StudiesTharbiyya

ആദികാല അപവാദകരും പൂര്‍വകാല വിശ്വാസികളും

അന്ത്യദിനത്തെയും സ്വര്‍ഗനരകങ്ങളുടെ അസ്തിത്വത്തെയും കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി, ഓരോ കാലഘട്ടത്തിലും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. ഖുര്‍ ആന്‍ പറയുന്നു: ‘തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.’ (ഖുര്‍ആന്‍: 35: 24)
എന്നാല്‍, അവരില്‍ വിശ്വസിക്കുകയും അവരെ അനുധാവനം ചെയ്യുകയും ചെയ്തവര്‍ വളരെ വിരളമായിരുന്നുവെന്നും, ഭൂരിപക്ഷം അവരുടെ സന്ദേശം തള്ളിക്കളഞ്ഞു ശത്രുക്കളായി മാറുകയുമാണുണ്ടായതെന്നും ഖുര്‍ആന്‍ പറയുന്നു: ‘അങ്ങനെ നമ്മുടെ കല്പ്ന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്ഗമത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും, നിന്റെ് കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. ( അവരുടെ കൂട്ടത്തില്‍ നിന്ന് ) ആര്‌ക്കെഞതിരില്‍ ( ശിക്ഷയുടെ ) വചനം മുന്കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും ( കയറ്റികൊള്ളുക. ) അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.’ (ഖുര്‍ആന്‍ : 11: 40)
അതല്ല അവരുടെ ദൂതനെ അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണോ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നത് ? അതല്ല, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? അല്ല, അദ്ദേഹം അവരുടെയടുക്കല്‍ സത്യവും കൊണ്ട് വന്നിരിക്കയാണ്. എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ. (ഖുര്‍ആന്‍: 23: 69,70)

സാധാരണയില്‍, പ്രവാചകന്മാര്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉദ്ദീപിപ്പിച്ചിരുന്നത് സുഖലോലുപ വര്‍ഗമായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല.'( 43: 23)
‘ഏതൊരു നാട്ടില്‍ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല.’ (34: 34)
അവിശ്വാസികളുടെ സുപ്രധാനമായ രണ്ടു സവിശേഷതകളിലേക്കാണ് ഇവിടെ ഖുര്‍ആന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. അവര്‍ സുഖലോലുപ വര്‍ഗമായിരുന്നുവെന്നും, തങ്ങളുടെ അപരാധങ്ങള്‍ അവരെ പ്രവാചക നിഷേധത്തിലേക്ക് നയിച്ചുവെന്നതുമാണവ. ജനങ്ങള്‍ക്കിടയില്‍ സന്മാര്‍ഗം വ്യാപകമായി തീരുന്നതോടെ, ഏറെ താല്‍പര്യത്തോടെ തങ്ങള്‍ കാത്തിരിക്കുന്ന വരുമാനം വിനഷ്ടമായി പോകുമെന്ന തിരിച്ചറിവായിരുന്നു അവരെ ശത്രുതയിലേക്ക് നയിച്ചത്. എന്നാല്‍, ഇഹലോകം ക്ഷണികവും വഞ്ചകവുമായ വാസസ്ഥലമാണെന്നും മരണാനന്തരജീവിതമാണ് പ്രധാനമെന്നും, പണം, സമ്പത്ത്, മറ്റു ഭൗതിക വസ്തുക്കള്‍ എന്നിവയെ ആശ്രയിച്ചല്ല, പ്രത്യുത, മനുഷ്യന്റെ സദാചാരത്തെയും ദൈവഭക്തിയെയും അടിസ്ഥാനമാക്കിയാണ്, അവിടത്തെ നേട്ടം കൈവരിക്കാന്‍ കഴിയുകയെന്നും, അവര്‍ ജനങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നു. ഈ സത്യപ്രഖ്യാപനം അവരെ കോപാകുലരാക്കുകയും അവര്‍ വിശ്വാസികള്‍ക്കെതിരെ ഇറങ്ങാനത് നിമിത്തമാവുകയുമായിരുന്നു. യഥാര്‍ത്ഥത്തില്‍, അവര്‍ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്തിരുന്ന കാര്യങ്ങള്‍ കേവലം മിഥ്യയായിരുന്നുവെന്ന് പ്രവാചകന്മാര്‍ അവരോട് പറഞ്ഞതായിരുന്നു കാരണം. അക്കൂട്ടരുടെ ഭൗതിക ഭ്രമത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ‘തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.’ (76: 27)
സമ്പന്ന വര്‍ഗം പൊതുവെ,അവിശ്വാസികളായി മാറുന്നതിന്റെ രഹസ്യം ഇതിലൊളിഞ്ഞു കിടക്കുന്നു. തങ്ങള്‍ക്ക് സ്വതന്ത്രാധികാരവും സ്ഥാനവും സ്വത്തും ഉണ്ടെന്നു വിശ്വസിക്കുന്ന അവര്‍, അല്ലാഹു നിര്‍ണയിച്ചു കൊടുത്ത പരിധികളില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ, തങ്ങള്‍ക്ക് സ്വേച്ഛാനുസാരം പ്രവര്‍ത്തിക്കാമെന്നും ദൂഷ്യഫലങ്ങളൊന്നും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ വിചാരിക്കുന്നു. മറുവശത്ത് ദൈവിക ദര്‍ശനങ്ങളാകട്ടെ, അവരുടെ ജീവിതരീതിയിലെയും വിശ്വാസങ്ങളിലെയും സത്യാസത്യ വിവേചനങ്ങളിലെയും സ്വാര്‍ത്ഥ താല്പര്യങ്ങളിലെയും സഹജമായ ന്യൂനതകള്‍ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍, ഈ സദാചാരം അനുഷ്ടിക്കുന്നത് തടയിടാന്‍ തങ്ങള്‍ക്കാവുന്നതൊക്കെ ചെയ്യാന്‍ അവര്‍ മുതിരുകയാണ്. അവരുടെ തെറ്റു ചൂണ്ടിക്കാട്ടിയവരോടുള്ള അവരുടെ കോപം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ: ‘സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക്  ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍. നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങളവരെ സ്‌നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശം കൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. ( നബിയേ, ) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചകയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു. (3: 118, 119)
അതെ, വിശ്വാസികളെ ഉപദ്രവിക്കാനും നശിപ്പിക്കാനും കഴിവ് കെട്ടവരാക്കാനും, തങ്ങളാല്‍ കഴിയുന്ന എല്ലാ മാര്‍ഗവും അവര്‍ പ്രയോഗിക്കുന്നു. തദാവശ്യാര്‍ത്ഥം, ഇടക്കിടെ അവര്‍ പ്രയോഗിച്ചു കൊണ്ടിരുന്ന ഒരു മാര്‍ഗമായിരുന്നു, വിശ്വാസികള്‍ക്കെതിരായ അപവാദങ്ങളും ആരോപണങ്ങളും. മറ്റുള്ളവര്‍, തങ്ങളെ പോലെ, സത്യപാതയില്‍ നിന്ന് അകന്നു നില്‍ക്കണമെന്നാണവരുടെ ആഗ്രഹം. വിശ്വാസികളുടെ സന്ദേശസ്വാധീനം അതിന്നു തടസ്സമാകുമെന്നവര്‍ക്കറിയാം. ഇത് തടയുന്നതിന്നാണ് വിശ്വാസികളെ തരം താഴ്ത്താന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നത്. പക്ഷെ, വിശ്വാസികള്‍, ദൈവിക വിശ്വാസത്തില്‍ അചഞ്ചലരായി നിലകൊള്ളുകയും, തങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന സകല വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ജ്ജിക്കുകയും, ദൈവിക പരിധിക്കുള്ളില്‍ കഴിയുകയും, മാന്യമായ പെരുമാറ്റം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ഈ വസ്തുത അറിയുന്ന അവിശ്വാസികള്‍, നുണകളിലൂടെയും വഞ്ചനകളിലൂടെയും മാത്രമേ തങ്ങളുടെ ലക്ഷ്യം നേടാന്‍ കഴിയുകയുള്ളുവെന്ന് മനസ്സിലാക്കുന്നു. അങ്ങനെ സമ്മേളിക്കുന്ന അവര്‍, ഏത് തരത്തിലുള്ള അപവാദം നടത്തണമെന്നു ഗൂഢമായാലോചിക്കുന്നു. തദാവശ്യാര്‍ത്ഥം ഓരോ അംഗങ്ങളെയും ഓരോ ചുമതലയേല്‍പിക്കുന്നു. പക്ഷെ, എല്ലാം നിഷ്ഫലം. ഖുര്‍ആന്‍ പറയട്ടെ: ‘അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്. അവര്‍ (അതിനെപ്പറ്റി ) ബോധവാന്മാതരാകുന്നില്ല. (6: 123)
ദൈവദൂതന്മാരും വിശ്വാസികളും സഹിക്കേണ്ടി വന്ന ചില അപവാദങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അവിശ്വാസികള്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടാനൊരിക്കലും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയില്ലെന്നും ബോധ്യപ്പെടാന്‍ ഇവയും ഇവയുടെ അനന്തരഫലങ്ങളും അനുസ്മരിക്കേണ്ടതുണ്ട്. മറ്റു വിശ്വാസികള്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നറിയുന്നത്, അപവാദത്തിന്നിരയാവുന്ന ആത്മാര്‍ത്ഥ വിശ്വാസികള്‍ക്ക് സഹന ശക്തി കൈവരിക്കാന്‍ സഹായകമാകും.

പൂര്‍വ വിശ്വാസികള്‍ക്കെതിരായ അപവാദങ്ങള്‍
പൂര്‍വ പ്രവാചകന്മാരുടെയും വിശ്വാസികളുടെയും ജീവിതത്തെ കുറിച്ചു ഖുര്‍ആന്‍ പറയുന്നതില്‍ മഹത്തായ പാഠങ്ങളുള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആന്‍  തന്നെ പറയുന്നു: ‘തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.’ (12: 111)

വരും തലമുറക്ക് ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനുമാണ് മുന്‍കാല അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി, പൂര്‍വപ്രവാചകന്മാരും വിശ്വാസികളും അപവാദങ്ങളെ എങ്ങനെ നേരിട്ടുവെന്നതിന്ന് നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആന്‍  പറയുന്നു. ഇവ വായിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഇത്തരം അപവാദങ്ങളെ നേരിടെണ്ടി വരുമ്പോള്‍, അമ്പരക്കുകയോ, സഹമുസ്ലിംകളെ സംശയിക്കുകയോ ചെയ്യാതെ, അവയെ ഖുര്‍ ആനിക തത്വമനുസരിച്ച് വിലയിരുത്താനും, അങ്ങനെ തികച്ചും സംയമനത്തോടും ക്ഷമയൊടും കൂടി, അവയൊട് പ്രതികരിക്കാനും സഹായകമായി തീരുന്നു. മാത്രമല്ല, ഏത് കാലത്തും, അവിശ്വാസികളില്‍ നിന്നു വിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഭവങ്ങളാണീവ എന്നത്, വിശ്വാസികളില്‍, ഉണര്‍വും ആവേശവുമുണ്ടാക്കും. ‘മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.(33:62) എന്നാണല്ലോ അല്ലാഹു പറയുന്നത്. അപ്പോള്‍, ഇത്തരം അനുഭവങ്ങളുണ്ടാകുന്നത്, ദൈവിക വാക്യത്തിന്റെ സ്ഥിരീകരണവും, അതനുഭവിച്ച വിശ്വാസിയുടെ ആത്മാര്‍ത്ഥതയുടെ ചിഹ്നവുമാണ്. പൂര്‍വികര്‍ പ്രകടിപ്പിച്ച അതേ മികച്ച സ്വഭാവം തന്നെ ഇവിടെ പ്രകടിപ്പിക്കണമെന്നതാണ് പ്രധാനം. അതിനാല്‍, ആദികാല വിശ്വാസികളനുഭവിച്ച അപവാദങ്ങളും വിശ്വാസികള്‍ അവയെ നേരിട്ട രീതികളുമാണ് ഇവിടെ വിവരിക്കുന്നത്.

വിവ: കെ.എ. ഖാദര്‍ ഫൈസി

Facebook Comments
Related Articles
Close
Close