ഇസ്ലാമിലൂടെ എനിക്ക് എല്ലായ്പ്പോഴും വളരെയധികം സമാധാനം നല്കുന്ന ഒരു കാര്യം അത് ഭൂതകാലത്തെ ഭൂതകാലമായി തന്നെ കാണുന്നു എന്നാണ്. ദുആയിലൂടെയും തൗബയിലൂടെയും നമുക്ക് ഓരോ ദിവസത്തെയും പുതിയ ഒരു ദിനമാക്കിത്തീര്ക്കാം. ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണം. ഈയൊരു വിശ്വസം ഈ ലോകത്തും പരലോകത്തും നമുക്ക് നല്ലൊരു നാളെയ്ക്കുളള ഉറപ്പ് നല്‍കും.
ജീവിതം എത്ര പരുക്കനായാലും പ്രശ്നമില്ല, പിശാച് എന്തൊക്കെ വെല്ലുവിളികള്‍ നമ്മുടെ ജീവിതവഴിയില്‍ സൃഷ്ടിച്ചാലും ദൈവം എന്തൊക്കെ പരീക്ഷണങ്ങള്‍ നല്കിയാലും അതിനെയൊക്കെ തരണം ചെയ്യാനുള്ള ക്ഷമ നമുക്കുണ്ടാവണം. ഈ ലോകത്തും അതിനു ശേഷവും നല്ലൊരു ഭാവി പ്രതീക്ഷിക്കുകയും മുഴു പ്രതീക്ഷയോടെ സ്വയം ഇസ്ലാമിന്റെ പാത തെരെഞ്ഞെടുത്ത് ഇസ്ലാം സ്വീകരിച്ച് പിന്നീട് അതില്‍നിന്ന് വ്യതിചലിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചുപോയ ചില സഹോദരിമാരെ ഞാനിവിടെ ദുഖത്തോടെ കാണുകയുണ്ടായി. എന്തുകാരണത്താലാണ് ഇസ്ലാമില്‍ നിന്ന് അകന്നതെന്നറിയാന് വളറെ ശ്രമിച്ചെങ്കിലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അവര്‍ക്കോരോരുത്തര്‍ക്കും അവരുടെതായ കഥകളും കാരണങ്ങളുമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവര്‍ ആദ്യമായി ശഹാദത്ത് ചൊല്ലാന്‍ ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ കണ്ണുകളിലുണ്ടായ പ്രതീക്ഷയും ആഗ്രഹങ്ങളും അവരൊഴുക്കിയ കണ്ണുനീരും ഞാനിപ്പോഴും ഓര്‍ക്കുന്നു. പിന്നീട് അവര്‍ അതില്‍ നിന്നും വ്യതിചലിച്ച് മറ്റൊരുപാത തെരഞ്ഞെടുത്തതില്‍ ഞാന്‍ സങ്കടപ്പെടുകയും ചെയ്തു. എന്റെ ഒരു സ്നേഹിതന് കുറച്ച് വര്ഷങ്ങള്ക്ക്മുമ്പ്ഇതുപോലെ പോയി വീണ്ടും തിരിച്ച് ഇസ്ലാമിലേക്ക് വന്നപോലെ ഇവരും തിരിച്ച് വരട്ടെയെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. ഇസ്ലാം വിട്ടുപോകുന്നതിന് മുമ്പ് അവരില്‍ ഒരു സഹോദരി പറഞ്ഞത് ഇപ്പോഴും എന്റെ മനസ്സില്‍ പ്രതിധ്വനിക്കുന്നു. ശഹാദത്ത് ചൊല്ലിയാല്‍ അനുഭവ ജീവിതത്തിലെ ദുരിതങ്ങളും പ്രയാസങ്ങളും കുറയുമെന്നവള് വിചാരിച്ചുവെന്നാണവള് പറഞ്ഞത്. മറ്റു സഹോദരിമാരും അങ്ങനെ വിചാരിച്ചിട്ടുണ്ടാവാം.
മുസ്ലിമായാല് ജീവിതത്തില്‍ കടുത്ത പരീക്ഷണങ്ങള്‍ ഉണ്ടാവുമെന്ന് അവരില്‍ പലരും വിചാരിക്കുന്നുണ്ടാവും. അത് ചിലപ്പോള്‍ പിശാച് നമ്മെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാവാം. ചിലപ്പോള്‍ നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ വേണ്ടി ദൈവം പരീക്ഷിക്കുന്നതാവാം. ചിലപ്പോള്‍ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കാനും നമ്മുടെ ആഗ്രഹങ്ങളെക്കാളുപരി ദൈവപ്രീതി ലഭിക്കുന്ന വിധത്തില്‍ ജീവിതത്തെ നേരിടാനുമായിരിക്കാം.
ദൈവവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക
ദൈവവുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക. അവനെകുറിച്ച് ധാരാളം അറിയാന്‍ ശ്രമിക്കുക. അവനോടടുക്കുന്നതിനായി നമ്മുടെ ആരാധനകളടക്കമുള്ള എല്ലാ കാര്യങ്ങളിലും ആത്മാര്‍ഥത കാണിക്കുക. മതപരമായ മറ്റ് ആരാധനകളോടൊപ്പം കൂടുതല്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് അവനോടുള്ള ബന്ധം തീവ്രമാക്കുക. മതപരമായ പ്രഭാഷണങ്ങള്‍ ശ്രവിച്ചും ജുമുഅ ഖുതുബ ശ്രവിച്ചും ദൈവഭയമുള്ളവരോടടുത്തും ദൈവവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക. എങ്കിലും ദൈവവുമായി കൂടുതല്‍ അടുക്കുന്നതിന് അവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവനോട് ദുആ ചെയ്യുകയാണുത്തമം.
എത്ര അദ്ഭുതമായിരിക്കുന്നു അത്!. ആകയാല്‍ നമുക്ക് ആകെ ചെയ്യുവാനുള്ളത് അവനോട് തേടുക എന്നുള്ളതാണ്. ദൈവം അത് നമുക്ക് യുക്തമെന്ന് തോന്നുന്ന സമയത്ത് നല്‍കുന്നതാണ്. നമ്മുടെ ഹൃദയം തുറന്ന് പിടിച്ചുകൊണ്ട് അവനോട് യാചിക്കുകയും അതിനുള്ള ശ്രമങ്ങള്‍ നടത്തുകകയും ചെയ്യുക എന്നുള്ളതാണ് കരണീയമായിട്ടുള്ളത്. മനുഷ്യന് താന്‍ പ്രവര്‍ത്തിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കും (53- 39, 40) എന്നും വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും പ്രാര്‍ഥനയും അതിനുള്ള നമ്മുടെ ആത്മാര്‍ഥമായ ശ്രമങ്ങളും കാരണം അവന് നമുക്ക് ഉത്തരം നല്‍കുന്നതാണ്. നമ്മള് അവനിലേക്ക് തിരിഞ്ഞാല്‍ മാത്രം മതി. ഇതിനര്‍ഥം ദൈവം നമ്മള് ചോദിക്കുന്നതെന്തും നമ്മള് വിചാരിക്കുന്ന സമയത്ത് നല്കുമെന്നല്ല. ദൈവം നമ്മുടെ പ്രാര്‍ഥനക്ക് ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ ഉത്തരം നല്‍കുന്നതാണ്.
”എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിത്തീരുകയും ചെയ്യാം. എന്നാല്‍ നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്ന് വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (2- 216)
അതിനാല്‍ നമ്മുടെ കര്‍മങ്ങള്‍ക്കുള്ള ഫലം എന്തുമായിക്കൊള്ളട്ടെ അവ അല്ലാഹുവിന്റെ പ്രീതി ലഭിച്ചുകൊണ്ട് ആത്മാര്‍ഥമായി അനുഷ്ഠിക്കണം. അവ ഈ ലോകത്തോ പരലോകത്തോ ഗുണകരമായി ലഭിക്കും. പരീക്ഷണത്തില്‍ തളരുന്നവര്‍ വിശ്വാസത്തില്‍ നിന്ന് പിന്മാറാതെ ക്ഷമ കൊണ്ട് കൂടുതല്‍ വിശ്വാസത്തോടെ ദൈവത്തോടടുക്കുക. ദൈവം നമ്മെ പരീക്ഷിക്കുമെന്നും അങ്ങനെ പരീക്ഷിക്കുന്നതിന് കാരണം അവനോട് കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണെന്നും അല്ലാഹു ഖുര്‍ആനില്‍ ഉണര്‍ത്തിയിട്ടുണ്ട്. (2-155,156)
ചുരുക്കത്തില്‍ പരീക്ഷണങ്ങള്‍ നമുക്ക് ദൈവം നല്കുന്ന പരീക്ഷണങ്ങളാണ്. നമ്മുടെ കഴിഞ്ഞ കാലങ്ങളെ കഴുകിക്കളയാനുള്ള ദൈവത്തിന്റെ വഴിയാണത്. ആയതിനാല്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പരാതിപ്പെടുന്നതിന് പകരം നാം അവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത.് അവ ഉള്‍ക്കൊണ്ട് നമ്മള് കൂടുതല്‍ നന്മയില് മുഴുകണം. നമ്മുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ ഇത് കാരണമാകുന്നു. നമുക്ക് ചുമക്കാന്‍ കഴിയുന്ന ഭാരങ്ങള്‍ എത്രയെന്ന് ദൈവത്തിനറിയാം. അയതിനാല്‍ നമുക്ക് ചുമക്കാവുന്നതിലധികം ഭാരം അവന് നമുക്ക് നല്കുകയില്ലെന്ന് അവന് നമുക്ക് ഖുര്‍ആനിലൂടെ വ്യക്തമാക്കി തന്നിട്ടുണ്ട്. അവ ഹൃദയത്തില്‍ ഉള്‍ക്കൊണ്ട് അവന് നല്കുന്ന പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും അവനിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും നാം തയ്യാറാകണം. വീണ്ടും അതില്‍ നിന്നും പിന്മാറി തെറ്റുകള്‍ ചെയ്താലും അത് ലോകാവസാനമായി കാണാതെ ദൈവത്തിലേക്ക് തിരിഞ്ഞ് ആത്മാര്‍ഥമായി അവനോട് മാപ്പിരക്കണം. പശ്ചാത്തപിക്കാന്‍ തയ്യാറാവണം.
അല്ലാഹു പറയുന്നു: ”തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന് ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.” (39:53)
പ്രയാസങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും രക്ഷ നേടാന്‍ ഇസ്ലാം നമുക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. ദൈവം കാരുണ്യവാനാണെന്നും നമ്മുടെ നന്മയാണ് അവന് ആഗ്രഹിക്കുന്നതെന്നും അവന് വാക്കുനല്‍കുന്നു. നമുക്കാകെ ചെയ്യാനുള്ളത് അവനിലുള്ള വിശ്വാസം വര്‍ധിപ്പിക്കുക മാത്രമാണ്. അത് നമുക്ക് ഏത് ജീവിത പ്രതിസന്ധിയെ നേരിടാനും അതു മൂലം നല്ലൊരു നാളെയെ സ്വപ്നം കാണാനും നാം പ്രാപ്തരാകും. കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ തുടരുകയാണെങ്കില്‍ നാം കൂടുതല്‍ കൂടുതല്‍ അവനോടടുക്കണം. അവന് നമ്മുടെ പ്രാര്‍ഥനകള്‍ക്ക് വ്യക്തമായ സമയത്ത് ഉത്തരം നല്‍കുന്നതാണ്. കൂടുതല്‍ ഈ ലോകത്തോ പരലോകത്തോ ലഭിക്കണമെന്ന പ്രതീക്ഷയോടെ ദൈവത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുക. തക്കതായ പ്രതിഫലം നമുക്ക് വന്നു ചേരും. ഇന്ഷാ അല്ലാഹ്
വിവ: ഫൗസിയ ഷംസ്