Current Date

Search
Close this search box.
Search
Close this search box.

അങ്ങനെയും ഒരു പെണ്‍കുട്ടി

tie.jpg

സുഹൃത്ത് കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍, സ്വാഭാവികമായും ഞാന്‍ അമ്പരന്നു പോയി. കലിയുഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നൂറ്റാണ്ടില്‍, മാതൃത്വത്തെ അതിജയിച്ച ഈമാനുമായി ഒരു പെണ്‍കുട്ടിയോ? ആദികാല മുസ്‌ലിം ചരിത്ര താളുകളിലെ കഥാപാത്രങ്ങള്‍ക്ക്, ആധുനിക യുഗത്തില്‍ മൂര്‍ത്തരൂപം നല്‍കാന്‍ ഒരു പെണ്‍ കുട്ടിയോ?
ഗള്‍ഫുകാരനായ എന്റെ സുഹൃത്ത് പറഞ്ഞു തന്ന കഥ ഇതാ:

സ്ഥലം അബൂദാബിയിലെ ഒരു നാലു നില കെട്ടിടം. സുഹൃത്തും കൂട്ടുകാരും അതിന്നു മുമ്പില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് കെട്ടിടത്തിന്നു മുകളില്‍ നിന്നൊരു വസ്തു താഴേക്ക് വീഴുന്നത് കണ്ടത്. അവര്‍ ശ്വാസമടക്കി നോക്കിക്കൊണ്ടിരിക്കെ, താഴെ, റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു കാറിന്നു മുകളില്‍ പതിച്ച അത്, വീഴ്ചയുടെ ശക്തിയാല്‍ വീണ്ടൂം ഉയര്‍ന്നു തൊട്ടടുത്തുള്ള ഓടയുടെ ഗ്രിത്സില്‍ പതിക്കുകയായിരുന്നു. കാര്‍ ചപ്പിക്കഴിഞ്ഞിരുന്നു.
സുഹൃത്തും കൂട്ടുകാരും സ്ഥലത്തേക്കോടി. ചുറ്റുഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഓടിയെത്തി. അവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. നാലു വയസ്സു പ്രായം വരുന്ന സുമുഖനായൊരു ആണ്‍കുട്ടി. കഴുത്തിന്നു താഴെ ഭാഗം നിശ്ചലം. ഇടക്ക് ശിരസ്സ് അനക്കിക്കൊണ്ടിരിക്കുന്നു. നേരിയ ശബ്ദത്തില്‍ ഉമ്മയെ വിളിക്കുന്നുമുണ്ട്. ചെവിയില്‍ നിന്നും ധാരധാരയായി രക്തം ഒഴുകിക്കൊണ്ടിരിക്കുന്നു.
യു. എ. ഇ നിയമ പ്രകാരം ആര്‍ക്കും ഒന്നും ചെയ്തു കൂടാ. വന്നവരെല്ലാം വെറും കാണികളായി നോക്കി നില്‍ക്കുകയാണ്. ഇതിനിടയില്‍, അടുത്ത കടയില്‍ നിന്നോ മറ്റോ, ഒരു അറബി ഓടിയെത്തി, രംഗം കൈയിലെടുത്തു.

بسم الله الذى لا يضر مع اسمه شيئ فى الارض ولا فى السمآء وهو السميع العليم

അദ്ദേഹം ഉരുവിട്ടു കൊണ്ടേയിരുന്നു. പ്രബലമായ ഹദീസിലൂടെ പ്രവാചകന്‍ പഠിപ്പിച്ച ദിക്ര്‍.  ഇടക്ക് പോലീസിന്നു ഫോണ്‍ ചെയ്യുന്നുമുണ്ട്.
ഇതിനിടയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നൊരു യുവതി എത്തി നോക്കുന്നത് ചിലരുടെ ദൃഷ്ടിയില്‍ പെട്ടു. താഴെ രംഗം കണ്ട അവര്‍ ഉടന്‍ തിരിച്ചു പോയി മുറിയില്‍ കടന്നു വാതിലടക്കുകയായിരുന്നു.

