Current Date

Search
Close this search box.
Search
Close this search box.

അവസാന ചൂളംവിളിയാണിപ്പോള്‍ കേള്‍ക്കുന്നത്

way-path.jpg

”നോമ്പിന്റെ മാസത്തിനായി വേണ്ടവിധം ഒരുങ്ങാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല” എന്ന് എന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പറയുമ്പോള്‍ അതിലുള്ള അദ്ദേഹത്തിന്റെ ദുഖം മുഖത്ത് വളരെ പ്രകടമായിരുന്നു. സുഹൃത്ത് തുടര്‍ന്നു: ”ശഅ്ബാന്‍ മാസത്തില്‍ ഒരൊറ്റ ദിവസം പോലും ഞാന്‍ നോമ്പെടുത്തില്ല. ഈ നാളുകള്‍ നമ്മുടെ പൂര്‍വികര്‍ ചെയ്തത് പോലെ ഖുര്‍ആന്‍ പാരായണത്തിനും സമയം കണ്ടെത്തിയില്ല. പ്രതീക്ഷിച്ച പോലെ മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ എനിക്ക് സാധിക്കാതെ ഈ വര്‍ഷത്തെ റമദാന്‍ ഇതാ ഇങ്ങടുത്തെത്തിയിരിക്കുന്നു.”

ഞാന്‍ മനസ്സില്‍ പറഞ്ഞു: ”റമദാനിനായി ഒരുങ്ങാന്‍ സാധിക്കാത്തതിലും ശഅ്ബാനില്‍ നോമ്പെടുക്കാന്‍ സാധിക്കാത്തതിലും ഖേദിക്കാനും ദുഖിക്കാനുമെങ്കിലും താങ്കള്‍ക്ക് സാധിക്കുന്നുവല്ലോ.” ഉസാമഃ ബിന്‍ സൈദില്‍ നിന്നുള്ള ഒരു റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”ഞാന്‍ ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ, ശഅ്ബാനിലെപോലെ മറ്റൊരു മാസത്തിലും താങ്കള്‍ നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ? നബി(സ) പറഞ്ഞു: ”റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാര്‍ഥത്തില്‍ ലോക രക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” (നസാഈ)

ആഇശ(റ)യില്‍ നിന്നുമുള്ള മറ്റൊരു റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”അല്ലാഹുവിന്റെ റസൂല്‍ പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു; തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങള്‍ പറയുവോളം. അത്‌പോലെ തിരുമേനി നോമ്പ് എടുക്കാറില്ല എന്ന് പറയുവോളം ചില സന്ദര്‍ഭങ്ങളില്‍ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാല്‍ റമദാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി തിരുമേനി(സ) നോമ്പനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. റമദാന്‍ കഴിഞ്ഞാല്‍ പിന്നെ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.” (ബുഖാരി)

മുന്നൊരുക്കം നടത്തുന്നതിലും അല്ലാഹു സവിശേഷമാക്കിയിട്ടുള്ള സമയം വിനിയോഗിക്കുന്നതില്‍ സംഭവിച്ചതിലുമുള്ള വീഴ്ച്ചയുടെ പേരിലുള്ള ഖേദവും ദുഖവും ഒരു മുസ്‌ലിമിന് ഉണ്ടാവേണ്ടത് തന്നെയാണ്. എന്നാല്‍ വിശുദ്ധ മാസത്തിന് മുമ്പ് അവശേഷിക്കുന്ന ദിനങ്ങള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നതിന് അതൊരിക്കലും തടസ്സമായി കൂടാ. നിരാശക്കോ കഴിഞ്ഞ കാലത്തെ ചൊല്ലിയുള്ള വേവലാതിക്കോ നമ്മുടെ ദീനില്‍ സ്ഥാനമില്ല. ‘അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഇങ്ങനെയായിരുന്നില്ലെങ്കില്‍’ തുടങ്ങിയ പ്രയോഗങ്ങള്‍ക്കും അതില്‍ ഇടമില്ല. അല്ലാഹു സവിശേഷമാക്കിയിട്ടുള്ള അവശേഷിക്കുന്ന ദിനങ്ങള്‍ നമുക്ക് മുമ്പില്‍ തുറന്നു കിടക്കുകയാണ്.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ഠമായ മാസത്തെ സ്വീകരിക്കുന്നതില്‍ തനിക്ക് സംഭവിച്ച വീഴ്ച്ചയുടെ പേരില്‍ സ്വന്തത്തെ പഴിക്കുന്നതു കൊണ്ട് മാത്രം പ്രത്യേകിച്ച് യാതൊരു ഫലവുമില്ല. നഷ്ടപ്പെട്ടത് കേവലം ദുഖപ്രകടനം കൊണ്ടോ ഖേദം കൊണ്ടോ തിരിച്ചു പിടിക്കാനാവില്ല. അതേസമയം അവശേഷിക്കുന്ന മണിക്കൂറുകള്‍ ഉപയോഗപ്പെടുത്താന്‍ മുതല്‍കൂട്ടാക്കി മാറ്റിയെടുക്കാനും സാധിക്കും.

റമദാനെ സ്വീകരിക്കുന്നതിന് മുന്നോടിയായി ശഅ്ബാനില്‍ അനുഷ്ഠിക്കുന്ന നോമ്പുകള്‍ നഷ്ടപ്പെട്ട സുഹൃത്തിന് അത് വീണ്ടെടുക്കാന്‍ സാധിക്കുകയില്ല. ചില പണ്ഡിതന്‍മാന്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: പതിവായി ചില നിശ്ചിത ദിവസങ്ങളില്‍ നോമ്പെടുക്കുന്നവരും നോമ്പ് നേര്‍ച്ചയാക്കിയിട്ടുള്ളവരും കഴിഞ്ഞ റമദാനിലെ നോമ്പ് വീട്ടാനുള്ളവരും അല്ലാത്തവര്‍ ശഅ്ബാന്റെ രണ്ടാം പകുതിയില്‍ മാത്രമായി നോമ്പെടുക്കുന്നത് വിലക്കപ്പെട്ടതാണ്. ”ശഅ്ബാന്‍ പകുതിയായാല്‍ പിന്നെ നിങ്ങള്‍ നോമ്പനുഷ്ടിക്കരുത്.” എന്ന അബൂഹുറൈറ ഉദ്ധരിച്ച പ്രവാചക വചനമാണ് അതിന്നവരുടെ പ്രമാണം. മറ്റൊരു ഹദീസില്‍ ഇങ്ങനെ പറയുന്നു: ”റമദാന് ഒന്നോ രണ്ടോ ദിവസം മുമ്പ് നിങ്ങള്‍ നോമ്പെടുക്കരുത്, നോമ്പ് പതിവാക്കിയിട്ടുള്ളവരൊഴികെ.”

നോമ്പെടുക്കാനാവില്ലെങ്കിലും മറ്റ് ആരാധനാ കര്‍മങ്ങള്‍ക്കുള്ള അവസരം ശഅ്ബാന്റെ അവസാന ദിനം വരെ മുമ്പില്‍ തുറന്നു കിടക്കുകയാണ്. ഖുര്‍ആന്‍ പാരായണം ചെയ്തും അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പഠിച്ചും ആലോചിച്ചും സമയം ചെലവിടാവുന്നതാണ്. ഖുര്‍ആനിന്റെ മാസമായ റമദാന്റെ മുന്നോടിയായി സച്ചരിതരായ മുന്‍ഗാമികള്‍ ശഅ്ബാനില്‍ ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് അവരുടെ ചരിത്രം വിവരിക്കുന്നു. ഇബ്‌നു റജബ് അല്‍ഹമ്പലി അദ്ദേഹത്തിന്റെ കിതാബു ലത്വാഇഫുല്‍ മആരിഫില്‍ പറയുന്നു: ശഅ്ബാന്‍ ആഗതമായാല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ മാസമാണിതെന്ന് ഹബീബ് ബിന്‍ അബീഥാബിത് പറഞ്ഞിട്ടുണ്ട്. അംറ് ബിന്‍ ഖൈസ് അല്‍മുലാഈ ശഅ്ബാനായാല്‍ തന്റെ കടയടച്ച് ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയിരുന്നു. സലമത് ബിന്‍ കുഹൈല്‍ ശഅ്ബാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ മാസമാണെന്നാണ് പറഞ്ഞിട്ടുള്ളത്.

അവകാശങ്ങള്‍ അതിന്റെ ആളുകള്‍ക്ക് നല്‍കലും ബാധ്യതകള്‍ നിര്‍വഹിക്കലും അല്ലാഹുവിലേക്കുള്ള പശ്ചാത്താപവും പാപമോചനവും സ്വീകരിക്കപ്പെടുന്നതിനുള്ള പ്രഥവും പ്രധാനവുമായി ഉപാധിയാണ്. വിശുദ്ധ മാസത്തെ സ്വീകരിക്കാനുള്ള മുന്നൊരുക്കത്തില്‍ വീഴ്ച്ച സംഭവിച്ചതായി തിരിച്ചറിയുന്നവര്‍ ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണത്. ജീവിതത്തില്‍ നിന്ന് തെറ്റുകളും പാപങ്ങളും പിഴുതെറിയാനും ആരാധനകളും സല്‍കര്‍മങ്ങളും അവക്ക് പകരം വെക്കാനും വിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യം ഉണ്ടാവേണ്ടതുണ്ട്.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്തായ മാസത്തെ സ്വീകരിക്കുന്നതിന് മുമ്പായി തൗബയെയും അല്ലാഹുവിലേക്ക് മടങ്ങാനുള്ള തീരുമാനത്തെയും കുറിച്ച് പ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും അകന്നതിലുള്ള നഷ്ടത്തിന്റെ തോത് മനസ്സിലാക്കുന്നതിന് മനസ്സിനൊപ്പം ഒറ്റക്ക് അല്‍പസമയം ചെലവഴിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും അകന്നു പോയവരോടുള്ള അവസാന വിളിയുടെ സ്ഥാനത്താണ് റമദാനിന് മുമ്പേ അവശേഷിക്കുന്ന ഏതാനും നാളുകള്‍. അല്ലാഹുവിലേക്ക് മടങ്ങാനും സദ്‌വൃത്തര്‍ക്കൊപ്പം അണിനിരക്കാനുമാണ് അതവരോട് ആവശ്യപ്പെടുന്നത്. അനുഗ്രഹങ്ങളുടെയും നന്മകളുടെയും ദൈവിക സമ്മാനങ്ങളുടെയും ട്രെയിന്‍ പുറപ്പെടുന്നതിനു മുമ്പുള്ള അവസാന ചൂളംവിളിച്ചിരിക്കുന്നു. ബുദ്ധിയും വിവേകവുമുള്ളവര്‍ എത്രയും പെട്ടന്ന് അതിലെ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് വേണ്ടത്.

വിവ: നസീഫ്‌

Related Articles