അറബ് രാഷ്ട്രങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ വ്യക്തമായ വിജയം കൈവരിച്ചതിന് ശേഷം വിജയവേളയില്‍ കാത്ത്‌സൂക്ഷിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്ന ധാര്‍മികപാഠങ്ങള്‍ വിവരിക്കുന്നതില്‍ തീര്‍ച്ചയായും പ്രസക്തിയുണ്ട്. വിജയനിദാനങ്ങള്‍, പരീക്ഷണങ്ങള്‍, പീഢനങ്ങള്‍, വിജയം വൈകാനുള്ളകാരണങ്ങള്‍.. തുടങ്ങിയ വിഷയങ്ങളെപ്പോലെ ധാരാളമായ ചര്‍ച്ചചെയ്യപ്പെട്ട ഒന്നല്ല ഇത്.
അത് കൊണ്ട് തന്നെ ഈ ന്യൂനത നികത്താനുള്ള തീവ്രശ്രമമാണ് ഇത്. വിജയികള്‍ പാലിക്കേണ്ട മൂല്യങ്ങളക്കുറിച്ച് നാമിവിടെ സൂചിപ്പിക്കുകയാണ്.
1. അല്ലാഹുവിന്റെ സഹായത്തിലുള്ള ഉറച്ചബോധ്യം.
മുസ്‌ലിങ്ങളുടെ പടയണിയില്‍ നിരവധി വിടവുകള്‍ വീഴാന്‍ പലതരത്തിലുമുള്ള സാധ്യതയുണ്ട്. പക്ഷെ അല്ലാഹു അവന്റെ അദൃശ്യസൈന്യങ്ങളെ ഇറക്കി അവ പരിഹരിച്ചതാണ്. മുസ്‌ലിങ്ങളെ പിടികൂടുന്നതില്‍ നിന്നും ശത്രുക്കളെ അല്ലാഹു അശ്രദ്ധരാക്കുകയാണ് ചെയ്തത്. വിശ്വാസികളുടെ പടയണിയെ നിര്‍ഭയത്വവും ശാന്തിയും നല്‍കി അവന്‍ സഹായിച്ചതാണെന്ന ഉത്തമ ബോധ്യം വിജയവേളയില്‍ നമുക്കുണ്ടായിരിക്കണം. ‘അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ’. (അല്‍ഫത്ഹ്:4)
‘നിങ്ങളില്‍നിന്ന് ജനത്തിന്റെ കൈകളെ അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്കൊരടയാളമാകാനാണിത്. നിങ്ങളെ നേര്‍വഴിയില്‍ നയിക്കാനും’. (അല്‍ ഫത്ഹ്:20)
‘സത്യത്തില്‍ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. താങ്കള്‍ എറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ താങ്കളല്ല എറിഞ്ഞത്. അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’. (അല്‍ അന്‍ഫാല്‍: 17-18)
2. സഹിഷ്ണുത
വിജയത്തിലും പരാജയത്തിലും ഈ ഉല്‍കൃഷ്ഠ ഗുണം ആര്‍ജിച്ചെടുക്കല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണ്. സ്വലാഹുദ്ധീന്‍ അയ്യൂബി ബൈതുല്‍ മുഖദ്ദിസിലെ ചര്‍ച്ചില്‍ ക്രിസ്ത്യാനികള്‍ക്ക് മാമോദീസമുക്കാന്‍ അനുവാദം നല്‍കിയ സംഭവം ചില യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ ഉദ്ദരിച്ചിട്ടുണ്ട്. കാരണം വിശ്വാസികളെ ക്രൂരമായി കൊല ചെയ്യുകയും പീഢിപ്പിക്കുകയും ചെയ്ത ശേഷം അവരോട് സഹിഷ്ണുതപരമായ നിലാട് സ്വീകരിക്കുകയെന്നത് അവരുടെ സങ്കല്‍പത്തിനപ്പുറത്തായിരുന്നു
3. സാമ്പത്തിക മോഹങ്ങള്‍ക്കടിപ്പെടാതിരിക്കുക:
സാമ്പത്തികമോഹത്തിനടിപ്പെട്ടു എന്നത് ഉഹ്ദ് യുദ്ധത്തില്‍ വിശ്വാസികളുടെ പരാജയകാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക താല്‍പര്യങ്ങള്‍ക്കടിപ്പെടാതിരിക്കുക എന്നത് ജാഹിലിയ്യ കാലത്ത് പോലും ഉല്‍കൃഷട ഗുണങ്ങളില്‍ എണ്ണപ്പെട്ടിരുന്നു.
4. വ്യക്തികളുടെ കഴിവുകളെ വിലമതിക്കുക:
അബൂ സുഫ്‌യാന്‍ പ്രതാപം ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് അറിയിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തിന് പ്രത്യേകമായ സ്ഥാനം നല്‍കുകയുണ്ടായി. മക്കാ വിജയവേളയില്‍ പ്രവാചകന്‍(സ) പറഞ്ഞു. ‘ആരെങ്കിലും അബൂസുഫ്‌യാന്റെ ഭവനത്തില്‍ പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനാണ്. സ്വഭവനത്തില്‍ കഴിയുന്നവനും മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചവനും സുരക്ഷിതനാണ്’.
5. വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാതിരിക്കുക:
വിപ്ലവത്തില്‍ മറ്റുള്ളവരുടെ പങ്കിനെ അവഗണിച്ചുകൊണ്ട് അതിനെ സ്വന്തം പേരിലെഴുതിച്ചേര്‍ക്കുക എന്നത് വിശ്വാസിക്ക് ഭൂഷണമല്ല. രക്തസാക്ഷികളുടെ വിയര്‍പ്പിന്റെയും തലയോട്ടിയുടെയും മുകളിലാണ് യഥാര്‍ത്ഥത്തില്‍ വിജയം കെട്ടിപ്പെടുക്കപ്പെട്ടത്. വിശ്വാസികള്‍ ശക്തന്‍മാരുടെ കൈകളിലൂടെ മാത്രമല്ല, ദുര്‍ബലരുടെ സഹായം കൊണ്ട് കൂടിയാണ് വിജയം കൈവരിക്കുന്നത്. നബി(സ) പറഞ്ഞു.’ദുര്‍ബലരുടെ പ്രാര്‍ത്ഥനയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും മൂലമാണ് നിങ്ങള്‍ സഹായിക്കപ്പെടുന്നത്’.
6. ദുര്‍ബലമായ ഭൂതകാലത്തെക്കുറിച്ച ഓര്‍മ്മ
വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി നിന്ദ്യതയും ദൗര്‍ബല്യവും സഹിച്ച ഭൂതകാലത്തെക്കുറിച്ച് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ‘നിങ്ങള്‍ നന്നെ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍’ (ആലു ഇംറാന്‍:121). ‘ഓര്‍ക്കുക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ദുര്‍ബലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ പ്രബലരാക്കി. നിങ്ങള്‍ക്ക് ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍’ (അന്‍ഫാല്‍:26).
ഇസ്‌ലാമിസ്റ്റുകളെന്ന നിലയില്‍ വിജയ നിദാനങ്ങളെക്കുറിച്ചും വിജയത്തിന്റെ ഇസ്‌ലാമികമായ ധാര്‍മികപാഠങ്ങളെ സംബന്ധിച്ചും വ്യക്തമായ ഉള്‍ക്കാഴ്ച നേടേണ്ടതുണ്ട്.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്