പൊലീസെത്തി. കുട്ടിയെ ആമ്പുലന്‍സില്‍ ആശുപത്രിയിലേക്കെടുത്തു. പ്രാഥമികാന്വേഷണം കഴിഞ്ഞു ഒരു പോലീസുകാരന്‍ നാലാം നിലയിലെത്തി. യുവതി കടന്നു വാതിലടച്ച അതേ മുറിക്കടുത്തെത്തി. വര്‍ഷങ്ങളായി യു. എ. യിലെ ഈ ഫ്‌ലാറ്റില്‍ താമസിച്ചു വരികയായിരുന്ന ഒരു മലയാളി കുടുംബം. യുവതിയും പിതാവും ഭര്‍ത്താവും കൊച്ചു മകനുമായിരുന്നു അംഗങ്ങള്‍.
പോലീസ് വാതിലില്‍ മുട്ടി, പ്രതികരണമില്ല. വീണ്ടും വീണ്ടും മുട്ടി. അവസാനം പോലീസാണെന്നു പറഞ്ഞു മുട്ടി. വാതില്‍ തുറക്കപ്പെട്ടു. ഏകദേശം ഇരുപത്തിനാലു വയസ്സു തോന്നിക്കുന്ന സുന്ദരിയായൊരു ചെറുപ്പക്കാരി. മുഖത്ത് നിര്‍വികാരത! കുട്ടിയുടെ മതാവ് തന്നെയാണോ എന്ന് പോലീസിന്നു ഉറപ്പു വരുത്തേണ്ടി വന്നു. എന്താണ് സംഭവിച്ചതെന്ന് അയാള്‍ അന്വേഷിച്ചു.
‘ഞാന്‍ വരാന്തയില്‍ അവന്നു ഭക്ഷണം കൊടുക്കുകയായിരുന്നു. അതിനിടയില്‍, അവനെ അവിടെ വിട്ടു ഞാന്‍ ടോയ്‌ലറ്റില്‍ പോയി. തിരിച്ചു വന്നപ്പോള്‍ അവനെ കാണുന്നില്ല. വെറുതെ താഴോട്ട് നോക്കിയതാ. രംഗം കണ്ടപ്പോള്‍ മനസ്സിലായി, അതെന്റെ കുട്ടി തന്നെയെന്ന്.
‘അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു പരിഭ്രാന്തിയുമുണ്ടായില്ലെ?’ പൊലീസ് ചോദിച്ചു.
‘പരിഭ്രമിച്ചിട്ടെന്താ?’ അവര്‍ ചോദിച്ചു. ‘ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും?’
‘പിന്നെ നിങ്ങള്‍ അകത്തു കടന്നു കതകടച്ചത്? എന്തായിരുന്നു അകത്ത് നിങ്ങള്‍ ചെയ്തത്?’
‘ഞാന്‍ അകത്ത് കടന്നു കതകടച്ചു, വുദു ചെയ്തു രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷം, അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു; അല്ലാഹുവെ, ഈ കുട്ടി എനിക്കുള്ളതാണെങ്കില്‍, യാതൊരു വിഷമവുമില്ലാതെ എന്നെ ഏല്‍പിക്കേണമേ. നീ അവനെ തിരിച്ചെടുക്കുകയാണെങ്കില്‍, അത് നിന്റെ ഇഷ്ടം. സഹനത്തിന്നുള്ള പ്രതിഫലം എനിക്ക് നല്‍കേണമേ. പരലോകത്തില്‍, അവനെ എനിക്കൊരു സൂക്ഷിപ്പു ധനവും സദ്കര്‍മവുമാക്കി തീര്‍ക്കേണമേ.’ ഇതിനിടയിലാണ് നിങ്ങള്‍ കതകില്‍ മുട്ടിയത്.’
പോലീസും പരിസരത്തുള്ളവരും ഞെട്ടി വിറച്ചു. പലരുടെയും കണ്ണുകളില്‍ നിന്നു അശ്രുധാരകളൊഴുകുന്നുണ്ടായിരുന്നു.
സുഹൃത്ത് പറയുകയാണ്:  സംഭവം നടന്നു അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും അവിടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍, മുകളില്‍ നിന്നും ‘അങ്കിള്‍! എന്നൊരു നീട്ടിവിളി! സുപരിചിത ശബ്ദം. തല ഉയര്‍ത്തി നോക്കിയപ്പോള്‍, ഞങ്ങള്‍ വീണ്ടും അമ്പരന്നു. കുട്ടി ചിരിച്ചു കൊണ്ട്, ഞങ്ങള്‍ക്ക് നേരെ കൈവീശുന്നു!
അവന്നു യാതൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. ചെവിക്കുള്ളിലെ ചെറിയൊരു സ്‌ക്രാച്ച് അല്ലാതെ. എല്ലാവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളയച്ചു.

Related Articles