Current Date

Search
Close this search box.
Search
Close this search box.

അതിരുവിടുന്ന വാഴ്ത്തലുകളും ഇകഴ്ത്തലുകളും

appreciate.jpg

നമ്മുടെ ആയുസ്സ് വളരെ പരിമിതമാണെന്ന് നമുക്ക് അറിയാം. എങ്കിലും ഇവിടെ ശാശ്വതരാണെന്ന ബോധം നമ്മെ മദിക്കുന്നു. നാം ചിലകാര്യങ്ങളെ സ്‌നേഹിക്കുന്നു. അതിന്റെ മറുവശം കാണാന്‍ കഴിയാത്ത രീതിയില്‍ നാം സ്‌നേഹപ്രകീര്‍ത്തനങ്ങള്‍ കൊണ്ട് അവയെ മൂടുന്നു. ചില കാര്യങ്ങളെ നാം വെറുക്കുന്നു. അതിനോടുള്ള വെറുപ്പ് അതില്‍ ഒരു നന്മയും ദര്‍ശിക്കാന്‍ കഴിയാത്ത രീതിയില്‍ നമ്മെ അന്ധരാക്കുകയും ചെയ്യുന്നു. നാം ഇഷ്ടപ്പെടാത്ത ചിന്താധാരകളെല്ലാം നമ്മുടെ വീക്ഷണത്തില്‍ തികച്ചും സത്യവിരുദ്ധമാണ്. സത്യത്തിന്റെയും നന്മയുടെയും കണിക പോലും അതില്‍ ദര്‍ശിക്കാന്‍ നമുക്ക് കഴിയുന്നില്ല. നാം ഇഷ്ടപ്പെടുന്ന ചിന്താധാര ആത്മവിമര്‍ശനം പോലും സാധ്യമാകാത്ത രീതിയില്‍ നൂറ് ശതമാനം ശരിയുമാണ്.

ഇസ്‌ലാമിക ചരിത്രവും അതിന്റെ രാഷ്ട്രീയ വൈജ്ഞാനിക ചിന്താധാരകളെയും വിശകലന വിധേയമാക്കുമ്പോള്‍ വാഴ്ത്തുന്നവരോടുള്ള സ്‌നേഹത്തിന്റെയും വിമര്‍ശകരോടുള്ള വിദ്വേഷത്തിന്റെ ആഴവും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. മാത്രമല്ല, നമ്മുടെ ആയുസ്സിന്റെ വലിയൊരു സമയവും ഇത്തരം നിഷ്പ്രയോജനകരമായ വാഗ്വാദങ്ങളുടെയും തര്‍ക്കവിതര്‍ക്കങ്ങളുടെ പുറകെ പോയി കൊന്നുതീര്‍ക്കുകയും ചെയ്യുന്നു.

അലി(റ)ക്ക് ആഇശയും ത്വല്‍ഹയും മുആവിയ(റ)യുമായും ചില അഭിപ്രായാന്തരങ്ങളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഖിലാഫത്തിന് ഏറ്റവും അര്‍ഹന്‍ ആര്? എന്ന പോയിന്റിലായിരുന്നു ആ വിയോജിപ്പുകളെല്ലാം ഉടലെടുത്തത്. എന്നാല്‍ അലി(റ)യോടുള്ള ചിലരുടെ അതിരറ്റ സ്‌നേഹവും ചിലരുടെ വിദ്വേഷവും ഇസ്‌ലാമിക ചേരിയെ രണ്ടായി പിളര്‍ത്തുന്നതിലാണ് കലാശിച്ചത്. രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ വരെ അതിന്റെ പേരില്‍ ഉടലെടുത്തു. ഉണങ്ങാത്ത മുറിവായി സംഘട്ടനങ്ങളിലൂടെ ഇന്നും ആ പ്രശ്‌നം അപരിഹാര്യമായി തുടരുന്നു.
 
വൈജ്ഞാനിക കര്‍മശാസ്ത്ര രംഗത്തെല്ലാം ഈ സ്‌നേഹവിദ്വേഷ പ്രകടനങ്ങളുടെ അതിര് കവിയലിന് നാം സാക്ഷിയായിട്ടുണ്ട്. അതുല്യപ്രതിഭകളായ പണ്ഡിതന്മാരോടുള്ള ചിലരുടെ സ്‌നേഹവും ചിലരുടെ വിയോജിപ്പുകളും ദിവ്യത്വം കല്‍പിക്കുന്നതുവരെയുള്ള മഹത്വവല്‍കരണത്തിലും പൈശാചികമായ അപകീര്‍ത്തിപ്പെടുത്തലുകളിലും കലാശിച്ചതായി കാണാം. കര്‍മശാസ്തരംഗത്തെ അതുല്യപ്രതിഭകളിലൊരാളായിരുന്നു ഇമാം അബൂഹനീഫ. പ്രവാചകന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ചില വ്യാജഹദീസുകള്‍ വരെ ചില അനുയായികള്‍ കെട്ടിയുണ്ടാക്കി. എതിര്‍പക്ഷത്തെ ചില അവികേകിള്‍ അദ്ദേഹത്തെ ഹദീസ് നിഷേധികളുടെ നേതാവും പ്രവാചകനെ നിഷേധിക്കുന്ന വക്താവായും ചിത്രീകരിച്ചു. ശാഫി ഹനഫീ കര്‍മശാസ്ത്ര ചിന്താധാരയുടെ പേരില്‍ ലോകത്ത് എത്രയെത്ര വാഗ്വാദങ്ങളും പ്രശ്‌നങ്ങളുമുണ്ടായി. അവരുടെ ഗ്രന്ഥങ്ങള്‍ക്ക് ടിപ്പണി എഴുതിയും വ്യാഖ്യാനങ്ങള്‍ ചമച്ചും നൂറ് കണക്കിന് ഗ്രന്ഥങ്ങള്‍ വരെ രചിക്കപ്പെടുകയുണ്ടായി. ഇതിന്റെ പത്ത് ശതമാനം സമയമെങ്കിലും മുസ്‌ലിം സമൂഹത്തിന് പ്രയോജനപ്രദമായ കാര്യങ്ങളില്‍ ക്രിയാത്മകമായി അന്നത്തെ പണ്ഡിതന്മാര്‍ ചിലവഴിച്ചെങ്കില്‍ ചരിത്രത്തിന്റെ ഗതി തന്നെ അത് മാറ്റുമായിരുന്നു. മാത്രമല്ല, അതുമൂലം ഒട്ടനവധി ദുരന്തങ്ങള്‍ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യാനും അത് സഹായകമായിരുന്നു. ഭാഷാ വ്യാകരണ പ്രശ്‌നങ്ങളുടെ പേരില്‍ കൂഫക്കാരും ബസറക്കാരും തമ്മില്‍ ദീര്‍ഘകാലം വാഗ്വാദങ്ങളും അഭിപ്രായാന്തരങ്ങളും നിലനിന്നത് മറ്റൊരു ഉദാഹരണമാണ്.

