Tharbiyya

റമദാന് മുന്നോടിയായി ഹൃദയങ്ങളെ ചികിത്സിക്കാം

നമ്മുടെ ഹൃദയങ്ങള്‍ കടുത്തു പോകുവോളം നാം അശ്രദ്ധരും ഐഹികതയില്‍ കെട്ടുപിണഞ്ഞവരുമായിരിക്കുന്നു. അതിലൂടെ സ്വന്തത്തെ തന്നെ മറന്നിരിക്കുകയാണ് നമ്മള്‍. ആ ഹൃദയത്തിന്റെ രഹസ്യങ്ങള്‍ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കും അറിയില്ല. ആ ഹൃദയങ്ങള്‍ക്ക് വീണ്ടും ചൈതന്യം പകര്‍ന്നു നല്‍കേണ്ട സമയമായിരിക്കുന്നു. സൂറത്തുല്‍ മുദ്ദസിറിലെ ‘നിന്റെ വസ്ത്രം ശുദ്ധിയാക്കുക’ എന്ന കല്‍പന കൊണ്ടുദ്ദേശിക്കുന്നത് ഹൃദയത്തെ ശുദ്ധീകരിക്കാനാണെന്ന് ഭൂരിപക്ഷം മുഫസ്സിറുകളും അഭിപ്രായപ്പെട്ടിരിക്കുന്നത് കാണാം. അബൂഹുറൈറ(റ) പറയുന്നു: ഹൃദയം രാജാവാണ്, അവയവങ്ങള്‍ പ്രജകളും. രാജാവ് നന്നായാല്‍ പ്രജകളും നന്നായി, രാജാവ് ചീത്തയായാല്‍ പ്രജകളും ചീത്തയായി.”

ഹൃദയത്തെ സംബന്ധിച്ച അശ്രദ്ധയെ കുറിച്ച് ആലോചിക്കാന്‍ അല്‍പസമയം നാം ചെലവഴിക്കേണ്ടത് അനിവാര്യമാണ്. എന്തൊക്കെ പ്രശ്‌നങ്ങളാണ് ഹൃദയത്തെ ബാധിക്കുന്നത്? ഹൃദയം സുരക്ഷിതമാകുമ്പോഴാണ് ഇഹത്തിലും പരത്തിലും ശാന്തതയും സമാധാനവും ലഭിക്കുകയുള്ളൂ. സമ്പത്തോ സന്താനങ്ങളോ ഉപകാരപ്പെടാത്ത നാളില്‍ സുരക്ഷിതമായ ഹൃദയവുമായി വരുന്നവര്‍ക്ക് മാത്രമാണ് രക്ഷയെന്നാണ് ഖുര്‍ആന്‍ പറയുന്നത്. (അശ്ശുഅറാഅ്: 89)

ഹൃദയത്തിന്റെ രോഗങ്ങള്‍ നിരവധിയാണ്. അല്ലാഹുവിന്റെ ദീനിനെ കുറിച്ച അജ്ഞതയും ദേഹേച്ഛകള്‍ക്ക് പിറകെയുള്ള പോക്കുമാണ് അതിന്റെ പ്രധാന കാരണങ്ങള്‍. ആത്മാര്‍ഥതക്കുറവ്, അന്യരുടെ അവകാശങ്ങളും നിഷിദ്ധമാക്കപ്പെട്ടതും ഭുജിക്കുന്നതിലൂടെയുള്ള പാപങ്ങള്‍, ചതി, വഞ്ചന, കാപട്യം, ചീത്തസ്വഭാവം തുടങ്ങിയ അത്തരത്തിലുള്ള രോഗങ്ങളാണ്.

ഇത്തരം രോഗങ്ങളെ ചികിത്സിക്കാനുള്ള തുല്യതയില്ലാത്ത സുവര്‍ണാവസരമാണ് നമ്മിലേക്ക് കടന്നുവരുന്ന റമദാന്‍. ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ അവസാന റമദാനായിരിക്കാം ഇത്. ഹൃദയത്തെ ശുദ്ധീകരിക്കാനുള്ള അവസരമാണിത്. ഈ നാളുകളില്‍ ശുദ്ധ ഹൃദയവുമായി അല്ലാഹുവിലേക്ക് നാം അടുക്കേണ്ടതുണ്ട്. റമദാനിലൂടെ അവനിലേക്ക് അടുക്കുന്നവരായി നാം മാറേണ്ടതുണ്ട്.

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: ”അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്.” (മുസ്‌ലിം)
മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ”ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ ശരിയായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. ഹൃദയമാണത്.”

