Current Date

Search
Close this search box.
Search
Close this search box.

സ്വഹീഹുല്‍ ബുഖാരിക്കെതിരെയുളള ആധുനിക വിമര്‍ശനങ്ങള്‍ -2

രണ്ട്: ബുഖാരി ഗ്രന്ഥം പൂര്‍ത്തികരിക്കാതെ, കരട് രൂപത്തിലവശേഷിപ്പിച്ച് കൊണ്ടാണ് മരണമടയുന്നത്. മരണ ശേഷമാണ് ഗ്രന്ഥം പൂര്‍ത്തികരിക്കപ്പെടുന്നത്. ആകയാല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാകാത്ത കരട് രൂപത്തിലുളള പതിപ്പ് എങ്ങനെ വിശ്വാസയോഗ്യമാകും?
ഇമാം ഇബ്‌നു ഹജര്‍ തന്റെ ഫത്ഹുല്‍ബാരിയില്‍, മുസ്തമ്‌ലിയില്‍ നിന്ന് ഉദ്ധരിക്കുന്ന വാചകം തെളിവായി എടുത്ത് കൊണ്ട് ഈ ചോദ്യത്തിന് ശക്തിപകരാന്‍ ശ്രമിക്കുകയാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചെയ്യുന്നത്. മുസ്തമ്‌ലി പറയന്നു: ‘മുഹമ്മദ് ബ്‌നു യൂസഫ് ഫര്‍ബരിയുടെ കയ്യിലുണ്ടായിരുന്ന അസല്‍ പതിപ്പില്‍നിന്ന് പകര്‍പ്പെടുത്തപ്പോള്‍ ചിലത് പൂര്‍ണമാവാത്തതും ചിലത് പൂര്‍ണമായവയുമായിരുന്നു. വ്യക്തികളുടെ ജീവചരിത്രം കൃത്യപ്പെടുത്തുകയോ ഹദീസുകള്‍ യഥാര്‍ഥത്തില്‍ അവയുമായി ബന്ധിപ്പിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അവയെ പരസ്പരം ചേര്‍ത്തവെക്കുകയാണ് ചെയ്തത്’.

യഥാര്‍ഥത്തില്‍ മുസ്തമ്‌ലിയുടെ സംസാരം സ്വഹീഹുല്‍ ബുഖാരയില്‍ വരുത്തിയ ക്രമപ്പെടുത്തലുകളും അധ്യായങ്ങളുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. അതില്‍ പൂര്‍ണമല്ലാത്ത ഹദീസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ജീവചരിത്രം സവിസ്തരം വിശദീകരിക്കാത്ത ഹദീസുകളാണ്. അതുപോലെ, തലവാചകങ്ങള്‍ നിലനില്‍ക്കുകയും അതിനു താഴെ ഹദീസുകളില്ലാത്തതിനെ കുറിച്ചുമാണ്. വ്യക്തികളെ കുറിച്ച് ഇമാം ബുഖാരി തയ്യാറാക്കിയ തലവാചകം പണ്ഡിത കേസരികളെ അത്ഭുതപ്പെടുത്തുന്ന ഏറ്റവും ഉന്നതമായ പ്രവര്‍ത്തനമായിട്ടാണ് അറിയപ്പെടുന്നത്. അതിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിലും അതിലെ ഛിഹ്നങ്ങള്‍ മനസ്സിലാക്കുന്നതിലും അധികപേരും പരാജയപ്പെടുകയാണ് ചെയ്തത്്. ഖസ്തലാനി പറയുന്നു: ‘അദ്ദേഹം എഴുതിയ വ്യക്തിചരിത്രം ചിന്തയെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നതും കാഴ്ച്ചകളെയും ചിന്തകളെയും അത്ഭുതപ്പെടുത്തുന്നതുമാണ്’.

ഇമാം ബുഖാരി വ്യക്തിചരിത്രം ഉള്‍പ്പെടുത്തുമ്പോള്‍ സ്വീകരിച്ച ഇത്തരത്തിലുള്ള ശൈലി കൊണ്ട് ചില പണ്ഡിതര്‍ തെറ്റിധരിച്ചതാണ്. ബുഖാരിയില്‍ ഹദീസുകള്‍ പൂര്‍ണമല്ലെന്നും കൃത്യമായ രേഖപ്പെടുത്തിയിട്ടില്ലെന്നുമുള്ളത് അവര്‍ക്ക് അബദ്ധം പിണഞ്ഞതാണ്. ഇമാം ഇബ്‌നു ഹജര്‍ തന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍, ഇമാം ബുഖാരിയുടെ രീതിശാസ്ത്രം വിശദീകരിക്കുമ്പോള്‍ അത് ബലപ്പെടുത്തുന്നുണ്ട്. ‘ചിലപ്പോള്‍ ഹദീസിലെ പദം ജീവിചരിത്രത്തിലുള്ളത് കൊണ്ട് അത് മതിയാക്കാറുണ്ട്. ഇത് അദ്ദേഹത്തിന്റെ നിബന്ധനകളുമായി ഒത്തുപോകാത്തതിനാലാണ്. ചിലപ്പോള്‍ ഹദീസുകളുമായി ഖുര്‍ആനിക സൂക്തങ്ങളും ഉദ്ധരണികളും ചേര്‍ക്കാറുമുണ്ട്. അദ്ദേഹം പറയുന്നതുപോലെ, ‘ഇത് ഈ ആധ്യയത്തില്‍ ചേര്‍ക്കുന്നത് എന്റെ നിബന്ധനകള്‍ക്ക് യോജിക്കുകയില്ല’. ഇത്തരം സൂക്ഷ്മ വശങ്ങളെ കുറിച്ച് ചിന്തിക്കാതെ അശ്രദ്ധരായവര്‍ക്കാണ് അബദ്ധം സംഭവിക്കുന്നത്. ചിന്തിക്കുവര്‍ക്ക് മനസ്സിലാവുന്ന കാര്യമാണിത്’.

മുസ്തമ്‌ലിയുടെ മുന്‍കഴിഞ്ഞ സംസാരം സ്ഥിരപ്പടുകയാണെങ്കില്‍പ്പോലും, ഇമാം ബുഖാരിയുടെ ‘ജാമിഉല്‍ സ്വഹീഹി’ലെ ജീവചരിത്രവുമായി മാത്രം ബന്ധപ്പെടുന്നതും ഹദീസിന്റെ വിശ്വാസ്യതയെ ഒരുനിലക്കും ചോദ്യം ചെയ്യാത്തുതുമാണ്. ഇമാം ബുഖാരിയുടെ സ്വഹീഹ് പൂര്‍ണമല്ലെന്നും അബന്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നുമുളളതിന് സ്ഥിരപ്പെട്ട വിശ്വാസയോഗ്യമായ ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ല. ജീവചരിത്രം പൂര്‍ണമല്ലെന്നത് ഹദീസിന്റെ പൂര്‍ണതയെ ചോദ്യം ചെയ്യുന്നില്ല. കാരണം, ജീവചരിത്രത്തിലല്ല ഹദീസിലാണത് പ്രമാണമാകുന്നത്. ഇമാം ബുഖാരി തന്റെ സ്വഹീഹ് പണ്ഡിതര്‍ക്ക് മുമ്പിലാണ് അവതരിപ്പിക്കുന്നത്. അതുപോലെ ആയിരകണക്കിന് ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുകുയും ചെയ്ത ഗ്രന്ഥത്തിന്റെ വിശ്വാസ്യതക്ക് മാപിനികള്‍ കണ്ടത്തേണ്ടതില്ല! ഇതു തന്നെ മതി ഒരു ഗ്രന്ഥം സ്വീകാര്യമാകുന്നതിന്.

മൂന്ന്: പതിനാറ് വര്‍ഷങ്ങള്‍ കൊണ്ട് ആറ് ലക്ഷം ഹദീസുകളുടെ പരമ്പര(സനദ്)യും ഉളളടക്ക(മത്‌ന്)വും പഠനവിധേയമാക്കാനെങ്ങനെ സാധിക്കും? പതിനാറ് വര്‍ഷമാണ് ഈ ഗ്രന്ഥരചനയുടെ കാലയളവ്. അത് കണക്കാക്കുമ്പോള്‍, ഒരുദിവസം നൂറില്‍ കൂടുതല്‍ ഹദീസുകള്‍ പഠനവിധേയമാക്കേണ്ടിവരും. അതോടൊപ്പം, അദ്ദേഹം നിര്‍വഹിച്ച നീണ്ട യാത്രകളും ജീവിതസമയത്ത് അഭിമുഖീരിച്ച രോഗങ്ങളും ഈ പട്ടികയില്‍ വരുന്നതാണ്. എങ്ങനെയാണ് ഇത്രയധികം ഹദീസുകള്‍ ഇത്രയും കുറഞ്ഞ കാലയളവില്‍ ക്രോഡീകരിക്കാന്‍ കഴിയുന്നത്?

പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ ഹദീസുകളുടെ ഉളളടക്കം കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രവാചകനിലേക്ക് ചേര്‍ക്കപ്പെടുന്ന ഉളളടക്കത്തെ കുറിച്ചും സ്വഹാബികളിലേക്കോ അവരെ തുടര്‍ന്ന് വരുന്ന താബിഉകളിലേക്കോ അവരെ തുടര്‍ന്ന് വരുന്നവരിലേക്കോ ചേര്‍ക്കപ്പെട്ട ഉളളടക്കത്തെ കുറിച്ചുമാണ്. ഇമാം അഹമദ് ബ്‌നു ഹമ്പല്‍ പറയുന്നു: ‘ഹദീസുകളില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടുളളത് ഏഴായിരത്തിന് ചുവടെയുളള ഹദീസുകളാണ്. ഈ യുവാവ്-അബൂസറഅ ഏഴായിരം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഇമാം ബൈഹഖി പറയുന്നു: ‘ശരിയായ ഹദീസുകള്‍ കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, പ്രവാചനില്‍ നിന്നുളള ഹദീസികളും സ്വഹാബികളുടെ വചനങ്ങളും ത്വാബിഉകളില്‍ നിന്നുളള ഫത്‌വകളുമാണ്. ഇത് മനസ്സിലാക്കിയാല്‍ ഹദീസുകളുടെ എണ്ണം സംബന്ധിച്ച വിഷയം ഒരു പ്രശ്‌നമാവുകയില്ല’.

ആറ് ലക്ഷം ഹദീസുകള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സ്വതന്ത്രമായ ആറ് ലക്ഷം ഹദീസുകളല്ല. ‘സനദു’ കൊണ്ടോ ‘മത്‌നു’ കൊണ്ടോ വ്യത്യസ്തമാവുന്ന ഹദീസുകളെല്ലാം വിഭിന്ന ഹദീസുകളായാണ് ഗണിക്കുക. അഥവാ, ഉളളടക്കം ഒന്നാവുകയും പരമ്പര വ്യത്യസ്തമാവുകയും ചെയ്താല്‍ ഓരോ പരമ്പരയും ഓരോ ഹദീസായിട്ടാണ് മനസ്സിലാക്കപ്പെടുക. വ്യത്യസ്ത സ്വഹാബികളില്‍ നിന്ന് വന്നിട്ടുളള ഹദീസിന്റെ ഉളളടക്കം ഒന്നാണ്, എന്നാല്‍ ഓരോ സ്വഹാബിയുടെയും ഓരോ ഹദീസായിട്ടാണ് പരിഗണിക്കുക. സ്വഹാബികളെ തുടര്‍ന്ന് വരുന്ന താബിഉകളിലും ഈ രീതിയിലാണ് ഹദീസുകള്‍ പരിഗണിക്കപ്പെടുന്നത്. പൂര്‍വിക ഹദീസ് പണ്ഡിതന്മാരുടെ പ്രയോഗത്തില്‍ ഒരു ഹദീസ് പത്ത് ഹദീസിന്റെ സ്ഥാനത്തായിരിക്കും വരികയെന്നത് ഗ്രഹിക്കേണ്ടതാണ്.

ഇബ്‌നു സ്വലാഹ് ഇമാം ബുഖാരിയുടെ വാക്കിനെ വിശദീകരിച്ച് പറയുന്നു: ‘(ശരിയായ ഒരുലക്ഷം ഹദീസും തെറ്റായ രണ്ട് ലക്ഷം ഹദീസും ഞാന്‍ ഹൃദിസ്ഥമാക്കി-ബുഖാരി) ഇത് സ്വഹാബികളുടെയും താബിുകളുടെയും ഉദ്ധരിണികള്‍ക്ക് താഴെ വന്നിട്ടുളളതാണ്. ഒരു ഹദീസ് വ്യത്യസ്ത സനദ് കൊണ്ട് വ്യത്യസ്ത ഹദീസുകളായിട്ടാണ് എണ്ണിയിട്ടുളളത്’. ഇമാം ബുഖാരിക്ക് ഹൃദിസ്ഥമാക്കുന്നതില്‍ അസാമാന്യ കഴിവായിരിന്നു. ഹദീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ആ പ്രവര്‍ത്തനത്തില്‍ മികവ് കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇമാം നവവി ആയിരക്കണക്കിന് സ്വതന്ത്രമായ കൃത്യമായ ഉളളടക്കമുളള ഗ്രന്ഥങ്ങള്‍ രചിച്ചു. ഹദീസിന്റെ വിശദീകരണം, കര്‍മശാസ്ത്രം, ഭാഷ, വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ സംഭാവന ചെയ്തു. വൈകി അറിവ് നേടുകയും നേരത്തെ മരണമടയുകയും ചെയ്ത വ്യക്തിയാണദ്ദേഹം. പത്തൊമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം അറിവിന്റെ വഴിയിലേക്ക് ഇറങ്ങി തിരിക്കുന്നത്. നാപ്പത്തിയഞ്ചാം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞു. ഇത്രയും മഹത്തായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ കാലയളവിനുളളില്‍ കഴിഞ്ഞു!

അവംലംബം: അല്‍ഫുര്‍ഖാന്‍
വിവ.അര്‍ശദ് കാരക്കാട്‌

Related Articles