Tharbiyya

വിശപ്പ് : നമുക്ക് അന്യമായ അനുഭവം

നോമ്പെടുക്കുമ്പോള്‍ അനുഭവിക്കുന്ന വിശപ്പല്ലാതെ യഥാര്‍ഥ വിശപ്പ് അനുഭവിക്കാത്തവരാണ് നമ്മില്‍ അധികപേരും. ആമാശയം ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണത്. അങ്ങേയറ്റം വേദനാജനകവും ഒരാളെ അശക്തനാക്കുന്നതിന്റെ തുടക്കവുമാണ്. അതേസമയം മനുഷ്യന് തന്റെ ശരീരത്തെ നിയന്ത്രിക്കുന്നതിനും ആത്മാവിനെ പാകപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒന്നു കൂടിയാണത്. മനസിനത് ശക്തിയും പ്രതിസന്ധികളെ നേരിടുന്നതിനുള്ള കരുത്തും നല്‍കുന്നു. എന്നാല്‍ വീടുകളില്‍ ഭക്ഷ്യവസ്തുകളുടെ ആധിക്യം അനുഭവിക്കുന്ന നമ്മളോ നമ്മുടെ കുടുംബമോ വിശപ്പ് എന്താണെന്ന് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മനസിലാക്കാത്തവരാണ്.

ഇന്നത്തെ സാഹചര്യത്തില്‍ നാം ധാരാളം നോമ്പെടുക്കുന്നുണ്ടെങ്കിലും അതിന്റെയൊന്നും ഫലങ്ങള്‍ കാണുന്നില്ല. നോമ്പ് തുറകള്‍ ആഘോഷമായി മാറിയിരിക്കുന്ന ഇന്ന് നോമ്പെടുത്താലും വിശപ്പ് നാം അനുഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ നോമ്പെന്നത് ഭക്ഷണത്തിന്റെ സമയത്തില്‍ വരുന്ന ഒരു മാറ്റം മാത്രമായി ചുരുങ്ങി.

അമിതഭോജനം മൂല ആളുകള്‍ മരിക്കുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. പട്ടിണി മൂലം മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് അമിതാഹാരം മൂലം മരിക്കുന്നു എന്നാണ് ലോകതലത്തിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ പൊണ്ണതടിയന്‍മാരായ കുട്ടികള്‍ വളരുന്നതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണ രീതികളില്‍ വന്നിട്ടുള്ള മാറ്റം തന്നെയാണ്.

മക്കള്‍ ഒരു ദിവസം പോലും വിശപ്പനുഭവിക്കാതിരിക്കാന്‍ രുചികരമായ ഭക്ഷണം അവര്‍ക്കൊരിക്കികൊടുക്കുകയാണ് ഒരു മാതാവിന്റെ ഉത്തരവാദിത്തമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ രാജാക്കന്‍മാരും ഖലീഫമാരുമെല്ലാം തങ്ങളുടെ മക്കളെ ജീവിതത്തിലെ കടുത്ത അനുഭവങ്ങളും വിശപ്പും അനുഭവിക്കുന്നതിനായി അയക്കുന്നവരായിരുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വിശപ്പ് അനുഭവിക്കണമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മിതമായ ഭക്ഷണമാണ് ശരീരത്തിന്റെ ആരോഗ്യത്തെ നിലനിര്‍ത്തുന്നതെന്ന് നാം മറക്കരുത്. എന്തുകൊണ്ട് നമ്മുടെ ആഘോഷങ്ങളിലും സല്‍കാരങ്ങളിലും തീറ്റക്കും കുടിക്കും ഇത്രയധികം പ്രാധാന്യം എങ്ങനെ ഉണ്ടായി എന്ന് നാം ആലോചിക്കേണ്ടതുണ്ട്. ഇന്നത്തെ ആധുനിക സൗകര്യങ്ങളെല്ലാം നമ്മുടെ മക്കളുടെ പ്രതിസന്ധികളോട് പൊരുതുന്നതിനുള്ള നൈസര്‍ഗികമായ കഴിവിനെ ദുര്‍ബലമാക്കുകയും അലസതയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. എന്തുകൊണ്ട് ഇടക്ക് അവരെ വിശപ്പ് അനുഭവിപ്പിച്ചു കൂടാ?

നബി(സ) ഒരിക്കല്‍ പറഞ്ഞു: തന്റെ വയറിനേക്കാള്‍ മോശപ്പെട്ട ഒരു പ്രാത്രവും മനുഷ്യപുത്രന്‍ നശിപ്പിക്കുന്നില്ല. മനുഷ്യന് നടുനിവര്‍ത്താന്‍ ഏതാനും ഉരുളകള്‍ മതിയാകും. അതിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് സ്വന്തത്തിനും മാറ്റിവെക്കണം. ആഹാരരീതിയുടെ അടിസ്ഥാനമാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. അത് ശരിയായി പാലിക്കുകയാണെങ്കില്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെയും ഒട്ടേറെ രോഗങ്ങളെയും നമുക്ക് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കും. ആഹാരരീതികളെ കുറിച്ച് പഠനം നടത്തിയ അമേരിക്കന്‍ ഡോക്ടര്‍ ഈ ഹദീസ് കണ്ട് ഇസ്‌ലാമില്‍ ആകൃഷ്ടനായിട്ടുണ്ട്.

തൊഴിലാളികളുടെ തൂക്കവും അരക്കെട്ടിന്റെ അളവും ക്രമപ്പെടുത്തി നിയന്ത്രിക്കുന്നതിന് ഒരു നിയമം ഈയടുത്ത് ജപ്പാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോവര്‍ഷവും അത് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കമ്പനികള്‍ക്ക് തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരുന്ന് അധിക ബാധ്യത ഒഴിവാക്കുന്നതിനാണത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

Facebook Comments
Related Articles
Show More
Close
Close