍ശിക്കപ്പെട്ടവന്‍ അല്ലാഹുവില്‍ അഭയം തേടുകയും പാപമോചനം തേടിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്.”

അതിഥികളെ ആദരിക്കണമെന്നത് പ്രവാചകന്‍(സ) പഠിപ്പിച്ച മര്യാദയുടെ പാഠങ്ങളിലൊന്നാണ്. ഇത് മനുഷ്യ അതിഥികളെ ആദരിക്കുന്ന കാര്യം മാത്രമല്ല. മാലാഖമാരായ അതിഥികള്‍ വന്നാലും നാം ആദരിക്കേണ്ടതുണ്ട്. അത് അവരുടെ ഉപദേശങ്ങള്‍ ശ്രവിച്ചുകൊണ്ടും ജീവിതത്തില്‍ പകര്‍ത്തികൊണ്ടുമായിരിക്കണം. പൈശാചിക ദുര്‍ബോധനങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒറ്റപ്പെടല്‍, ഭയം, നിസ്സഹായത എന്നിവയൊക്കെ അത് മനുഷ്യനില്‍ ഉണ്ടാക്കിത്തീര്‍ക്കും. ഹൃദയത്തിന്റെ വക്രതയുടെ പ്രഭവകേന്ദ്രത്തെ കണ്ടെത്തുക എന്നതാണ് അധമചിന്തകളെ തടയാനുള്ള ഒന്നാമത്തെ പടി. വിശ്വാസിയുടെയോ വിശ്വാസിനിയുടെയോ ഹൃദയം അവരുടെ നിധിയാണ്. വിചാരണ ചെയ്യപ്പെടുന്നതും കണക്ക് തീര്‍പ്പാക്കപ്പെടുന്നതും ഈ ഹൃദയത്തെ തന്നെയാണ്. പിശാചിന്റെയും കൂട്ടാളികളുടെയും കയ്യില്‍ നിന്ന് അതിനെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

വിവ: അനസ് പടന്ന

Related Articles