Current Date

Search
Close this search box.
Search
Close this search box.

അഭിപ്രായ വ്യത്യാസങ്ങള്‍ ഹനിക്കാത്ത പരസ്പര ആദരവ്‌

shakehand.jpg

പ്രവാചകന്റെ പിതൃവ്യപുത്രനായ അബ്ദുല്ലാഹി ബിന്‍ അബ്ബാസ്(റ) അബ്ദുല്ലാഹി ബിന്‍  മസ്ഊദിനെ കണ്ടു മുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് ചുംബിച്ചു. അബ്ദുല്ലാഹി ബിന്‍  മസ്ഊദ് ഇബ്‌നു അബ്ബാസിന്റെ നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു. പ്രവാചകന്റെ പിതൃവ്യപുത്രാ എന്താണ് നിന്നെ ഇതിന് പ്രേരിപ്പിച്ചത് എന്ന് ഇബ്‌നു മസ്ഊദ് (റ) ചോദിച്ചു. വിജ്ഞാനമുള്ളവരെയും അറിവിനെയും ആദരിക്കണമെന്ന് പ്രവാചകന്‍ (സ) നമ്മോട് കല്‍പിച്ചിട്ടുണ്ട് എന്ന് ഇബ്‌നു അബ്ബാസ് (റ) പ്രതികരിച്ചു. താങ്കള്‍ എന്തുകൊണ്ട് ഇപ്രാകാരം ചെയ്തു എന്ന ഇബ്‌നു അബ്ബാസ് ചോദിച്ചപ്പോള്‍ പ്രവാചക കുടുംബത്തെ ആദരിക്കാന്‍ ഞങ്ങളോട് കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഇബ്‌നു അബ്ബാസ്(റ) പ്രതികരിച്ചത്. ഇവരിവരും സഹാബികളില്‍ പ്രമുഖരും കര്‍മശാസ്ത്ര പണ്ഡിതരും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇജ്തിഹാദിലൂടെ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമാണെന്ന് നമുക്കറിയാവുന്നതാണ്. എന്നാല്‍ ഇവരുടെ ഈ അഭിപ്രായ വൈവിധ്യങ്ങളൊന്നും വ്യക്തികളുടെ സ്ഥാനത്തെയോ പാണ്ഡിത്യത്തെയോ ആദരിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നില്ല.

അബ്ദുല്ലാഹി ബിന്‍ ഉമര്‍ പ്രവാചക കര്‍മങ്ങളെ അതേ പടി അനുധാവനം ചെയ്യുന്ന മദ്ഹബിന്റെ (മദ്‌റസതു തഹ്ഫീളിയ്യ) വക്താവായിരുന്നു. അബ്ദുല്ലാഹി ബിന്‍ അബ്ബാസ് ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമുണ്ടാക്കുക എന്ന കാഴ്ചപ്പാട് പുലര്‍ത്തുന്ന (മദ്‌റസതു തൈസീരിയ്യ)യുടെ വക്താവുമായിരുന്നു. അബ്ദുല്ലാഹി ബിന്‍ മസ്ഊദ്(റ) മഖാസിദ്(ലക്ഷ്യം പരിഗണിക്കുന്ന) മുന്‍ഗണന നല്‍കുന്ന പണ്ഡിതനായിരുന്നു. എന്നാല്‍ എല്ലാവരും പരസ്പരം ആദരവോടെയും ബഹുമാനത്തോടെയുമായിരുന്നു സമീപിച്ചിരുന്നത്. മദ്ഹബിന്റെ ഇമാമുകള്‍ അവരുടെ ഇടപഴകലിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിലും സ്‌നേഹവും ആദരവും ബഹുമാനവുമെല്ലാം പ്രകടിപ്പിച്ചതായി കാണാന്‍ കഴിയും. ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഇമാം ശാഫിയെ നിരന്തരമായി വീട്ടില്‍ വെച്ച് പുകഴ്ത്തി സംസാരിക്കാറുണ്ടായിരുന്നു.