അല്ലാഹുവിലുള്ള പ്രതീക്ഷയാലും അവനെ ഭരമേല്‍പിച്ചും നാം ഹൃദയത്തിന് കരുത്തേകേണ്ടതുണ്ട്. ദൈവഭയത്താലും പശ്ചാത്തപിച്ചും അതിന് ശുദ്ധീകരിക്കേണ്ടതുമുണ്ട്. അപ്രകാരം ദേഹേച്ഛകള്‍ക്കെതിരെ സ്വന്തത്തോട് പൊരുതേണ്ടതുണ്ട്. അശ്രദ്ധയും അലസതയും ബാധിക്കുകയും തെറ്റുകളില്‍ അകപ്പെടുകയും ചെയ്യുമ്പോള്‍ പിശാചില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടേണ്ടതുണ്ട്.

പ്രവാചകന്‍(സ) പറഞ്ഞു: ”പായയുടെ ഓരോ ഇഴകളെ ബാധിക്കുന്നത് പോലെ ഹൃദയങ്ങളെ കുഴപ്പങ്ങള്‍ ബാധിക്കും. ഏതൊരു ഹൃദയത്തെയാണോ അത് ബാധിക്കുന്നത് അവിടെ ഒരു കറുത്ത പുള്ളി അത് വീഴ്ത്തും. ഏത് ഹൃദയമാണോ അതിനെ നിരസ്സിക്കുന്നത് ഒരു വെളുത്ത പുള്ളി അതവിടെയുണ്ടാക്കും. അതിന്റെ ഫലമായി രണ്ട് തരം ഹൃദയങ്ങളുണ്ടാവും. വെള്ളക്കല്ലു പോലെ വെളുത്ത ഹൃദയം, ആകാശഭൂമികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അതിനെ ദോഷം ബാധിക്കുകയില്ല. പൊടിപിടിച്ച കറുത്ത ഹൃദയമാണ് രണ്ടാമത്തേത്. നന്മകളെ അത് തിരിച്ചറിയുകയോ തിന്മകളെ നിരാകരിക്കുകയോ അത് ചെയ്യില്ല. ദേഹേച്ഛകളാല്‍ ഊട്ടപ്പെട്ടതായിരിക്കുമത്.” (മുസ്‌ലിം)

പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുമെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. കുഴപ്പങ്ങള്‍ ഒറ്റയടിക്കല്ല ഹൃദയത്തെ ബാധിക്കുക. മറിച്ച് ഘട്ടംഘട്ടമായി ബാധിച്ച് ഹൃദയത്തെ ഒന്നടങ്കം അത് മൂടും. നമ്മുടെ ഹൃദയങ്ങള്‍ ദുര്‍ബലമാണ്. പിശാച് ആ ദൗര്‍ബല്യത്തെ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്റെ റബ്ബിന്റെ സമക്ഷം നില്‍ക്കേണ്ടിവരുന്നതിനെ ഭയപ്പെടുകയും ആത്മാവിനെ ദുര്‍മോഹങ്ങളില്‍നിന്ന്അകറ്റിനിര്‍ത്തുകയും ചെയ്തവനോ, അവന്റെ താവളം സ്വര്‍ഗമാകുന്നുവെന്ന സന്തോഷവാര്‍ത്ത അല്ലാഹു അറിയിക്കുന്നു.

സ്വര്‍ഗം ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. ഉന്നതമായ ആ ലക്ഷ്യത്തിന് വേണ്ടി നാം പണിയെടുക്കേണ്ടതുണ്ട്. നമുക്കുള്ള കഴിവും ശേഷിയും അതിനായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതുപോലെ ലാഭകരമായ മറ്റൊരു കച്ചവടമില്ല. ഹൃദയങ്ങളെ സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നാം നടത്തേണ്ടതുണ്ട്. ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയത്തിനും തുരുമ്പ് ബാധിക്കും. അല്ലാഹുവിനെ കുറിച്ച സ്മരണ കൊണ്ട് മാത്രമേ ആ തുരുമ്പ് നീക്കാനാവൂ. അല്ലാഹുവിനെ കുറിച്ച് സ്മരണ നിലനില്‍ക്കുന്ന ഹൃദയങ്ങള്‍ അവനുള്ള അനുസരണത്തില്‍ നിന്ന് വഴുതിമാറുകയില്ല. റമദാന് തൊട്ടുമുമ്പുള്ള ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ഹൃദയത്തെയും അതിന്റെ അവസ്ഥയെയും കുറിച്ച ഒരു വിലയിരുത്തല്‍ നടത്തേണ്ടത് അനിവാര്യമാണ്.

വിവ: നസീഫ്‌

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker