Tharbiyya

നമുക്കും അല്ലാഹുവിനും ഇടയിലെ മറ

അല്ലാഹുവിനും നമുക്കുമിടയില്‍ മറയിടുന്ന അശ്രദ്ധയെ കുറിച്ചൊരിക്കല്‍ മകള്‍ എന്നോട് ചോദിച്ചു. അല്ലാഹു തന്റെ ദൂതനോട് പറഞ്ഞതാണ് ഞാന്‍ അവളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ‘ഇതിന് മുമ്പ് നീ ബോധമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.’ (യൂസുഫ്: 3) അതായത് ഖുര്‍ആനിന് മുമ്പ്. ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ബോധമില്ലായ്മ ഖുര്‍ആനിനെ പൂര്‍ണമായോ ഭാഗികമായോ അവഗണിക്കലാണെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം.

കേവല പാരായണത്തിനായുള്ള അക്ഷരങ്ങളല്ല ഖുര്‍ആന്‍. ശരീരങ്ങളിലൂടെ ഒഴുകുന്ന, മനസ്സുകളെ ജീവിപ്പിക്കുന്ന, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ജീവനാണത്. മരിച്ചു കിടക്കുന്നവയെ അത് ജീവിപ്പിക്കുന്നു. ജനങ്ങള്‍ക്കിടയിലൂടെ അതുമായി നടക്കുന്നവരുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും അത് പ്രകാശം വ്യാപിപ്പിക്കുന്നു.

കേവലം നാവു കൊണ്ടു മാത്രം പാരായണം ചെയ്യുന്നവന്റെ തൊലിയെ അത് വിറകൊള്ളിക്കുയോ കണ്ണുകളെ ഈറനണിയിക്കുകയോ ഇല്ല. പ്രതിഫലം ആഗ്രഹിച്ച് പാരാണയണം ചെയ്യുന്നത് നല്ലത് തന്നെ. എന്നാല്‍ ഖുര്‍ആനിന്റെ വാക്കുകള്‍ക്കൊപ്പം സഞ്ചരിച്ച് പാരായണം ചെയ്യുന്നവന്‍ ഒരുപടി കൂടി ഉയരത്തിലാണ്. ഉപയോഗിച്ചിരിക്കുന്ന വാക്കുകളും അവയെ ഘടിപ്പിച്ചിരിക്കുന്ന രീതിയും അവനെ അത്ഭുതപ്പെടുത്തും. ആ വാക്കുകളുടെ ഉടമയുടെ മഹത്വത്തെ കുറിച്ചവന്‍ ചിന്തിക്കും. നിനക്ക് നാം നല്‍കി… നിന്നെ കാക്കാന്‍ നാം തന്നെ മതി… നിന്നെ നാം സൃഷ്ടിച്ചു…. ഒടുവില്‍ ഭൂമിയുടെയും അതിലുള്ളതഖിലത്തിന്റെയും അവകാശിയാകുന്നത് നാം തന്നെയാകുന്നു…. നിനക്ക് നാം ദിവ്യബോധനം നല്‍കി… ഭൂമിയെ നാം വിസ്തൃതമാക്കി. നാം എത്ര നന്നായി വിതാനിക്കുന്നവന്‍… ഞാന്‍ എന്നില്‍നിന്നുള്ള സ്‌നേഹം നിന്നില്‍ ചൊരിഞ്ഞു, എന്റെ മേല്‍നോട്ടത്തില്‍ നീ വളര്‍ത്തപ്പെടാന്‍ വേണ്ട സൌകര്യമൊരുക്കി… എന്നെല്ലാം പാരായണം ചെയ്യുമ്പോള്‍ ദൈവത്തിന്റെ മഹത്വം അവന്റെ ഹൃദയത്തില്‍ ചേക്കേറും.

ശോഭിക്കുന്ന ആ ഹൃദയത്തെ സംബന്ധിച്ചടത്തോളം ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും നാഥനിലേക്ക് ആനയിക്കുന്നതായിരിക്കും. അശ്രദ്ധമായ ഹൃദയമേ, എത്ര കഷ്ഠം! അത്തരം ഹൃദയം അതിന്റെ ഉടമയുടെ ഉള്ളില്‍ ചലനമുണ്ടാക്കുകയോ അല്ലാഹുവിനെ കണ്‍മുന്നില്‍ കണ്ടുകൊണ്ട് ആരാധനകളര്‍പ്പിക്കാന്‍ സാധിക്കുന്ന തലത്തിലേക്ക് അവനെ ഉയര്‍ത്തുകയോ ചെയ്യുന്നില്ല. ആശയം ഉള്‍ക്കൊള്ളാതെ പാരായണം ചെയ്യുന്നവന് പ്രതിഫലം ലഭിക്കില്ലെന്ന് ഞാന്‍ പറയുന്നില്ല.

നല്ല ഉണര്‍ച്ചയില്‍ മറ്റെല്ലാ ജീവിത തിരക്കുകളില്‍ നിന്നും മനസ്സിനെ മോചിപ്പിച്ച് തന്റെ നാഥനുമായി തനിച്ചാവാന്‍ ശ്രമിക്കുന്നതും അല്ലാത്തതും തമ്മില്‍ വലിയ അന്തരമുണ്ട്. അവന്‍ തന്റെ സ്രഷ്ടാവിന്റെ സാമീപ്യം നേടുകയും അവനോട് സംവദിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ വീണ്ടും അവനെ അശ്രദ്ധനാക്കുമ്പോള്‍ നാഥന്റെ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും അവനിലേക്ക് മടങ്ങുന്നു. ഓരോ ദിവസവും വിശ്വാസത്തിന്റെ വൃക്ഷത്തെയവന്‍ പ്രകീര്‍ത്തനങ്ങളാലും ഖുര്‍ആന്‍ കൊണ്ടും പ്രാര്‍ഥനകളാലും നനക്കേണ്ടതുണ്ട്. എല്ലാം നിറഞ്ഞ മനസാന്നിദ്ധ്യത്തിലാണ് ചെയ്യുന്നത്. ദീര്‍ഘിച്ച പരിശ്രമം കൊണ്ടല്ലാതെ അത് സാധ്യമല്ല. അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവരാണ് ആ അവസ്ഥയിലൂടെ കടന്നു പോകുന്നത്. അതിലേക്ക് കൂടുതല്‍ അടുത്തടുത്ത് അത് സ്ഥിരാവസ്ഥയായവരുടെ കൂട്ടത്തില്‍ അവനും ചെന്നു ചേരും. ‘സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നാം തീര്‍ച്ചയായും സജ്ജനങ്ങളിലുള്‍പ്പെടുത്തും.’ (അല്‍അന്‍കബൂത്ത്: 9)  എന്ന ദൈവിക വചനത്തിന്റെ താല്‍പര്യം ഒരുപക്ഷേ അതായിരിക്കാം.

പ്രവാചകന്‍(സ)യില്‍ നിന്നും അബൂഹുറൈറ ഉദ്ധരിക്കുന്നു: ‘തീര്‍ച്ചയായും എല്ലാറ്റിലും ആവേശമുണ്ട്. എല്ലാ ആവേശത്തിലും മന്ദീഭവിക്കുന്ന ഘട്ടവുമുണ്ട്. അതിനെ ശരിയായും ഉചിതമായും സമീപിക്കുന്നവന്‍ (വിജയം പ്രതീക്ഷിക്കട്ടെ). എന്നാല്‍ വിരലുകള്‍ ഒരാളിലേക്ക് ചൂണ്ടപ്പെടുന്നത് എന്നതിനാല്‍ (വിജയിയായി) അവനെ എണ്ണേണ്ടതില്ല.’ (തിര്‍മിദി)

എന്നെ പോലെ ഒരു തുടക്കകാരന്‍ അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ അവനത് വലിയ ഭാരം ചുമക്കുന്നത് പോലെയായിരിക്കും. ഇടക്കിടക്ക് അവനില്‍ നിന്നത് വീണു പോവുകയും ചെയ്യും. അവനത് പരിചയിക്കുകയോ ശീലമാക്കുകയോ ചെയ്തിട്ടില്ലെന്നതാണ് കാരണം. ഥാബിതുല്‍ ബുനാനി പറയുന്നത് കാണുക: ‘രാത്രി നമസ്‌കാരം നിര്‍വഹിക്കാന്‍ ഇരുപത് വര്‍ഷം ഞാന്‍ കിണഞ്ഞ് ശ്രമിച്ചു. മറ്റൊരു ഇരുപത് വര്‍ഷം ഞാനത് ആസ്വദിക്കുകയും ചെയ്തു.’

തന്ന സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ സഹായം എത്രത്തോളം ആവശ്യമാണെന്ന ബോധത്തില്‍ നിന്നാണ് ഒരാളില്‍ പ്രാര്‍ഥന ഉയിരെടുക്കുന്നത്. അവന്റെ ഹൃദയത്തെയത് നിര്‍മലമാക്കുകയും ദൈവഭയം ഉണ്ടാക്കുകയും ചെയ്യുന്നു. പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചാല്‍ വീണ്ടും അശ്രദ്ധയിലേക്ക് തന്നെ മടങ്ങാനുള്ള സാധ്യതയുമുണ്ട്. അല്ലാഹു പറയുന്നു: ‘മനുഷ്യസ്വഭാവം ഇതാകുന്നു: ഒരു വിഷമസന്ധിയില്‍ പെട്ടാല്‍ അവന്‍ നിന്നും ഇരുന്നും കിടന്നും നമ്മോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. നാം അവന്റെ വിഷമം നീക്കിക്കളഞ്ഞാലോ, ഏതെങ്കിലും വിഷമസന്ധിയില്‍ ഒരിക്കലും നമ്മോടു പ്രാര്‍ഥിച്ചിട്ടേ ഇല്ല എന്ന മട്ടിലായിരിക്കും അവന്റെ നടപ്പ്.’ (യൂനുസ്: 12) തന്റെ നാഥനെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാക്കുകയോ അവന്റെ മുന്നില്‍ ഹൃദയം വിങ്ങിപൊട്ടുകയോ കണ്ണീര്‍ പൊഴിക്കുകയോ ചെയ്യാത്തവനെ പോലെ അവന്‍ നടക്കും.

അല്ലാഹു മനുഷ്യനെ രോഗം, ദാരിദ്ര്യം, അതിക്രമം, മര്‍ദനം, ഞെരുക്കം തുടങ്ങിയവ കൊണ്ടെല്ലാം അല്ലാഹു പരീക്ഷിക്കും. തന്റെ സന്നിധിയിലേക്ക് അവനെ നയിക്കുന്നതിനും അവന്റെ കേണപേക്ഷിക്കല്‍ കേള്‍ക്കുന്നതിനും അവന്റെ കണ്ണുകള്‍ നിറഞ്ഞു കാണുന്നതിനുമാണത്. അവനാണ് ഐശ്വര്യവാന്‍, അവന്റെ മുന്നില്‍ നാമെല്ലാം ദരിദ്രരാണ്.

മൊഴിമാറ്റം: നസീഫ്‌

Facebook Comments
Related Articles
Close
Close