Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനെ സ്‌നേഹിക്കാം

love.jpg

ജനങ്ങള്‍ പലപ്പോഴും ഭക്തിയുള്ളവരായിരിക്കുന്നത് അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ടും അവന്റെ നരകശിക്ഷയെ ഭയന്നുകൊണ്ടുമാണ്. എന്നാല്‍ അല്ലാഹുവിനെ സ്‌നേഹിച്ചുകൊണ്ടും സ്വര്‍ഗം കൊതിച്ചുകൊണ്ടും അല്ലാഹുവിലേക്ക് അടുക്കാന്‍ എത്രപേര്‍ക്ക് സാധിക്കുന്നു? അല്ലാഹുവിനെ കുറിച്ചും അവന്റെ മതത്തെ കുറിച്ചുമുള്ള അജ്ഞത തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. അല്ലാഹുവിന്റെ കാരുണ്യത്തേക്കാള്‍ മഹത്തരമായ എന്താണ് നാം അനുഭവിച്ചിട്ടുള്ളത്? ഒരു ലാഭേച്ഛയുമില്ലാത്ത പരിശുദ്ധമായ സ്‌നേഹവും ദയാവായ്പുമാണ് അവന്‍ തന്റെ ദാസന്മാര്‍ക്ക് മേല്‍ ചൊരിയുന്നത്. അല്ലാഹു മനുഷ്യരെ ആണായും പെണ്ണായും സൃഷ്ടിച്ചത് അവരെ ആദരിക്കാന്‍ വേണ്ടിയാണ്, അപമാനിക്കാനല്ല. അവരെ ശക്തിപ്പെടുത്താനാണ്, ദുര്‍ബലരാക്കാനല്ല.
അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്കു നാം ഭൂമിയില്‍ സൗകര്യമൊരുക്കിത്തന്നു. ജീവിത വിഭവങ്ങള്‍ തയ്യാറാക്കിത്തരികയും ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.” (അല്‍-അഅ്‌റാഫ്: 10)

മനസ്സില്‍ നിന്ന് അധമ ചിന്തകളെ മായിച്ച് ഉത്തമ ചിന്തകള്‍ നിറക്കാനാണ് അല്ലാഹു പറയുന്നത്. ഭൗതികതയെ വരിച്ചവര്‍ക്ക് അവന്റെ പാത കണ്ടെത്താനാകില്ല. എന്നാല്‍ സത്യാന്വേഷികള്‍ക്ക് അത് സദാ ദൃശ്യവുമായിരിക്കും. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം മാനവികതയാണ് അല്ലാഹു താല്‍പര്യപ്പെടുന്നത്. ആരാധനാകര്‍മങ്ങളും അതേ ദൗത്യമാണ് മനുഷ്യനില്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. തന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചു പോയ അടിമ തന്നിലേക്ക് തന്നെ തിരിച്ചുവരുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്. നഷ്ടപ്പെട്ട ഒട്ടകം അതിന്റെ സാധനസാമഗ്രികളൊടൊപ്പം തിരിച്ചുകിട്ടുമ്പോള്‍ യജമാനന് എത്രത്തോളം സന്തോഷമുണ്ടാകുമോ അതിന്റെ അനേകം മടങ്ങ് സന്തോഷമാണ് അല്ലാഹുവിനുണ്ടാകുന്നതെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അതിനാല്‍ പാപങ്ങളില്‍ നിന്നുള്ള പശ്ചാത്താപം ഒരു പുതുജന്മമാണ്. രാവില്‍ നിന്ന് പ്രഭാതം ജനിക്കുന്നത് പോലെ എല്ലാ അന്ധകാരത്തില്‍ നിന്നുമുള്ള തിരിച്ചുനടത്തമായിരിക്കണം അത്. സ്‌നേഹ സമ്പന്നയായ തന്റെ മാതാവിനോട് എന്ത് വികൃതി കാണിച്ചാലും അവസാനം അവരോട് അലിവു തോന്നുന്ന കുട്ടിയുടെ പ്രകൃതം പോലെ അല്ലാഹുവിനോടുള്ള കറകളഞ്ഞ സ്‌നേഹത്തിന്റെ പ്രതിഫലനമായിരിക്കണം തിരിച്ചുവരവിനുള്ള നമ്മുടെ പ്രേരകം.

വിവ: അനസ് പടന്ന

Related Articles