Tharbiyya

മിതത്വമാവട്ടെ നമ്മുടെ സംസ്‌കാരം

വിവാഹ ആഘോഷ മേഖലകളില്‍ ദീനിന്റെയും ശറഇന്റെയും താല്‍പര്യങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് സമുദായത്തിലെ നേതാക്കള്‍ ഒന്നിച്ചിരിച്ച് ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. വിവാഹാഘോഷവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നം അതിന് വേണ്ടി ചെലവഴിക്കുന്ന സമ്പത്തിന്റെ അളവ് തന്നെയാണ്. സമ്പാദിക്കാനും ചിലവഴിക്കാനും അനുവാദമുള്ള ദീനിലാണ് നാം വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അനുവദിക്കുക മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കു കൂടി ചെയ്തിട്ടുള്ള ഒരു ദീനാണിത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സമ്പാദിക്കാനും ഉപജീവിക്കാനും അല്ലാഹുവിന്റെ കല്‍പന തന്നെയുണ്ട്. സമ്പാദിക്കല്‍ ഒരു ആരാധനയും അനുഷ്ഠാനവുമാണ്. കാരണം ശറഅ് കല്‍പിച്ച കാര്യമാണത്. വെള്ളിയാഴ്ച്ച ജുമുഅക്ക് കൃത്യസമയത്ത് എത്തിചേരുന്നതിലാണ് നിങ്ങള്‍ ശ്രദ്ധവെക്കേണ്ടതെന്ന് എന്നു പഠിപ്പിക്കുന്ന ഖുര്‍ആന്‍ എന്നാല്‍ ഖുതുബയും നമസ്‌കാരവും കഴിഞ്ഞാല്‍ അവിടെ തന്നെ നില്‍ക്കാനല്ല കല്‍പിക്കുന്നത്, മറിച്ച് സമ്പാദിക്കാന്‍ തിരിച്ചു പോകാനാണ്. അല്ലാഹുവിന്റെ ദീനിന്റെ അടിസ്ഥാന സ്വഭാവമാണിത്. ആത്മീയമായ ആരാധനയും അനുഷ്ഠാനവും ദീനിന്റെ ഒരു വശമാണെങ്കില്‍ ഐഹിക ജീവിതത്തെ സമൃദ്ധമാക്കാനുള്ള അധ്വാനവും പരിശ്രമവും ദീനിന്റെ മറ്റൊരു വശമാണ്. എന്നാല്‍ വിനിയോഗം സ്വന്തം ഇച്ഛകള്‍ക്കനുസരിച്ചാവരുത്. അത് അല്ലാഹുവിന്റെ ഇഷ്ടാനുസാരണം ശറഇന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാനുള്ള ധാരാളം വ്യവസ്ഥകളും നിര്‍ദേശങ്ങളും ഈ ദീനിലുണ്ട്. അവ മനസ്സിലാകാതെ വരുമ്പോഴോ മനസ്സിലാക്കാതെ വരുമ്പോഴോ ആണ് അമിതവ്യയം സംഭവിക്കുന്നത്.

അമിതവ്യയം വിവാഹവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്‌നമല്ല. ചെലവഴിക്കുന്നതില്‍ സന്തുലിതത്വം എന്നത് നമ്മുടെ അടിസ്ഥാന സ്വഭാവമായി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ‘റഹ്മാന്റെ (കരുണാമയനായ ദൈവത്തിന്റെ യഥാര്‍ഥ) ദാസന്മാര്‍…… ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ഇല്ല. പ്രത്യുത, ചെലവുകള്‍ ഈ രണ്ടറ്റങ്ങള്‍ക്കുമിടയില്‍ മിത സ്വഭാവത്തിലുള്ളതായിരിക്കും.’ (അല്‍-ഫുര്‍ഖാന്‍ : 67) ‘ഖവാം’ ഏറ്റവും അനുയോജ്യമായ സ്ഥാനത്ത് ഏറ്റവും അനുയോജ്യമായ സ്വഭാവത്തിലും സാംസ്‌കാരിക വ്യക്തിത്വത്തോട് കൂടിയും നിലയുറപ്പിക്കുന്നതിന്റെ പേരാണ്. മറ്റുതാല്‍പര്യങ്ങളുടെ സ്വാധീനത്തിന് വിധേയമായി നാം നില്‍ക്കേണ്ട വിധം നമുക്ക് വിസ്മൃതമായി പോകാത്ത നിലപാടാണത്. എത്ര ആളുകള്‍ പങ്കെടുക്കുന്ന വിവാഹമാണ് ഇസ്‌ലാമികമാവുക? എത്ര പണം ചെലവഴിക്കുന്ന വിവാഹമാണ് അനിസ്‌ലാമികമാവുക എന്നൊക്കെ പലരും ചോദിക്കാറുണ്ട്. പിശുക്കിനും ധൂര്‍ത്തിനും ഇടയിലുള്ള ഇടമാണ് ഇഷ്ടദാസന്‍മാരുടെ ഇടമെന്ന് വിശുദ്ധ ഖുര്‍ആന്‍ അതിന് നമുക്ക് മറുപടി നല്‍കുന്നു. വളരെ മൗലിക പ്രധാനമായ വിഷയങ്ങളുടെ കൂട്ടത്തിലാണ് അല്ലാഹു ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അതിന് മുമ്പും ശേഷവും പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.

നമ്മുടെ ആവശ്യം കഴിഞ്ഞ് ധനം നമ്മുടെ കയ്യില്‍ അവശേഷിക്കുന്നു എന്നതാണ് കൂടുതല്‍ ചെലവഴിക്കുന്നതിന് പ്രചോദനം. ഖുര്‍ആന്‍ പറയുന്നു : ‘ബന്ധുവിന് അവന്റെ അവകാശം നല്‍കേണം. ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കേണം ദുര്‍വ്യയമരുത്.’ (അല്‍-ഇസ്‌റാഅ് : 26) സദ്യകളുടെയും വിഭവങ്ങളുടെയും ആഘോഷ ദിവസങ്ങളുടെയും എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം കൂടുതല്‍ നമ്മുടെ കയ്യില്‍ പണം അവശേഷിക്കുന്നു എന്നതാണ്. പല വഴികളിലൂടെയും നമ്മുടെ അടുത്ത് കുമിഞ്ഞ് കൂടിയിരിക്കുന്ന പണമുണ്ട്. അതുകൊണ്ടാണ് സദ്യയിലെ വിഭവങ്ങള്‍ അധികരിക്കുന്നതും ഒറ്റ ദിവസം മാത്രം ഉപയോഗിക്കുന്ന ആഢംബര വസ്ത്രത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുന്നതും. വിവാഹസദ്യയിലെ ഭക്ഷ്യവിഭവങ്ങളുടെ എണ്ണപ്പെരുപ്പം അവന്റെ പൊങ്ങച്ചത്തിന്റെ അടയാളമായി നിശ്ചയിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് പണം കൂടുതലുള്ളത് കൊണ്ടാണ്. പണം കയ്യിലില്ലാത്തവനും കടം വാങ്ങിയും ലോണെടുത്തും ഇതിലേക്ക് വലിച്ചിഴക്കപെടുന്നതിന്റെ കാരണം അയല്‍പക്കവും സുഹൃത്തുക്കളും സൃഷ്ടിക്കുന്ന സാമൂഹ്യ സമ്മര്‍ദമാണ്. ഇത്തരം സാമൂഹിക സമ്മര്‍ദങ്ങള്‍ മൂലം കടക്കെണികള്‍ക്കും വിവാഹാഘോഷങ്ങള്‍ കാരണമാകുന്നുണ്ട്.

പലപ്പോഴും നാം വിസ്മരിച്ചു പോകുന്ന ഒരു കാര്യമാണ് ‘ബന്ധുവിന് അവന്റെ അവകാശം നല്‍കേണം. ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കേണം’ എന്നുള്ളത്. തന്റെയും തന്റെ കുടുംബത്തിന്റെയും ഭക്ഷണം, ചികിത്സ, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചമുള്ള പണം അതിന്റെ അവകാശികള്‍ക്ക് നല്‍കണം. അവരുടെ ‘ഹഖ്’ (അവകാശം) ആണത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. കുടുംബത്തിനകത്തും പുറത്തുമുള്ള നിരവധി ദരിദ്രന്‍മാരും അഗതികളുമുണ്ട്. വഴിയെ ആധാരമാക്കി ജീവിക്കുന്നവരും സമൂഹത്തിലുണ്ട്. അവരെയെല്ലാം പുനരധിവസിപ്പിക്കേണ്ടതുണ്ട്. നാം താമസിക്കുന്നത് എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള വീട്ടിലാണെങ്കില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വീടുകള്‍ നമ്മുടെ ചുറ്റുലുമുണ്ടെന്ന് മനസ്സിലാക്കി അവര്‍ക്ക് നല്‍കണം.

