Current Date

Search
Close this search box.
Search
Close this search box.

എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം?

rhubix.jpg

ഹൃദ്യമായ സഹവാസത്തിലൂടെ വ്യക്തിബന്ധങ്ങള്‍ നന്നാക്കിയാല്‍ ജീവിതം എത്രമനോഹരമായിരിക്കും! തന്നെ സ്‌നേഹിക്കുകയും താന്‍ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ജീവിക്കുക എന്നത് എത്ര സംതൃപ്തിയുളവാക്കുന്ന കാര്യമാണ്. ഇവിടെ സ്‌നേഹം നിലനില്‍ക്കുക പരസ്പര ബഹുമാനത്തിലൂടെയാണ്. പരസ്പര സ്‌നേഹത്തോടെ ജീവിക്കുക എന്നത് വിശ്വാസികളുടെ ശൈലികൂടിയാണ്. വിശ്വാസിക്ക് മറ്റുള്ളവരില്‍ നിന്ന് അലിവോടെയുള്ള പെരുമാറ്റം ലഭിക്കുന്നത് പോലെ തന്നെ അവരോട് അലിവോടുകൂടി പെരുമാറാനും സാധിക്കണം.

വ്യത്യസ്തമായ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസോടുകൂടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപെട്ടിരിക്കുന്നത്. ഭൗതികമായ ആവശ്യങ്ങള്‍ മനുഷ്യന് നിര്‍വഹിക്കേണ്ടതുണ്ട്. എന്നാല്‍ ചിലപ്പോള്‍ മനുഷ്യന് അത് അവഗണിക്കാന്‍ കഴിയും. ജീവന്‍ നിലനിര്‍ത്താനാവശ്യമായ കുറഞ്ഞ ഭക്ഷണം, നഗ്നത മറക്കാനവശ്യമായ വസ്ത്രം, ആഡംബരങ്ങളില്ലാത്ത വീട് എന്നിവയെല്ലാം മനുഷ്യന് സാധ്യമാണ്. ഇവയിലെല്ലാം ആധിക്യമില്ലാത്ത മധ്യമ നിലപാട് സ്വീകരിക്കാന്‍ മനുഷ്യന് സാധിക്കുന്നുണ്ട്.  

എന്നാല്‍ മറ്റു ചിലരംഗങ്ങളില്‍ മനുഷ്യര്‍ക്ക് മധ്യമ നിലപാട് സ്വീകരിക്കുക പ്രയാസമാണ്. സാമൂഹിക ബന്ധം കാത്തു സൂക്ഷിക്കുന്നത് അതിനുദാഹരണമാണ്. അക്കാര്യത്തില്‍ മധ്യമ നിലപാട് സ്വീകരിക്കാന്‍ മനുഷ്യന് കഴിയില്ല. സാമൂഹിക രംഗത്ത് രണ്ട് നിലപാട് മാത്രമേ ഉള്ളു. ഒന്നുകില്‍ പരസ്പര ബഹുമാനത്തോടെ നിലനില്‍ക്കുക, അല്ലെങ്കില്‍ പരസ്പര ബഹുമാനമില്ലാതെ നില്‍ക്കുക. പരസ്പര ബഹുമാനമില്ലാതെ സമൂഹത്തില്‍ ഒരാള്‍ക്ക് നിലനില്‍ക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സാധാരണ മനുഷ്യന് പരസ്പരബഹുമാനമില്ലാത്ത അവസ്ഥയോട് തൃപ്തിപ്പെടാന്‍ സാധിക്കില്ല. അങ്ങനെയുള്ള അവസ്ഥകളുണ്ടായാല്‍ പിന്നീട് വലിയ പ്രശ്‌നങ്ങളാണുണ്ടാകുക.  

ശക്തമായ ബന്ധങ്ങളില്ലാതെയും ബഹുമാനം സ്ഥാപിക്കാന്‍ കഴിയും. ഇടപഴകലുകളില്‍ ആദരവാണ് ബഹുമാനത്തിന്റെ അടിസ്ഥാനം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’ ബഹുമാനം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. ബഹുമാനവും ആദരവുമില്ലാതെ മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകള്‍ സാധ്യമല്ല. അതുപോലെ തന്നെ പ്രയാസമുണ്ടാക്കുന്ന (വ്യക്തികളെ) അവഗണിച്ച് കൊണ്ട് ഒരു വിഷയത്തില്‍ സ്വയം പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ല. കാരണം എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറിനില്‍ക്കുക എന്നത് അല്ലാഹു സൃഷ്ടിച്ച മനുഷ്യ പ്രകൃതിക്ക് അന്യമാണ്. കാരണം മനുഷ്യനില്ലാത്ത ജീവിതമില്ല. (ഭൂമിയെന്ന) സമൃദ്ധമായ തോട്ടത്തില്‍ നല്ലമനസും ഹൃദയവുമില്ലെങ്കില്‍ അത് വരണ്ട മരുഭൂമിയായി മാറും.

മനുഷ്യന്റെ ബൗദ്ധികവും സാമൂഹികവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സവര്‍ത്തിത്തം അനിവാര്യമാണ്. അല്ലാഹു പറയുന്നു ‘അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍. നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു. (അല്‍ഹുജുറാത് : 13)

പ്രവാചകന്‍ (സ) പറയുന്നു : തനിക്ക് താനിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ആരും വിശ്വാസികളാവില്ല. ചിലപ്പോള്‍ നമ്മള്‍ വളരെയധികം സൂക്ഷമത പുലര്‍ത്തിയാലും, പ്രയാസങ്ങളുണ്ടാകാറുണ്ടല്ലോ. ‘മുന്‍കരുതല്‍ വിധിയെ തടയുകയില്ല ‘ എന്നൊരു ചൊല്ല് വരെയുണ്ട്. നമ്മുടെ തെറ്റുകളില്‍ നിന്ന് നമ്മള്‍ പഠിക്കാനായി പ്രതിസന്ധിയുണ്ടാകുന്നത് അനിവാര്യമായിത്തീരാറുണ്ട്. ‘തെറ്റ് വരുത്താത്തവന്‍ പഠിക്കുന്നില്ല ‘ എന്ന ചൊല്ലുമുണ്ടല്ലോ. അതുപോലെ തന്നെ നമുക്കിടയില്‍ പിശാച് പ്രശ്‌നമുണ്ടാക്കുമെന്നതും നാം മറക്കാന്‍ പാടില്ല. ഇക്കാര്യങ്ങളെല്ലാം നമ്മള്‍ സൂക്ഷിക്കാറുണ്ട്. പക്ഷെ എവിടെയാണ് പ്രശ്‌നം ?

ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള രീതികളും വഴികളും ഒന്നുകില്‍ നമുക്കറിയില്ല അല്ലെങ്കില്‍ നമ്മള്‍ മറന്ന് പോയിരിക്കുന്നു എന്നതാണ്. നമ്മള്‍ നേരാക്കിയെടുക്കേണ്ട പലതും നമ്മള്‍ തന്നെയാണ് ദുഷിപ്പിക്കുന്നത്. ഒരു വിഭാഗത്തെ നമ്മള്‍ വഞ്ചിക്കുമ്പോള്‍ മറ്റുള്ളവരെ നമ്മള്‍ പ്രീണിപ്പിക്കുന്നു. ഇതിലൂടെ അക്രമത്തിന് ഇരയായവരോടുള്ള അക്രമം നമ്മള്‍ അധികരിപ്പിക്കുകയാണ്. പ്രവാചകന്‍(സ) പറഞ്ഞുവല്ലോ ‘നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും നിങ്ങളവനെ സഹായിക്കുക. അക്രമിയെ സഹായിക്കുക എന്നത് ജനങ്ങളെ അവന്റെ ആക്രമണങ്ങളില്‍ നിന്ന് തടഞ്ഞ് കൊണ്ടാണ്. അക്രമിക്കപ്പെട്ടവന്റെ അവകാശം തിരിച്ച് നല്‍കിയാണ് അവനെ സഹായിക്കേണ്ടത്. ഇനി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധ്യമല്ലാത്തവിധം ബന്ധങ്ങള്‍ വഷളായാല്‍ എന്ത് ചെയ്യും? താഴെ പറയുന്ന ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

1. പ്രശ്‌നപരിഹാരത്തിന് അനുയോജ്യരായ മധ്യസ്ഥരെ സമീപിക്കുക:
എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്യാനോ മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുവാനോ കഴിഞ്ഞു എന്ന് വരില്ല. അപ്പോള്‍ മധ്യസ്ഥരെ സ്വീകരിക്കേണ്ട അവസ്ഥയുണ്ടാകും. രണ്ടു കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥന്‍മാരെ നിശ്ചയിക്കുന്നതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് : ‘ബന്ധം തകരുന്നുവെന്ന് ആശങ്കയുണ്ടായാല്‍, അവന്റെ ബന്ധുക്കളില്‍നിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക; ഒരു മധ്യസ്ഥനെ അവളുടെ ബന്ധുക്കളില്‍നിന്നും.’ (അന്നിസാഅ്: 35) ‘നിങ്ങളില്‍ നീതിമാന്മാരായ രണ്ടാളുകളെ സാക്ഷികളാക്കുകയും വേണം’ (അത്വലാഖ് : 2)  ഇങ്ങനെ പ്രശ്‌ന പരിഹാരത്തിനായി മറ്റുള്ളവരെ സമീപിക്കുമ്പോള്‍ അക്രമിക്കപ്പെട്ടവന് നീതി ലഭ്യമാക്കാനവശ്യമായ നീതിയും യുക്തിയും മധ്യസ്ഥര്‍ക്കുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം.

2. നമ്മുടെ വീക്ഷണം മാത്രം പരിഗണിച്ച് തെറ്റായ വിധി പറയരുത്:
വസ്തുതയുടെ ആഴവും വ്യാപ്തിയും പരമാവധി മനസിലാക്കിയാണ് വിധി പറയേണ്ടത്. ആളുകളുടെ സഹനശേഷിയില്‍ ഏറ്റവ്യത്യാസമുണ്ട്. ഒരേ കാര്യം തന്നെ ചിലര്‍ നിസാരമായി കാണുമ്പോള്‍ മറ്റുചിലര്‍ അത് വലിയ പ്രശ്‌നമായാണ് കാണുക. അത് വ്യക്തികളുടെ സാഹചര്യവും വളര്‍ന്ന അന്തരീക്ഷവും അനുസരിച്ച് വ്യത്യസ്തമായിരിക്കും എന്ന പരിഗണനയോടെയായിരിക്കണം തീരുമാനമെടുക്കേണ്ടത്.

3. പ്രവര്‍ത്തനങ്ങളെയും പ്രതിപ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ച് മനസിലാക്കണം:
ഒരു വ്യക്തി മറ്റൊരാളുടെ അവകാശം ഹനിച്ചിട്ടുണ്ടെങ്കില്‍ അതിന് പ്രേരകമായ കാരണങ്ങള്‍ വല്ലതുമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണ്. ചിലപ്പോഴവിടെ നടന്നത് ഒരു പ്രതിപ്രവര്‍ത്തനമാകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ചെറിയ പ്രതിപ്രവര്‍ത്തനമാണ് നടന്നിട്ടുണ്ടാകുക. എന്നാല്‍ പ്രതിപ്രവര്‍ത്തനം അതിന്റെ സ്വാഭാവിക അതിരുവിടുമ്പോള്‍ പ്രശ്‌നം പിന്നെയും സങ്കീര്‍ണമായിരിക്കും. ഇവിടെ ഇരുവിഭാഗത്തിനും നിര്‍ദേശങ്ങള്‍ നല്‍കല്‍ അനിവാര്യണ്. ഈ നിര്‍ദ്ദേശങ്ങള്‍ തെറ്റ് ചെയ്തവനെ സംബന്ധിച്ചേടത്തോളം ഒരു പരിഹാരവും തെറ്റിലേക്ക് മടങ്ങാതിരിക്കുവാനുള്ള താക്കീതുമായിരിക്കണം. പ്രതി പ്രവര്‍ത്തനം നടത്തിയവനെ തിരുത്തുന്നതിനായിരിക്കണമത്. അവന്റെ കോപത്തിന് കടിഞ്ഞാണിടാന്‍ ഉതകുന്ന തരത്തിലായിരിക്കണമത്.

4. അവകാശങ്ങള്‍ തിരിച്ച് കൊടുക്കാതെ വിട്ടുവീഴ്ച്ചയെ കുറിച്ച് വാചാലരാകരുത് :
പൊറുത്ത് കൊടുക്കാനും മാപ്പ് കൊടുക്കാനും പറഞ്ഞ് പ്രശ്‌നം പുറമെ നിന്ന് പരിഹരിക്കുന്നതിന്  പകരം അവകാശിക്ക് അയാളുടെ അവകാശം ലഭിച്ചു എന്ന് ഉറപ്പാക്കണം. ഒരാളുടെ അവകാശം നഷ്ടപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞാല്‍ അയാളുടെ അവകാശം നേടിയെടുക്കാന്‍ സഹായിക്കേണ്ടതാണ്. അതിലൂടെ ജനങ്ങള്‍ക്കിടയിലെ ബന്ധം നന്നാക്കാന്‍ കഴിയും. പ്രവാചകന്‍ (സ) ഇക്കാര്യത്തില്‍ നമുക്ക് മഹത്തായ മാതൃകയുണ്ട്. യുദ്ധ സന്ദര്‍ഭത്തില്‍ അണികളെ ശരിയാക്കി നിര്‍ത്തുന്നതിനിടയില്‍ പ്രവാചകന്റെ വടി ഒരു സഹാബിയുടെ ദേഹത്ത് തട്ടി. അദ്ദേഹം അതേക്കുറിച്ച് പ്രവാചകനോട് പറഞ്ഞപ്പോള്‍ പ്രവാചകന്‍ അവിടത്തെ വയര്‍ കാണിച്ച് കൊണ്ട് അദ്ദേഹത്തോട് പ്രതികാരം തീര്‍ക്കാനാവശ്യപ്പെടുകയുണ്ടായി. പ്രവാചകന്റെ ഭാഗത്ത് നിന്നും അറിയാതെ സംഭവിച്ചു പോയ ഒരു കാര്യത്തിലായിരുന്നു ഇതെന്ന് നാം ഓര്‍ക്കണം. ഉടനെ സഹാബി പ്രവാചകന്‍(സ) കെട്ടിപ്പിചിച്ച് ചുംബിക്കുകയാണ് ചെയ്ത്. ആ സഹാബിയുടെ ഇഹലോകവുമായുള്ള അവസാന ബന്ധം പ്രവാചക തിരുമേനിയുടെ ശരീവുമായിട്ടായിരുന്നു. പ്രവാചകന്റെ ഈ നടപടിയില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്:
– മറ്റൊരാളുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള തെറ്റുകള്‍ പെട്ടെന്ന് തിരുത്തുക (പ്രവാചകന്‍ മറ്റൊരാളുടെ അവകാശം ഹനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അവകാശം വക വെച്ച് നല്‍കി)
– സ്വഭാവ സംസ്‌കരണത്തെയും അവകാശങ്ങള്‍ തിരിച്ച് കൊടുക്കുന്നതിനെയും പ്രവാചകന്‍ വ്യത്യസ്തമായി തന്നെ കാണുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) ക്ഷമയെക്കുറിച്ചു സാഹോദര്യത്തെ കുറിച്ചും വിശാലമനസ്‌കതയെ കുറിച്ചും വിവരിക്കുന്നതിന് പകരം പ്രതിക്രിയക്ക് അവസരമൊരുക്കുകയാണ് ചെയ്തത്. എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ സന്ദര്‍ഭങ്ങളുണ്ട്.

5. പ്രതിക്രിയ അതേ അനുപാതത്തിലും സാഹചര്യത്തിലുമായിരിക്കണം:
ഉമര്‍(റ) അംറ് ബിനുല്‍ ആസിന്റെ മകനില്‍ നിന്ന് ഖിബ്തിയുടെ അവകാശം നേടിക്കൊടുത്തത് ഇതിനുദാഹരണമാണ്. മറ്റുള്ളവരുടെ അവകാശങ്ങളെ നിസാരമായിക്കാണുന്നവര്‍ക്കെല്ലാം ഒരു പാഠമാണ് പ്രതിക്രിയ. പ്രതിക്രിയക്ക് വിധേയമാകുന്നതോടെ മറ്റുള്ളവര്‍ അനുഭവിച്ച പ്രയാസത്തിന്റെ അതേ മാനസികാവസ്ഥയിലെത്തിച്ചേരും. അതു കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ‘ പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്’ എന്ന് പറഞ്ഞത്.

ഒരാള്‍ക്ക് ഹനിക്കപ്പെട്ട അവകാശം മറ്റുള്ളവനില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ കഴിയുന്ന വിധം ശക്തനാണെങ്കില്‍ അയാളോട് (പാറുത്തുകൊടുക്കുന്നത് പോലുളള) ഉന്നത സ്വഭാവ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാവുന്നതാണ്. എന്നാല്‍ അക്രമിയില്‍ നിന്ന് തന്റെ അവകാശം തിരിച്ച് വാങ്ങാന്‍ കഴിയാത്ത വിധം ദൂര്‍ബലനോട് മാപ്പിനെക്കുറിച്ച് സംസാരിക്കരുത്. മാപ്പ് കൊടുക്കല്‍ ദുര്‍ബലാവസ്ഥയിലല്ല. തിരിച്ച് പിടിക്കാന്‍ കഴിവുണ്ടായിരിക്കെ മാപ്പ് കൊടുക്കലാണ് പുണ്യമുള്ള കാര്യം. അപ്പോഴാണ് സാമൂഹിക ബന്ധങ്ങള്‍ മനുഷ്യാത്മക്കളെ സംരക്ഷിക്കാന്‍ കഴിയുന്ന വിധം ചൊവ്വായി നില്‍ക്കുകയുള്ളു.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles