Tharbiyya

അല്ലാഹുവിനെ മുറുകെ പിടിക്കേണ്ട മനുഷ്യന്‍

വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സൂക്തങ്ങളില്‍ മനുഷ്യനും അല്ലാഹുവും തമ്മിലുള്ള പരസ്പര ബന്ധത്തെകുറിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വഴിതെറ്റിയ വിശ്വാസങ്ങളിലും പാരമ്പര്യ മതങ്ങളിലും ഉണ്ടായിരുന്ന സങ്കല്‍പങ്ങളില്‍ നിന്ന് പരിശുദ്ധമായ സ്ഥാനത്താണ് അല്ലാഹുവിനെ ഖുര്‍ആന്‍ സ്ഥാപിക്കാനാവശ്യപ്പെടുന്നത്. അല്ലാഹു ഉന്നതസ്ഥാനത്താണെന്നതോടൊപ്പം മനുഷ്യന് അപ്രാപ്യനായ ഒരസ്തിത്വമായല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. കഠിനമായ ശിക്ഷയും അതിശക്തിയും ഉണ്ടായിരിക്കെതന്നെ അവന്‍ കാരുണ്യവാനും വിശാലനും സ്‌നേഹനിധിയുമാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. അല്ലാഹു പറയുന്നു: ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.’ (2:186) ‘കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം അറിയുന്നവനും.’ (2:115)  ‘നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം.’ (50:16) ‘ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.’ (58:7)
 
വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനങ്ങളെയും സങ്കല്‍പങ്ങളെയും വ്യാപിപ്പിച്ചും വിപുലീകരിച്ചും പ്രവാചകന്‍ ഇത്തരം കാര്യങ്ങളെ വിശദീകരിക്കുന്നുണ്ട്. ഒരു ഖുദ്‌സിയായ ഹദീസില്‍ പ്രവാചകന്‍ പറയുന്നു: ‘എന്റെ അടിമ എന്നെകുറിച്ച് കരുതുന്നത് പോലെയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന്‍ എന്നെ സ്മരിക്കുമ്പോള്‍ ഞാന്‍ അവനെയും സ്മരിക്കുന്നു. ഒരു സഭയില്‍ അവനെന്നെ സ്മരിച്ചാല്‍ അതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സഭയില്‍ ഞാനവനെ സ്മരിക്കും. അവന്‍ എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാന്‍ അവനിലേക്ക് അടുക്കും. അവന്‍ ഒരു മുഴം എന്നിലേക്ക് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനിലേക്ക് അടുക്കും. എന്റെ അടിമ എന്നിലേക്ക് നടന്ന് വരികയാണെങ്കില്‍ ഞാന്‍ അവനിലേക്ക് ഓടി ചെല്ലും.’ (ബുഖാരി) ഒരാളുടെ അടുത്ത് അല്ലാഹുവിന്റെ സ്ഥാനമെന്താണെന്ന് നിര്‍ണയിക്കുന്നതിലൂടെയാണ് അല്ലാഹുവിന്റെ അടുത്ത് അയാളുടെ സ്ഥാനം തിരിച്ചറിയാനാവുകയെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്.

ദൈവികസഭയില്‍ മനുഷ്യന്റെ സ്ഥാനം
മലക്കുകളും സച്ചരിതരായ ആത്മാക്കളും ഉള്‍കൊള്ളുന്ന ദൈവികസഭയില്‍ മനുഷ്യന് ഉന്നതമായ സ്ഥാനമാണുള്ളത്. മലക്കുകള്‍ക്കുപോലും അസൂയതോന്നുന്ന തരത്തില്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി എന്ന സഹിശേഷ സ്ഥാനവും മനുഷ്യനാണ് അല്ലാഹു നല്‍കിയിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ‘ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.’ അവരന്വേഷിച്ചു: ‘ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.’ അല്ലാഹു പറഞ്ഞു: ‘നിങ്ങളറിയാത്തവയും ഞാനറിയുന്നു.’ അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: ‘നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?’ അവര്‍ പറഞ്ഞു: ‘കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം.’ അല്ലാഹു പറഞ്ഞു: ‘ആദം! ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക.’ അങ്ങനെ ആദം അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: ‘ആകാശഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍ തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നുവെന്നും?’ (2:30-33)
അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും അവനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. ആത്മായ ലോകത്ത് അവന്റെ ആദരണീയതയെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മലക്കുകളോട് അതിന്റെ മഹത്വത്തെ പ്രഖ്യാപിക്കാനും അല്ലാഹു കല്‍പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞു: ‘ഉറപ്പായും ഞാന്‍ കളിമണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്. അങ്ങനെ ഞാനവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അതിലൂതുകയും ചെയ്താല്‍ നിങ്ങളവന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം.’ അപ്പോള്‍ മലക്കുകളൊക്കെയും സാഷ്ടാംഗം പ്രണമിച്ചു. ഇബ്‌ലീസൊഴികെ. അവന്‍ അഹങ്കരിച്ചു. അങ്ങനെ അവന്‍ സത്യനിഷേധിയായി.’ (38:71-74)

അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ കല്‍പിച്ച ഈ സൃഷ്ടിയെ ആദരിക്കാതെ താന്‍ അവനെക്കാള്‍ ശ്രേഷ്ഠനാണെന്ന് അഹങ്കരിച്ച ഇബ്‌ലീസിന് അനുഭവിക്കേണ്ടി വന്ന നിന്ദ്യതയും ശിക്ഷയും മനുഷ്യന്റെ പദവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു ചോദിച്ചു: ‘ഇബ്‌ലീസേ, ഞാനെന്റെ കൈകൊണ്ട് പടച്ചുണ്ടാക്കിയവന്ന് പ്രണമിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ അഹങ്കരിച്ചോ? അതല്ല; നീ പൊങ്ങച്ചക്കാരില്‍പെട്ടുപോയോ?’ ഇബ്‌ലീസ് പറഞ്ഞു: ‘മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്. നീയെന്നെ പടച്ചത് തീയില്‍ നിന്നാണ്. അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും.’ അല്ലാഹു കല്‍പിച്ചു: ‘എങ്കില്‍ ഇവിടെ നിന്നിറങ്ങിപ്പോകണം. സംശയമില്ല; ഇനിമുതല്‍ ആട്ടിയോടിക്കപ്പെട്ടവനാണ് നീ. ‘വിധിദിനം വരെ നിന്റെമേല്‍ എന്റെ ശാപമുണ്ട്; തീര്‍ച്ച.” (38:75-78)

വിവ: ജുമൈല്‍ കൊടിഞ്ഞി

Facebook Comments
Related Articles
Show More

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Close
Close