Tharbiyya

ദയൂബന്ദിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍

ഇന്ത്യയിലെ പൗരാണിക കലാലയമായ ദാറുല്‍ ഉലൂം ദയൂബന്ദിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ക്ഷണിക്കപ്പെട്ട ഏതാനും പണ്ഡിതന്‍മാര്‍ക്കൊപ്പം ഞങ്ങള്‍ ന്യൂഡല്‍ഹിയില്‍ നിന്നും കാറില്‍ യാത്ര തിരിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആയിരക്കണക്കിന് പണ്ഡിതന്‍മാരെ സംഭാവന ചെയ്ത സ്ഥാപനമാണത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടുമിക്ക പണ്ഡിതന്‍മാരും ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്.

ഈജിപ്തിലെ അല്‍അസ്ഹറിന് സമാനമായ ഒരു സര്‍വകലാശാലയാണത്. വിശ്വാസകാര്യത്തില്‍ അശ്അരി മദ്ഹബോ മാതുരീദി മദ്ഹബോ പിന്‍പറ്റുന്ന അവര്‍ ഫിഖ്ഹില്‍ അബൂഹനീഫയുടെ മദ്ഹബാണ് സ്വീകരിക്കുന്നത്. മിതമായ തരത്തിലുള്ള സുന്നീ സൂഫി ധാരയുടെ സ്വാധീനവും അവരില്‍ പ്രകടമാണ്. ഇന്ത്യയിലെ ചില വിഭാഗങ്ങളില്‍ കാണപ്പെടുന്ന ശിര്‍ക് കലര്‍ന്ന ആചാരങ്ങളോടും ബിദ്അത്തുകളോടും അകലം പാലിക്കുന്നവരുമാണ് പൊതുവെ അവര്‍.

സ്ഥാപനം സ്ഥിതി ചെയ്യുന്ന, ന്യൂഡല്‍ഹിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലത്തിലുള്ള ഗ്രാമത്തിന്റെ പേര് തന്നെയാണ് സര്‍വകലാശാലക്ക് നല്‍കിയിരിക്കുന്നത്. 115 വര്‍ഷം മുമ്പാണ് (നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത്) അത് സ്ഥാപിക്കപ്പെട്ടത്. സര്‍വകലാശാലകള്‍ തങ്ങളുടെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആളുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി നൂറാം വാര്‍ഷികം ആഘോഷിക്കുന്നത് അവിടത്തെ പണ്ഡിതന്‍മാരുടെ ശ്രദ്ധയില്‍ പെട്ടു. നൂറാം വാര്‍ഷികം 15 വര്‍ഷം മുമ്പ് കടന്നു പോയെങ്കിലും അവര്‍ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. അതില്‍ പങ്കാളികളാവാന്‍ അവിടെ നിന്നും പഠിച്ച് പുറത്തിറങ്ങിയ പണ്ഡിതന്‍മാരെയും ഇന്ത്യയിലും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുമുള്ള പണ്ഡിതന്‍മാരെ അവര്‍ ക്ഷണിച്ചു. അവിടെ നിന്നും പുറത്തിറങ്ങിയ പണ്ഡിതന്‍മാരുടെ ഫലം അനുഭവിക്കുന്ന ഇന്ത്യക്കാരായ ആളുകളെയും ആ മഹാ സംഗമത്തിന് സാക്ഷിയാവാന്‍ അവര്‍ ക്ഷണിച്ചു.

ന്യൂഡല്‍ഹിയില്‍ നിന്നും ദുയൂബന്ദിലേക്കുള്ള ആളുകളുടെ ഒഴുക്കിന് ഞാന്‍ സാക്ഷിയായി. ട്രെയിനുകളിലും ബസ്സുകളിലും കാറുകളിലും സൈക്കിളുകളിലും നടന്നും പോകുന്നവര്‍ അക്കൂട്ടത്തിലുണ്ട്. വലിയ ദൂരം കാല്‍നടയായി പോകുന്നവരെയും ഞാന്‍ കണ്ടു. റോഡുകളെല്ലാം ആളുകളെയും വാഹനങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത്രത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ എങ്ങനെ ആ കൊച്ചുഗ്രാമത്തിന് സാധിക്കും? വയലുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നടുവിലല്ലേ അത് കിടക്കുന്നത്?

സ്ഥാപന മേധാവികള്‍ വാര്‍ഷികത്തിന് ഏറ്റവും അനുയോജ്യമായ സമയമായിരുന്നു തെരെഞ്ഞെടുത്തത് എന്നതാണ് വസ്തുത. കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളെല്ലാം ഒഴിയുന്ന സമയമായിരുന്നു അത്. ചുറ്റുമുള്ള ഭൂവുടമകളോട് അവരുടെ പാടങ്ങള്‍ സമ്മേളനത്തിന് ഉപയോഗപ്പെടുത്താന്‍ സംഘാടകര്‍ അനുമതി വാങ്ങിയിരുന്നു. അര ലക്ഷത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളാവുന്ന ഒരു വലിയ പന്തലും ചുറ്റും ചെറിയ പന്തലുകളും അവിടെ ഒരുക്കിയിരുന്നു. നിരവധിയാളുകള്‍ സ്വന്തം ടെന്റുകളുമായി വന്ന് അവിടെ ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. പന്തലുകള്‍ക്ക് പുറത്തും നിരവധി പേരുണ്ടായിരുന്നു.

ഹജ്ജ് കഴിഞ്ഞാല്‍ എന്റെ ജീവിതത്തില്‍ കണ്ണുകള്‍ കൊണ്ട് സാക്ഷ്യം വഹിക്കുന്ന ജനസംഗമമായിരുന്നു അത്. ഏകദേശം രണ്ട് ദശലക്ഷത്തോളം പേര്‍ അവിടെയുണ്ടായിരുന്നു. അതിന് മുമ്പ് ലാഹോറില്‍ വെച്ച് നടന്ന ഇമാം മൗദൂദിയുടെ ജനാസ നമസ്‌കാരമായിരുന്നു ഞാന്‍ കണ്ട ഏറ്റവും വലിയ ജനസംഗമം. അവിടത്തെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ നടന്ന ആ ചടങ്ങില്‍ ദശലക്ഷത്തോളം ആളുകളുണ്ടായിരുന്നു. ദുയൂബന്ദ് വാര്‍ഷികത്തില്‍ അതിന്റെ ഇരട്ടിയോളം ആളുകളെയാണ് ഞാന്‍ കാണുന്നത്. അറബികളും അനറബികളും പാശ്ചാത്യരും പൗരസ്ത്യരും ആഫ്രിക്കന്‍ വംശജരും യൂറോപ്യന്‍ വംശജരും തുടങ്ങി ലോകത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അതിലുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു ആ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അവര്‍ സന്ദര്‍ഭോചിതമായി അവര്‍ സംസാരിച്ചു. സ്ഥാപന മേധാവി ശൈഖ് തയ്യിബ് അല്‍ഖാസിമി, പ്രമുഖ പ്രബോധകന്‍ ശൈഖ് അബുല്‍ഹസന്‍ നദ്‌വി തുടങ്ങിയവരും തങ്ങളുടെ പ്രദേശത്തെയും നാടിനെയും കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോടും അവരുടെ കൂട്ടായ്മയോടുമുള്ള ബാധ്യതകളെ കുറിച്ചായിരുന്നു ഞാനതില്‍ സംസാരിച്ചത്. അന്ന് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു:

ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്. എന്നാല്‍ ഈ ന്യൂനപക്ഷം ലോക മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. പാകിസ്താന്‍ വിഭജിക്കപ്പെട്ട് പോയതിന് ശേഷം ഇന്തോനേഷ്യ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ന്യൂനപക്ഷങ്ങളില്‍ നിന്ന് ഭിന്നമായി ഈ ന്യനപക്ഷത്തിനിടയില്‍ ഐക്യവും പരസ്പര കെട്ടുറപ്പുമില്ലെന്നുള്ളത് ദുഖകരമാണ്. മുഴുവന്‍ ന്യൂനപക്ഷങ്ങളും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് മുന്നോട്ടു പോവുന്നത്. ഇന്ത്യയിലെ മുസ്‌ലിം ന്യൂപക്ഷം മാത്രമാണ് ഇതിന്നപവാദമായിട്ടുള്ളത്. എന്തുകൊണ്ടാണ് നാം പരസ്പരം അകലുന്നത്? എന്നല്ല, എന്തുകൊണ്ടാണ് നാം പരസ്പരം ശത്രുത വെച്ചുപുലര്‍ത്തുന്നത്?

നീ ദുയൂബന്ദിയോ നദ്‌വിയോ ഇസ്‌ലാഹിയോ ആവട്ടെ, നീ അഹ്‌ലുഹദീസുകാരനോ, ജമാഅത്തെ ഇസ്‌ലാമിക്കാരനോ ബറേല്‍വിയോ, സലഫിയോ സൂഫിയോ ആവട്ട, അല്ലെങ്കില്‍ മദ്ഹബുള്ളവനോ മഹ്ദഹബില്ലാത്തവനോ ആവട്ട, നീ മുസ്‌ലിമല്ലേ? നമസ്‌കാരത്തിന് മസ്ജിദില്‍ ഒരുമിക്കുന്നവരല്ലേ? കഅ്ബയുടെ അടുത്ത് ചെന്ന് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരല്ലേ നാം? ഒരൊറ്റ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുന്നവരല്ലേ നാം? ഒരൊറ്റ മുസ്ഹഫ് പാരായണം ചെയ്യുന്നവരല്ലേ നാം? ഒരൊറ്റ നബയിലല്ലേ നാം വിശ്വസിക്കുന്നത്? അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നവരല്ലേ നാമെല്ലാം?

എന്തിനാണ് നാം കക്ഷികളും ഗ്രൂപ്പുകളും വിഭാഗങ്ങളുമായി വേര്‍പിരിഞ്ഞിരിക്കുന്നത്? നമ്മുടെ നാഥന്റെ ഗ്രന്ഥം നമ്മോട് വിളിച്ചു പറയുന്നു:
”ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെമുറുകെപ്പിടിക്കുവിന്‍. ഭിന്നിച്ചുപോകരുത്.” (ആലുഇംറാന്‍: 103)
”അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. പരസ്പരം കലഹിക്കാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ ദുര്‍ബലരായിത്തീരുകയും നിങ്ങളുടെ വീര്യം നശിച്ചുപോവുകയും ചെയ്യും. ക്ഷമയോടെ വര്‍ത്തിക്കുക.” (അല്‍അന്‍ഫാല്‍: 46)
പ്രവാചകവചനങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നതും അത് തന്നെയല്ലേ.
”നിങ്ങള്‍ ഭിന്നിക്കരുത്, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഭിന്നിച്ചു അപ്പോള്‍ അവര്‍ നശിച്ചു.”
”എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തറുക്കുന്ന നിഷേധികളായി മാറരുത്.”
”അല്ലാഹുവിന്റെ സഹായം സംഘത്തിനൊപ്പമാണ്.”
”ഒരു വിശ്വാസി മറ്റു വിശ്വാസികളും തമ്മിലുള്ള ബന്ധം പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു കെട്ടിടം പോലെയാണ്.”

ഇത് തന്നെയോ ഇതിന് സമാമായതോ ആയ പ്രസംഗമാണ് ഞാനവിടെ നടത്തിയത്. എല്ലാവരും സശ്രദ്ധയോടെ അത് ശ്രവിച്ചിരുന്നു. പലരും പറഞ്ഞു: താങ്കള്‍ വസ്തുത പറയുകയും ഉപദേശിക്കുകയും ചെയ്തിരിക്കുന്നു, ഞങ്ങള്‍ക്ക് നഷ്ടംസംഭവിച്ചതും ഞങ്ങള്‍ ദുര്‍ബലരായതും ഈ അനൈക്യത്തിന്റെയും ഛിദ്രതയുടെയും ഫലമായിട്ട് തന്നെയാണ്.

മൊഴിമാറ്റം: അബൂഅയാശ്

Facebook Comments
Show More

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Related Articles

Close
Close