സ്‌നേഹവിദ്വേഷ പ്രകടനങ്ങളുടെ അതിര് കവിയലിന് ഏറ്റവും വലിയ ഇരയായ വ്യക്തിയാണ് ഇമാം അബൂഹനീഫ. നിരീശ്വരത്വവും സത്യനിഷേധവും വരെ അദ്ദേഹത്തില്‍ ആരോപിച്ച് ജയിലടക്കുകയും തൗബ ചെയ്തു മടങ്ങാന്‍ വരെ അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി. യഥാര്‍ഥത്തില്‍ വൈജ്ഞാനിക ശേഷിയിലും വിശ്വാസദാര്‍ഢ്യത്തിലും അദ്ദേഹത്തെ പോലെ മികച്ചുനിന്നവര്‍ പിന്നീട് ചരിത്രത്തില്‍ വളരെ വിരളമായിരുന്നു. ഇത്തരം അതിര് കവിയലുകളില്‍ നിന്നും തീവ്രതയില്‍ നിന്നും നമ്മുടെ ആധുനിക ചരിത്രം വരെ മുക്തമായിട്ടുണ്ടോ എന്ന് നാം ഗൗരവത്തില്‍ വിശകലനവിധേയമാക്കേണ്ടതുണ്ട്. ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥക്കും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും പിന്നാമ്പുറം തേടി നാം സഞ്ചരിച്ചാല്‍ അതിന്റെ വേരുകള്‍ ചെന്നെത്തുക നാം സ്‌നേഹിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരോട് സന്തുലിത സമീപനം സ്വീകരിക്കാതെ അതില്‍ അതിരു കവിഞ്ഞതാണെന്ന് നമുക്ക് കാണാന്‍ കഴിയും. ഒരു നേതാവ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ഇടയില്‍ എല്ലാ വികാര ചാപല്യങ്ങളില്‍ നിന്നും മുക്തനാണദ്ദേഹം. അദ്ദേഹത്തിന്റെ സംസാരം തികച്ചും യുക്തിഭദ്രമായിരിക്കും. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ഇങ്ങനെ തുടരുന്നു അവരുടെ വാഴ്ത്തലുകള്‍. മറിച്ച് അദ്ദേഹത്തോട് ശക്തമായി വിയോജിക്കുന്നവരുടെ വീക്ഷണത്തില്‍ അദ്ദേഹം സ്വാര്‍ഥനും ഭൗതികനുമാണ്. ആത്മപ്രശംസക്കും ഭൗതിക താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളകിലവും. അദ്ദേഹത്തിന്റെ സംസാരങ്ങള്‍ കേവല ചതിക്കുഴികള്‍ മാത്രമാണ്… ഇങ്ങനെ തുടരുന്നു അദ്ദേഹത്തെ കുറിച്ച വിമര്‍ശനങ്ങള്‍, ഇതിലൂടെ യഥാര്‍ഥത്തില്‍ സംസ്‌കാരത്തിന്റെയും പരിഷ്‌കരണത്തിന്റെയും അടിസ്ഥാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു, പണ്ഡിതന്മാരുടെ മൂല്യവും പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമങ്ങളും പാഴായിപ്പോകുന്നു. മനുഷ്യത്വവും ആദരണീയതയും കുഴുച്ചുമൂടപ്പെടുന്നു. രാഷ്ട്രത്തെയും സമൂഹത്തെയും തകര്‍ക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന ശത്രുക്കളുടെ കയ്യില്‍ ആയുധം നല്‍കുകയാണ്  ഈ അനൈക്യങ്ങളിലൂടെ നാം ചെയ്യുന്നത്. പരസ്പരം ആദരിക്കാതെ ആരോപണപ്രത്യാരോപണങ്ങളില്‍ കഴിയുകയാണെങ്കില്‍ നമ്മുടെ ദീനിനെ കുറിച്ചും നേതാക്കന്മാരെ കുറിച്ചും പൊതുസമൂഹത്തിലും അഭ്യസ്ഥവിദ്യരായ ആളുകളിലും വികലമായ കാഴ്ചപ്പാട് രൂപപ്പെടും. നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ ഒരു വിലങ്ങുതടിയായി അത് നിലകൊളളുകയും ചെയ്യും.

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles