Current Date

Search
Close this search box.
Search
Close this search box.

അസൂയാലു ഒരു മനോരോഗിയാണ്‌

envy.jpg

അസൂയ ഒരു മനോരോഗമാണ്. ഒരു പക്ഷെ, മനുഷ്യരിലുണ്ടായ ആദ്യത്തെ പ്രശ്‌നവും അത് തന്നെയായിരിക്കും. ലോകത്ത് നടന്ന പ്രഥമ കുറ്റകൃത്യം ഇതാണെന്ന് ചില ഇസ്‌ലാമിക പണ്ഡിതന്മാര്‍ പറയുന്നു. ആദമിന്ന് സുജൂദ് ചെയ്യാന്‍ അല്ലാഹു മലക്കുകളോട് ആജ്ഞാപിച്ചപ്പോള്‍, ഇബ്‌ലീസ് നിരസിക്കുകയായിരുന്നു. ആദമിന്ന് ലഭിച്ച ബഹുമതിയിലുണ്ടായ അസൂയയായിരുന്നു കാരണം. ‘അവന്‍ പറഞ്ഞു: ‘നീ മണ്ണുകൊണ്ടുണ്ടാക്കിയവനെ ഞാന്‍ പ്രണമിക്കയോ?’ പിന്നെ അവന്‍ പറഞ്ഞു: ‘നീ എെന്നക്കാള്‍ ശ്രേഷ്ഠനാക്കിയ ഇവന്‍ അതിനര്‍ഹന്‍ തന്നെയാണോ? നീ എനിക്ക് പുനരുത്ഥാനനാള്‍ വരെ അവസരം തരികയാണെങ്കില്‍, അവന്റെ വംശത്തെ മുഴുവന്‍ ആ പദവിയില്‍നിന്ന് ഞാന്‍ പിഴുതെറിയുകതന്നെ ചെയ്യും.’ (17: 62)

പിന്നെ അവന്‍ ആദമിനെയും ഭാര്യയെയും പാപത്തിന്നു പ്രേരിപ്പിക്കുകയായിരുന്നു. അവര്‍ അനുതപിക്കുകയും അല്ലാഹു അവര്‍ക്ക് മാപ്പു നല്‍കുകയും ചെയ്തു. പക്ഷെ, ഭൂമിയിലെത്തിയ ഇരുവര്‍ക്കും രണ്ടു പുത്രന്മാരുണ്ടായി. ഹാബീലും ഖാബിലും! സഹോരനോടുള്ള അസൂയ കാരണം, ഖാബീല്‍ അദ്ദേഹത്തെ വധിച്ചു കളഞ്ഞു. ഖുര്‍ആനില്‍ അത് ഇങ്ങനെ വായിക്കാം:

‘ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥയും യഥാവിധി അവരെ കേള്‍പ്പിക്കുക. അവരിരുവരും ബലിയര്‍പ്പിച്ചപ്പോള്‍ ഒരുവന്റെ ബലി സ്വീകരിക്കപ്പെട്ടു. അപരന്റേതു സ്വീകരിക്കപ്പെട്ടില്ല. അവന്‍ പറഞ്ഞു: ‘ഞാന്‍ നിന്നെ കൊന്നുകളയും.’ അപരന്‍ പ്രതിവചിച്ചു: ‘അല്ലാഹു ഭക്തന്മാരുടെ വഴിപാടു മാത്രമേ സ്വീകരിക്കുകയുള്ളൂ; നീ എന്നെ വധിക്കാനായി കരമുയര്‍ത്തിയാല്‍, നിന്നെ വധിക്കാനായി ഞാന്‍ കരമുയര്‍ത്തുന്നതല്ല. ഞാന്‍ സര്‍വലോകനാഥനായ അല്ലാഹുവിനെ ഭയപ്പെടുന്നു.’ (5: 27)

അസൂയക്ക് ഹസദ് എന്നാണ് അറബിയില്‍ പറയുക. അസൂയയില്‍ നിന്നും ഹാനികരമായ അതിന്റെ ഭവിഷ്യത്തുകളില്‍ നിന്നും നമ്മെ രക്ഷിക്കുന്നതിന്നായി, ഖുര്‍ആനിലും തിരു സുന്നത്തിലും വേണ്ടുവോളം മാര്‍ഗരേഖകളുണ്ട്. മറ്റൊരാളിലെ ഒരു ഗുണത്തെ വെറുക്കുന്നതോടപ്പം അതയാളില്‍ ഇല്ലാതാകുന്നത് നീ ആഗ്രഹിക്കുകയത്രെ അസൂയ.

എന്നാല്‍, അപരനില്‍ കാണുന്ന ഒരു ഗുണത്തിന്റെ പേരില്‍, അയാളെ വെറുക്കാതെ, അയാളില്‍ നിന്ന് ഇത് ഇല്ലാതാകണമെന്ന് ആഗ്രഹിക്കാതെ, അത് തന്നിലുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്, ഇസ്‌ലാമിക ദൃഷ്ട്യാ അസൂയയല്ല.

നന്മയിലെ മത്സരം ഇസ്‌ലാം അനുവദിക്കുന്നു. നന്മ മെച്ചപ്പെടുത്തുകയും അതിശയമാക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദ്ദേശം. വെറുപ്പോ അസൂയയോ ഇല്ലാതിരിക്കുകയും അപരന്ന് തിന്മ ആഗ്രഹിക്കാതിരിക്കുകയും ചെയ്യണമെന്ന് മാത്രം.

പണം, അധികാരം, പ്രശസ്തി അല്ലെങ്കില്‍ ഭോഗേച്ഛ തുടങ്ങിയ ഭൗതിക കാര്യങ്ങള്‍ പരിമിതിയുള്ളവയാണ്. ഭൗതിക കാര്യങ്ങളില്‍ അസൂയ വരുന്നത് അത് കൊണ്ടാണ്. ആത്മീയ കാര്യങ്ങളാകട്ടെ, അപരിമിതങ്ങളാണ്. ഒരാളില്‍ ഒരു ആത്മീയ കാര്യമുണ്ടെങ്കില്‍, അപരനില്‍ അതില്ലാതാവുകയോ കുറയുകയോ ചെയ്യുമെന്ന ഭീതിയുണ്ടാവുകയില്ലല്ലോ. അതിനാല്‍, ആത്മീയ കാര്യങ്ങളില്‍ അസൂയയുണ്ടാവുകയില്ല. സ്വര്‍ഗത്തില്‍ അസൂയയില്ലെന്നു പറയുന്നത് ഇത് കൊണ്ടാണ്.

അസൂയയുടെ ഹേതുക്കള്‍

പ്രമുഖ ഇസ്‌ലാമിക ചിന്തകനും തത്വശാസ്ത്രജ്ഞനും പണ്ഡിതനുമായ ഇസാം ഗസ്സാലി(റ) അസൂയക്ക് ഹേതുവായേക്കാവുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അവ ഇതാണ്:

1. ശത്രൂത: ഒരു വ്യക്തിയോടോ, സംഘത്തോടോ ശത്രുതയുള്ള ഒരാള്‍, പ്രസ്തുത വ്യക്തിയിലോ, സംഘത്തിലോ എന്തങ്കിലും നന്മയുണ്ടാകുന്നത് കാണാന്‍ ഇഷ്ടപ്പെടുകയില്ല.

2. അതിമോഹം: അപരന്‍ തന്നെക്കാള്‍ മുന്നിലോ, മീതെയോ ആകുന്നത് ഇയാളെ വേദനിപ്പിക്കുന്നു.

3. ഗര്‍വും അഹങ്കാരവും: അപരന്‍ തന്റെ മുമ്പിലാകുന്നതോ, അയാളില്‍ എന്തങ്കിലും നന്മയുണ്ടാകുന്നതോ, ദുരഭിമാനിയും അഹങ്കാരിയുമായ ഒരാളില്‍ അസൂയ ജനിപ്പിക്കും.

4. ആശ്ചര്യം: അപരന്‍ തന്നെക്കാള്‍ മെച്ചപ്പെട്ടവനാണെന്നു കാണുന്നത് ചിലപ്പോള്‍ ഇയാളെ ആശ്ചര്യഭരിതനാക്കും. ‘ഇയാള്‍ക്ക് ഇത്രമാത്രം സമ്പത്തും വിജയവും ജനസമ്മിതിയും ലഭിച്ചതെങ്ങനെ’യെന്ന് അയാള്‍ ആശ്ചര്യപ്പെടും.

5. ഭയം: അപരനില്‍ ഇന്നിന്ന നന്മകളുണ്ടായാല്‍, തനിക്കത് ലഭിക്കുകയില്ലല്ലോ എന്ന ഭയം.

6. അധികാരത്തോടും പെരുമയോടുമുള്ള മോഹം: മറ്റുള്ളവരുടെ മീതെയാകാന്‍ മോഹിച്ചു കൊണ്ടിരിക്കുന്ന വ്യക്തി, പലപ്പോഴും, അസൂയാലുവായി തീരുന്നു.

7. ദുഷ്ടപ്രകൃതവും ദുരാഗ്രഹവും: മറ്റുള്ളവരില്‍ സന്തോഷം കാണുന്നത് ഇഷ്ടപ്പെടാത്ത ഇവര്‍, തങ്ങളൊഴികെ ലോകം മുഴുവന്‍ ദുരിതത്തിലും വിഷമത്തിലും കഴിയണമെന്നായിരിക്കും ആഗ്രഹിക്കുക.

സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, തുല്യ ജോലിക്കാര്‍, സമപ്രായക്കാര്‍ തുടങ്ങി, പരസ്പരം അറിയുന്നവര്‍ക്കിടയിലായിരിക്കും, സാധാരണയില്‍, അസൂയയുണ്ടാവുക. അസൂയ നിഷിദ്ധമായൊരു കാര്യമാണെന്ന വസ്തുതയെ കുറിച്ച് വിശ്വാസി എപ്പോഴും ബോധവാനാകേണ്ടതുണ്ട്. പരസ്പരം അസൂയയോ, ബഹിഷ്‌കരണമോ, വെറുപ്പോ, കൗശല പ്രയോഗമോ നടത്താതെ, ദൈവദാസന്മാര്‍, പരസ്പര സഹോദരങ്ങളായി വര്‍ത്തിക്കണമെന്നാണ് പ്രവാചകന്റെ ആഹ്വാനം.

എങ്ങനെ മറികടക്കാം?

അസൂയ ഹറാമും ദൈവകോപദായകവുമാണെന്ന ബോധമുണ്ടാവുകയാണ്, അതിനെ മറികടക്കാനുള്ള പ്രഥമ പരിഹാരം. അസൂയാലു ഒരു മനോരോഗിയാണ്. ഈ രോഗത്തില്‍ നിന്ന് ശമനം കിട്ടാന്‍ അയാള്‍ യത്‌നിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഒരാളോട് അസൂയ തോന്നിയാല്‍, അയാള്‍ക്ക് നന്മചെയ്യാന്‍, പ്രത്യേകിച്ചു് അസൂയ തോന്നിയ കാര്യത്തില്‍, ശ്രമിക്കുകയാണ്, അതിനെ മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം. ഉദാഹരണമായി, ഒരു വ്യക്തിയുടെ സദ്കീര്‍ത്തി നിങ്ങളെ അലോസരപ്പെടുത്തുന്നുവെന്ന് വിചാരിക്കുക. അയാളെ കൂടുതല്‍ പ്രശംസിക്കാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അപരന്ന് ഹാനിയുണ്ടാക്കണമെന്നോ, അയാളില്‍ തിന്മയുണ്ടാകണമെന്നോ, നിങ്ങളുടെ അസൂയ നിങ്ങളെ ഉപദേശിക്കുന്നുവെങ്കില്‍, അയാള്‍ക്ക് നന്മ ചെയ്യാന്‍ ശ്രമിക്കുക, അയാളോടു കൂടുതല്‍ ദയ കാണിക്കുക, സമ്മാനം കൊടുക്കുക, സന്തോഷിപ്പിക്കുക. ഇതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ, ദൈവപ്രീതിക്കായി, ഇത് നിങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഒരു കുറ്റം ഒഴിവാകുന്നു, അതോടൊപ്പം, നിങ്ങളുടെ മനസ്സിന്ന് ആരോഗ്യവും സന്തോഷവും ലഭിക്കുകയും ചെയ്യുന്നു. അത് വഴി, നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും കിട്ടുന്നു.

അസൂയാലു എപ്പോഴും അസംതൃപ്തിയിലും ക്ലേശത്തിലുമായിരിക്കും ജീവിക്കുക. അയാള്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുന്നു, ദുരിതജീവിതം നയിക്കുകയും ചെയ്യുന്നു.

ഒരാള്‍ക്ക് നിങ്ങളോട് അസൂയയുണ്ടെന്നും, നിങ്ങളെ അയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്നും നിങ്ങള്‍ക്ക് തോന്നിയെന്നിരിക്കട്ടെ. മുന്‍കരുതലുകള്‍ സ്വീകരിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. അസൂയയില്‍ നിന്നുള്ള മോചനത്തിന്നായി, പ്രവാചകന്‍(സ) സൂറതുല്‍ ഫലഖ് (സൂറ: 113) പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. ഉറങ്ങാന്‍ പോകുന്നതിന്നു മുമ്പ്, ഈ സൂറത്തും ശേഷമുള്ള സൂറതുന്നാസും (സൂറ: 114)പാരായണം ചെയ്യുന്നത് നല്ലതാണ്.

നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഇത് ഓതിക്കൊടുക്കുകയും, എല്ലാ ദോഷങ്ങളില്‍ നിന്നുമുള്ള സുരക്ഷക്കായി, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 

വിവ : കെ എ ഖാദര്‍ ഫൈസി
 

Related Articles