Tharbiyya

കുതര്‍ക്കം ഒഴിവാക്കുക

ഒരു ദിവസം ഒരു കഴുതയും ഒരു പുലിയും തമ്മില്‍ പുല്ലിന്റെ നിറത്തെപ്പറ്റി തര്‍ക്കിച്ചു.

കഴുത പറഞ്ഞു: പുല്ലിന്റെ നിറം നീലയാണ്.
പുലി പറഞ്ഞു: അല്ല; പുല്ലിന്റെ നിറം പച്ചയാണ്.
ഏറെ നേരം തര്‍ക്കിച്ചിട്ടും രണ്ടാള്‍ക്കും ഒരു സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ കാട്ടുരാജാവിന്റെ വിധി തേടാന്‍ തീരുമാനിച്ചു.
വിചാരണ ആരംഭിച്ചു. രണ്ടു പേരും അവരവരുടെ വാദങ്ങള്‍ വളരെ വിശദമായിത്തന്നെ അവതരിപ്പിച്ചു. കാഴ്ച്ചക്കാരായ മൃഗങ്ങള്‍ വിധി കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു. ഒടുവില്‍ രാജാവു വിധി പറഞ്ഞു. പക്ഷേ അത് എല്ലാവരെയും നിരാശപ്പെടുത്തി.
പുലിക്ക് ഒരു മാസത്തെ കഠിനതടവ്! കഴുത നിരപരാധി ആയതിനാല്‍ വെറുതേ വിട്ടിരിക്കുന്നു!!
പുലി വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു: രാജാവേ! പുല്ലിന്റെ നിറം പച്ചയല്ലേ?
രാജാവ്: അതേ.
പുലി: പിന്നെന്തിനാണു ശരി പറഞ്ഞ എന്നെ കാരാഗൃഹത്തില്‍ അടയ്ക്കുന്നത്?
രാജാവ്: നീ പറഞ്ഞതു ശരി തന്നെ. പക്ഷേ നീ ഒരു കഴുതയോടു തര്‍ക്കിച്ചു എന്നതാണു നീ ചെയ്ത വലിയ തെറ്റ്. അതിനാല്‍ നിനക്ക് ഒരു പാഠമാവാന്‍ വേണ്ടിയും ഇനി ഒരിക്കലും കാര്യങ്ങള്‍ മനസ്സിലാവാത്തവരോടു തര്‍ക്കിക്കാതിരിക്കാന്‍ വേണ്ടിയും ആണ് ഈ ശിക്ഷ.

അനാവശ്യമായ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ട് മുസ്ലിം സമൂഹം സ്വയം നശിക്കാന്‍ തീരുമാനിച്ചത് പോലെയാണ് ചിലരുടെ പ്രവര്‍ത്തനം. ഇത്തരം തര്‍ക്കങള്‍ ഒരിക്കലും സമുദായത്തിന് ഗുണം ചെയ്യുകയില്ലന്ന തിരിച്ചറിവുണ്ടാവണം.
ശൈഥില്യത്തിലേക് നയിക്കുന്ന കാര്യമാണ് കുതര്‍ക്കം.
കുതര്‍ക്കം ഒഴിവാക്കാനാണ് നബി പഠിപ്പിച്ചത്.

അനുചരന്‍മാര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ റസൂല്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു
‘ നിര്‍ത്തൂ, മുഹമ്മദിന്റെ അനുയായികളെ മുന്‍ഗാമികള്‍ ഇത്‌കൊണ്ടാണ് നശിച്ചത്. കുതര്‍ക്കികള്‍ക്ക് വേണ്ടി അന്ത്യനാളില്‍ ഞാന്‍ ശുപാര്‍ശ നടത്തില്ല. അതിനാല്‍ കുതര്‍ക്കം ഉപേക്ഷിക്കുക. ബോധപൂര്‍വ്വം തര്‍ക്കം വേണ്ടന്ന് വെച്ചവര്‍ക് സ്വര്‍ഗത്തിന്റെ മുകളിലും നടുവിലും താഴെയും വീടുകള്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ( ത്വബ്‌റാനി)

അല്ലാഹു ആദ്യം തന്നെ നിരോധിച്ച കാര്യം വിഗ്രപൂജയും പിന്നെ കുതര്‍ക്കവുമാണെന്ന് ഹദീസുകളിലുണ്ട്.
കുതര്‍ക്കികളുടെ ആഗമനമാണ് സമുദായത്തെ നശിപ്പിച്ചത്. പ്രവാചകന്‍ ഇങനെ പഠിപ്പിച്ചു ‘കുതര്‍ക്കം കാരണമല്ലാതെ സന്മാര്‍ഗ്ഗ ലഭിച്ച ശേഷം  ഒരു ജനതയും വഴിപിഴച്ചിട്ടില്ല’.

അല്ലാഹുവിന്റെ അറിവില്‍ പ്പെടുന്ന അദൃശ്യജ്ഞാനത്തിന്റെ പിന്നാലെ മനുഷ്യന്‍ തര്‍ക്കവും അനന്വോഷണവുമായി പോകുന്നത് നാശമുണ്ടാകാനുള്ള കാരണമാണെന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നു.

‘അവനാണ് നിനക്ക് ഈ ഗ്രന്ഥം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് ഈ ഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: ‘ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്.’ ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.    (അധ്യായം 3 : സൂക്തം: 7)

 

 

Facebook Comments
Show More

Related Articles

Close
Close