Current Date

Search
Close this search box.
Search
Close this search box.

അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫി(റ)ന്റെ കൂടെ ഒരു നോമ്പ് തുറ

dates.jpg

സ്വര്‍ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പ്രമുഖ സഹാബിവര്യനാണ് അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ). ഇസ്‌ലാമിക പ്രബോധനം സുഗന്ധം പൂശിയ, ഇസ്‌ലാമിക രാഷ്ട്രം വിശാലമായ, ജനങ്ങള്‍ സംഘടിതരായി ദീനിലേക്ക് കടന്ന് വന്ന പ്രതാപത്തിന്റെ നാളുകള്‍ കണ്‍കുളിര്‍ക്കെ കാണാനുള്ള സൗഭാഗ്യം അല്ലാഹു അദ്ദേഹത്തിന് നല്‍കുകയുണ്ടായി. മക്കയില്‍ പരീക്ഷണത്തിന്റെയും പീഢനങ്ങളുടെയും മതില്‍കെട്ടുകള്‍ താണ്ടിയാണ് അദ്ദേഹം നവോത്ഥാനത്തിന്റെയും മുന്നേറ്റത്തിന്റെയും സുവര്‍ണകാലത്തെത്തിയത്.
പ്രവാചക സഖാക്കളില്‍ സമ്പന്ന വിഭാഗത്തിലായിരുന്നു അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ ഇടം. അദ്ദേഹത്തിന്റെ ചരിത്രം സുപ്രസിദ്ധമാണ്. കഠിനമായ പരീക്ഷമാണ് ഇസ്‌ലാമില്‍ അനുഭവിക്കേണ്ടി വന്നത്. ഭൗതിക വിഭവങ്ങള്‍ ദൈവിക മാര്‍ഗത്തില്‍ വലിച്ചെറിഞ്ഞ അദ്ദേഹത്തിന് മുന്നില്‍ അവ അനുസരണയോടെ വന്ന് നിന്ന കാലമായിരുന്നു ഇസ്‌ലാമിക മുന്നേറ്റത്തിന്റെ വര്‍ഷങ്ങള്‍. ഇക്കാലത്ത് നടന്ന ഒരു സംഭവം സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന് മുന്നില്‍ നോമ്പ് തുറ വിഭവങ്ങള്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു ‘മിസ്അബ് ബിന്‍ ഉമൈര്‍(റ) കൊല്ലപ്പെട്ടു. അദ്ദേഹം എന്നേക്കാള്‍ നല്ലവനായിരുന്നു. ഒരു ചെറിയ തുണിക്കഷ്ണത്തിലാണ് അദ്ദേഹത്തെ കഫന്‍ ചെയ്തത്. അത് കൊണ്ട് അദ്ദേഹത്തിന്റെ തല മറച്ചാല്‍ കാല്‍ ഭാഗവും, കാല്‍ മറച്ചാല്‍ തലഭാഗവും പുറത്ത് കാണുമായിരുന്നു. ഹംസ(റ) കൊല്ലപ്പെട്ടു. അദ്ദേഹവും എന്നേക്കാള്‍ ഉത്തമനായിരുന്നു. പീന്നീട് നമുക്ക് സര്‍വ്വഐശ്വര്യങ്ങളും നല്‍കപ്പെട്ടു. നമ്മുടെ നന്മകളുടെ പ്രതിഫലം ഇവിടെ നിന്ന് തന്നെ നല്‍കപ്പെട്ടുവോ എന്ന് നാം ഭയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹം ഭക്ഷണം കഴിക്കാതെയാണ് അവിടെ നിന്ന് എഴുന്നേറ്റത്’.
സ്വര്‍ഗം കൊണ്ട് സുവാര്‍ത്ത അറിയിക്കപ്പെട്ട പ്രവാചക അനുചരനാണ് കരയുന്നത്. മുസ്‌ലിം ഉമ്മത്ത് വിജയം വരിക്കുന്നത് കാണാന്‍ സൗഭാഗ്യം ലഭിക്കാത്തവരെ ഓര്‍ത്ത് ഭക്ഷണമുപേക്ഷിക്കുകയാണ് അദ്ദേഹം. തോളോട് തോള്‍ ചേര്‍ന്ന് അവരുടെ കൂടെ അദ്ദേഹവുമുണ്ടായിരുന്നു. രക്തസാക്ഷിത്വം വരിക്കാന്‍ സ്വയം സമര്‍പ്പിച്ചവരില്‍ അദ്ദേഹമുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്തിന്റെ നിര്‍മാണത്തില്‍ തനിക്ക് പ്രിയപ്പെട്ട പലതും അദ്ദേഹം ത്യജിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ വേരോടെ പറിച്ച് കളയാന്‍ മുണ്ടുമുറുക്കിയ ശത്രുക്കളെ രണാങ്കണത്തില്‍ പലതവണ നേരിട്ടിട്ടുണ്ട്.
എന്റെ നോമ്പ് തുറയെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ഈ കഥ ഞാന്‍ ഓര്‍ത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന എന്റെ സഹോദരന്മാരായ പോരാളികളെക്കുറിച്ച് ഞാന്‍ സ്മരിക്കുകയുണ്ടായി. ഞാന്‍ അവരെപ്പോലെ പോരാളിയല്ല. ഞാന്‍ അവരുടെ പക്ഷത്ത് പോലുമില്ല. ഒരു കടുക് മണിയോളം ദീനിന്റെ മാര്‍ഗത്തില്‍ പ്രയാസമനുഭവിച്ചവനുമല്ല ഞാന്‍.
പീഢന കാലം കഴിഞ്ഞ് ലോകം ഇസ്‌ലാമിന് തലതാഴ്ത്തിയ സന്ദര്‍ഭത്തിലാണ് ഇബ്‌നു ഔഫ് കരഞ്ഞത്. നാം വയറ് നിറച്ച് ഭക്ഷിക്കുകയും, ആര്‍മാദിക്കുകയും ചെയ്യുന്നു. സിറിയയിലും, ഫലസ്തീനിലും, ബര്‍മയിലുമുള്ള മുസ്‌ലിം സഹോദരന്മാര്‍ കഷ്ടപ്പാടനുഭവിച്ച് കൊണ്ടിരിക്കെയാണിത്. കുട്ടികള്‍ ക്രൂരമായി അറുകൊലചെയ്യപ്പെടുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നു. അവശേഷിക്കുന്നവര്‍ വിശന്നൊട്ടിയ, നഗ്നമായ ശരീരവുമായി ജീവിക്കുന്നു. ജനാസയെ പിന്തുടരുന്നവന്‍ മൃതദേഹത്തിന് മുന്നെ തന്റെ കുഴിമാടത്തിലെത്തുന്നു. നാമാവട്ടെ വീടുകളില്‍ കണ്‍കുളിര്‍ക്കെ ഉറങ്ങുന്നു. നമ്മുടെ നിരപരാധികളായ സഹോദരന്‍മാര്‍ ജയിലിന്റെ ഇരുള്‍ മുറികളില്‍ പീഢനമനുഭവിക്കുന്നു.
സ്വപ്‌നം സാക്ഷാല്‍ക്കരിച്ച രക്തസാക്ഷികളുടെ കാര്യത്തിലാണ് ഇബ്‌നു ഔഫ് കരഞ്ഞത്. തന്റെ മകന്‍ നിഷ്ഠൂരമായി കൊല്ലപ്പെടുന്നത് മുന്നില്‍ കണ്ട മാതാക്കള്‍ നമുക്കിടയിലുണ്ട്.
അബദുര്‍റഹമാന് ബിന്‍ ഔഫ് ഇന്ന് നമ്മുടെ മുന്നിലുണ്ടായിരുന്നുവെങ്കില്‍ എന്തായിരിക്കും പ്രതികരണം? നമുക്ക് പറയാനുള്ളത് നിങ്ങള്‍ ഭക്ഷണമുപേക്ഷിക്കണമെന്നല്ല. പക്ഷെ, ചുരുങ്ങിയപക്ഷം നിങ്ങളുടെ സഹോദരന്മാരെ നിങ്ങള്‍ മറക്കരുത്. നിങ്ങളുടെ മധുര പലഹാരങ്ങള്‍ ലക്ഷ്യത്തില്‍ നിന്നും അകറ്റരുത്. ഇസലാമിക ലോകത്ത് ഒഴുക്കപ്പെട്ട് കൊണ്ടിരിക്കുന്ന രക്തത്തുള്ളികള്‍ നിങ്ങള്‍ അവഗണിക്കരുത്. അറുക്കപ്പെടുന്ന കുട്ടികളെയും, ഹനിക്കപ്പെടുന്ന മാനത്തെയും നിങ്ങള്‍ വിസ്മരിക്കരുത്.
ഇബ്‌നു ഔഫിനെ പൂര്‍ണമായി അനുകരിക്കാന്‍ നമുക്ക് സാധിക്കുകയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ചിന്തയെയും, സഹോദരസ്‌നേഹത്തെയും ഉള്‍ക്കൊള്ളാനെങ്കിലും നാം തയ്യാറാവണം. മേഘങ്ങളോട് മത്സരിക്കുന്ന, അന്ധകാരത്തെ കീറിമുറിക്കുന്ന, മര്‍ദിതനെ സഹായിക്കുന്ന ഒരു ദൃഢമനസ്സ് അതുമുഖേന അല്ലാഹു നമുക്ക് നല്‍കിയേക്കാം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles