Tharbiyya

ഇബ്രാഹീമീ പ്രാര്‍ഥനകള്‍

വിശ്വാസി സമൂഹത്തിന്റൈ ആഗോള വാര്‍ഷിക മഹാസമ്മേളനത്തിന്റെ കര്‍മങ്ങളും പരിപാടികളും ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ. സഹസ്രാബ്ധങ്ങള്‍ക്ക് മുന്പ് മനുഷ്യ നാഗരികതയുടെ പിതാവ് ഇബ്രാഹിം നബി(അ)യുടെ വിശ്വവിളംബരം കേട്ട് അതിനുത്തരം നല്‍കിക്കൊണ്ടാണ് ലോകത്തിന്റെ (എല്ലാ പ്രദേശങ്ങളില്‍ നിന്നും 160 കോടിയോളം വരുന്ന വിശ്വാസി സമൂഹത്തില്‍ നിന്നും 30 ലക്ഷത്തോളം ഹാജിമാര്‍ കാരുണ്യവാന്റെ അതിഥികളായി മക്കയില്‍ എത്തിയിട്ടുള്ളത്.

മുസ്‌ലിം സമൂഹം മഹാനായ ഇബ്രാഹിം നബി(അ)യെ കുറിച്ച് ധാരാളമായി ഓര്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം നടത്തിയ ചില പ്രാര്‍ഥനകളാണ് ഇവിടെ അനുസ്മരിക്കുന്നത്. പ്രാര്‍ഥന എന്നത് ഒരു മനുഷ്യന്റെ അകമാണ്. അവന്റെ മനസ്സാണത്. ഹൃദയത്തിന്റെ അകത്തു നിന്നും ഉണ്ടാകുന്നതാണ് അല്ലെങ്കില്‍ ഉണ്ടാവേണ്ടതാണ് പ്രാര്‍ഥനകള്‍. ഇബാദത്തിന്റെ മജ്ജയാണ് പ്രാര്‍ഥനയെന്ന് പ്രവാചക തിരുമേനി പറഞ്ഞിട്ടുണ്ട്.
 
സമുദ്രം പോലെ ആഴവും പരപ്പുമുള്ളതാണ് ഇബ്‌റാഹീം നബിയുടെ ചരിത്രം. ഇബ്രാഹീം പ്രവാചകന്റെ  ആ ചരിത്രത്തില്‍ നിന്നും അദ്ദേഹം നടത്തിയ ചില പ്രാര്‍ഥനകള്‍ സൂറത്തുല്‍ ബഖറയില്‍ അല്ലാഹു നമുക്ക് വരച്ചു കാണിക്കുന്നു.

ഖുര്‍ആന്‍ പറയുന്നു: ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: ഭഎന്റെ നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! അതിലെ നിവാസികളില്‍, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്കു നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ!’ ‘മറുപടിയായി നാഥന്‍ അരുളി: ‘അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കുന്നതാകുന്നു.’ (2: 126) അദ്ദേഹത്തിന്റെ പ്രാര്‍ഥനയെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. വിശ്വസിച്ചവര്‍ക്ക് മാത്രമല്ല അവിശ്വസിച്ചവര്‍ക്കും  നാമത് നല്‍കും. കാരണം പടച്ച തമ്പുരാന്‍ മുഴുവന്‍ സൃഷ്ടികളോടും അങ്ങേയറ്റത്തെ കാരുണ്യമുള്ളവനാണ്. അതിന്റെ ഭാഗമാണ് അവിശ്വസിച്ചവര്‍ക്കും ഭൗതിക വിഭവങ്ങള്‍ നല്‍കല്‍. മാനുഷിക വിഷയങ്ങളില്‍ ഈ വിശാലത ഉള്‍ക്കൊണ്ടു കൊണ്ട് ജീവിക്കാന്‍ വിശ്വാസി സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

സംഘര്‍ഷഭരിതമായ ഇന്നിന്റെ ലോകക്രമത്തില്‍ ശ്രദ്ധയില്‍ പതിയേണ്ട ഒരു പ്രാര്‍ഥനയാണ് നാടിനു വേണ്ടിയുള്ള ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥന. നാട്ടില്‍ സമാധാനവും ശാന്തിയും ഉണ്ടാവാനുള്ള പ്രാര്‍ഥന എക്കാലത്തും വിശ്വാസിയുടെ ഹൃദയത്തില്‍ ഉണ്ടാവേണ്ടതാണ്. സ്വന്തം നാടിനു വേണ്ടി, അവിടത്തെ സമാധാനപൂര്‍ണമായ ജീവിത സാഹചര്യത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ? പുതിയ ഭരണത്തിന് കീഴില്‍ പലയിടത്തും മുസ്‌ലിം സമൂഹം ഭീതിയിലും ഭയത്തിലുമാണ് കഴിയുന്നത്. ഇതുപോലുള്ള ഒരു സാഹചര്യത്തില്‍ ഈ പ്രാര്‍ഥനക്ക് ഏറെ പ്രസ്‌ക്തിയുണ്ടെന്ന് നാം ഓര്‍ക്കുക. പ്രാര്‍ഥന മാത്രമല്ല അതിനനുസരിച്ച പ്രര്‍ത്തനം കൂടി നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.

ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. ഖുര്‍ആന്‍ പറയുന്നു: ‘സമാധാന സമ്പൂര്‍ണമായ ഹറമിനെ നാം അവര്‍ക്കു പാര്‍പ്പിടമാക്കിക്കൊടുത്തു എന്നത് യാഥാര്‍ഥ്യമല്ലയോ? നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി സകലയിനം ഫലങ്ങളും നിര്‍ലോഭം അവിടെ വന്നണയുന്നു. പക്ഷേ, ഇവരില്‍ അധികജനവും അറിയുന്നില്ല.’ (അല്‍ഖസസ്: 57) ചുറ്റുപാടും സംഘര്‍ഷഭരിതമായ കാലത്തും അതിനെ ശാന്തിയുെട താഴ്‌വരയാക്കി. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കായ്കനികള്‍ നാമവിടെക്ക് എത്തിക്കുന്നില്ലേ. മക്കയില്‍ പോയവര്‍ക്കതറിയാം അവിടെ അവിടെ കൃഷി ചെയ്യന്നത് വളരെ കുറച്ചു മാത്രമാണ്. പക്ഷെ ആ നാട്ടില്‍ കിട്ടാത്തതൊന്നുമില്ല.

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രാര്‍ഥനയാണ്: ‘ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ! സകലരില്‍നിന്നും കേള്‍ക്കുന്നവനും സകലതുമറിയുന്നവനുമല്ലോ നീ! നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്‌ലിം (അനുസരണമുള്ളവര്‍) ആയ ദാസന്മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്നും നിനക്കു മുസ്‌ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ.’ (2: 12128) ഒരു കര്‍മം ചെയ്തു പൂര്‍ത്തീകരിക്കുമ്പോള്‍ വിശ്വാസിയില്‍ മനസ്സ് എങ്ങനെയായിരിക്കണമെന്നാണ് ഇതിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ആത്മാര്‍ഥമായി കര്‍മം ചെയ്യുകയും പിന്നീടത് വിനയത്തോടെ അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. നമ്മുടെ കര്‍മങ്ങളില്‍ വീഴ്ച്ചകള്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനുമായ നാഥനോട് പാപമോചനം തേടുക കൂടി ചെയ്യുന്നു. ഇത്തരത്തില്‍ പ്രാര്‍ഥിക്കാനുള്ള ഒരു മനസ്സ് നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അപ്രകാരം ഇബ്‌റാഹീം നബി അല്ലാഹുവോട് തേടിയ ഒന്നാണ് തന്നെയും തന്റെ സന്താന പരമ്പരയെയും ‘മുസ്‌ലിം’ ആക്കണേ എന്നുള്ളത്. അല്ലാഹുവിന് കീഴ്‌പ്പെടുന്ന ഒരു മനസ്സിന് വേണ്ടിയുള്ള തേട്ടമാണത്.

ഇബ്‌റാഹീം നബിയുടെ ഓര്‍മകള്‍ പുതുക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥനകളിലൂടെ സഞ്ചരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും നാടിനും വേണ്ടി പ്രാര്‍ഥിക്കാനുള്ള മനസ്സ് നമ്മിലും ഉണ്ടാവേണ്ടതുണ്ട്. നാം ചെയ്യുന്ന കര്‍മങ്ങളെ പ്രാര്‍ഥനയോടെ അല്ലാഹുവിന്റെ മുന്നില്‍ വെക്കാനും നമുക്ക് കഴിയണം.

Facebook Comments
Related Articles

Check Also

Close
Close
Close