Tharbiyya

ഇലയനക്കാത്തവരും തിരയിളക്കുന്നവരും

ദൈവദാസന്മാരുടെ ഉത്തമ വിശേഷണങ്ങള്‍ (സ്വിഫാതുര്‍റബ്ബാനിയ്യ)  ആര്‍ജിക്കുന്നതിലൂടെ നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വലിയ പ്രതിഫലനങ്ങള്‍ അത് സൃഷ്ടിക്കും. ദൈവികമായ ഉത്തമ ഗുണങ്ങള്‍ മനുഷ്യന്‍ നേടിയെടുക്കുന്നതോടെ എല്ലാ കാര്യങ്ങളിലും ദൈവികാനുഗ്രഹം നേടിയെടുക്കാന്‍ സാധിക്കും. ചിന്തയിലും സമ്പത്തിലും കുടുംബത്തിലും ആരോഗ്യത്തിലും സന്താനങ്ങളിലും ജോലിയിലുമെല്ലാം ഈ ഉല്‍കൃഷ്ട ഗുണം ആര്‍ജിക്കുന്നതോടെ ദൈവികമായ അനുഗ്രഹങ്ങള്‍ ലഭ്യമാകുന്നതാണ്.

എത്രയെത്ര ആളുകളാണ് ദീര്‍ഘകാലം ഈ ഭൂമുഖത്ത് ജീവിച്ചുകൊണ്ട് ഒരു ഇലയനക്കവുമുണ്ടാക്കാതെ മരണത്തിന് കീഴടങ്ങിയത്! എത്രയെത്ര മഹാരഥന്മാരും പരിഷ്‌കര്‍ത്താക്കളുമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു പുരുഷായുസ്സ് ചെയ്ത് തീര്‍ത്താല്‍ തീരാത്ത പ്രവര്‍ത്തനങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും തലമുറകളിലൂടെ ജീവിച്ചുകൊണ്ടിരിക്കുന്നത്.

പ്രവാചകന്‍(സ)തന്റെ നുബുവ്വത്തിന് ശേഷമുള്ള ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകത്തിന്റെ ഗതി തന്നെ തിരിച്ചുവിടുകയും ഒരു പുതിയ ചരിതം ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു. അതിന്റെ പ്രതിധ്വനികള്‍ ഇന്നും ലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആ സരണിയാണ് പശ്ചാത്യരും പൗരസ്ത്യരും ഇന്നുമവലംഭിച്ചുകൊണ്ടിരിക്കുന്നത്. അബൂബക്കര്‍(റ) ഉമര്‍(റ)തുടങ്ങിയവരും പിന്‍ഗാമികളും എത്രയെത്ര നേട്ടങ്ങളും വിജയങ്ങളുമാണ് ഇസ്‌ലാമിക മാര്‍ഗത്തില്‍ നേടിയെടുത്തിയിട്ടുള്ളത്. ഇതെല്ലാം അവരുടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ നേടിയെടുത്തതാണോ എന്ന് നാം അത്ഭുതം കൂറിയേക്കാം.

54 വര്‍ഷത്തെ ഇമാം ശാഫിയുടെ ജീവിതത്തിലേക്ക് ഒന്നു നോക്കൂ! ഇന്നും ലക്ഷക്കണക്കിനാളുകള്‍ അനുധാവനം ചെയ്യുന്ന ഒരു മദ്ഹബ് അദ്ദേഹം രൂപപ്പെടുത്തുകയുണ്ടായി. ഉസ്വൂലുല്‍ ഫിഖ്ഹിലും ഉസ്വൂലുല്‍ ഹദീസിലും കര്‍മശാസ്ത്രത്തിലുമെല്ലാം ഉന്നതമായ സംഭാവനകള്‍ അദ്ദേഹം അര്‍പ്പിക്കുകയുണ്ടായി. ഇന്നും ഇമാം ശാഫി തുടക്കം കുറിച്ച വിജ്ഞാനീയങ്ങള്‍ ആധികാരിക സ്രോതസ്സുകളായി നിലകൊള്ളുകയാണ്. 32 വര്‍ഷത്തെ സീബവൈഹിയുടെ ജീവിതമൊന്നു നിരീക്ഷിക്കൂ! അറബി വ്യാകരണശാസ്ത്രത്തില്‍ ഇന്നും ആധികാരിക അവലംബങ്ങളാകുന്ന എത്ര കൃതികളാണ് അവശേഷിപ്പിച്ചത്.

അപ്രകാരം തന്നെ 40 വര്‍ഷം ജീവിച്ച ഇമാം നവവി(റ) കര്‍മശാസ്ത്രത്തിലും തര്‍ബിയ വിഷയങ്ങളിലുമെല്ലാമായി കനപ്പെട്ട ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തു! 40 ഹദീസുകള്‍, അദ്കാര്‍, രിയാളുസ്വാലിഹീന്‍, ശറഹു സ്വഹീഹ് മുസ്‌ലിം, മിന്‍ഹാജ്, റൗള തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ പ്രധാനമാണ്. ശാഫി ഫിഖ്ഹിലും താരതമ്യ കര്‍മശാസ്ത്രത്തിലും എത്രവലിയ മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥങ്ങള്‍.

51 വര്‍ഷം ജീവിച്ച അബ്ദുല്‍ ഹമീദ് ബാദീസിന്റെ ജീവിതത്തിലേക്ക് നിങ്ങള്‍ കണ്ണയക്കൂ! കോളനിവല്‍ക്കരണത്തെ ചെറുക്കുന്നതിലും ജിഹാദിനെ പുനരുജ്ജീവിപ്പിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. അദ്ദേഹം അന്ന് രൂപീകരിച്ച പണ്ഡിത വേദി ഇന്നും സജീവമായി ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

42 വര്‍ഷം ജീവിച്ച ഇമാം ശഹീദ് ഹസനുല്‍ ബന്ന രൂപീകരിച്ച പ്രസ്ഥാനം ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്തും പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇഖവാനുല്‍ മുസ്‌ലിമൂനിന്റെ ശാഖകളില്ലാത്ത പ്രദേശങ്ങള്‍ വളരെ വിരളമാണ്. ഇസ്‌ലാമിനെ കുറിച്ച തെറ്റായ ധാരണകള്‍ തിരുത്തുകയും നവോഥാനത്തിന് അടിത്തറ പാകുകയും ചെയ്ത ആ സംരംഭങ്ങള്‍ ഇന്ന് അറബ് വസന്തത്തിലൂടെ ലോകത്തിന്റെ പുത്തന്‍ പ്രതീക്ഷകളായിത്തീര്‍ന്നിരിക്കുകയാണ്.

ഈ ദൈവികമായ വിശേഷണങ്ങളാണ് ജനങ്ങള്‍ അസ്വസ്ഥരാകുമ്പോള്‍ വിശ്വാസിക്ക് സ്വാന്തനമേകുകയും ജനങ്ങള്‍ പരിഭ്രാന്തിയിലാളുമ്പോള്‍ വിശ്വാസിക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുന്നത്. സമൂഹത്തില്‍ ഐക്യവും ശക്തിയും ദൈവബോധവും ജോലിയിലെ സൂക്ഷ്മതയും ജനങ്ങളുടെ ഉത്തമ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാനുള്ള ശ്രമങ്ങളുമെല്ലാം രൂപപ്പെടുന്നത് ഈ ദൈവിക ഗുണങ്ങള്‍ കരഗതമാകുന്നതിലൂടെയാണ്. ദൈവിക ഗുണങ്ങള്‍ ആര്‍ജിച്ച സമൂഹത്തില്‍ കൈക്കൂലിക്കാരെയോ കുഴപ്പക്കാരെയോ നാശകാരികളെയോ കാണാന്‍ കഴിയുകയില്ല. അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സൂക്ഷിക്കാതെയും അവന്റെ മുമ്പില്‍ വിചാരണ നേരിടേണ്ടി വരുമെന്ന ബോധ്യമില്ലാതെയും അവര്‍ ഒരടി മുന്നോട്ട് വെക്കുകയില്ല. ഈ കൂട്ടരാണ് തങ്ങള്‍ ജീവിച്ചു എന്നതിന് തെളിവുകളവശേഷിപ്പിച്ചവര്‍.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
Related Articles
Close
Close