അധികമുണ്ട് എന്നത് ഒരിക്കലും ധൂര്‍ത്തിനുള്ള ന്യായീകരണമല്ല. എന്റെ അടുത്ത് പണമുള്ളത് കൊണ്ടല്ലേ ഞാന്‍ ഇത്രവലിയ വീടെടുത്തിരിക്കുന്നത്, ആഢംബരമായി വിവാഹം നടത്തുന്നത് നിങ്ങള്‍ക്കതില്‍ എന്തു ഛേദം? എന്ന ചോദ്യവും സമൂഹത്തില്‍ ഉയരാറുണ്ട്. പിശാചിന്റെ കൂട്ടാളികളാണെന്നാണ് ഖുര്‍ആന്‍ അത്തരക്കാരെ പരിചയപ്പെടുത്തുന്നത്. ‘തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു.’ (അല്‍-ഇസ്‌റാഅ് : 27) പൊങ്ങച്ച ചെലവുകള്‍ പൈശാചിക പ്രവര്‍ത്തനമാണെന്ന് ഇതിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. നികാഹിനോടനുബന്ധമായി ഒരു കാരണവശാലും കടന്ന് വരാന്‍ പാടില്ലാത്തതാണ് പൈശാചിക പ്രവര്‍ത്തനങ്ങള്‍. കാരണം നികാഹ് ഒരാത്മീയ പ്രവര്‍ത്തനമാണ്. ഏറ്റവും കൂടുതല്‍ കൂടിയാലോചകനകളും ചര്‍ച്ചകളും നടക്കുന്ന വളരെ നിര്‍ണായകമായ ആത്മീയ പ്രവൃത്തി. ഹംദും സ്വലാത്തും ചൊല്ലി വാക്കുകളിലൂടെ കൈമാറുന്ന ശക്തമായ കരാറാണത്. അത് മസ്ജിദില്‍ വെച്ച് നടത്തുന്നതിനെ പ്രവാചകന്‍(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇന്നും മസ്ജിദ് കേന്ദ്രീകരിച്ചാണ് നികാഹുകള്‍ നടക്കുന്നത്. പള്ളിക്ക് പുറത്താണെങ്കിലും അതിന്റെ ഔദ്യോഗിക അംഗീകാരം നല്‍കുന്നത് പള്ളിയുമായി ബന്ധപ്പെട്ടാണ്. നാം ജീവിതത്തില്‍ വളരെയധികം ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന നമസ്‌കാരം, സകാത്ത്, ദിക്ര്‍, ഖുതുബ, പോലുള്ള എല്ലാ കര്‍മങ്ങളുടെയും കേന്ദ്രമാണ് മസ്ജിദ്. അതുമായി ബന്ധപ്പെട്ട നികാഹ് എന്ന കര്‍മത്തില്‍ പിശാച് കടന്നുവരാന്‍ പാടില്ല.

വിവാഹാഘോഷം സുന്നത്താണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. നബി(സ) വിവാഹാഘോഷങ്ങള്‍ നടത്തിയിട്ടുണ്ട്. അനസ് ബിന്‍ മാലിക്(റ) പറയുന്നു: സൈനബ്(റ)നെ വിവാഹം ചെയ്തപ്പോള്‍ നബി(സ) ‘വലീമ’ നടത്തിയിട്ടുണ്ട്. നികാഹിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ശറഈയായ നാമം ‘വലീമ’യെന്നാണ്. പ്രവാചകന്‍(സ) കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ഏറ്റവും അധികം റിപോര്‍ട്ടുകള്‍ അനസ് ബിന്‍ മാലിക്(റ)ല്‍ നിന്നാണ് വന്നിട്ടുള്ളത്. വന്നവര്‍ക്കൊക്കെ ഇറച്ചിയും റൊട്ടിയും മതിയാവോളം തിന്നാന്‍ കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. (മുസ്‌ലിം) ബുഖാരി റിപോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ പ്രവാചകന്‍(സ) തന്റെ ഭാര്യമാര്‍ക്ക് വേണ്ടി രണ്ട് മുദ്ദ് (ഫിത്ര്‍ സകാത്തിന് ഒരാളുടെ വിഹിതം നാല് മുദ്ദാണെന്ന് പ്രത്യേകം ഓര്‍ക്കുക) ബാര്‍ലി കൊണ്ട് വലീമ നടത്തിയെന്ന് വ്യക്തമാക്കുന്നു. രണ്ട് മുദ്ദ് ബാര്‍ലി കൊണ്ടാണ് വലീമ നടത്തേണ്ടത് എന്നതിനല്ല, രണ്ട് മുദ്ദ് ബാര്‍ലി കൊണ്ട് നടത്തുന്നതും വലീമയാണെന്നതിനാണിത് തെളിവ്. ദാരിദ്ര്യത്തിലും ആഘോഷമുണ്ടെന്നാണ് നബി(സ) തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നത്. കാശ് കുറഞ്ഞത് കൊണ്ട് മാത്രമാണ് ഇങ്ങനെയായത് എന്ന് വ്യാഖ്യാനിക്കാന്‍ നിര്‍വാഹമില്ല, മറിച്ച് ഒരു സംസ്‌കാരം പഠിപ്പിക്കുകയായിരുന്നു. ആ സംസ്‌കാരത്തിന്റെ ഭാഗമായാണ് സാമാന്യം പണക്കാരനായ അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനോട് പോലും പ്രതികരിച്ചത്. അനസ് ബിന്‍ മാലിക്(റ) റിപോര്‍ട്ട് ചെയ്യുന്ന അബ്ദുറഹ്മാന്‍ ബിന്‍ ഔഫിന്റെ(റ) വലീമയെ കുറിച്ച പരാമര്‍ശം അത് വ്യക്തമാക്കുന്നു. നബി(സ)യും അബ്ദുറഹ്മാന്‍ ബിന്‍ ഔഫും മസ്ജിദില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ചില മാറ്റങ്ങള്‍ അദ്ദേഹത്തില്‍ കണ്ടു. അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞാന്‍ വിവാഹിതനായിരിക്കുന്നു എന്ന് നബി(സ)യെ അറിയിച്ചു. അപ്പോള്‍ എങ്ങിനെയാണ് വിവാഹം ചെയ്തതെന്ന് അന്വേഷിച്ചു. ഒരു കാരക്കകുരുവിന്റെ അത്ര സ്വര്‍ണം മഹ്‌റായി നല്‍കിയാണ് ഞാന്‍ വിവാഹം ചെയ്തതെന്ന് അബ്ദുറഹ്മാന്‍ വിവരിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ച ശേഷം ഒരു ആടിനെ അറുത്ത് സദ്യ കൊടുക്കണം എന്നാണ് നബി(സ) ഉപദേശിച്ചത്. റൊട്ടിയും ഇറച്ചിയും ഇല്ലാതെയും പ്രവാചകന്‍(സ) വലീമ നടത്തിയിട്ടുണ്ടെന്ന് അനസ്(റ) തന്നെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലൂടെയെല്ലാം നമുക്ക് മാതൃക കാണിച്ചു തരികയാണ് നബി തിരുമേനി ചെയ്യുന്നത്.

ഒരു വിവാഹം നടക്കുമ്പോള്‍ അത് മാന്യമായ വിവാഹമാണെന്ന് ജനങ്ങള്‍ക്ക് പറയാന്‍ സാധിക്കണം. അവിടെ ഭക്ഷണം പാഴാക്കലോ നശിപ്പിക്കലോ ഇല്ല, മാന്യമായ സ്വഭാവത്തിലാണ് ആളുകളെ ക്ഷണിച്ചിരിക്കുന്നത് എന്നൊക്കെയാണ് ഉറപ്പ് വരുത്തേണ്ടതുണ്ട്. അമിത ചെലവ് എന്നത് ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നതിനാല്‍ ആരാണ് ചെലവ് ചുരുക്കലിന് മാതൃക കാണിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. പണക്കാരാണെന്നാണ് മാതൃക കാണിക്കേണ്ടതെന്നാണ് അതിനുള്ള എന്റെ ഉത്തരം. അതായത് ഇല്ലാതത്തിന്റെ പേരിലല്ല കുറക്കേണ്ടത്, മറിച്ച് സംസ്‌കാരത്തിന്റെ പേരിലാണ് കുറക്കേണ്ടത്. പ്രവാചകന്‍(സ)യും സഹാബത്തും കാണിച്ചു തന്ന സംസ്‌കാരമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച് സമ്പന്നരാണ് വിവാഹം ലളിതമാക്കി മാതൃക കാട്ടേണ്ടത്. അത്തരം പല മാതൃകകളും നമ്മുടെ സമൂഹത്തില്‍ പലരും കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മതനേതാക്കളും മഹല്ലുകളും സംഘടനകളും അതില്‍ ശ്രദ്ധ കാണിക്കണം. അങ്ങനെ പാഴാക്കപ്പെടുന്ന സമ്പത്ത് സമൂഹത്തി ഉപയോഗപ്പെടുന്ന ക്രിയാത്മക വഴികളിലേക്ക് തിരിച്ചുവിടാന്‍ നമുക്ക് സാധിക്കും.
((2014 ഒക്ടോബര്‍ 10-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത : നസീഫ്‌
Facebook Comments

ഖാലിദ് മൂസ നദ്‌വി

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത വാണിമേല്‍ സ്വദേശി. യുവ പണ്ഡിതനും എഴുത്തുകാരനുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker