Tharbiyya

ഒരു ഹെറോയിന്‍ അടിമ എന്നെ പഠിപ്പിച്ചത്

എന്റെ പഴയ ഒരു കക്ഷിയുടെ ഭാര്യയില്‍ നിന്നും, അല്പം വിഷമിപ്പിക്കുന്ന ഒരു കോള്‍ വരികയുണ്ടായി. മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഭര്‍ത്താവ് മരണപ്പെട്ടുവെന്നറിയിക്കുന്നതായിരുന്നു അത്. മനസ്സിന്ന് അല്പം വിഷമം തോന്നി. ആദമിന്റെ അറ്റോര്‍ണിയായി സേവനം ചെയ്യവെ, അയാളുമായി, അസാധാരാണമായൊരു ബന്ധം വികസിപ്പിക്കുകയായിരുന്നു. ‘മയക്കുമരുന്നു ശീലമാക്കിയവന്‍’ എന്നതിലുപരി, ഇയാളുടെ രേഖ യാതൊരു വിവരവും നല്‍കുന്നില്ലെങ്കിലും, ഇദ്ദേഹം ചിന്താകുഴപ്പം ബാധിക്കുന്ന ഒരാളാണെന്നും, എന്നാല്‍, കഴിവുകേട് അയാളുടെ സന്മനസ്സിനെ മറച്ചുവെക്കുകയാണെന്നും കണ്ടു പിടിക്കാന്‍ അധിക സമയം എടുക്കേണ്ടി വന്നില്ല.

പല നിലക്കും, നാം എല്ലാവരെയും പോലെ, ഒരു വിരോധാഭാസമായിരുന്നു ആദം. പ്രവാചകനായ മുഹമ്മദി(സ)നെ അനുകരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, ദുരുപയോഗത്തൊട് പൊരുതിക്കൊണ്ടിരിക്കുന്ന ഒരാള്‍. യോര്‍ക്കി(പെനിസില്‍വാനിയ)ലെ ഒരു ജയിലില്‍ വെച്ചാണ് ആദ്യമായി ആദമിനെ ഞാന്‍ കാണുന്നത്. പലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള നാടുകടത്തല്‍ നേരിട്ടു കൊണ്ടിരിക്കുന്ന അവസരമായിരുന്നു അത്. ‘ഹെറൊയിന്‍ കൈവശം വെച്ചവന്‍’ എന്ന സ്‌റ്റേറ്റ് കോടതിയുടെ ആരോപണമുള്ളതിനാല്‍, അമേരിക്കയില്‍ കഴിയാനുള്ള അവസരം വളരെ കുറവായിരുന്നു. ഭാര്യ ആയിശ വളരെ നല്ലനിലയിലാണ് പെരുമാറുന്നതെന്നും, ഇമിഗ്രേഷന്‍ കോടതി നാടുകടത്തുന്നില്ലെങ്കില്‍, മയക്ക് മരുന്നിന്റെ ശീലമില്ലാതെ, ആരോഗ്യത്തോടെ കഴിയാനുള്ള സഹായം തേടുമെന്നും വേദനയോടെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. തന്റെ വിധി കാത്തു കൊണ്ട്, അഴികള്‍ക്കിടയില്‍ കഴിയുമ്പോഴും, വിഷാദത്തോടും മദ്യാസക്തിയോടും പോരാടിക്കൊണ്ടിരിക്കുന്ന ഒരു ശുദ്ധഹൃദയനാണയാള്‍ എന്നു വിവരിച്ചു കൊണ്ട്, ആയിശ അദ്ദേഹത്തിന്നു വേണ്ടി പ്രതിരോധിച്ചിരുന്നുവെന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയത്രെ. ഹെറോയിന്‍ ആസക്തിയുടെ മൂര്‍ദ്ധന്യതയില്‍ പോലും, തന്നൊടും കുട്ടികളോടും വളരെ സൗമ്യമായായിരുന്നു അദ്ദേഹം പെരുമാറിയിരുന്നതെന്ന് അവള്‍ പറയുന്നു. പക്ഷെ, സ്വയം ഹാനിയുണ്ടാക്കുന്നതേ അവളെ വിഷമിപ്പിച്ചിരുന്നുള്ളു.

ശുദ്ധ ഹൃദയനായ ഒരു ഹെറോയിന്‍ അടിമയോ? പരസ്പരം പൊരുത്തപ്പെടാത്ത രണ്ടു ധ്രുവങ്ങള്‍! പക്ഷെ, ഭാര്യ പറയുന്നത് ശരിയാണെന്ന് എനിക്ക് പെട്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരിക്കല്‍ ഞങ്ങള്‍ കണ്ടപ്പൊള്‍  ഞാന്‍ അദ്ദേഹത്തിന്റെ അറ്റോര്‍ണിയാണ് എന്നതോര്‍ക്കുക – ഒരു കുടിയേറ്റക്കാരനായ സഹതടവുകാരന്നു വേണ്ടി സംസാരിക്കാനായിരുന്നു, അമൂല്യമായ സമയം മുഴുവന്‍ അയാള്‍ ചലവൊഴിച്ചത്. വക്കീലിനെ വെക്കാന്‍ കഴിവില്ലാത്ത ആ സോമാലി സുഹൃത്തിന്റെ കേസ് ഏറ്റെടുക്കണമെന്നായിരുന്നു അയാളുടെ യാചന. കൊടുക്കാനുള്ള പണം താനും സഹതടവുകാരും സമാഹരിച്ചു നല്‍കാമെന്നായിരുന്നു അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നത്. കേസ് സൗജന്യമായി ഞങ്ങളൂടെ കമ്പനി ഏറ്റെടുത്തു. പക്ഷെ, ഒരു സെല്ലില്‍ തളര്‍ന്നു കഴിയുകയായിരുന്ന ആദമില്‍, മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന്നു വേണ്ടി പണം നല്‍കാനുള്ള സന്നദ്ധത ശക്തമായിരുന്നു.

എന്നാല്‍, അലിയെ ആദം പരിഗണിക്കാനുള്ള കാരണം, ദൈവിക പ്രചോദനമായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അലിക്ക് അമേരിക്കയില്‍, പ്രിയപ്പെട്ടവരാരും തന്നെ ഉണ്ടായിരുന്നില്ല. എന്നാലും അല്ലാഹു തന്നെ നന്നായി മനസ്സിലാക്കുമെന്ന വിശ്വാസവും പ്രതീക്ഷയും അദ്ദേഹം തുടര്‍ന്നു പോരുകയായിരുന്നു. അദ്ദേഹം ജയില്‍ ബാത്ത് റൂം വൃത്തിയാക്കുന്നതും, മറ്റു ചെറിയ ജോലികള്‍ സ്വമേധയാ ചെയ്യുന്നതും ആദം ശ്രദ്ധിച്ചിരുന്നു. മറ്റു തടവുകാര്‍ വീട്ടുകാരില്‍ നിന്നും ലഭിക്കുന്ന പണമുപയോഗിച്ചു വാങ്ങാറുള്ള സ്‌നാക്കുകളും മറ്റും വാങ്ങാനുള്ള പണം ഉണ്ടാക്കുകയായിരുന്നു ഉദ്ദേശ്യം. ആദമിന്ന് അദ്ദേഹത്തൊട് അനുകമ്പയായിരുന്നു. അലിക്കും മറ്റു തടവുകാര്‍ക്കും നല്‍കാനായി, ഭാര്യയൊട് കൂടുതല്‍ പണം അയച്ചു തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഞങ്ങളുടെ അവസാന ന്യായ വിചാരണ എന്റെ മനസ്സില്‍ കൊത്തിവെക്കപ്പെട്ടിരിക്കുകയായിരുന്നു. വിചാരണക്ക് മുമ്പ് ഞാന്‍ ആദമിനെ കണ്ടു. ഗുരുതരമല്ലാത്ത കുടിയേറ്റ ഫലങ്ങളുള്ള ഒരു കുറ്റത്തിന്റെ പേരില്‍ ആദമിനെ ശിക്ഷിക്കാന്‍, കുടിയേറ്റ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ക്രിമിനല്‍ അറ്റോര്‍ണി വിജയിച്ചിട്ടുണ്ടെന്നും, അതിനാല്‍, അദ്ദേഹത്തിനെതിരായ കോടതി നിയമ നടപടികള്‍ അവസാനിപ്പിക്കാന്‍ നല്ല സാധ്യതയുണ്ടെന്നും പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്നു സുവാര്‍ത്ത അറിയിക്കുകയും ചെയ്തു. ആദം പുഞ്ചിരി തൂകി. തന്നെ കുടുംബത്തിലേക്ക് തിരിച്ചയക്കാന്‍ ഞങ്ങള്‍ ചെയ്യുന്ന സഹായങ്ങളെല്ലാം താന്‍ അറിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറയുകയും ചെയ്തു. അനന്തരം, കോടതി മുറിയിലേക്ക് പോകാനായി എഴുനെറ്റ അദ്ദേഹം പതുക്കെ പറഞ്ഞു: യാ ഖവിയ്യ്’ (ശക്തിയുറ്റവനേ) ദൈവിക നാമങ്ങളിലൊന്നു മുഖേന അദ്ദേഹം പ്രാര്‍ത്ഥിക്കുകയായിരുന്നു. ആദം കേസ് ജയിച്ചു. കുടിയേറ്റ കസ്റ്റഡിയില്‍ നിന്ന് മോചിതനാവുകയും ചെയ്തു.

പ്രവാകകന്റെ(സ) ഏറ്റവും പ്രിയപ്പെട്ട ഒരു സഹാബിയെ കുറിച്ച് ആദം എപ്പോഴും എന്നേ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനം കൈയൊഴിക്കാന്‍ അദ്ദേഹം അശക്തനായിരുന്നുവെങ്കിലും, അയാളുടെ സ്വഭാവം അവിടുന്ന് അംഗീകരിച്ചിരുന്നില്ലെങ്കിലും, അല്ലാഹുവെയും ദൂതനെയും സ്‌നേഹിക്കുന്നവനാണയാള്‍ എന്ന് തനിക്ക് അറിയാമെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ഈ ഒരൊറ്റ കുറ്റത്തിന്റെ പേരില്‍ അദ്ദേഹത്തെ ശപിച്ചിരുന്ന അനുയായികളെ അവിടുന്നു ശകാരിക്കുകയും ചെയ്തിരുന്നു.  ഒരാളുടെ ബാഹ്യമായ ഒരു ന്യൂനത, അയാളുടെ ആന്തരിക നന്മയുടെയും ദൈവ സാമീപ്യത്തിന്റെയും മാനദണ്ഡമായി എടുത്തു കൂടെന്നു, ഈ മദ്യപാനിയിലൂടെ അവിടുന്ന് സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു. ആദമിലൂടെ ഈ പാഠം അല്ലാഹു എന്നെ പഠിപ്പിച്ചു.

മരിക്കുന്നതിന്ന്  രണ്ട് വര്‍ഷം മുമ്പ് തന്നെ, ആദം ഹെറോയിന്‍ മുക്തനായിരുന്നു. അതിന്ന് അല്‍പം മുമ്പ് പൂര്‍വാവസ്ഥ പ്രാപിച്ചുവെങ്കിലും, റിഹാബില്‍ പ്രവേശിച്ചതോടെ തന്റെ പിശാചുക്കളെ പരാജയപ്പെടുത്താന്‍ അയാള്‍ക്കു കഴിഞ്ഞു. അയാളുടെ ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്നു പകരം, പല സഹമുസ്‌ലിംകളും, അദ്ദേഹത്തിന്ന് രണ്ടാമതൊരു അവസരം നല്‍കാന്‍ കൂട്ടാക്കിയില്ല. ഒരു ജാതിഭൃഷ്ടനോടെന്ന പോലെ, തന്നെ അകറ്റി നിറുത്തിക്കൊണ്ടുള്ള സമൂഹത്തിന്റെ നിലപാടില്‍, മനം നൊന്ത്, മുറിയില്‍ ഏകാന്തനായി അദ്ദേഹം കരയുന്നത് താന്‍ കണ്ടിരുന്നതായി ആയിശ പറയുന്നു.

ആദം മരണപ്പെട്ടപ്പോള്‍ ഭാര്യയും കുട്ടികളും അഗാധ ദുഖിതരായിരുന്നു. തന്റെ കുഞ്ഞുങ്ങളെ ഏറ്റവും അപകടകരമായ ഒരവസ്ഥയില്‍ നിന്നും സംരക്ഷിക്കുക തന്റെ ഉന്നമായി കണ്ട ആദം, ഒരു ഉല്‍കൃഷ്ട മരണമാണ് വരിച്ചതെന്ന്, പ്രാദേശിക പള്ളിയിലെ ശൈഖ് ഉറപ്പു നല്‍കിയപ്പോഴാണ് അവള്‍ക്ക് അല്‍പം സാന്ത്വനം ലഭിച്ചത്. പുഞ്ചിരി തൂകി മരിച്ചു കിടക്കുന്ന ആദമിന്റെ ദൃശ്യം കുടുംബത്തെയും ആശ്വസിപ്പിക്കുകയായിരുന്നു. ഇത് പോലെ സമാധാനവും സംതൃപ്തിയും അദ്ദേഹത്തില്‍ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു മൂത്ത മകള്‍ പറഞ്ഞത്. ഒരു പക്ഷെ, ആത്മാര്‍ത്ഥമായി അല്ലാഹുവോട് പ്രാര്‍ത്ഥിച്ച്, ഒരു വിശുദ്ധ ദിനത്തില്‍ മരിച്ചത് കൊണ്ടായിരിക്കാം അത്. മക്കയില്‍ നിന്നുള്ള ഒരു ‘ലൈവ് കവറേജ്’ കണ്ട ആദം ഇങ്ങനെ പറഞ്ഞതായി ഭാര്യ പറയുന്നു; ‘അല്ലാഹുവെ, ജയിലിലായിരിക്കെ, എല്ലാ നിലക്കും ഞാന്‍ പ്രാര്‍ത്ഥിച്ചു. പതിവായി ഖുര്‍ആന്‍ പാരായണം ചെയ്തു. ഇപ്പോള്‍ കുടുംബമൊന്നിച്ചു ഞാന്‍ ജയിലിന്നു പുറത്താണ്. അവശ്യമായതൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാല്‍, ഇന്ന് നീയുമായുള്ള ബന്ധത്തിന്റെ ഒരു തുടക്കമാണ്. അല്ലാഹുവെ,  എന്നോട് പൊറുക്കാന്‍ ദയവുണ്ടാകേണമേ.’

ആദമിന്ന് അറിയില്ലെങ്കിലും, എന്റെ ജീവിതത്തില്‍, മായാത്ത ഒരു മുദ്രയാണ് അയാള്‍ പതിച്ചിരിക്കുന്നത്. കുറ്റക്കാരെന്ന് നാം കരുതുന്നവരെ പലപ്പോഴും നാം അവജ്ഞയോടെ വീക്ഷിക്കുന്നു. ഒരു പക്ഷെ, അവര്‍ ചൂതാട്ടക്കാരായിരിക്കും, മദ്യപാനികളായിരിക്കും, വ്യഭിചാരികള്‍ പോലുമായിരിക്കും. എന്നാല്‍, ധാര്‍മിക രോഷത്താല്‍, നാം പ്രകടിപ്പിക്കുന്ന അഹങ്കാരം, ദൈവിക ദൃഷ്ടിയില്‍, ഒരു പക്ഷെ, അത്തരക്കാര്‍ ചെയ്ത കുറ്റത്തേക്കാള്‍ മോശമായിരിക്കുമെന്ന കാര്യത്തെ കുറിച്ച് നാം ബോധവാന്മാരല്ല. സര്‍വജ്ഞന്‍ അല്ലാഹു ആയിരിക്കെ, ഒരു ആത്മാവിന്റെ മൂല്യം അളക്കാന്‍ നാം ആരാണ്? ഒരു വേശ്യക്ക്, മുഴു കുടിയന്ന്, വ്യഭിചാരിക്ക് അല്ലാഹു പൊറുത്തു കൊടുത്തുവെന്ന് പ്രവാചക ശ്രേഷ്ഠന്‍(സ) നമ്മെ പഠിപ്പിക്കുന്നു. ഈ സാമൂഹ്യ ഭൃഷ്ടരെല്ലാം സമൂഹത്തെ അമ്മാനമാടുകയായിരുന്നുവെന്നത് ശരി തന്നെ.   പക്ഷെ, അനുതാപമുള്ളവരും അല്ലാഹുവോടും പ്രവാചകനോടും സ്‌നേഹം പുലര്‍ത്തുന്നവരുമായിരുന്നു അവര്‍. അത് അവരുടെ സ്രഷ്ടാവിന്നു മാത്രമെ അറിയുകയുള്ളുവെന്ന് മാത്രം.

വിവ : കെ.എ. ഖാദര്‍ ഫൈസി

Facebook Comments
Related Articles
Show More

Check Also

Close
Close
Close