Tharbiyya

ഹൃദയകാഠിന്യം: എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാം

‘അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്.’ (അസ്സുമര്‍ 22). തിരുമേനി പഠിപ്പിച്ചു. ദൈവസ്മരണക്ക് വേണ്ടിയല്ലാതെ നിങ്ങള്‍ ധാരാളമായി സംസാരിക്കരുത്, അത് ഹൃദയകാഠിന്യത്തിന് വഴിയൊരുക്കും, ജനങ്ങളില്‍ അല്ലാഹുവുമായി ഏറ്റവും അകലെയുള്ളവന്‍ ഹൃദയകാഠിന്യം ബാധിച്ചവനാണ്.’

പ്രിയ സഹോദരാ, നിനക്ക് എന്ത് കൊണ്ട് ദിനേനെ മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല?
രോഗിയുടെ വേദനയോ അനാഥന്റെ കണ്ണുനീരോ നിന്നിലെന്തുകൊണ്ട് അസ്വസ്ഥത സൃഷ്ടിക്കുന്നില്ല?
രക്തസാക്ഷിയുടെ മയ്യിത്ത് കാണുമ്പോള്‍ എന്തുകൊണ്ട് നിന്റെ ഹൃദയം പിടയുന്നില്ല?
മര്‍ദ്ധകനില്‍ നിന്നും വല്ല മര്‍ദ്ധിതനെയും സംരക്ഷിക്കണം എന്ന ബോധം എന്തുകൊണ്ട് നിന്നിലുടലെടുത്തില്ല?
നിന്റെ ഹൃദയത്തില്‍ പാരുഷ്യവും കാഠിന്യവും ഉള്ളതായി വല്ലവരും നിന്നെ ഉണര്‍ത്തിയിട്ടുണ്ടോ?
ഇത്തരം വല്ല ശീലങ്ങളും നിന്നിലുണ്ടെങ്കില്‍ തീര്‍ച്ചയായും നീ ഒരു രോഗിയാണ്. നിന്നില്‍ നിരവധി നന്മയുണ്ടെങ്കിലും നിനക്ക് ചികിത്സ അത്യാവശ്യമാണ്.
നിന്റെ ഹൃദയത്തെയാണ് ആ രോഗം ബാധിച്ചിരിക്കുന്നത്. പ്രസ്തുത രോഗത്തെ തിരിച്ചറിയാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? നീ രോഗിയാണ് എന്ന തിരിച്ചറിവാണ് ഒന്നാമതായി അതിനുള്ള ചികിത്സ. ഈ രോഗം ദൂരീകരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

ഹൃദയ കാഠിന്യത്തിന്റെ ലക്ഷണങ്ങള്‍

-ഉല്‍ബോധനങ്ങളും ഗുണകാംക്ഷകളും യാതൊരു സ്വാധീനവും ചെലുത്താതിരിക്കുക. നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ ഉറ്റിവീഴാതിരിക്കുക, ദരിദ്രരോട് ദയയോ കുട്ടികളോട് വാല്‍സല്യമോ തോന്നാതിരിക്കുക.
-സഹോദരന്റെ വേദനയിലും പ്രയാസത്തിലും ഒരു പ്രയാസവുമില്ലാതിരിക്കുക.
-മുസ്‌ലിങ്ങളുടെ വിഷയങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാതിരിക്കുക, ഇസ്‌ലാമിന്റെയും മുസ്‌ലിങ്ങളുടെയും ഉന്നമനത്തിന് ഒരു താല്‍പര്യവുമില്ലാതിരിക്കുക.
-മുസ്‌ലിങ്ങളുടെ അഭിമാനം പിച്ചിച്ചീന്തുന്നതിലോ പവിത്രത ഹനിക്കപ്പെടുന്നതിലോ വിശുദ്ധഗേഹങ്ങള്‍ അധിനിവേശം ചെയ്യപ്പെടുന്നതിലോ യാതൊരു അപകടവും തോന്നാതിരിക്കുക.

ഹൃദയകാഠിന്യത്തിന്റെ അപകടങ്ങള്‍
ഹൃദയകാഠിന്യത്തെക്കാള്‍ ഗുരുതരമായ ഒരു വിപത്തുമില്ല. അതുമൂലം നിരവധി നന്മകള്‍ ചോര്‍ന്നുപോകും.
-ഹൃദയത്തില്‍ നിന്നും ഭയഭക്തി, കാരുണ്യം, അനുകമ്പ എന്നിവ വറ്റിപ്പോകും.
-അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകുകയും പ്രതികാര മനോഭാവം ഉടലെടുക്കുകയും ചെയ്യും. ഭിന്നിപ്പിനും അനൈക്യത്തിനും അത് വഴിയൊരുക്കും.
-നിരവധി ശത്രുക്കളെ സമ്പാദിക്കാനാകും.
-ജനങ്ങളുടെയും സുഹൃത്തുക്കളുടെയും വെറുപ്പ് സമ്പാദിക്കുകയും അവര്‍ അകന്നുപോകുകയും ചെയ്യും. ‘ താങ്കള്‍ പരുഷ സ്വഭാവക്കാരനായിരുന്നെങ്കില്‍ താങ്കളില്‍ നിന്നും അവര്‍ പിന്തിരിയുമായിരുന്നു’ (ആലുഇംറാന്‍-159)
-സല്‍പാന്ഥാവില്‍ നിന്നും തടയപ്പെടുകയും വികാരങ്ങള്‍ക്കടിപ്പെടുകയും ചെയ്യും.
-പിശാചിന്റെ കെണിയിലകപ്പെടുകയും ഇരയായിത്തീരുകയും ചെയ്യും.
-ജൂതരുടെയും മുന്‍കാലത്ത് നാശത്തിന് വിധേയമായവരുടെയും ഗണത്തില്‍ പെടും.

ഹൃദയകാഠിന്യത്തിന്റെ ഇരകള്‍
1.ജൂതന്മാര്‍
‘ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് പരസ്പരാരോപണം നടത്തി കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ.അപ്പോള്‍ നാം പറഞ്ഞു: ‘നിങ്ങള്‍ അതിന്റെ ഒരു ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക.’  അവ്വിധം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കാനായി അവന്‍ തന്റെ തെളിവുകള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നു.അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല്‍ കടുത്തു. ചില പാറകളില്‍നിന്ന് ഉറവകള്‍ പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം ചുരത്താറുമുണ്ട്. ദൈവഭയത്താല്‍ നിലംപതിക്കുന്നവയുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല. (അല്‍ബഖറ 72-74). ‘പിന്നീട് അവരുടെ കരാര്‍ ലംഘനം കാരണമായി നാമവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തു. അവര്‍ വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്നു. നാം നല്‍കിയ ഉദ്‌ബോധനങ്ങളില്‍ വലിയൊരു ഭാഗം മറക്കുകയും ചെയ്തു’ (അല്‍മാഇദ 13).

ഇതുകാരണത്തലാണ് ഫലസ്തീനില്‍ മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത നരമേധം ഇപ്പോഴും അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്.

2. പൂര്‍വീക സമൂഹങ്ങളില്‍ മിക്കതും:
‘നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. പിന്നെ ആ സമുദായങ്ങളെ നാം പീഡനങ്ങളാലും പ്രയാസങ്ങളാലും പിടികൂടി. അവര്‍ വിനീതരാകാന്‍.അങ്ങനെ നമ്മുടെ ദുരിതം അവരെ ബാധിച്ചപ്പോള്‍ അവര്‍ വിനീതരാവാതിരുന്നതെന്ത്? എന്നല്ല, അവരുടെ ഹൃദയങ്ങള്‍ കൂടുതല്‍ കടുത്തുപോവുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണെന്ന് പിശാച് അവരെ തോന്നിപ്പിക്കുകയും ചെയ്തു.’ (അല്‍ അന്‍ആം 42-43).

3. വേദം നല്‍കപ്പെട്ടവര്‍

‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.’ (അല്‍ ഹദീദ് 16)

4. ഐഹികതക്ക് മുന്‍ഗണന നല്‍കുകയും ദൈവസ്മരണയില്‍ നിന്ന് അകലുകയും ചെയ്തവര്‍.

‘അല്ലാഹു ഒരാള്‍ക്ക് ഇസ്ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍ നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്.
ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല. (അസ്സുമര്‍ 22-23)

ഹൃദയകാഠിന്യത്തിനുള്ള കാരണങ്ങള്‍

1. ഐഹികതയുടെ ശബളിമയില്‍ വഞ്ചിതരാകല്‍
2.അധര്‍മകാരികളുമായുള്ള സഹവര്‍ത്തിത്വം
3.ദൈവസ്മരണയല്ലാത്ത അധികരിച്ച സംസാരം .പ്രവാചകന്‍ പഠിപ്പിച്ചു: അധികരിച്ച സംസാരം ഹൃദയകാഠിന്യത്തിന് വഴിയൊരുക്കും.
4.പാപങ്ങളുടെ ആധിക്യം
 

ഹൃദയ കാഠിന്യത്തിനുള്ള ചികിത്സ

1. അല്ലാഹുവിനെ കുറിച്ച തിരിച്ചറിവ്
‘ അല്ലാഹുവിനെ സൂക്ഷിക്കുകയും ഹൃദയത്തില്‍ ഭയഭക്തി പുലര്‍ത്തുകയും ചെയ്യുന്ന ഹൃദയങ്ങളില്‍ നിന്ന് ഹൃദയകാഠിന്യം അകന്നുപോകും.

2. ദൈവസ്മരണ

സന്തോഷത്തിലും സന്താപത്തിലും രഹസ്യമായും പരസ്യമായും ദൈവസ്മരണയില്‍ ഏര്‍പ്പെടുന്നവരെ ഈ രോഗത്തില്‍ നിന്നും രക്ഷിക്കും. ‘ സത്യവിശ്വാസികള്‍ ദൈവസ്മരണയാല്‍ മനശ്ശാന്തി അടയുന്നവരാണ്. ദൈവസ്മരണയിലൂടെ മാത്രമേ മനസ്സിന് ശാന്തിയുണ്ടാകൂ.'(അര്‍റഅദ് 28). ഇരുമ്പ് തുരുമ്പെടുക്കുന്നതു പോലെ മനുഷ്യമനസ്സുകള്‍ തുരുമ്പെടുക്കും. അത് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്യലും ദൈവസ്മരണ അധികരിപ്പിക്കലുമാണ്.’ (ഹദീസ്)
യഹയ ബിന്‍ മുആദ് പറഞ്ഞു: ഹൃദയ കാഠിന്യത്തിനുളള മരുന്ന് അഞ്ചുതരമാണ്. ചിന്തയിലധിഷ്ഠിതമായ ഖുര്‍ആന്‍ പാരായണം, വയറുകാലിയാക്കുക, രാത്രിയുടെ അന്തിയാമങ്ങളിലുള്ള നമസ്‌കാരം, സുജൂദ് അധികരിപ്പിക്കുക, സജ്ജനങ്ങളുമായി സഹവര്‍ത്തിക്കുക എന്നിവയാണ്. അല്ലാഹു വിവരിക്കുന്നു: ‘ സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ് ‘ (അല്‍ഹദീദ് 16)

3.അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിരീക്ഷിക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊളളുകയും ചെയ്യുക.

സ്വശരീരത്തിലും പ്രപഞ്ചത്തിലും ഖുര്‍ആനിലുമെല്ലാമുള്ള ദൈവികമായ നിരവധി ദൃഷ്ടാന്തങ്ങളെ ചിന്താനിമഗ്നനായിക്കൊണ്ടും കണ്ണുനീര്‍ത്തുള്ളി ഒഴുക്കിക്കൊണ്ടും നിരീക്ഷിക്കുക എന്നത് ഹൃദയത്തില്‍ ഭയഭക്തിയുളവാക്കാന്‍ വളരെ പ്രധാനമാണ്. ‘ ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല.’ (അസ്സുമര്‍ 23).

4.പരലോക സ്മരണ:

ജീവിതം നശ്വരമാണ് എന്നും പരലോകമാണ് അനശ്വരമെന്നും ഉള്ള ബോധമാണ് ഹൃദയത്തെ രോഗവിമുക്തമാക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്. അതിനാലാണ് നിങ്ങള്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുക , പരലോക ബോധം അത് നിങ്ങളിലുളവാക്കും എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചത്.

5.അനാഥരോടും അഗതികളോടും നന്മ പുലര്‍ത്തുക:

‘ ഒരാള്‍ ഹൃദയകാഠിന്യത്തെ കുറിച്ച് പ്രവാചകനോട് ആശങ്ക പ്രകടിപ്പിച്ചു. പ്രവാചകന്‍ പ്രതികരിച്ചു: നിന്റെ ഹൃദയം നിര്‍മലമാകണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ അഗതിക്ക് അന്നം നല്‍കുകയും അനാഥക്ക് തലോടുകയും ചെയ്യുക’

6. പ്രാര്‍ഥന അധികരിപ്പിക്കുക:

അല്ലാഹുവിനോട് അവന്റെ കാരുണ്യത്തിനും ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ സ്വാംശീകരിക്കാനും സ്ഥൈര്യത്തിനുമെല്ലാമായി നിരന്തരം പ്രാര്‍ഥിക്കുക എന്നത് ഹൃദയം രോഗവിമുക്തമാക്കാനുള്ള മാര്‍ഗമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
Related Articles
Close
Close