Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ സൗന്ദര്യം

BEAUTY.jpg

അല്ലാഹുവിന്റെ പ്രവാചന്‍ പഠിപ്പിച്ചു: ”ആരുടെയെങ്കിലും മനസ്സില്‍ അണുമണി തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: ”ഒരാള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കാന്‍ തീരുമാനിച്ചാലോ പ്രവാചകരേ?” പ്രവാചകന്‍ പറഞ്ഞു: ”അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. സത്യത്തെ അവഗണിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് അഹങ്കാരം.” (മുസ്‌ലിം)

അല്ലാഹു സുന്ദരനാണ്
നമ്മള്‍ ആരും അല്ലാഹുവിനെ കണ്ടിട്ടില്ല. അതുകൊണ്ട് അല്ലാഹുവെന്ന മഹത്തായ സൗന്ദര്യധാമത്തെ അനുഭവിക്കാനുള്ള ഭാഗ്യവും നമുക്കുണ്ടായിട്ടില്ല. എന്നാല്‍ അവന്റെ സൗന്ദര്യത്തിലേക്കുള്ള സൂചനകള്‍ അല്ലാഹു നമുക്ക് നല്‍കുന്നു. സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും ആകാശത്തേയും പര്‍വതങ്ങളേയും അവന്‍ ‘അടയാളങ്ങള്‍’ ആയി പരിചയപ്പെടുത്തുന്നു. എഴുതുന്നതിനേക്കാള്‍ പ്രപഞ്ചത്തിന്റെ മാസ്മരിക സൗന്ദര്യം വെളിവാകുന്ന ചിത്രങ്ങളും വീഡിയോകളും നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം എന്ന് ആഗ്രഹിച്ചു പോകുന്നു. ആ അതുല്യ സൗന്ദര്യം വിവരിച്ചു മനസ്സിലാക്കുക എന്നതിനേക്കാള്‍ നേരിട്ട് അനുഭവിക്കുകയാണ് വേണ്ടത്. കഴിയാവുന്നിടത്തോളം പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് കണ്ണുകള്‍ അയക്കാന്‍ നാം ശ്രമിക്കണം.

ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ”ജീവിതത്തിലെ ആന്തരികവും ബാഹ്യവുമായ എല്ലാ സൗന്ദര്യാനുഭൂതികളും സൃഷ്ടിച്ചു രൂപപ്പെടുത്തിയത് അല്ലാഹുവാണ് എന്നറിയുമ്പോഴാണ് അവന്റെ ഉണ്മ എത്രത്തോളം സൗന്ദര്യത്തിന്റെ മൂര്‍ത്തീരൂപമാണെന്ന് നാം തിരിച്ചറിയൂ.”

സൃഷ്ടികളിലൂടെ ആ സൗന്ദര്യത്തെ നാം അനാവരണം ചെയ്യുന്തോറും അവനോടുള്ള മാനസിക അടുപ്പം നമുക്ക് വര്‍ധിക്കുകയാണ് വേണ്ടത്. അവനോടുള്ള മാനസിക അടുപ്പവും അവന്റെ അതുല്യമായ സൗന്ദര്യബോധവും സമ്മേളിക്കുമ്പോള്‍ ഒരു നോക്ക് ആ അസ്തിത്വ ദര്‍ശനം സാധിച്ചിരുന്നെങ്കില്‍ എന്ന് നാം കൊതിച്ചുപോകും. പ്രവാചകന്‍(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ”നിന്റെ മഹനീയ ദര്‍ശനത്തിന്റെ പരമാനന്ദം ഞാന്‍ ആഗ്രഹിക്കുന്നു, നിന്നോടൊപ്പം ശാശ്വതമായി കഴിയാനും’ (നസാഈ).

അല്ലാഹുവിന്റെ സൗന്ദര്യത്തിന്റെ മറ്റൊരു തലം അവന്റെ പ്രവൃത്തികളാണ്. അല്ലാഹു അവന്റെ കാരുണ്യത്താല്‍ ഏറെ സൗന്ദര്യവാനാണ്. സൃഷ്ടികളോട് അവന്‍ കാണിക്കുന്ന കാരുണ്യവും സൃഷ്ടികള്‍ പരസ്പരം കാണിക്കുന്ന കാരുണ്യവും അതില്‍ ഉള്‍പെടുന്നു. തന്റെ ചോരക്കുഞ്ഞിനെ കയ്യില്‍ എടുക്കുന്നതോടെ പേറ്റുനോവ് പോലും മാതാവ് മറന്നുപോകുന്നു. നൂറു വട്ടം ഒരേ ചോദ്യം ആവര്‍ത്തിച്ചാലും വളരെ ക്ഷമയോടെ പിതാവ് തന്റെ കുഞ്ഞുമകന് മറുപടി നല്‍കുന്നു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന വൃദ്ധനെ സഹായിക്കുന്ന അപരിചിതന്‍ കാണിക്കുന്ന കാരുണ്യവും ഇതേ ദൈവിക കാരുണ്യത്തിന്റെ അംശമാണ്. സൃഷ്ടികള്‍ കാണിക്കുന്ന കാരുണ്യവും അല്ലാഹുവിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്.

അല്ലാഹു സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു
സൗന്ദര്യത്തിന്റെ മൂര്‍ത്തീരൂപമായ അല്ലാഹുവിന് അറിയാം എന്താണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന്. അപ്പോള്‍ അല്ലാഹു ഇഷ്ടപ്പെടുന്ന സൗന്ദര്യം എവ്വിധമാണ്?
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ”ആദ്യം ബാഹ്യമായി നാം നമ്മെ സുന്ദരമാക്കണം, ശേഷം ആന്തരികമായും.” ഇതു കേള്‍ക്കുമ്പോള്‍ ബാഹ്യസൗന്ദര്യത്തിനാണ് ഇസ്‌ലാമില്‍ പ്രാധാന്യം എന്ന് ചിലര്‍ കരുതിയേക്കാം. സൗന്ദര്യബോധത്തിന്റെ ആദ്യപടി ശുചിത്വബോധമാണ്. വൃത്തി വിശ്വാസത്തിന്റെ പകുതിയാണെന്നാണ് നാം പഠിപ്പിക്കപ്പെട്ടത്. വായില്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന് നാം മനസ്സിലാക്കിയതും ഈ ശുചിത്വബോധത്തിന്റെ ഭാഗമാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ കുലീനരായിരിക്കണമെന്നും പ്രവാചകന്‍ നമ്മെ പഠിപ്പിച്ചു. നന്നായി വസ്ത്രം ധരിക്കുക എന്നത് ഒരിക്കലും പ്രകടനപരതയുടെ ഭാഗമല്ല. ഉന്നതമായ സംസ്‌കാരത്തിന്റെ അടയാളമാണ്. പ്രവാചകന്‍(സ) പറഞ്ഞു: ”തന്റെ അനുഗ്രഹങ്ങളുടെ അടയാളങ്ങള്‍ തന്റെ അടിമയില്‍ കാണുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു”(തിര്‍മിദി). ഇതെല്ലാം ബാഹ്യസൗന്ദര്യത്തെ കുറിക്കുന്നതാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നാം നമ്മുടെ സൗന്ദര്യം പ്രകടിപ്പിക്കുന്നു.

എന്നാല്‍ നമുക്ക് സുന്ദരമെന്ന് തോന്നുന്നത് അല്ലാഹുവിന് ഇഷ്ടപ്പെടാത്തവയാണെങ്കില്‍ നമ്മുടെ സൗന്ദര്യ പ്രകടനം ദേഹേച്ഛയുടെ ഭാഗം മാത്രമാണ്. കപടവിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞത്, അവരുടെ രൂപങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കും, അവരോട് സംസാരിച്ചാലോ നിങ്ങള്‍ അതില്‍ മയങ്ങും എന്നാണ്. മനസ്സില്‍ ഇല്ലാത്തത് ശരീരത്തില്‍ കൊണ്ടുനടക്കുന്നവരാണ് അവര്‍. അല്ലാഹുവിന്റെ പ്രവാചകന്‍ പഠിപ്പിക്കുന്നു: ”അല്ലാഹു നോക്കുന്നത് നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്”(മുസ്‌ലിം). എത്ര ഭംഗിയുള്ള ഷര്‍ട്ട് നമ്മുടെ കയ്യിലുണ്ടെങ്കിലും അത് ഔറത്ത് മറക്കാത്തതാണെങ്കില്‍ അല്ലാഹുവിന്റെ സൗന്ദര്യബോധത്തിന് എതിരാണ്. ഒരിക്കല്‍ ഒരു സ്വഹാബി ഒരു സ്വര്‍ണമോതിരം അണിഞ്ഞു വന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് സ്വര്‍ണം നിഷിദ്ധമാക്കിയ കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍ പ്രവാചകന്‍(സ) അത് വിലക്കിയിട്ടുണ്ടെന്ന് അറിഞ്ഞയുടനെ അദ്ദേഹം അത് ഊരി വലിച്ചെറിഞ്ഞു. അത് ചിലപ്പോള്‍ വളരെ ഭംഗിയുള്ള മോതിരമായിരിക്കാം, വളരെ വിലപിടിപ്പുള്ള മോതിരമായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണില്‍ സൗന്ദര്യത്തിന്റെ സ്രഷ്ടാവിന് അത് വിരൂപമായിരുന്നു.

യഥാര്‍ത്ഥ സൗന്ദര്യമെന്നത് ഒരാളുടെ ആന്തരിക സൗന്ദര്യമാണ്. മനസ്സിന് സൗന്ദര്യമുണ്ടെങ്കില്‍ അത് ശരീരത്തെ കൂടി പ്രകാശിപ്പിക്കും. മാനസിക സൗന്ദര്യമുള്ള എത്രയെത്ര മനുഷ്യരെ നാം ജീവിതത്തില്‍ കണ്ടുമുട്ടുന്നു. കാണാന്‍ വിരൂപനും അടുക്കാന്‍ അറപ്പും തോന്നുന്ന ഒരു മനുഷ്യന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ അതിന് മറുപടി കിട്ടിയ കഥ പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി. അല്ലാഹുവിന്റെ മുന്നില്‍ അയാള്‍ ആരേക്കാളും സുന്ദരനാണ്. കാരണം അയാളുടെ സൗന്ദര്യം അയാളുടെ മനസ്സിലാണ്. ഇനി അല്ലാഹു നമ്മുടെ ആന്തരിക സൗന്ദര്യത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കും? അല്ലാഹു തന്നെ ഒരു ഖുദ്‌സിയായ ഹദീഥിലൂടെ പഠിപ്പിക്കുന്നു.
”ഞാന്‍ ഒരുവനെ സ്‌നേഹിക്കുകയാണെങ്കില്‍ അവന്‍ കേള്‍ക്കുന്ന കാത് ഞാന്‍ ആകും. അവന്‍ കാണുന്ന കണ്ണ് ഞാന്‍ ആകും, അവന്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ ഞാന്‍ ആകും, അവന്‍ നടക്കുന്ന പാദങ്ങള്‍ ഞാന്‍ ആകും. അവന്‍ എന്നോട് ചോദിച്ചാലൊക്കെ ഞാന്‍ അവന് മറുപടി കൊടുക്കും. അവന്‍ എന്നോട് അഭയം ചോദിച്ചാല്‍ ഞാന്‍ അവന് നല്‍കുകയും ചെയ്യും”(ബുഖാരി)

അല്ലാഹുവിന്റെ ദീനിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന തരത്തില്‍ ബാഹ്യസൗന്ദര്യമുള്ളവരാകാനും ദൈവബോധത്തിലൂടെയും സല്‍ക്കര്‍മങ്ങളിലൂടെയും ആന്തരികസൗന്ദര്യമുള്ളവരാകാനും നാം ശ്രമിക്കേണ്ടതുണ്ട്.

വിവ: അനസ് പടന്ന

Related Articles