ഒരു ദിവസം അദ്ദേഹത്തിന്റെ മകള്‍ ഇമാം ശാഫിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വേണ്ടി അദ്ദേഹത്തെ വീട്ടിലേക്ക് സല്‍ക്കരിക്കണമെന്ന് ഇമാം അഹ്മദ് ബിന്‍ ഹമ്പലിനോട് ആവശ്യപ്പെട്ടു. അപ്രകാരം ഇമാം ശാഫി അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച ദിവസം ആ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ഇബാദത്തുകളെ നിരീക്ഷിച്ചെങ്കിലും തഹജ്ജുദ് നമസ്‌കാരമോ ഖുര്‍ആന്‍ പാരായണമോ ഒന്നും നടത്തുന്നത് കാണാന്‍ കഴിഞ്ഞില്ല. സുബ്ഹ് ബാങ്ക് വിളിച്ച സന്ദര്‍ഭത്തിലും അദ്ദേഹം തന്റെ വിരിപ്പില്‍ തന്നെ കഴിയുകയായിരുന്നു. രാവിലെ മകള്‍ അഹ്മദിനോട് പറഞ്ഞു. തഖ്‌വായുടെയും സംസ്‌കരണത്തിന്റെയും വിജ്ഞാനത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ അങ്ങേയറ്റം പ്രശംസിക്കുന്ന ഇമാം ശാഫിയെ ഞാന്‍ രാത്രി മുഴുവനും നിരീക്ഷിച്ചു. താങ്കള്‍ ന്യായീകരിച്ചു പറയുന്ന വിശേഷണങ്ങളൊന്നും അദ്ദേഹത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഇമാം അഹ്മദ് പ്രതികരിച്ചു. സുബ്ഹിക്ക് ശേഷം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. സൂറതുല്‍ ബഖറയിലെ അവസാനത്തിലുള്ള കടബാധ്യതയുമായി ബന്ധപ്പെട്ട ആയതുദ്ദൈനിനെ കുറിച്ച് അദ്ദേഹം രാത്രി ചിന്തിക്കുകയും ആയിരം വിഷയങ്ങള്‍ അതില്‍ നിന്നും ഉരുത്തിരിച്ചെടുക്കുകയും ചെയ്തതായി എന്നോട് പറഞ്ഞു.

അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് വിജ്ഞാന സമ്പാദനത്തിനും ഗവേഷണത്തിനും സൂക്ഷമമായ വിധികള്‍ നിരീക്ഷിച്ചു മനസ്സിലാക്കുന്നതിനും സമയം ചിലവഴിക്കുന്നത് ഈ ദുനിയാവും അതിലുള്ളതും നേടുന്നതിനേക്കാള്‍ ഉത്തമമാണ് എന്ന് നീ വിസ്മരിക്കരുത്. അല്ലാഹുവിനെ യഥാവിധി ഭയപ്പെടുന്ന പണ്ഡിതന്മാര്‍ക്കു മാത്രമേ അത് സാധിക്കുകയുള്ളൂ.. അല്ലാഹുവിന്റെ ആയതുകളെയും ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിന് വളരെയധികം ശ്രേഷ്ടതയുണ്ട്. എന്നിട്ട് ഇമാം അഹ്മദ് പറഞ്ഞു. നീ ഒരു മണിക്കൂര്‍ നേരം ചിന്തിക്കുന്നത് ഒരു വര്‍ഷം നിന്നു നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യമുള്ള കാര്യമാണ്’. നമ്മുടെ പൂര്‍വീകരായ പണ്ഡിതന്മാര്‍ വൈജ്ഞാനികം, ആരാധന, ഇടപാടുകള്‍., കുടുംബം, ക്രിമിനല്‍ നിയമങ്ങള്‍, വിധിവിലക്കുകള്‍ തുടങ്ങിയവയില്‍ ഇജ്തിഹാദിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പുലര്‍ത്തിയവരായിരുന്നു. എന്നാല്‍ അവരുടെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ വ്യക്തിപരമായ സൗഹൃദത്തെയോ ആദരവിനെയോ ബാധിച്ചിരുന്നില്ല. പരസ്പരം അംഗീകരിച്ചുകൊണ്ടും പ്രകീര്‍ത്തിച്ചുകൊണ്ടുമാണ് അവര്‍ കഴിഞ്ഞിരുന്നത്. നിസ്സാരമായ വീക്ഷണവൈജാത്യങ്ങളുടെ കാര്യത്തില്‍ പരസ്പരം അവഹേളിക്കുകയും അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്ന നാം ഇവരുടെ മഹിതമായ മാതൃകയെ അനുധാവനം ചെയ്യേണ്ടതുണ്ട്. ഈ സമുദായം അതിന്റെ മുന്‍ഗാമികള്‍ നടന്ന സരണികളിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ സംസ്‌കരണം പ്രാപിക്കുകയുള്ളൂ എന്ന് നാം തിരിച്ചറിയണം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles