Tharbiyya

അന്ത്യനിമിഷങ്ങള്‍ സന്തോഷകരമാവട്ടെ

സന്തോഷകരമായ അന്ത്യത്തെയാണ് പൊതുവെ നാം വിജയമായി കണക്കാക്കുന്നത്. വലിയ പരിശ്രമത്തിനും അധ്വാനത്തിനും ക്ലേശങ്ങള്‍ക്കും ശേഷമുള്ള ഒന്നായി അത് മാറുമ്പോള്‍ പ്രത്യേകിച്ചും. ഒരു മനുഷ്യന്റെ ജീവിതം അവസാനിക്കുന്നതിന് മുമ്പുള്ള നിമിഷങ്ങള്‍ മുഴുവന്‍ ജീവിത രേഖയുടെയും സംഗ്രഹമാണെന്ന് പറയുന്നതില്‍ തെറ്റില്ല. ജീവിത കാലത്ത് ഒരാള്‍ ഏതുതരത്തിലായിരുന്നോ സമാനമായ അവസ്ഥയിലായിരിക്കും അയാളുടെ അവസാന നിമിഷങ്ങളും. ജീവിതകാലത്ത് അവന്റെ ഉള്ളില്‍ ആഴത്തില്‍ നിലകൊണ്ട വിശ്വാസമായിരിക്കും അപ്പോഴും അവനിലുണ്ടാവുക. ജീവിതകാലത്ത് ശീലിച്ച ശീലങ്ങളോടെയായിരിക്കും അന്ത്യനിമിഷങ്ങളും. എത്രത്തോളമെന്നാല്‍ ജീവിതകാലത്ത് ഉപയോഗിച്ച് ശീലിച്ച വാക്കുകള്‍ വരെ ആ സമയത്ത് അവനിലുണ്ടാവും.

ജീവിതത്തില്‍ നന്മകള്‍ ഉദ്ദേശിക്കുകയും ശീലമാക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരുടെ മനസ്സുകളെ അന്ത്യനിമിഷത്തില്‍ അല്ലാഹു ആ നന്മകളില്‍ ബന്ധിച്ചിടും. സത്യസന്ധരും ആത്മാര്‍ഥരുമായവരുടെ അവസാന നിമിഷവും തിളക്കമുള്ളതായിരിക്കും. എന്നാല്‍ വഞ്ചകരും കപടരും തോന്നിവാസികളുമായവരുടെ അവസാന നിമിഷം ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ കൊണ്ട് നിറഞ്ഞ ഇരുണ്ട ഗര്‍ത്തത്തിന് സമാനമായിരിക്കും.

സദ്‌വൃത്തരായ മഹാന്‍മാരുടെ അവസാന നിമിഷങ്ങള്‍ ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ട്. ഇമാം അഹ്മദിന്റെ മകന്‍ അബ്ദുല്ല പറയുന്നു : എന്റെ പിതാവിന് മരണം ആസന്നമായി, അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു, പിന്നീട് ബോധം വന്നപ്പോള്‍ ‘അകന്നു പോ, അകന്നു പോ’ എന്നു പറയുന്നുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു ; ഉപ്പാ, എന്താണ് നിങ്ങള്‍ കാണുന്നത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു : പിശാച് വിരല് കടിച്ചു കൊണ്ട് എന്റെ ചെരിപ്പിനടുത്ത് നില്‍ക്കുന്നു, നീ എന്നെ പരാജയപ്പെടുത്തിയല്ലോ അഹ്മദ് എന്ന് പിശാച് പറയുന്നുണ്ട്. അപ്പോള്‍ ഞാന്‍ പിശാചിനോട് പറഞ്ഞതാണ് അകന്നു പോ എന്നത്. മരണ സമയത്ത് ഞാന്‍ പ്രശ്‌നത്തിലകപ്പെട്ട് പോകുമോ എന്ന് ഞാന്‍ ഭയക്കുന്നതായി സുഫ്‌യാനു ഥൗരി പറയാറുണ്ടായിരുന്നു. മരണ സമയത്ത് സ്ഥൈര്യം നല്‍കണേ എന്ന് അതിന് ശേഷം അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്യും.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ മരണപ്പെടുന്നത് ‘ഭക്തര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.’ എന്നര്‍ഥം വരുന്ന സൂറത്തുല്‍ ഖമറിലെ 54-ാം സൂക്തം പാരായണം ചെയ്തു കൊണ്ടായിരുന്നു. ”എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്.” (2: 132) എന്ന ഖുര്‍ആന്‍ സൂക്തമായിരുന്നു ഇബ്‌നുസ്സ്വലാഹിന്റെ അവസാന വാക്കുകളെന്ന് ഇബ്‌നുല്‍ ജൗസി പറയുന്നുണ്ട്.

അലാഅ് ബിന്‍ സിയാദിന് മരണം ആസന്നമായപ്പോള്‍ അദ്ദേഹം വുദുവെടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. ശുദ്ധി വരുത്തി പുതുവസ്ത്രം ധരിച്ച് ഖിബ്‌ലയെ അഭിമുഖീകരിച്ച് അദ്ദേഹം പശ്ചാത്താപത്തിലും പാപമോചനത്തിലും മുഴുകുകയും നമസ്‌കരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം തലകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ അദ്ദേഹത്തെ ചെരിച്ചു കിടത്തി, ശേഷം അദ്ദേഹം ഇഹലോകം വെടിയുകയും ചെയ്തു. മരണാസന്നനായ സമയത്ത് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് അദ്ദേഹത്തെ എഴുന്നേറ്റി ഇരുത്താന്‍ ആവശ്യപ്പെട്ടു. ഇരുത്തി കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു : നീ കല്‍പിച്ചതില്‍ വീഴ്ച്ചവരുത്തിയവനാണ് ഞാന്‍, നിന്റെ വിലക്കുകളെ ധിക്കരിച്ചവനാണ്. ശേഷം മരിക്കുന്നത് വരെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറഞ്ഞു കൊണ്ടിരുന്നു.

നമ്മുടെ അവസാന നിമിഷങ്ങളെയും അല്ലാഹു ഏറ്റവും ഉത്തമമായ നിമിഷങ്ങളാക്കി മാറ്റട്ടെ.. ഈ ലോകത്ത്  നിന്നുള്ള മടക്കം സന്തോഷകരമായ ഒരു മടക്കമാക്കി അവര്‍ തുണക്കട്ടെ.. അല്ലാഹുവേ, സദ്‌വൃത്തരോടും നന്മയുടെ ആളുകളോടും ഞങ്ങളെ ഉള്‍പ്പെടുത്തേണമേ.

വിവ : നസീഫ്

Facebook Comments
Related Articles
Show More
Close
Close