Tharbiyya

പൊങ്ങച്ചവും പരാജിതമനസ്സും

വൈരുധ്യങ്ങളുടെ സങ്കേതമാണ് മനുഷ്യന്‍. ഒരര്‍ഥത്തില്‍ ഈ ഭൂമിയിലെ ഏറ്റവും ശക്തനായ സൃഷ്ടിയാണവന്‍. ആകാശത്തിന്റെ ഉയരങ്ങളിലൂടെ അവന് പറക്കാന്‍ സാധിക്കുന്നു. സമുദ്രത്തിന്റെ ആഴിയിലൂടെ സഞ്ചരിക്കാന്‍ അവന് സാധിക്കുന്നു. നിമിഷനേരങ്ങള്‍ കൊണ്ട് കിലോമീറ്ററുകള്‍ മുറിച്ചുകടക്കാനും പാറമടകളെ പുല്‍മേടുകളാക്കാനും അവന് കഴിയുന്നു. മറുവശത്ത് ചെറിയ ഒരു പ്രാണിക്ക് വരെ  അവന്റെ ജീവന്‍ അപഹരിക്കാന്‍ കഴിയുന്ന അര്‍ഥത്തില്‍ ദുര്‍ബലനുമാണവന്‍. ഒരു രോഗത്തിന് അവനെ തളര്‍ത്താന്‍ കഴിയും. ഈ ഭിന്നമുഖങ്ങള്‍ തന്നെയാണ് പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ അസ്ഥിത്വത്തിനുള്ള ഏറ്റവും മികച്ച ദൃഷ്ടാന്തവും. ഖുര്‍ആന്‍ ചോദിക്കുന്നു. ‘ ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ടുമനസ്സിലാക്കുന്നില്ലെന്നോ ‘(അദ്ദാരിയാത്ത് : 20-21)

ബുദ്ധിമാനായ മനുഷ്യന്‍ ഒരിക്കലും തന്റെ ദൗര്‍ബല്യത്തെ കുറിച്ച് അജ്ഞനാവില്ല, തനിക്ക് ലഭിച്ച അധികാരം, വിജ്ഞാനം, സ്ഥാനമാനങ്ങള്‍ തുടങ്ങിയവയെല്ലാം തന്റെ കഴിവുകൊണ്ട് നേടിയതാ?ണെന്ന് കരുതി അതില്‍ വഞ്ചിതനാവുകയുമില്ല. അതോടൊപ്പം തന്നെ താന്‍ ദുര്‍ബലനും കഴിവുകുറഞ്ഞവനുമാണെന്ന് പറഞ്ഞ് പരാജിതമനസ്സുമായി കഴിയുന്നവവനുമായിരിക്കില്ല. പൊങ്ങച്ചം, പരാജിതമനസ്സ് എന്നീ രോഗങ്ങളില്‍ നിന്ന് മുക്തമായവര്‍ക്ക് മാത്രമാണ് ജേതാക്കളായിത്തീരാന്‍ സാധിക്കുന്നത്.

പൊങ്ങച്ചവും അഹങ്കാരവും മറ്റുള്ളവരെ ഇകഴ്ത്തിക്കാണിക്കാനും വിലകുറച്ചുകാണാനും പ്രേരിപ്പിക്കുന്നു. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനും വിധികല്‍പിക്കാനും ഉപദേശകനായിത്തീരാനുമെല്ലാം അത് നമ്മെ പ്രേരിപ്പിക്കുന്നു. പാണ്ഡിത്യം, ബുദ്ധിശക്തി, രാഷ്ട്രീയപാടവം എന്നിവയിലെല്ലാം താന്‍ തന്നെയാണ് മികച്ചുനില്‍ക്കുന്നതെന്ന് സ്വയം അനുഭവപ്പെടാനും മറ്റുള്ളവരുടെ പരിശ്രമങ്ങളെയും കഴിവുകളെയും നിസ്സാരവല്‍കരിക്കാനും അംഗീകരിക്കാതിരിക്കാനും അത് കാരണമാകുന്നു. ഔന്നിത്യത്തിന്റെ ഉന്നതശ്രേണിയില്‍ നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്ക് ഈ രോഗം സമൂഹത്തെ തള്ളിവിടുന്നു. അങ്ങാടിത്തിണ്ണകളിലും ചായക്കടകളിലും ക്ലബ്ബുകളിലുമെല്ലാമിരുന്ന് സാധാരണക്കാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കേട്ടാല്‍ ഈ രോഗത്തിന്റെ ആഴവും പരപ്പും മനസ്സിലാകും. പണ്ഡിതന്മാര്‍ വിവരമില്ലാത്തവരാണ്, രാഷ്ട്രീയക്കാര്‍ ഒന്നിനും കൊള്ളാത്തവരാണ്, മറ്റുള്ളവര്‍ വിഢ്ഢികളാണ് എന്ന രീതിയില്‍ ആരെയും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത രീതിയിലായിരിക്കും അവരുടെ സംസാരങ്ങള്‍. ഞാന്‍ സ്വര്‍ഗത്തിന്റെ ഉന്നത ശ്രേണിയില്‍ കഴിയുന്നവനാണ് എന്ന ചിന്താഗതിയില്‍ ഉദ്‌ബോധനങ്ങളെയും പഠനക്ലാസുകളെയുമെല്ലാം ഇത്തരക്കാര്‍ അവഗണിക്കുന്നത് കാണാം.

തനിക്ക് ഒന്നിനും കഴിയില്ല എന്ന പരാജിതമനസ്സ് സമൂഹത്തെ ഗ്രസിച്ച മറ്റൊരു രോഗമാണ്. ഇഛാശക്തി കവര്‍ന്നെടുക്കപ്പെട്ട് പ്രതീക്ഷകള്‍ അവസാനിച്ച് സ്വന്തത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ ശുഭാപ്തിവിശ്വാസമില്ലാതെ കഴിയുന്നവരാണ് ഇക്കൂട്ടര്‍. ഈ ചിന്താഗതി സംഘടനകളെയും സമൂഹത്തെയും ബാധിക്കും. ശത്രുക്കളുടെ മുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കാനും വന്‍ശക്തികളുടെ മുമ്പില്‍ നിന്ദ്യരായി കഴിയുകയും ചെയ്യുന്ന അവസ്ഥ ഇതുമൂലം സംജാതമാകും. എത്ര സമൂഹങ്ങളെയാണ് ഈ ചിന്താഗതി തകര്‍ത്തുകളഞ്ഞത്. സമൂഹത്തില്‍ തിന്മകള്‍ പടരുകയും ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന സമയത്ത് വീടുകളില്‍ സുരക്ഷിതരായി അവര്‍ കഴിയും. സമൂഹത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി പരിശ്രമിക്കുക എന്ന് പറയുമ്പോള്‍ നമുക്ക് എന്താണ് ചെയ്യാന്‍ കഴിയും, കാലത്തിന്റെ നെട്ടോട്ടത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയുമോ എന്നായിരിക്കും ഇവരുടെ മറുചോദ്യം.

അതെ സഹോദരാ, നിനക്കതിന് കഴിയും. നിന്നില്‍ വലിയ ഒരു ലോകമുണ്ട്. ചരിത്രത്തില്‍ ഇടംപിടിച്ച യുഗപുരുഷന്മാരെല്ലാം നിങ്ങളെ പോലെ സിദ്ധികളും കഴിവുകളും ഉള്ളവരായിരുന്നു. പക്ഷെ, അവര്‍ ആത്മവിശ്വാസമുള്ളവരായിരുന്നു. തങ്ങളുടെ സിദ്ധികളും ശേഷികളും തിരിച്ചറിഞ്ഞു സ്വന്തത്തിനും സമൂഹത്തിനും വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്നു മാത്രം. നീ നിന്റെ കഴിവുകളെ കുഴിച്ചുമൂടിക്കൊണ്ട് പരാജിത മനസ്സുമായി കഴിഞ്ഞുകൂടുകയാണെങ്കില്‍ ചരിത്രത്തില്‍ ഒന്നും അടയാളപ്പെടുത്താതെ വിസ്മൃതിയില്‍ കഴിയുന്ന അനേകായിരങ്ങളുടെ ഗണത്തില്‍ പെടും. പൊങ്ങച്ച പ്രകടനങ്ങളിലും കെട്ടുകാഴ്ചകളിലും അഭിരമിക്കുന്നതുപോലെ തന്നെ അപകടകരമാണ് ഈ പരാജിതമനസ്സും. ശത്രുക്കളുടെ മുമ്പില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ ഇവര്‍ക്കാ സാധിക്കുകയില്ല. നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണുകയും ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളുടെ സ്തുതിപാടകരായും ഇവരെ കാണാം. നമ്മുടെ ചരിത്രത്തെ കുറിച്ച് അപകര്‍ഷതാബോധവുമായി കഴിയുകയും അന്യരുടെ ചരിത്രങ്ങളെ മഹത്തരമായി വാഴ്ത്തുന്നതും കാണാം. വല്ല പരീക്ഷണങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നാല്‍ അതിനെ തന്മയത്വത്തോടെ അഭിമുഖീകരിക്കുന്നതിനു പകരം സമൂഹത്തെ ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലായിരിക്കും അവര്‍ ഏര്‍പ്പെടുക. യഥാര്‍ഥത്തില്‍ നാം തന്നെയാണ് നമ്മുടെ വഴിമുടക്കികളായിത്തീരുന്നത്. (തുടരും)

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്‌

പൊങ്ങച്ചവും പരാജിതമനസ്സും -2

Facebook Comments
Related Articles
Show More

ഡോ. മുസ്തഫാ സിബാഈ

സിറിയയിലെ പ്രശസ്ത പട്ടണമായ ഹിംസ്വില്‍ 1915-ല്‍ ജനിച്ചു. 1933-ല്‍ അല്‍അസ്ഹറില്‍ ഉപരിപഠനം. കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രങ്ങളിലും ഉന്നതബിരുദം. 1942-ല്‍ 'ഇസ്‌ലാമിക നിയമനിര്‍മാണവും ചരിത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ദമാസ്‌കസ് സര്‍വകലാശാലയില്‍ നിയമവിഭാഗം പ്രൊഫസറായിരുന്നു. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരെ പോരാടി നിരവധി പ്രാവശ്യം അറസ്റ്റ് വരിച്ചു. ഈജിപ്ത് ജീവിതകാലത്ത് 'ഇഖ്‌വാനുല്‍ മുസ്‌ലിമൂനു'മായി ബന്ധപ്പെട്ടു. തുടര്‍ന്ന് ജീവിതം പോരാട്ടങ്ങളുടേത് മാത്രമായി.

'അല്‍മനാര്‍ ', 'അശ്ശിഹാബ്', 'അല്‍ മുസ്‌ലിമൂന്‍ ', 'ഹളാറതുല്‍ ഇസ്‌ലാം' എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായി. 'ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങള്‍ ', ജീവിതം എന്നെ പഠിപ്പിച്ചത്', 'ഇസ്‌ലാമിലെ സോഷ്യലിസം', 'സ്ത്രീ ഇസ്‌ലാമിക നിയമങ്ങള്‍ക്കും ഗവ. നിയമങ്ങള്‍ക്കുമിടയില്‍ ', 'പ്രവാചകചര്യയും ഇസ്‌ലാമിക നിയമനിര്‍മാണത്തില്‍ അതിനുള്ള സ്ഥാനവും', 'അബൂഹുറയ്‌റ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും ഇടയില്‍ ' എന്നിവ വിഖ്യാത രചനകളാണ്. 1964-ല്‍ സിറിയയില്‍ അന്തരിച്ചു.

Close
Close