Current Date

Search
Close this search box.
Search
Close this search box.

അശ്ലീല പുസ്തകങ്ങളുടെ വില്‍പന

store.jpg

ആധുനിക കാലത്ത് വിശ്വാസികള്‍ നാനാവിധ പരീക്ഷണങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പ്രലോഭനങ്ങളില്‍ നിരവധി പേര്‍ അകപ്പെട്ടുപോയിട്ടുണ്ട്. തിന്മകളുടെ അനിയന്ത്രിതമായ വ്യാപനം കാരണം ജനങ്ങള്‍ ഭയമോ ലജ്ജയോ കൂടാതെ പരസ്യമായി തെറ്റുകള്‍ ചെയ്യുന്ന സ്ഥിതി വന്നിരിക്കുന്നു. ദീനിനെ കുറിച്ച ആലസ്യം, ശരീഅത്ത് വിധിവിലക്കുകളെ പരിഗണിക്കാതിരിക്കുക, മതബോധമുള്ളവര്‍ തന്നെ നന്മയുടെ സംസ്ഥാപനം, തിന്മയുടെ ഉഛാടനം എന്ന തങ്ങളുടെ ബാധ്യതകളെ വിസ്മരിക്കുക…തുടങ്ങിയ വലിയ പ്രത്യാഘാതങ്ങളാണ് ഇത് മുസ്‌ലിം സമൂഹത്തില്‍ വരുത്തിയിട്ടുള്ളത്. സത്യസന്ധമായ പശ്ചാത്താപവും അല്ലാഹുവിന്റെ കല്‍പന-നിരോധങ്ങളെ മുഖവിലക്കെടുക്കലും അധര്‍മികളുടെ കൈക്ക് പിടിക്കലും മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.

സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലത വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പത്ര – മാഗസിനുകളുടെയും സൈറ്റുകളുടെയും നിര്‍മാണവും വ്യാപനവുമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. അല്ലാഹുവിനെയും പ്രവാചകനെയും പരിഹാസ്യ രൂപേണ അവതരിപ്പിക്കുന്ന മാധ്യമങ്ങളും, അധാര്‍മികതയിലേക്ക് നയിക്കുന്ന വികാരോദ്ദീപകമായ സ്ത്രീകളുടെ  നഗ്നചിത്രങ്ങളടങ്ങുന്ന പ്രസിദ്ധീകരണങ്ങളും അധര്‍മത്തിലേക്കും തെമ്മാടിത്തത്തിലേക്കും സമൂഹത്തെ തള്ളിവിടുകയാണ് ചെയ്യുന്നത്.

പത്രമാഗസിനുകളുടെ പുറത്തും അകത്തുമായി കിടക്കുന്ന അശ്ലീല ചിത്രങ്ങള്‍, പ്രലോഭനങ്ങളടങ്ങുന്ന സ്ത്രീ വേഷങ്ങള്‍, ലജ്ജയോ ധര്‍മമോ കൂടാതെ അശ്ലീലച്ചുവയുള്ള സംസാരങ്ങള്‍, അശ്ലീലത പ്രചരിപ്പിക്കുന്ന നടീ നടന്മാരുടെ അഭിനയങ്ങള്‍, നൃത്തങ്ങള്‍ തുടങ്ങിയവയെല്ലാം സ്ത്രീപുരുഷ സങ്കലനത്തിനും ഹിജാബ് വലിച്ചെറിയാനും അഴിഞ്ഞാട്ടത്തിലും നഗ്നതയിലുമായി കഴിഞ്ഞുകൂടാനുമുള്ള പ്രബോധനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുവതീ യുവാക്കളില്‍ വികാരമുളവാക്കുന്ന എഴുത്തുകളും കഥകളുമെല്ലാം പ്രൊമോട്ട് ചെയ്യുന്നതും ഇതുതന്നെയാണ്.

