Current Date

Search
Close this search box.
Search
Close this search box.

ഒരു നിമിഷം

moment.jpg

സ്വയം വിചാരണക്കു വിധേയമാകാന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം സമയം എങ്ങിനെ ജീവിത്തില്‍ സ്വാധീനമുണ്ടാക്കി എന്ന ചിന്തയാണ്. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുവാനും ഉദ്ദേശലക്ഷ്യങ്ങള്‍ നല്ല നിലയില്‍ പൂര്‍ത്തിയാക്കുവാനും സമയത്തെക്കുറിച്ച ചിന്ത നിന്നെ സഹായിക്കും. ചുരുങ്ങിയ ആയുസ് മാത്രമുള്ള നമുക്ക്, ജീവിതത്തിലെ സുഖ ദുഖങ്ങളെ നല്ല രൂപത്തില്‍ കൈകാര്യം ചെയ്യാനുതകുന്ന 10 ലളിത ഉപദേശങ്ങളാണ് ചുവടെ.

1. ഈ നിമിഷമാണ് നിന്റെ ജീവിതമെന്ന് തിരിച്ചറിയുക. നിന്റെ ജീവിതമെന്നത് ജനനമരത്തിനിടയിലുള്ള മുഴുവന്‍ നിമിഷങ്ങളുമല്ല. മറിച്ച് ഇപ്പൊ നീ നില്‍ക്കുന്ന നിമിഷവും വരാനിരിക്കുന്ന ഓരോ മിനിറ്റുകളും മാത്രമാണ്. അതിനാല്‍ മുന്നിലുള്ള ഓരോ നിമിഷത്തെയും കരുതി ചിലവഴിക്കുക. ഭയവും വെപ്രാളവും മാറ്റി സമാധാനത്തോടെ കഴിയുക. നിങ്ങളാല്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം തന്നെ ചെയ്തു കൊണ്ടിരിക്കുക.

2. ജീവിതം പരിമിതമായ കാലം മാത്രമാണെന്നറിയുക. സമയ പരിധി അവസാനിച്ചാല്‍ തിരിച്ചുകയറേണ്ട താല്‍കാലികമായ ഇടം. സത്യത്തിനും നിങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ വിജയത്തിനും വേണ്ടി പോരാടുക. ഒരിക്കല്‍ പരാജയപ്പെട്ടു എന്നത് കാര്യമാക്കാതിരിക്കുക. കാരണം നിങ്ങള്‍ക്കുമുമ്പില്‍ ഇനിയും വിജയിക്കാനുള്ള സുവര്‍ണ്ണാവസരങ്ങളുണ്ട്. നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം എന്തുമായിക്കൊള്ളട്ടെ, ഇന്നുതന്നെ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. എങ്കിലേ പരമാവധി സമയം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

3. ഇന്നത്തെ ത്യാഗമാണ് ഭാവിയിലെ സല്‍ഫലങ്ങളായി മാറുന്നതെന്ന ബോധ്യമുണ്ടാവുക. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ, കച്ചവടരംഗത്തെ വളര്‍ച്ചയോ, ഉന്നത സ്വഭാവഗുണങ്ങള്‍ ഉള്‍ച്ചേരുന്ന വ്യക്തിത്വവികാസമോ എന്തുമാവട്ടെ, ക്ഷമയും സമയവും ഇവ നേടാന്‍ അത്യന്താപേക്ഷിതമാണ്. ഞാനിഷ്ടപ്പെടുന്ന കാര്യം എനിക്ക് ജീവിത്തില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് നിരന്തരം സ്വന്തത്തോടു ചോദിച്ചു നോക്കുക.

4. ചെയ്യേണ്ട കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോയാല്‍ നിങ്ങള്‍ ഭൂതകാലത്തിന്റെ അടിമകളായി മാറാം. കാര്യങ്ങള്‍ ഇന്നുതന്നെ ഉന്‍മേഷത്തോടെ ചെയ്താല്‍ ഭാവിയില്‍ സന്തോഷം നിറയുന്ന ജീവിതം നയിക്കാം.

5. പരാജയത്തില്‍ നിന്നും ഉപകാരപ്രദമായ പാഠം മാത്രമുള്‍ക്കൊള്ളുക. നിരാശയില്‍ നിന്നും സടകുടഞ്ഞെഴുന്നേറ്റവരാണ് പുതിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയില്‍. പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ചവരാണിന്ന് വിജയികളുടെ സ്ഥാനത്തിരിക്കുന്നതെന്നറിയുക. ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നും നിങ്ങളെ നിരന്തര ദുഖത്തിലാഴ്ത്തരുത്. മാറ്റാന്‍ കഴിയാത്തതായി ഈ ലോകത്തൊന്നുമില്ല. ജീവിതത്തല്‍ എന്നും ഉറച്ച കാല്‍വെപ്പുകള്‍ മാത്രമാവട്ടെ.

6. കാര്യങ്ങള്‍ സ്വന്തത്തോടു ചേര്‍ക്കുക. നിനക്ക് തൃപ്തി തോന്നുന്ന കാര്യമാണ് സന്തോഷം കൊണ്ടര്‍ത്ഥമാക്കുന്നത്. മറ്റുള്ളവര്‍ അതിനെ എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്ന് നോക്കാതിരിക്കുക. മറ്റുള്ളവരുമായി നല്ല ബന്ധം പുലര്‍ത്തും മുമ്പ് സ്വന്തത്തോടു നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കുക. കാരണം മറ്റുള്ളവര്‍ നിന്നെ പരിഗണിക്കണമെന്നുണ്ടെങ്കില്‍ സ്വന്തം മനസിനെ അതു ബോധ്യപ്പെടുത്താന്‍ സാധിക്കണം.

7. മനുഷ്യജന്‍മത്തിന്റെ സാക്ഷാത്കാരം അവന്റെ സല്‍ക്കര്‍മ്മങ്ങളാണ്. പറയുന്നതിലല്ല അത് പ്രവര്‍ത്തിക്കുന്നതിലാണ് ആളുകള്‍ നമ്മെ വിലയിരുത്തുന്നത്. അതിനാല്‍ പറയുന്നതിലപ്പുറം കാര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കുക.

8. നൈര്‍മല്യമേറിയ കൊച്ചു കൊച്ചു കാര്യങ്ങള്‍ ലോകരുടെ കണ്ണില്‍ ശ്രേഷ്ടങ്ങളായി മാറും. പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രം ആളുകളുമായി ഇടപഴകുക. ഹൃദയ വിശാലതയോടെ കാര്യങ്ങളെ നോക്കിക്കാണുക. ലോലമനസ്‌കത ഒരിക്കലും നഷടം വരുത്തുകയില്ലെന്നറിയുക. ഏതൊരാളെയും എവിടെക്കണ്ടാലും നല്ലമനസോടെ പുഞ്ചിരി തൂകി സ്വീകരിക്കാന്‍  നമുക്ക് കഴിയണം.

9. എല്ലാ സുന്ദരമായ ജീവിതങ്ങള്‍ക്കു പിന്നിലും വേദനകളുണ്ട്. ജീവിതത്തില്‍ വീഴ്ചകള്‍ സ്വാഭാവികം. അവ പാഠമാക്കുക. പിഴവുകള്‍ തിരുത്തി സഞ്ചരിക്കുക. ഒരിക്കലും സമ്പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയാത്ത മനുഷ്യവര്‍ഗത്തിലെ ഒരംഗമാണ് നീയെന്ന തിരിച്ചറിവുണ്ടാവുക. ജീവിതയാത്രക്കിടയില്‍ ദുഖങ്ങള്‍ കടന്നു വരാം, പക്ഷെ പിന്നിടാനുള്ള വഴികളില്‍ സന്തോഷം നമ്മെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തിരിവുകളില്‍ നമ്മെ കാത്തിരിക്കുന്നതെന്തുമാവാം.

10. കാലവും അനുഭവങ്ങളും വേദനയെ ശമിപ്പിക്കുന്ന ഔഷധങ്ങളാണ്. ദീര്‍ഘകാലത്തെ തിക്താനുഭങ്ങള്‍ മുന്‍കഴിഞ്ഞ ജീവിതത്തെ വിലയിരുത്താനുള്ള ഏറ്റവും മികച്ച വഴിയാണ്. കാലം മായ്ക്കാത്ത പാടുകളില്ലല്ലോ.

വിവ : ഇസ്മാഈല്‍ അഫാഫ്

Related Articles