എത്രയെത്ര യുവതീ – യുവാക്കന്മാരാണ് ഇതില്‍ വശംവദരായി തങ്ങളെയും തങ്ങളുടെ മതബോധത്തെയും ഹനിച്ചിട്ടുള്ളത്. ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്ന് അന്യം നിന്നുകൊണ്ട് മറ്റു സംസ്‌കാരങ്ങളുടെ ജീവിതരീതി തേടിപ്പോകാന്‍ അവരെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. നഗ്നതയുടെ വിപണനം നടക്കുന്ന ചുവന്ന തെരുവുകള്‍ വരെ ഇന്ന് വ്യാപകമാണ്.
ഈ പരിതസ്ഥിതിയില്‍ ഇത്തരം മാഗസിനുകളുടെ പ്രസാധനം, അതിലെ ജോലി, വില്‍പന, വ്യാപനം എന്നിവയെ കുറിച്ചുള്ള ഇസ്‌ലാമികമായ അന്വേഷണം വളരെ പ്രസക്തമാണ്.

1. സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതുമായ പത്രമാധ്യമങ്ങള്‍ പുറത്തിറക്കുന്നത് ഹറാമാണ്. അല്ലാഹു ഇവരെ താക്കീത് ചെയ്യുന്നു: ‘സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല’. (അന്നൂര്‍ 19)

2. മാനേജര്‍, എഡിറ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍, പ്രിന്റര്‍ തുടങ്ങി ഇത്തരം മാധ്യമങ്ങളില്‍ ഏതര്‍ഥത്തിലുള്ള ജോലി ചെയ്യുന്നതും ഹറാമാണ്. കാരണം പ്രസ്തുത ജോലി അധാര്‍മികതയെയും തെററുകളെയും സഹായിക്കലാണ്. അല്ലാഹു പറയുന്നു: ‘പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്’. (അല്‍മാഇദ 2)

3. ഇത്തരം മാധ്യമങ്ങളുടെ പ്രചരണവും പ്രോല്‍സാഹനവും ഹറാമാണ്. കാരണം തിന്മയിലേക്കുള്ള പ്രചരണവും പ്രബോധനവുമാണത്. പ്രവാചകന്‍(സ) പഠിപ്പിച്ചു: ‘ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ ആ പാപം ചെയ്തവനുള്ളതു പോലുള്ള ശിക്ഷ അവനുമുണ്ട്. അവരുടെ ശിക്ഷയില്‍ ഒരു കുറവും വരുത്തുകയുമില്ല’ (മുസ്‌ലിം)

4. ഇത്തരം മാഗസിനുകള്‍ വാങ്ങുന്നത് ഹറാമാണ്. അതുമൂലം ഹറാമാണ് അവന്‍ സമ്പാദിക്കുന്നത്. ഇതിലകപ്പെട്ടവര്‍ തൗബ ചെയ്ത് മടങ്ങണം.

5. ഇത്തരം മാഗസിനുകള്‍ വില്‍പന നടത്തുന്നതും ഹറാമാണ്. ഇത് വില്‍പന നടത്തുന്നതിലൂടെ തിന്മയുടെ പ്രചാരകരാകുകയും അശ്ലീലത വ്യാപിപ്പിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുകയുമാണ് ചെയ്യുന്നത്.

6. ഇത്തരം ദൃശ്യങ്ങള്‍ കാണുമ്പോള്‍ തങ്ങളുടെ ദൃഷ്ടികള്‍ അതില്‍ നിന്നും തിരിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാരണം പിശാച് മനുഷ്യരില്‍ രക്തമൊഴുകുന്നതു പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

7. ഒരു മുസ്‌ലിമിന് സ്വാധീനവും അധികാരവുമുള്ള ഇടങ്ങളില്‍ ഇവയുടെ പ്രചരണം തടയാനായി ശക്തമായ പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടതുണ്ട്. അല്ലാഹുവിന്റെ ദീനിനെ വിജയിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗവുമാണത്. ‘ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. നന്മ കല്‍പിക്കും.തിന്മ തടയും. കാര്യങ്ങളുടെ അന്തിമമായ തീരുമാനം അല്ലാഹുവിന്റേതാണ്’. (ഹജ്ജ് 41)
(അവലംബം: ഹൈഅതു കിബാരില്‍ ഉലമാ, സഊദി അറേബ്യ)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles